ദ്വൈവാര ഫലങ്ങള്‍
(1-10-2025 മുതല്‍ 15-10-2025 വരെ(1201 കന്നി 15 മുതല്‍ 29 വരെ))
ദ്വൈവാര ഫലങ്ങള്‍
1-10-2025 മുതല്‍ 15-10-2025 വരെ(1201 കന്നി 15 മുതല്‍ 29 വരെ)
ഗ്രഹപ്പകര്‍ച്ച
ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ ഒരു മണി 48 മിനിട്ടിന് ചിങ്ങക്കൂറില്‍ തുലാസംക്രമം, ഒക്ടോബര്‍ 3 ന് പുലര്‍ച്ചെ 3 മണി 46 മിനിട്ടിന് ബുധന്‍ തുലാം രാശിയിലേക്കും, 9 ന് പകല്‍ 10 മണി 50 മിനിട്ടിന് ശുക്രന്‍ കന്നിരാശിയിലേയ്ക്കും പകരും. ഒക്ടോബര്‍ 1 ന് മഹാനവമി. 2 ന് വിജയദശമി. 3 ന് ഏകാദശി. പകല്‍ 12 മണി 43 മിനിട്ട് മുതല്‍ രാത്രി 12 മണി 13 മിനിട്ടുവരെ ഹരിവാസരം. 4 ന് പ്രദോഷം, 6 ന് പൗര്‍ണ്ണമി,
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മൂന്നില്‍ വ്യാഴം, അഞ്ചില്‍ ശുക്രന്‍, കേതു, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. സംഗീതത്തില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനാകും. നല്ല വാക്കുകളില്‍ സംസാരിച്ച് മറ്റുള്ളവരുടെ പ്രീതി നേടും. പാഴ്ച്ചെലവുകള്‍ കൂടുതലാകും. കൂടുതല്‍ സ്നേഹിക്കുന്നവരില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ശില്‍പ്പവേല ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. എല്ലാവര്‍ക്കും താല്‍പ്പര്യമുള്ളവനാകും. സ്ത്രീകളില്‍ നിന്ന്/ പുരുഷന്മാരില്‍ നിന്ന് ധനാഗമം ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത കുറയും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്രപുഷ്പാഞ്ജലി നടത്തുകയും
'അപാരേ മഹാദുസ്തരേള ത്യന്തഘോരേ
വിപത്സാഗരേ മജ്ജതാം ദേഹഭാജാം
ത്വമേകാഗതിര്‍ദേവി നിസ്താരഹേതു
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ ശുക്രന്‍, കേതു, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ കുജന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ക്കിടയുണ്ട്. വീടുപണിയില്‍ തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മാനഹാനികള്‍ക്കിടവരും. പ്രസിദ്ധിയുണ്ടാകും. രാജ്യതുല്യതയുണ്ടാകും. എല്ലാതടസ്സങ്ങളും മാറി വിജയസാദ്ധ്യതയുണ്ടാകും. ശരീരം പുഷ്ടിപ്പെടും. പണം സൂക്ഷ്മതയോടെ മാത്രമേ ചെലവഴിക്കാവൂ. കൂടുതല്‍ സ്നേഹിതര്‍ ഉണ്ടാകും. എല്ലാ ഘട്ടങ്ങളിലും പൗരുഷം കാണിക്കേണ്ടതായി വരും. ഞരമ്പുബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. ചെയ്യുന്ന പ്രവൃത്തികള്‍ ഫലവത്താകും. ധനാഗമങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭ്യമാകും.
ദോഷശാന്തിക്ക് ശിവങ്കല്‍ ധാരകഴിക്കുകയും,
'നിത്യാന്നദാനനിരദാഖില രോഹഹാരിന്‍
ഭാഗ്യപ്രദാനപരിപൂരിത ഭക്തകാമ
ശ്രുത്വാഗമ പ്രണവവാച്യ നിജസ്വരൂപ
വല്ലീസനാഥ മമ ദേഹി കരാവലംബം.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ ശുക്രന്‍, കേതു, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ കുജന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി. ഇതാണ് ഗ്രഹനില.
