ദ്വൈവാരഫലങ്ങള്‍ (16-8-2025 മുതല്‍ 31-8-2025 വരെ 1200 കര്‍ക്കിടകം 31 മുതല്‍ 1201 ചിങ്ങം 15 വരെ)

ദ്വൈവാരഫലങ്ങള്‍ (16-8-2025 മുതല്‍ 31-8-2025 വരെ 1200 കര്‍ക്കിടകം 31 മുതല്‍ 1201 ചിങ്ങം 15 വരെ)

ദ്വൈവാരഫലങ്ങള്‍

16-8-2025 മുതല്‍ 31-8-2025 വരെ 1200 കര്‍ക്കിടകം 31 മുതല്‍ 1201 ചിങ്ങം 15 വരെ

ഗ്രഹപ്പകര്‍ച്ച

17 ന് പുലര്‍ച്ചെ ഒരു മണി 52 മിനിട്ടിന് ഇടവക്കൂറില്‍ ചിങ്ങസംക്രമം 30 ന് പകല്‍ 4 മണി 45 മിനിട്ടിന് ബുധന്‍ ചിങ്ങം രാശിയിലേക്കും 31 ന് പുലര്‍ച്ചെ ഒരു മണി 19 മിനിട്ടിന് ശുക്രന്‍ കര്‍ക്കിടകം രാശിയിലേക്കും പകരും ആഗസ്റ്റ് 19 ന് ഏകാദശി. പകല്‍ 10 മണി മുതല്‍  രാത്രി 9 മണി 9 മിനിട്ടുവരെ ഹരിവാസരം 20 ന് പ്രദോഷം. 22 ന് അമാവാസി. 27 ന് വിനായകചതുര്‍ത്ഥി. 29 ന് ഷഷ്ഠി

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

മൂന്നില്‍ വ്യാഴം, ശുക്രന്‍, നാലില്‍ ബുധന്‍, അഞ്ചില്‍ ആദിത്യന്‍, കേതു, ആറില്‍ കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ്  ഗ്രഹനില.

പണത്തിലും സ്വര്‍ണ്ണത്തിലും ചില കൃത്രിമങ്ങള്‍ നടക്കാനിടയുണ്ട്. പുതിയ വീടിനായി ശ്രമം തുടങ്ങാം. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. തൊഴിലില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ തടസ്സങ്ങളുണ്ടാകും. എപ്പോഴും കലഹഭയം ഉണ്ടായിക്കൊണ്ടിരിക്കും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങള്‍ക്ക് മെച്ചപ്പെട്ട സ്ഥിതിയുണ്ടാകും. വിശേഷപ്പെട്ടതും പുതിയതുമായ വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. ഉദരസംബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങളുണ്ടാകും.

ദോഷശാന്തിക്ക് ശിവങ്കല്‍ ധാരകഴിക്കുകയും,

'ലോഹിതാക്ഷോ 
മഹാക്ഷശ്ചവിജയാക്ഷോ വിശാരദഃ
സംഗ്രഹോ നിഗ്രഹഃ 
കര്‍ത്താസര്‍പ്പചീരനിവാസന.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ വ്യാഴം, ശുക്രന്‍, മൂന്നില്‍ ബുധന്‍, നാലില്‍ ആദിത്യന്‍ കേതു, അഞ്ചില്‍ കുജന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

സാമ്പത്തികരംഗം മെച്ചപ്പെടും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പുതിയ സംരംഭങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. സ്ഥാനക്കയറ്റം ലഭിക്കും. പൊതുവെ ആരോഗ്യം മെച്ചമായിരിക്കും. പഴകിയ രോഗങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ആരോഗ്യത്തെക്കുറിച്ചുള്ള ആധി കൂടുതലാകും. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടേണ്ടതായി വരും. ശത്രുഭയം ഉണ്ടാകും. സര്‍ക്കാരോഫീസുകളില്‍ കാര്യസാദ്ധ്യത്തിനായി കാലതാമസം വരും. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്. മറ്റുള്ളവരെ അപവാദം പറയരുത്. കച്ചവടങ്ങളില്‍ ലാഭം കിട്ടും.

ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'ഈശ്വരം ശബരാകാരം 
ദയിതാസഹിതം വിഭും
സ്ഥാണു കോണാഖ്യധാമഢം
ശിവം വന്ദേ പരാല്‍പരം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ വ്യാഴം, ശുക്രന്‍,  രണ്ടില്‍ ബുധന്‍, മൂന്നില്‍ ആദിത്യന്‍, കേതു, നാലില്‍ കുജന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.

