ദ്വൈവാര ഫലങ്ങള്‍ (1-11-2025 മുതല്‍ 15-11-2025 വരെ 1201 തുലാം 15 മുതല്‍ 29 വരെ)
ഗ്രഹപ്പകര്‍ച്ച
നവംബര്‍ 2 ഏകാദശി. പുലര്‍ച്ചെ ഒരു മണി 58 മിനിട്ട് മുതല്‍ പകല്‍ ഒരുമണി 10 മിനിട്ടുവരെ ഹരിവാസരം. നവംബര്‍ 3 ന് പ്രദോഷം. 5 ന് പൗര്‍ണ്ണമി. 12 ന് ആയില്യം. 15 ന് ഏകാദശി. രാത്രി 8 മണി 12 മിനിട്ട് മുതല്‍ 16 പകല്‍ 9 മണി 8 മിനിട്ടുവരെ ഹരിവാസരം നവംബര്‍ 2 ന് പകല്‍ ഒരു മണി 18 മിനിട്ടിന് ശുക്രന്‍ തുലാം രാശിയിലേയ്ക്ക് പകരും.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
നാലില്‍ വ്യാഴം, അഞ്ചില്‍ കേതു, ആറില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍, അഷ്ടമത്തില്‍ കുജന്‍, ബുധന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ഭൂമിസംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകും. എപ്പോഴും ദൈന്യഭാവമായിരിക്കും. വഴിയാത്രകളില്‍ തടസ്സങ്ങളുണ്ടാകും. മാനക്ഷയത്തിനിടയുണ്ട്. വ്രണങ്ങള്‍, ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാനിടയുണ്ട്. മക്കളെക്കൊണ്ട് ചില പ്രയാസങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്കും ദുഃഖാവസ്ഥകള്‍ക്കിടയുണ്ട്. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. മനസ്സില്‍ ക്രൂരചിന്തകള്‍ ഉണ്ടാകും. നിര്‍ബന്ധിതബുദ്ധി ഉപേക്ഷിക്കണം. അപസ്മാരത്തിന്‍റെ ഉപദ്രവം ഉള്ളവരും ശ്രദ്ധിക്കണം.
ദോഷശാന്തിക്ക് ശിവങ്കല്‍ പിറകുവിളക്കും ധാരയും കഴിക്കുകയും
'ആര്‍ത്തനാമാര്‍ത്തി ഹന്താരം
ഭീതാനാം ഭീതിനാശനം
ദ്വിഷതാം കാലദണ്ഡം
ശ്രീരാമചന്ദ്രം നമാമ്യഹം.'
ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
മൂന്നില്‍ വ്യാഴം, നാലില്‍ കേതു, അഞ്ചില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, ഏഴില്‍ കുജന്‍, ബുധന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹസ്ഥിതി.
വീട്ടില്‍ സ്വസ്ഥത കുറയും. മക്കളെക്കുറിച്ചുള്ള ആധി കൂടുതലാകും. പലവിധ രോഗാരിഷ്ടതകള്‍ക്കും, ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ഭാര്യാഭര്‍ത്തൃ കലഹങ്ങള്‍ കൂടുതലാകും. വാക്ദോഷം മൂലവും കലഹങ്ങള്‍ക്കിടയുണ്ട്. സ്ഥാനഭ്രംശം ഉണ്ടാകും. സഹോദരങ്ങള്‍ക്കും ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ കൂടുതലാകും. ദൂരയാത്രകള്‍, വാക്കുതര്‍ക്കങ്ങള്‍, മദ്ധ്യസ്ഥത വഹിക്കല്‍ ഇവ ഒഴിവാക്കണം. കലഹവാസന കൂടുതലാകും. മറ്റുള്ളവരെ അപവാദം പറയരുത്. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ബന്ധൂക പുഷ്പസങ്കാശം
ഹാര കുണ്ഡലഭൂഷിതം
ഏകചക്രധരം ദേവം തം
സൂര്യം പ്രണമാമ്യഹം.'