പലവിധ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ദാനശീലം കൂടുതലാകും. ലഘുഭക്ഷണത്തില്‍ താല്‍പ്പര്യം കൂടും. സംഗീതനൃത്തങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. മക്കളെക്കൊണ്ടും ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ഗൃഹനിര്‍മ്മാണം തടസ്സം കൂടാതെ പുരോഗമിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. തൊഴിലിനായുള്ള വായ്പകള്‍ വേഗത്തില്‍ ശരിയാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വിശേഷപ്പെട്ട വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. പുരുഷന്മാര്‍ക്ക് പൗരുഷം ലഭിക്കും. സ്ത്രീകള്‍ക്ക് സൗന്ദര്യവര്‍ദ്ധനയും ഉണ്ടാകും. വിശിഷ്ടസല്‍ക്കാര്യാദികള്‍ ലഭിക്കും. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും.
ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'അനാദിമദ്ധ്യാന്ത മപാഞ്ച ഭൗതികം
ഹ്യവാംഗ് മനോഗദ്യമതര്‍ക്ക്യവൈഭവം
അരുപമദ്വന്ദ്വ മദ്വഷിഗോചരം
പ്രഭാവമഗ്ര്യം കഥമംബ വര്‍ണ്ണ്യതേ.'
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ ശുക്രന്‍, കേതു, മുന്നില്‍ ആദിത്യന്‍ ബുധന്‍, നാലില്‍ കുജന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ പണത്തെച്ചൊല്ലി കലഹങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങളും അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കളുടെ ഉപദേശങ്ങളെ കൂടുതലായി ആശ്രയിക്കരുത്. തര്‍ക്കവിഷയങ്ങളില്‍ വിജയം നേടും. ധനാഗമങ്ങള്‍ ഉണ്ടാകും. നീര്‍ക്കെട്ട്, ജലബന്ധിയായ മറ്റസുഖങ്ങള്‍ ഇവയുണ്ടാകാനിടയുണ്ട്. നീചജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. അന്യര്‍ക്ക് വശവര്‍ത്തിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. അലച്ചിലും ക്ലേശങ്ങളും ഉണ്ടാകാനിടയുണ്ട്. സാഹസകര്‍മ്മങ്ങളിലേര്‍പ്പെടരുത്. സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരും.
ദോഷശാന്തിക്ക് ശിവങ്കല്‍ കൂവളമാല ചാര്‍ത്തി പിന്‍വിളക്ക് കത്തിക്കുകയും,
'രാക്ഷസക്ഷോഭിത സീതയാ ശോഭിതോഃ
ദണ്ഡകാരണ്യഭൂപുണ്യ താകാരണഃ
ലക്ഷ്മണേ നാന്വിതോ വാനരൈസ്സേവിതോ
അഗസ്ത്യ സംപൂജിതോ രാഘവ പാതുമാം.'
ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ ശുക്രന്‍, കേതു, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ കുജന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനാഭിവൃദ്ധിയുണ്ടാകും. തൊഴില്‍സ്ഥലത്തുണ്ടാകുന്ന കാര്യങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനാകും. ഭാര്യ/ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയവരില്‍ നിന്നും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കരുത്. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണം ഉണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. രാജതുല്യതയുണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്കനുസരിച്ച് പോകാനാകും. എല്ലാക്കാര്യങ്ങളിലും താല്‍പ്പര്യം തോന്നും. അന്യദേശത്തുള്ളവര്‍ക്ക് ദുഃഖാനുഭവങ്ങള്‍ കൂടുതലാകും. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാകും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ശസ്ത്രക്രിയ വേണമെങ്കില്‍ നടത്താം. പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരുടെ പ്രേരണയുണ്ടാകും. ബന്ധുജനങ്ങളില്‍നിന്ന് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'പിഞ്ഛാവലീവലയിത കലിതപ്രസൂന-
സഞ്ജാതകാന്തിഭര ഭാസുരകേശജാലം
ശിരഞ്ജാനമഞ്ജുമണി ഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസ ഹരിനന്ദനമാശ്രയാമി'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ കുജന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.
രാജതുല്യമായ സുഖജീവിതം ഉണ്ടാകും. അമ്മാവന്മാരുമായി അസ്വാരസ്യങ്ങളുണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി ധനം വ്യയം ചെയ്യും. അരക്കെട്ടിന് താഴെയുണ്ടാകുന്ന അസുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുജയം ഉണ്ടാകും. ചെലവുകള്‍ കൂടുതലാകും. ഭാര്യ/ ഭര്‍ത്താവിന് രോഗാരിഷ്ടതകളുണ്ടാകും. പലപ്പോഴും കാപട്യത്തോടെ പെരുമാറേണ്ടതായി വരും. വാഹനങ്ങള്‍ വാങ്ങാം. വീട് മോടിപിടിപ്പിക്കും. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനാകും. അന്യദേശയാത്രകള്‍ വേണ്ടിവരും. വിദേശജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഫലം കാണും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഖട്വാങ്ഗീ ദീര്‍ഘലംബോഷ്ഠീ
മാലിനീമന്ത്രയോഗിനീ
കൌശികീ മര്‍ദ്ദിനീ യക്ഷി
രോമജംഘ്രാപ്രഹാരിണി.'
ഈ സ്തോത്രം നിത്യവും ജപിച്ച് ഭദ്രകാളിയെ ഭജിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ ശുക്രന്‍, കേതു, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. ശരീരത്തിന് ബലക്കുറവ് തോന്നും. വാതരോഗാരിഷ്ടതകള്‍ കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. അല്‍പ്പമായ ധനലാഭവും എല്ലാകാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ നടത്താനാകും. ബന്ധുജനസഹകരണം ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. വ്യവഹാരങ്ങളില്‍ വിജയം വരിക്കും. യാഗാദികര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും. കോപം നിയന്ത്രിക്കണം. പാപവിചാരം കൂടുതലാകും. മനസ്സ് ചപലമായിരിക്കും. നിന്ദ്യജനങ്ങളുമായി സഹകരിക്കേണ്ടതായി വരും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ രാജഗോപാല മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'മന്ദാരമൂലേ മദനാഭിരാമം ബിംബാധരാപൂരിത വേണുനാദം
ഗോ ഗോപ, ഗോപീജനമദ്ധ്യസംസ്ഥം ഗോപം ഭജേ ഗോകുല പൂര്‍ണ്ണചന്ദ്രം.'
ഈ സ്തോത്രം ജപിച്ച് വിഷ്ണുവിനെ നിത്യവും ഭജിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ ശുക്രന്‍, കേതു, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനാഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഭൂമി കൈമാറ്റങ്ങള്‍ നടക്കും. മനഃസ്വസ്ഥത കുറയും. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കൂടുതലാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. സ്ഥാനക്കയറ്റം ലഭിക്കും. ശരീരക്ഷീണം കൂടുതലാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങള്‍ക്കിടയുണ്ട്. ചെലവുകള്‍ കൂടുതലാകും. വീടിന്‍റെ കേടുപാടുകള്‍ തീര്‍ക്കാം. കഴുത്തിന് മുകളിലുള്ള അംഗങ്ങളില്‍ രോഗസാദ്ധ്യതയുണ്ട്.
ദോഷശാന്തിക്ക് ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും,
'ഈശ്വരം ശബരാകാരം
ദയിതാസഹിതം വിഭും
സ്ഥാണു കോണാഖ്യധാമസ്ഥം
ശിവം വന്ദേ പരാല്‍പരം.'
ഈ ശിവസ്തുതി ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ ശുക്രന്‍, കേതു, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വീട്ടില്‍ സ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മൂത്രാശയബന്ധിയായും, ഗര്‍ഭാശയബന്ധിയായും ഉള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ധനാഗമം ഉണ്ടാകും. ദാമ്പത്യസുഖം ഉണ്ടാകും. ശത്രുക്ഷയം ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം, വാക്സാമര്‍ത്ഥ്യം ഇവകൊണ്ട് ധനലാഭവും കാര്യസാദ്ധ്യങ്ങളുമുണ്ടാകും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. മനോദുഃഖവും, കലഹവാസനയും കൂടുതലാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ഭൂമികൈമാറ്റങ്ങള്‍ ലാഭകരമായി നടക്കും.
ദോഷശാന്തിക്ക് ശാസ്താവിന് എള്ളുപായസം കഴിക്കുകയും,
'മാലേയപങ്കസമലംകൃതദാസമാന-
ദോരന്തരാളതരളാമല ഹാരജാലം
നീലാതിനിര്‍മ്മല ദുകുലധരം മുകുന്ദ-
കാലാന്തക പ്രതിനിധിം പ്രണതോഭവാമി.'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ ശുക്രന്‍, കേതു, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.