ധനാഭിവൃദ്ധിയുണ്ടാകും. വീട്ടിലും തൊഴില്‍ സ്ഥലത്തും സമാധാനം കുറയും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. അഗ്നിയുടെ ഉപദ്രവം സൂക്ഷിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. നാല്‍ക്കാലിസ്വത്തുക്കള്‍ വര്‍ദ്ധിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വൈകല്യം ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. എപ്പോഴും മനഃപീഡയുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടും ധനവര്‍ദ്ധനവുണ്ടാകും. നല്ല വാക്ചാതുര്യത്തോടെയുള്ള സംസാരം കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടും. സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. നേതൃഗുണം ഉണ്ടാകും. അച്ഛനുമായുള്ള കലഹം ഒഴിവാക്കണം. വീടിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. 

ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,

'പന്നഗാധിപതിര്‍ദേവ 
അനന്തോനാമനാമതഃ
പാതാളവാസിനേ നിത്യം 
നാഗരാജായ വൈനമഃ'

ഈ നാഗരാജാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍ ആദിത്യന്‍, കേതു, മൂന്നില്‍ കുജന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി,  പന്ത്രണ്ടില്‍ വ്യാഴം, ശുക്രന്‍ ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ വര്‍ദ്ധിക്കും. സഹോദരങ്ങള്‍ക്ക് സമ്മിശ്രഫലമായിരിക്കും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലുണ്ടാകുന്ന വേദനകള്‍ ശ്രദ്ധിക്കണം. അപഹരിക്കപ്പെട്ട ധനം കൈവരാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. ശരീരകാന്തി നിലനിര്‍ത്താനാകും. പല കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരംവരും. മടി കൂടുതലാകും. സുഖമായ ഉറക്കം ലഭിക്കും. ഭൂമി സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സം വരും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. കലഹവാസന കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. കാര്യസാദ്ധ്യങ്ങള്‍ക്ക് കാലതാമസം വരും.

ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'മദ്ധ്യയോ ജടാമകുട ചന്ദ്രകലേദ്ധ മൂര്‍ദ്ധാ
ത്രക്ഷസ്തരക്ഷ്യജനപീതദുകൂലേ വാസഃ
ഈശാച്യുതസ്ത്രിശിഖ ചക്രകപാലശംഖാന്‍
ബിഭ്രത്സിതാസിത മപുര്‍ദ്യു ചിതാത്മഭൂഷ.'

ഈ സ്തോത്രം നിത്യവും ജപിച്ച് ശങ്കരനാരായണസ്വാമിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍, കേതു, രണ്ടില്‍ കുജന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം, ശുക്രന്‍, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. ധനബന്ധിയായ കലഹങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടുകയും ലാഭകരമാവുകയും ചെയ്യും. നെഞ്ചിനുള്ളിലുള്ള പ്രയാസങ്ങള്‍ ശ്രദ്ധിക്കണം. എരിവുരസം കുറയ്ക്കണം. കലഹവാസന കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. അനാവശ്യ ചെലവുകള്‍ കൂടുതലാകും. മരണതുല്യമായ ചില അവസ്ഥകള്‍ക്കിടയുണ്ട്.  ബന്ധുക്കളുമായുള്ള കലഹങ്ങള്‍ ശ്രദ്ധിക്കണം. ശൗര്യവും കോപവും നിയന്ത്രിക്കണം. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം.

ദോഷശാന്തിക്ക് ശിവങ്കല്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുകയും,

'കൃപാസമുദ്രം സുമുഖം ത്രിനേത്രം
ജടാധരം പാര്‍വ്വതി വാമഭാഗം
സദാശിവം രുദ്രമനന്തമൂര്‍ത്തിം
പ്രദോഷശംഭും ശരണം പ്രപദ്യേ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, ശുക്രന്‍, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍ ആദിത്യന്‍ കേതു ഇതാണ് ഗ്രഹനില.

ധനാഭിവര്‍ദ്ധനയുണ്ടാകും. തൊഴില്‍ മെച്ചപ്പെടും. പിതൃതുല്യരായുള്ളവരുമായി കലഹങ്ങള്‍ക്കിടയുണ്ട്. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അലക്ഷ്യമായി നടക്കുന്ന പ്രകൃതം ഉണ്ടാകും. ശരീരക്ലേശങ്ങള്‍ക്ക് കുറവുവരും. മടി കൂടുതലാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗവുമുണ്ട്. ഗൃഹനിര്‍മ്മാണത്തിനും യോഗമുണ്ട്. എല്ലാ പ്രവൃത്തികള്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. യശസ്സും പ്രശസ്തിയും ലഭിക്കും. ബന്ധുജനസഹായം ലഭിക്കും. ശ്രേഷ്ഠകര്‍മ്മങ്ങള്‍ ചെയ്യാനാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്ക് ശാസ്താവിന് നെയ്വിളക്ക് കത്തിക്കുകയും, 

'അഞ്ജനാ നന്ദനം വീരം
 ജാനകീശോകനാശനം
കപീശമക്ഷ ഹന്താരം വന്ദേ ലങ്കാഭയങ്കരം.'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി,  ഒന്‍പതില്‍ വ്യാഴം, ശുക്രന്‍, പത്തില്‍ ബുധന്‍, പതിനൊന്നില്‍ ആദിത്യന്‍, കേതു, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.

ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. വ്യവഹാരങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. നല്ല സഹായികളെ കിട്ടും. വാഹനങ്ങള്‍ കൊടുക്കാനും വാങ്ങാനും പറ്റിയ സമയമാണ്. കര്‍മ്മപുഷ്ടിയുണ്ടാകും. കലഹവാസന കൂടുതലാകും. വ്രണങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അര്‍ശ്ശോരോഗം, പൊള്ളല്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. അലസത കൂടുതലാകും. വിദ്യാഗുണം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസം വേണ്ടവര്‍ക്ക് അതിനായി ശ്രമിക്കാം. ഈശ്വരപൂജാതാല്‍പ്പര്യം വര്‍ദ്ധിക്കും. നേതൃഗുണം ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ പാലിക്കാനാകും. ബന്ധുജനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വസ്ത്രവില്‍പ്പനയില്‍ ലാഭം വര്‍ദ്ധിക്കും. ശത്രുജയം ഉണ്ടാകും. 

ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'കല്യാം കല്യാണസമ്പന്നാം 
കല്ലോലാംഗീം കലാധരം
കളനാദ പ്രിയാം ദേവീം 
കലായ കലിനാ ശിനീം.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി,  അഷ്ടമത്തില്‍ വ്യാഴം, ശുക്രന്‍, ഒന്‍പതില്‍ ബുധന്‍, പത്തില്‍ ആദിത്യന്‍, കേതു, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.

പൂര്‍വ്വിക ധനം ലഭിക്കാനിടയുണ്ട്. വാഹനങ്ങള്‍ വാങ്ങാനാകും. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴില്‍സ്ഥലത്ത് അധികാരികളുടെ ഇടപെടലുകളുണ്ടാകാനിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടുമെങ്കിലും ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങുന്നവര്‍ വഞ്ചനയില്‍പ്പെടരുത്. മനസ്സ് എപ്പോഴും സംഘര്‍ഷഭരിതമായിരിക്കും. വാക്സാമര്‍ത്ഥ്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കുന്നത് വിജയിക്കും. മക്കള്‍ അടുത്തില്ലാത്തതിന്‍റെ വിഷമതകള്‍ കൂടുതലാകും.

ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'രാഘവം കരുണാകരം 
മുനിസേവിതം സുരവന്ദിതം
ജാനകി വദനാരവിന്ദ 
ദിവാകരം ഗുണഭാജനം.
വാലിസൂനു ഭൃദീക്ഷണം 
ഹനുമത്പ്രിയം കമലേക്ഷണം
യാതുധാനഭയങ്കരം 
പ്രണമാമി രാഘരകുഞ്ജരം'

ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ശുക്രന്‍, അഷ്ടമത്തില്‍ ബുധന്‍, ഒന്‍പതില്‍ ആദിത്യന്‍, കേതു, പത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.

വീട്ടിലും തൊഴില്‍രംഗത്തും അസ്വസ്ഥതകള്‍ കൂടുതലാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. പല പ്രകാരേണ ധനാഗമങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം നേടും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. മനസ്സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. വാക്സാമര്‍ത്ഥ്യം പ്രകടമാക്കാന്‍ പറ്റും. തൊഴില്‍സ്ഥലത്തെ കലഹങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. ഉന്നതവിദ്യാഭ്യാസത്തിന് നല്ല സമയമാണ്. ജന്തുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും.

