ദ്വൈവാരഫലങ്ങൾ ; 2025 ജനുവരി 16 മുതൽ 31 വരെ (1200 മകരം 3 മുതൽ 18 വരെ)

ദ്വൈവാരഫലങ്ങൾ ; 2025 ജനുവരി 16 മുതൽ 31 വരെ
(1200 മകരം 3 മുതൽ 18 വരെ)

HIGHLIGHTS

ഗ്രഹപ്പകർച്ച

ജനുവരി 25 ന് പകൽ 10 മണി 7 മിനിട്ടിന് കുജൻ മിഥുനം രാശിയിലേയ്ക്കും,

24 ന് പകൽ 5 മണി 41 മിനിട്ടിന് ബുധൻ മകരം രാശിയിലേക്കും,

28 ന് പകൽ 7 മണി 5 മിനിട്ടിന് ശുക്രൻ മീനം രാശിയിലേക്ക് പകരും.

 ജനുവരി 25 ഏകാദശി.

 പകൽ 2 മണി 15 മിനിട്ട് മുതൽ രാത്രി 2 മണി 14 മിനിട്ട് വരെ ഹരിവാസരം.

27 ന് പ്രദോഷം, 28 ന് അമാവാസി

 

മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

രണ്ടിൽ വ്യാഴം, നാലിൽ കുജൻ, ആറിൽ കേതു, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.

ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തിനുള്ള ആദായം വർദ്ധിക്കും. വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വന്നുചേരും. കമ്പനികൾ മാറി ജോലിക്ക് ശ്രമിക്കാം. മക്കളെക്കൊണ്ട് അസ്വസ്ഥതകൾ ഉണ്ടാകും. പൊതുവെ എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. പനി, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. വിശേഷപ്പെട്ട അലങ്കാരവസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ ലഭിക്കും. ചില അപവാദങ്ങൾ കേൾക്കേണ്ടതായി വരും.

ദോഷപരിഹാരാർത്ഥം ഭദ്രകാളി ക്ഷേത്രത്തിൽ മൂലമന്ത്രം ജപിച്ച് പുഷ്പാഞ്ജലി കഴിക്കുകയും

'പരത പരമാർത്ഥായ

 ശുദ്ധജ്ഞാനൈക മൂർത്തയെ

നിർമ്മലായ പ്രസന്നായ

 ദക്ഷിണാമൂർത്തയെ നമഃ'

ഈ ദക്ഷിണാമൂർത്തി(ശിവൻ) സ്‌തോത്രം ജപിച്ച് നിത്യവും പ്രാർത്ഥിക്കുകയും ചെയ്യുക.

 

ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി,മകയിരം 1, 2 പാദങ്ങൾ)

ലഗ്നത്തിൽ വ്യാഴം, മൂന്നിൽ കുജൻ, അഞ്ചിൽ കേതു, അഷ്ടമത്തിൽ ബുധൻ, ഒൻപതിൽ ആദിത്യൻ, പത്തിൽ ശുക്രൻ, ശനി, പതിനൊന്നിൽ രാഹു. ഇതാണ് ഗ്രഹനില.

ധനസംബന്ധിയായ ചില പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും അവ തരണം ചെയ്യാനാകും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ ഉണ്ടാകും. വായുക്ഷോഭം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. എപ്പോഴും കലഹങ്ങൾ പ്രതീക്ഷിക്കണം. പ്രായോഗിക ബുദ്ധിവേണ്ടവണ്ണം ആകുകയില്ല. മനഃസ്ഥൈര്യം ലഭിക്കും. മക്കളുടെ ക്ലേശങ്ങൾക്ക് കുറവുവരും. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. പലവിധ ആപത്തുകൾക്കിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവ നേരിടാനാകും. കൊടുക്കൽവാങ്ങലുകളിൽ വിജയിക്കുമെങ്കിലും വലിയലാഭം കിട്ടുകയില്ല.

ദോഷപരിഹാരാർത്ഥം ഭഗവതീക്ഷേത്രത്തിൽ ത്രിപുരസുന്ദരി മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'അജായ ലോകത്രയ പാവനായ

ഭൂതാത്മനേ ഗോപതയെ വൃഷായ

സൂര്യായ സർവ്വ പ്രളയാന്തകായ

നമോ മഹാകാരുണികോത്തമായ'

ഈ ആദിത്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

രണ്ടിൽ കുജൻ, നാലിൽ കേതു, ഏഴിൽ ബുധൻ, അഷ്ടമത്തിൽ ആദിത്യൻ, ഒൻപതിൽ ശുക്രൻ, ശനി, പത്തിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

 സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. ചോരഭയം, അഗ്നിഭയം ഇവയുണ്ടാകും. മനോവിചാരംകൂടി ശരീരക്ലേശങ്ങൾക്കിടയുണ്ട്. കലഹങ്ങൾക്കിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വഴിയാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ധർമ്മാചാരങ്ങൾ, ഉപാസനകൾ ഇവയ്ക്ക് ഭംഗം വരും. ഭൂമികൈമാറ്റങ്ങൾ നടക്കാനിടയുണ്ട്. പുതിയ സംരംഭങ്ങൾ വിജയിക്കും. ദൂരയാത്രകൾ കഴിയുന്നതും ഒഴിവാക്കണം. വീടിന്റെ കേടുപാടുകൾ തീർക്കാനാകും.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'ലക്ഷ്മിപ്രദാനസമയേ നവവിദ്രുമാഭാം

വിദ്യാപ്രദാനസമയെ ശരദിന്ദു ശുഭ്രാം

വിദ്വേഷീവർഗ്ഗവിജയേപൃത മാലനീലാം

ദേവീം ത്രിലോക ജനനീം ശരണ്യം പ്രപദ്യേ.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തിൽ  കുജൻ, മൂന്നിൽ കേതു, ആറിൽ ബുധൻ, ഏഴിൽ ആദിത്യൻ, എട്ടിൽ ശുക്രൻ, ശനി, ഒൻപതിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.

സാമ്പത്തികബുദ്ധിമുട്ടുകൾ കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സഹായികളുമായി കലഹിക്കേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങളിൽ സാദ്ധ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ശരീരക്ഷീണം കൂടുതലാകും. ദൈന്യഭാഗം കൂടുതലാകും. വയറിന്റെ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. ത്വക് ബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ വരും. തൊഴിൽരംഗം മെച്ചമല്ല. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും.

ദോഷപരിഹാരാർത്ഥം ശിവങ്കൽ ധാര കഴിക്കുകയും

'വിവസ്വതേ ജ്ഞാനഭൃദന്തരാത്മനേ

ജഗത്പ്രദീപായ ജഗദ്ധിതൈഷിണേ

സ്വയംഭവേ ദീപ്തസഹസ്ര ചക്ഷുഷേ

സൂരോത്തമായാമിത തേജസേ നമഃ'

ഈ ആദിത്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു, അഞ്ചിൽ ബുധൻ, ആറിൽ ആദിത്യൻ, ഏഴിൽ ശുക്രൻ, ശനി, അഷ്ടമത്തിൽ രാഹു, പത്തിൽ വ്യാഴം, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.

ധനനഷ്ടങ്ങൾ ഉണ്ടാകും. മനസ്വസ്ഥതയുണ്ടാകും. ദാമ്പത്യപ്രശ്‌നങ്ങൾ പരിഹരിക്കാനാകും. പലവിധ രോഗാരിഷ്ടതകളുണ്ടാകും. അവിചാരിതമായ ധനാഗമവും ഉണ്ടാകും. ചെലവുകൾ കൂടുതലാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. മക്കളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. ഭൂമികൈമാറ്റങ്ങൾ മുടങ്ങിപ്പോകും. വാക്കുതർക്കങ്ങൾ ഒഴിവാക്കണം. ജന്തുക്കളുടെ ഉപദ്രവങ്ങൾക്കിടയുണ്ട്.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ പാൽപ്പായസനിവേദ്യം നടത്തുകയും,

'ഹേ നീലകണ്ഠ, വൃഷഭധ്വജ പഞ്ചവക്ത്രേ

ലോകേശ ശേഷവലയ പ്രമഥേശ ശർവ്വ

ഹേ, ധൂർജ്ജട പശുപതേ ഗിരിജാപതേ മാം

സം സാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ.'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, നാലിൽ ബുധൻ, അഞ്ചിൽ ആദിത്യൻ, ആറിൽ ശുക്രൻ, ശനി, ഏഴിൽ രാഹു, ഒൻപതിൽ വ്യാഴം, പതിനൊന്നിൽ  കുജൻ ഇതാണ് ഗ്രഹനില.

ധനബന്ധിയായി കലഹങ്ങൾ ഉണ്ടാകാനും, ധനനഷ്ടത്തിനും സാദ്ധ്യതകളുണ്ട്. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. മനഃക്ലേശം ഉണ്ടാകും. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമം തുടങ്ങാം. അവിചാരിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കളുമായുള്ള കലഹം മാറി യോജിപ്പിലെത്തും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലിയും കടുംപായസ നിവേദ്യം നടത്തി,

'മൗഞ്ജീകൃഷ്ണാജിനധരം

 നാഗയജ്ഞോപവീതിനം

ബാലേന്ദു വിലസന്മൗലിം

 വന്ദേഹം ഗണനായകം.'