ഈ ആദിത്യസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, മൂന്നില്‍ കേതു, നാലില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, ആറില്‍ കുജന്‍, ബുധന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങള്‍ക്ക് കുറവ് വരും. തൊഴില്‍രംഗം മെച്ചപ്പെടും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ധനലാഭങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. സന്താനലബ്ധിക്കായുള്ള ചികിത്സകള്‍ വിജയപ്രദമാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. എപ്പോഴും കലഹഭയം ഉണ്ടാകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. വായുവിന്‍റെ ഉപദ്രവം കൂടുതലാകും. നേതൃഗുണം ഉണ്ടാകും. അക്ഷമ കൂടുതലാകും.
ദോഷശാന്തിക്ക് ശിവങ്കല്‍ പുറകുവിളക്കും ക്ഷീരധാരയും നടത്തി,
'ദുഷ്ടനിര്‍ദ്ദയന ദേവ ദയാലോ!
പത്മനാഭ ധരണീധര ധന്വിന്‍
രാവണാന്തക രമേശ മുരാരേ
ശ്രീപതേ ശമയ ദുഃഖമശേഷം.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, മൂന്നില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, അഞ്ചില്‍ കുജന്‍, ബുധന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.
ധനബന്ധിയായ ബുദ്ധിമുട്ടുകള്‍ കൂടുതലാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. പിതൃജനങ്ങള്‍ക്കും രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. പുതിയ വീടിനായുള്ള ശ്രമം ഫലവത്താകും. പ്രതിസന്ധികളില്‍ പെട്ടെന്നുള്ള നടപടികള്‍ ഫലവത്താകുകയില്ല. കൂടുതല്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. മക്കളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും.
ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'വേദാന്തായ പതംഗായ
വിഹംഗാരൂഢ മൂര്‍ത്തയേ
ഹരിദ്വര്‍ണ്ണ തുരംഗായ
ഭാസ്കരായ നമോ നമഃ'
ഈ ആദിത്യസ്തോത്രം നിത്യവും രാവിലെ ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, രണ്ടില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, നാലില്‍ കുജന്‍ ബുധന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. നൂതനവസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രയില്‍ തടസ്സങ്ങളുണ്ടാകും. ജന്തുക്കളുടെ ഉപദ്രവങ്ങള്‍ക്കിടയുണ്ട്. ദുര്‍ജ്ജനങ്ങളുമായി സഹകരണം സൂക്ഷിക്കണം.
ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. പനി, ഉദരവ്യാധികള്‍
ഇവ ശ്രദ്ധിക്കണം. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ചെലവുകള്‍ കൂടുതലാകും. ഭൂമികൈമാറ്റങ്ങള്‍ ലാഭകരമാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങള്‍ക്ക് കലഹതാമസം ഉണ്ടാകും.
ദോഷശാന്തിക്ക് ശാസ്താവിന് എള്ളുപായസം കഴിക്കുകയും,
'ഗോവിന്ദ കേശവ ജനാര്‍ദ്ദന വാസുദേവ
വിശ്വേശ വിശ്വമധുസൂദന വിശ്വരൂപ
ശ്രീപത്മനാഭ പുരുഷോത്തമ പുഷ്കരായ
നാരായണാച്യുത നൃസിംഹ നമോ നമസ്തേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും രണ്ടുനേരം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, മൂന്നില്‍ കുജന്‍ ബുധന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ക്കൊപ്പം ധനനഷ്ടങ്ങള്‍ കൂടി പ്രതീക്ഷിക്കണം. മറ്റുള്ളവരുടെ വഞ്ചനകളില്‍പ്പെടാതെ സൂക്ഷിക്കണം. നേത്രരോഗത്തിന് ഫലപ്രദമായ ചികിത്സ നടത്തണം. ശത്രുക്ഷയം ഉണ്ടാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായിവരും. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. പ്രവൃത്തികള്‍ക്കെല്ലാം മന്ദതയുണ്ടാകും. മറ്റുള്ളവര്‍ക്കുവേണ്ടി പാപകര്‍മ്മങ്ങളെ മറച്ചുവയ്ക്കേണ്ടതായിവരും. പൂര്‍വ്വിക ധനത്തിന് നാശം വരാനിടയുണ്ട്. ദാമ്പത്യകലഹങ്ങള്‍, ഭാര്യയ്ക്ക്/ ഭര്‍ത്താവിന് രോഗാരിഷ്ടതകള്‍ ഇവയുണ്ടാകും.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'അനാദ്യന്തമാദ്യം പരംതത്വമര്‍ത്ഥം
ചിദാകാരമേകം തുരീയം ത്വമേയം
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഹതീതം മഹാശൈവമീഡേ.'
ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, രണ്ടില്‍ കുജന്‍, ബുധന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കേതു, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ധനാഗമവും ചെലവുകളും വര്‍ദ്ധിക്കും. മനഃസ്വസ്ഥത കുറയും. വാതരോഗങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. വിശേഷവസ്ത്രാദ്യലങ്കാര സാധനങ്ങള്‍, ശയനോപകരണങ്ങള്‍ ഇവ ലഭിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വൈകല്യം വരും. സ്ഥാനചലനങ്ങള്‍ ഉണ്ടാകും. പ്രതിസന്ധികളെ നല്ല വാക്കുകള്‍ കൊണ്ട് നേരിടാനാകും. ചോരാഗ്നിപീഡ ശ്രദ്ധിക്കണം. മനോവിചാരം കൂടുതലാകും. അച്ഛനുമായോ, അതിന് തുല്യരായിട്ടുള്ളവരുമായോ കലഹിക്കേണ്ടതായി വരും. തൊഴില്‍രംഗം അത്ര മെച്ചമല്ല.
ദോഷശാന്തിക്ക് സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം നടത്തുകയും,
'നമസ്തേ നാഥനാഥായ
നമസ്തേ മധുസൂദന
ത്രിവിക്രമ നമസ്തേസ്തു
സീതായാഃ പതയേ നമഃ'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ലഗ്നത്തില്‍ കുജന്‍, ബുധന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കേതു, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍ ഇതാണ് ഗ്രഹനില.
വീട്ടിലെ അസ്വസ്ഥതകള്‍ തുടരും. തൊഴില്‍രംഗം മെച്ചമല്ല. തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫലം കുറയും. ഉപാസനകള്‍ക്ക് ഭംഗം വരാതെ ശ്രദ്ധിക്കണം. ശരീരക്ഷീണം ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. വാക്ദോഷംമൂലം ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. യാത്രകള്‍ വേണ്ടിവരും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. പല പ്രതിസന്ധികളും കാര്യക്ഷമമായി നേരിടാന്‍ ശ്രമിക്കണം. മുന്‍കോപം നിയന്ത്രിക്കണം. സ്വാര്‍ത്ഥത കൂടുതലാകും.
ദോഷശാന്തിക്ക് ശാസ്താവിന് നീലപ്പട്ട് ചാര്‍ത്തി നെയ്യ് വിളക്ക് കത്തിക്കുകയും
'ശിവാദന്യതോ ദൈവതം നാഭിജാനേ
മഹാദേവശംഭോ ഗിരീശത്രിശൂലില്‍
ത്വദീയം നമസ്ത വിഭാതീശ തസ്മാന്‍
ശിവോഹം ശിവോഹം ശിവോഹം ശിവോഹം.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, പന്ത്രണ്ടില്‍ കുജന്‍ ബുധന്‍ ഇതാണ് ഗ്രഹനില.
മനോദുഃഖങ്ങള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും. ചിലവുകള്‍ കൂടുതലാകും. തൊഴില്‍സ്ഥലത്തും സ്വസ്ഥതക്കുറവുണ്ടാകും. ബന്ധുജനസഹായം ലഭ്യമാകും. വിശേഷ സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമാകും. ആധിവ്യാധികള്‍ കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ശത്രുക്കളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകളും കൂടുതലാകും. ത്രിദോഷ കോപത്താലുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം.. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങളുമായും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും കലഹങ്ങള്‍ക്കിടയുണ്ട്. ആഭരണാദിലോഹവസ്തുക്കള്‍ കളവുപോകാനിടയുണ്ട്.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'സര്‍വ്വേജ്ഞസര്‍വ്വേഗധര്‍വ്വേ
സര്‍വ്വേശേ സര്‍വ്വസാക്ഷിണീ
സര്‍വ്വാമൃത ജടാദാരേ
ദുര്‍ഗ്ഗാദേവി നമോസ്തുതേ'
ഈ ദുര്‍ഗ്ഗാഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, പതിനൊന്നില്‍ കുജന്‍ ബുധന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങണം. ചെയ്യുന്ന കാര്യങ്ങള്‍ വിജയപ്രദമാകും. എല്ലാരംഗങ്ങളിലും വിജയപ്രതീക്ഷയുണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. അവിചാരിതമായ ലാഭം ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. കലഹങ്ങള്‍ക്കിടയുണ്ട്. അപമാനം ഏല്‍ക്കാനുള്ള സാധ്യതയും ഉണ്ട്. നാല്‍ക്കാലികളില്‍ നിന്ന് ലാഭം ഉണ്ടാകും.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'അംബാശാശ്വതി ആഗമാദിവിനുതാ
ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപി പീലികാന്തജനനീ
യാ വൈ ജഗന്മോഹിനീ
യാ പഞ്ചപ്രണവദ്വിരേഫ ജനനി
യാ ചില്‍ക്കലാമാലിനീ
ചിദ്രൂപി പരദേവതാ ഭഗവതീ
ശ്രീ രാജരാജേശ്വരീ.'
ഈ ഭഗവതീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ കേതു, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, പത്തില്‍ കുജന്‍ ബുധന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. കാര്യതടസ്സങ്ങള്‍ കുറെയൊക്കെ മാറിക്കിട്ടും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശരീരത്തിന് ശക്തിക്കുറവ് ഉണ്ടാകും. ശരീരകാന്തിക്ക് കുറവുവരും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ സാധിക്കും. ചില ധനലാഭങ്ങള്‍ ഉണ്ടാകും. ശത്രുക്ഷയം വരും. പലവിധ ആപത്തുകളും, ഈശ്വരാധീനത്താല്‍ തരണം ചെയ്യാനാകും. ക്രയവിക്രയങ്ങള്‍ ലാഭകരമാകും. നാല്‍ക്കാലികളില്‍നിന്ന് ലാഭം പ്രതീക്ഷിക്കാം. മദ്ധ്യസ്ഥശ്രമങ്ങള്‍, ജാമ്യം നില്‍ക്കുക തുടങ്ങിയവ ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. മംഗളകാര്യങ്ങള്‍ക്ക് തടസ്സംവരും.
ദോഷശാന്തിക്ക് ഗണപതിഹോമം കഴിക്കുകയും,
'നാരായണം ഗദാദ്ധ്യക്ഷം
ഗോവിന്ദം കീര്‍ത്തിഭാജനം
ഗോവര്‍ദ്ധനോദ്ധ്രരം ദേവം
ഭൂധരം ഭുവനേശ്വരം.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍ കേതു, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ഒന്‍പതില്‍ കുജന്‍, ബുധന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാരില്‍ നിന്നുള്ള കാര്യങ്ങള്‍ക്ക് താമസവും പരാജയവും ഉണ്ടാകും. മൂത്രാശയബന്ധിയായ രോഗങ്ങള്‍ ശ്രദ്ധിക്കണം. മനോവ്യാധികള്‍ കൂടുതലാകും. മക്കളെക്കൊണ്ട് സമാധാനവും സന്തോഷവും ലഭിക്കും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങള്‍, ശയനോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാനാകും. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. ദൂരദേശയാത്രകള്‍ വേണ്ടിവരും. അഗ്നിയുടെ ഉപദ്രവം സൂക്ഷിക്കണം. പുതിയ അറിവുകള്‍ നേടാനുള്ള ശ്രമം വിജയിക്കും. പാപപ്രവൃത്തികള്‍ ഗോപ്യമായി ചെയ്യേണ്ടതായിവരും.
ദോഷശാന്തിക്ക് ശിവന് കൂവളമാല ചാര്‍ത്തുകയും, നെയ്വിളക്ക് കത്തിക്കുകയും,
'ശ്രീചക്രരാജ നിലയാംശ്രിതകാമധേനും
ശ്രീകാമരാജജനനീം ശിവഭാഗധേയാം
ശ്രീമദ് ഗുഹസ്യ കുലമംഗല ദേവതാം താം
പ്രാതസ്മരാമി മനസാ ലളിതാധിനാഥാം.'
ഈ ഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