ദോഷശാന്തിക്ക് ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും,

'സ്ഫുരത് രത്നകേയൂര ഹാരാഭിരാമം
ധരാദാര ഭൂതാസുരാനീകഭാവം
ശരശ്ചന്ദ്രവക്ത്രം ലസത് പത്മനേത്രം
ദൂരാവാരഹാരം ഭജേ രാഘവേശം.'

ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി,  ആറില്‍ വ്യാഴം, ശുക്രന്‍, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്‍, കേതു, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.

സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. അധികാരസ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വായുകോപം ശ്രദ്ധിക്കണം. യാത്രകള്‍ക്കിടയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങള്‍ക്കിടയില്ലാതെ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളും പരാജയങ്ങളും ഉണ്ടാകും. കലഹവാസന കൂടുതലാകും. സുഖാനുഭവങ്ങള്‍ക്കുള്ള സാഹചര്യങ്ങളുണ്ടായാലും അനുഭവിക്കാന്‍ സാധിക്കുകയില്ല. പലവിധത്തില്‍ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. സത്യത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. കടം വാങ്ങിയ പണം മടക്കി നല്‍കാനാകാതെ വിഷമിക്കും.

ദോഷശാന്തിക്ക് ശിവങ്കല്‍ കൂവളമാല ചാര്‍ത്തി പിന്‍വിളക്ക് കത്തിക്കുകയും

'ഭജേ രാമരംഭാവതീനിത്യവാസം
ഭജേ ബാലഭാനുപ്രദായാരുഭാസം
ഭജേ ചന്ദ്രികാകുരുമന്ദാരഹാസം
ഭജേ സന്തതം രാമഭൂപാലദാസം.'

ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി,  അഞ്ചില്‍ വ്യാഴം, ശുക്രന്‍, ആറില്‍ ബുധന്‍, ഏഴില്‍ ആദിത്യന്‍ കേതു, അഷ്ടമത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങളുണ്ടാകും. പാഴ്ചെലവുകള്‍ കൂടുതലാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്ന് കഴിയേണ്ടതായി വരും. അര്‍ശ്ശോരോഗം, ഗര്‍ഭാശയ ബന്ധിയായ അസുഖങ്ങള്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. യാത്രകള്‍ വേണ്ടിവരും. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. വഞ്ചനയ്ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വരും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. മനഃസന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. വാക്ദോഷം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും, മുന്‍കോപവും കൂടുതലാകും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. യാത്രകള്‍ വേണ്ടിവരും.

ദോഷശാന്തിക്ക് ഗണപതി ഹോമം നടത്തുകയും

'ശരണമസി സുരാണാം 
സിദ്ധവിദ്യാധരാണാം
മുനിമനുജപശൂനാം 
ദസ്യുദിസ്ത്രാസിതാനാം
നൃപതിഗൃഹഗതാനാം
വ്യാധിഭിഃ പീഡിതാനാം
ത്വമസി ശരണമേകാദേവി 
ദുര്‍ഗ്ഗേ പ്രസീദ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി,  നാലില്‍ വ്യാഴം, ശുക്രന്‍, അഞ്ചില്‍ ബുധന്‍, ആറില്‍ ആദിത്യന്‍, കേതു, ഏഴില്‍ കുജന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

വീടുപണി തടസ്സങ്ങളില്ലാതെ മുഴുവനാക്കാന്‍ സാധിക്കും. മക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. മനഃസന്തോഷം ലഭിക്കും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും.  ഭൂമികൈമാറ്റങ്ങള്‍ നടക്കും. വാഹനങ്ങള്‍ വാങ്ങാം. അലങ്കാരവസ്തുക്കള്‍ ലഭ്യമാകും. സഹോദരങ്ങളുമായുള്ള അകല്‍ച്ച മാറ്റി യോജിച്ച് പോകാനാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിക്കും. ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. നേതൃഗുണം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാവസരം ലഭിക്കും. സജ്ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനാകും.

ദോഷശാന്തിക്ക്  ശാസ്താവിന് എള്ളുപായസം കഴിക്കുകയും,

'ഗംഗാധരായ ഗൗരായ ഗൗരീദക്ഷിണ ഭാഗിനേ
ഗജയര്‍മ്മാത്ത വാസായ ഗജപിത്രേ നമോനമഃ'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752