ഈ ഗണപതിസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

മൂന്നിൽ ബുധൻ, നാലിൽ ആദിത്യൻ, അഞ്ചിൽ ശുക്രൻ, ശനി, ആറിൽ രാഹു, അഷ്ടമത്തിൽ വ്യാഴം, പത്തിൽ  കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.

സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പല പ്രകാരേണ ധനാഗമങ്ങളുണ്ടാകും. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് താമസം വരാം. സഹോദരങ്ങൾക്കരിഷ്ടതയുണ്ടാകും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥവരെയുണ്ടാകാനിടയുണ്ട്. കൂടുതൽ യാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ പാൽപ്പായസനിവേദ്യം നടത്തുകയും

'ഉഗ്രം വീരം മഹാവിഷ്ണും

 ജ്വലന്തം വിശ്വതോമുഖം

നൃസിംഹം ഭീഷണം രൗദ്രം

 മൃത്യുംമൃത്യുഭജാമ്യഹം'

ഈ സ്‌തോത്രം നിത്യവും ജപിച്ച് നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുകയും ചെയ്യുക.

 

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

രണ്ടിൽ ബുധൻ, മൂന്നിൽ ആദിത്യൻ, നാലിൽ ശുക്രൻ, ശനി, അഞ്ചിൽ രാഹു, ഏഴിൽ വ്യാഴം, ഒൻപതിൽ  കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.

ധനലാഭൈ്യശ്വര്യങ്ങൾ ഉണ്ടാകും. അലങ്കാരവസ്തുക്കൾ വാങ്ങാനാകും. വീട്ടിൽ അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. തൊഴിൽരംഗം അത്ര മെച്ചമല്ല. മന:സ്വസ്ഥത കുറയും. മനോദുഃഖം കൂടുതലാകും. എപ്പോഴും കലഹവാസനയായിരിക്കും. ബന്ധുജനസഹകരണം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. വാക്‌സാമർത്ഥ്യവും പ്രായോഗിക ബുദ്ധിയും കൊണ്ട് കാര്യങ്ങൾ നേടാനാകും. ദാമ്പത്യസുഖം ഉണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമായിക്കും. മംഗളകർമ്മങ്ങൾക്ക് സാദ്ധ്യതയുണ്ട്. പൂർവ്വകാല സുഹൃത്തുക്കളെ കാണാൻ സാധിക്കും. ദൂരയാത്രകൾ വേണ്ടിവരും.

ദോഷപരിഹാരാർത്ഥം നാഗാരാധനാകേന്ദ്രത്തിൽ പാൽപ്പായസ നിവേദ്യം നടത്തുകയും

'പ്രാതഃസ്മരാമി ലളിതാം ചരണാരവിന്ദം

ഭക്തേഷു ദാനനിരതം ഭവസിന്ധുപോതം

പത്മാസനാദിസുരനായക പൂജനീയം

പത്മാങ്കുശധ്വജ സുദർശന ലാഞ്ചനാദ്യം.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നത്തിൽ ബുധൻ, രണ്ടിൽ ആദിത്യൻ, മൂന്നിൽ ശുക്രൻ, ശനി, നാലിൽ രാഹു,ആറിൽ വ്യാഴം, അഷ്ടമത്തിൽ  കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.

മറ്റുള്ളവരുടെ വഞ്ചനയിൽപ്പെടാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങൾക്കിടയുണ്ട്. വ്രണങ്ങൾ, ഒടിവ്, ചതവ് ഇവ പറ്റാനിടയുണ്ട്. രക്തസ്രാവം പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. സംസാരത്തിൽ മിതത്വം പാലിക്കണം. വാക്‌ദോഷം മൂലം കലഹങ്ങൾക്കിടയുണ്ട്. പോക്കറ്റടി തുടങ്ങിയവ  മൂലം ധനനഷ്ടങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം ഗുണമല്ല. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ പരാജയം വരും. ജന്തുക്കളുടെ ഉപദ്രവം മൂലം വിഷാംശം ഏൽക്കാനിടയുണ്ട്. ഉന്നതസ്ഥാനങ്ങളിൽ നിന്ന് പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. വീട്ടിൽ സ്വസ്ഥത കുറയും.

ദോഷപരിഹാരാർത്ഥം നാഗാരാധനകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും

'ഏകൈകമാശു പരിഗൃഹ്യ നികാമനന്ദ-

നാന്ദാദി ഗോപപരിരബ്ദ വിചുംബിതാംഗം

ആദാതുകാമപരിശങ്കിത ഗോപനാരീ-

ഹസ്താംബുജ പ്രപതിതം പ്രണമോഭവന്തം'

ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

 

ലഗ്നത്തിൽ ആദിത്യൻ, രണ്ടിൽ ശുക്രൻ, ശനി, മൂന്നിൽ രാഹു, അഞ്ചിൽ വ്യാഴം, ഏഴിൽ കുജൻ, ഒൻപതിൽ കേതു, പന്ത്രണ്ടിൽ ബുധൻ ഇതാണ് ഗ്രഹനില.