പണത്തെ സംബന്ധിച്ച് ചില കൃത്രിമങ്ങള്‍ക്കിടയുണ്ട്. ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചമല്ല. അര്‍ശ്ശോരോഗം ശ്രദ്ധിക്കണം. യാത്രകള്‍ വളരെ സൂക്ഷിച്ചുവേണം. അപകടങ്ങള്‍ക്കിടയുണ്ട്. മത്സ്യമാംസാദികളില്‍ താല്‍പ്പര്യം കൂടുതലാകും. ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. തനിക്കനുയോജ്യരല്ലാത്തവരുമായി സഹവസിക്കേണ്ടതായി വരും. നാല്‍ക്കാലിവളര്‍ത്തല്‍ ലാഭകരമാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. മനോദുഃഖങ്ങള്‍ കൂടുതലാകും. വാതബന്ധിയായ വേദനകള്‍ ശ്രദ്ധിക്കണം. പലവിധ ആപത്തുകളും ഉണ്ടാകാനുള്ള സാദ്ധ്യതകളുണ്ട്.
ദോഷശാന്തിക്ക് വിഷ്ണുവിങ്കല്‍ കദളിപ്പഴം നിവേദിച്ച് ആപദുദ്ധരണ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ആരോഗ്യം മേഹിമേ ദേവി
സര്‍വ്വദുഃഖാപഹാരിണീ
സര്‍വ്വൈശ്വരീ നാരസിംഹി സര്‍വ്വശക്തി
സമന്വിതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ ശുക്രന്‍, കേതു, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും, തൊഴില്‍രംഗം മെച്ചപ്പെടും. മക്കളെക്കൊണ്ട് സമാധാനവും സന്തോഷവും ഉണ്ടാകും. ധനനാശങ്ങള്‍ക്കിടയുണ്ട്. ശരീരത്തിന് പ്രത്യേകിച്ച് കാലുകള്‍ക്ക് ബലക്കുറവ് തോന്നും. സ്ത്രീകള്‍മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. മനഃസന്തോഷം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് താമസം വരും. അമ്മാവന്മാരുമായി കലഹങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥതക്കുറവുണ്ടാകും. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകും. സഞ്ചാരശീലം കൂടുതലാകും. ജലസമ്പര്‍ക്കം വളരെ സൂക്ഷിച്ചുവേണം. കോപാധിക്യം ഉണ്ടാകും.
ദോഷശാന്തിക്ക് ഗണപതിഹോമം കഴിക്കുകയും,
'അജം ശാശ്വതം കാരണം കാരണാനാം
ശിവം കേവലം ഭാസകം ഭാസകാനാം
തുരീയം തമഃ പാരമാദ്യന്തഹീനം
പ്രപദ്യേ പരം പാവനം ദ്വൈതഹീനം.'
ഈ ശിവസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ ശുക്രന്‍ കേതു, ഏഴില്‍ ആദിത്യന്‍ ബുധന്‍, അഷ്ടമത്തില്‍ കുജന്‍ പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹസ്ഥിതി.
ധനാഗമങ്ങള്‍ ഉണ്ടാകും. ശരീരം പുഷ്ടിപ്പെടും. മാനഹാനിയുണ്ടാകും. ധര്‍മ്മാചാരങ്ങള്‍, ഏകാഗ്രത ഇവയ്ക്ക് ഭംഗം വരും. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ വിള്ളല്‍ വീഴും. ഉദരബന്ധിയായ അസുഖങ്ങള്‍, കുഴിനഖം ഇവയുണ്ടാകാനിടയുണ്ട്. വിഷത്തിന്‍റേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. സ്വജനങ്ങളെക്കൊണ്ട് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. പുതിയ വീട് വയ്ക്കാവുന്നതാണ്. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടരും. കമ്പനികള്‍ മാറി ജോലിക്ക് ശ്രമിക്കാം. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കലഹവാസന കൂടുതലാകും.
ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'കാര്‍ത്തികേയം ചിദാനന്ദം
സത്യമൂര്‍ത്തിം വചോദ്ഭുവം
പാര്‍വ്വതീതനയം വീരം
ദേവസേനാപതിം ഭജേ.'
ഈ സുബ്രഹ്മണ്യസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