ഭാഗ്യാനുഭവങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. തൊഴിൽരംഗം മെച്ചപ്പെടും. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെടും. ദേഹകാന്തിക്ക് കുറവുവരും. ധനാഗമങ്ങൾ ഉണ്ടാകും. അലങ്കാരവസ്തുക്കൾ ലഭിക്കും. നാൽക്കാലികളെക്കൊണ്ട് മെച്ചം ലഭിക്കും. മക്കൾക്ക് നല്ലരീതിയിൽ വളർച്ചയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. ശ്വാസംമുട്ട്, ത്വക്ക്‌രോഗം ഇവയുണ്ടാകും. ശത്രുവർദ്ധനയുണ്ടാകുമെങ്കിലും കാര്യമായ ഉപദ്രവങ്ങൾ ചെയ്യാനാകില്ല. ഭാര്യാഭർത്തൃകലഹങ്ങൾ ഉണ്ടാകും. യാതൊരു ലക്ഷ്യവും ഉദ്ദേശവുമില്ലാതെ നടക്കുന്ന രീതിയുണ്ടാകും. വിവാഹാലോചനകൾക്ക് മുടക്കം വരും. സഹായികളുടെ ആത്മാർത്ഥതയിൽ ശ്രദ്ധവേണം.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ജയദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലി നടത്തുകയും,

'വക്രതുണ്ഡമഹാകായ

സൂര്യകോടി സമപ്രഭ

നിർവിഘ്‌നം കുരുമേ ദേവ

 സർവ്വകാര്യേഷു സർവ്വദാ.'

ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം,പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ശുക്രൻ, ശനി, രണ്ടിൽ രാഹു, നാലിൽ വ്യാഴം, ആറിൽ കുജൻ, അഷ്ടമത്തിൽ കേതു, പതിനൊന്നിൽ ബുധൻ, പന്ത്രണ്ടിൽ ആദിത്യൻ ഇതാണ് ഗ്രഹനില.

പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കുറവുവരും. ശത്രുക്കൾ അകലും. കലഹഭയം എപ്പോഴും ഉണ്ടാകും. വായുക്ഷോഭം, അർശ്ശോരോഗം ഇവയുണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. ഭാര്യാഭർത്തൃസുഖം, സന്താനസൗഖ്യം, മനസ്സന്തോഷം, ബന്ധുജനസഹായം ഇവയുണ്ടാകും. ബന്ധുജനങ്ങൾക്ക് ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. ശയനസുഖം ലഭിക്കും. വിശേഷവസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കും. തൊഴിൽരംഗം മെച്ചമല്ല. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ വരും.

ദോഷപരിഹാരാർത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും

'പാർവ്വതിനന്ദനഃ ശ്രീമാൻ

പാവനഃ പാപനാശനഃ

പാരാവാര ഗഭീരാത്മ പരമാത്മാപരാത്പരാ.'

ഈ ശാസ്താസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ രാഹു, മൂന്നിൽ വ്യാഴം, അഞ്ചിൽ കുജൻ, ഏഴിൽ കേതു, പത്തിൽ ബുധൻ, പതിനൊന്നിൽ ആദിത്യൻ, പന്ത്രണ്ടിൽ ശുക്രൻ, ശനി ഇതാണ് ഗ്രഹനില.

ധനനഷ്ടങ്ങൾക്കിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. വീടുപണിയിലും മറ്റും നഷ്ടങ്ങൾ വന്നുകൂടും. മനഃസ്വസ്ഥത കുറയും. ബന്ധുജനങ്ങൾക്കാപത്തുകളുണ്ടാകും. അവിചാരിതമായ ചില ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. ചഞ്ചലമനസ്സായിരിക്കും. രോഗാരിഷ്ടതകൾ ഉണ്ടാകും. മക്കളെക്കൊണ്ട് ആധി കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല കാലമാണ്. കമ്പനികൾ മാറി ജോലി ചെയ്യാനവസരങ്ങൾ ഉണ്ടാകും. യാത്രകൾ ഒഴിവാക്കണം. സാഹസകർമ്മങ്ങളിലേർപ്പെടരുത്.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ മഹാസുദർശനമന്ത്ര പുഷ്പാഞ്ജലിയും തൃമധുര നിവേദ്യവും നടത്തുകയും,

'ത്രിപുരം ത്രിഗുണാം ധാത്രീം

 ജ്ഞാനമാർഗ്ഗസ്വരൂപിണീം

ത്രൈലോക്യവന്ദിതാം

ദേവിത്രിമൂർത്തിം പൂജയാമ്യഹ്യം.'

ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക