ദ്വൈവാര ഫലങ്ങള്‍ (16-10-2025 മുതല്‍ 31-10-2025 വരെ 1201 കന്നി 30 മുതല്‍ തുലാം 14 വരെ)

ദ്വൈവാര ഫലങ്ങള്‍ (16-10-2025 മുതല്‍ 31-10-2025 വരെ 1201 കന്നി 30 മുതല്‍ തുലാം 14 വരെ)

HIGHLIGHTS

ദ്വൈവാര ഫലങ്ങള്‍ (16-10-2025 മുതല്‍ 31-10-2025 വരെ 1201 കന്നി 30 മുതല്‍ തുലാം 14 വരെ)

ഗ്രഹപ്പകര്‍ച്ച

ഒക്ടോബര്‍ 27 ന് പകല്‍ 3 മണി 44 മിനിട്ടിന് കുജനും, 24 ന് പകല്‍ 12 മണി 39 മിനിട്ടിന് ബുധനും, വൃശ്ചികം രാശിയിലേയ്ക്കും, ഒക്ടോബര്‍ 18 ന് പകല്‍ 7 മണി 58 മിനിട്ടിന് വ്യാഴം കര്‍ക്കിടകം രാശിയിലേയ്ക്കും പകരും. ഒക്ടോബര്‍ 18 ന് പ്രദോഷം. 20 ന് 
അമാവാസി, ദീപാവലി. 27 ന് ഷഷ്ഠി

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

നാലില്‍ വ്യാഴം,  അഞ്ചില്‍ കേതു, ആറില്‍ ശുക്രന്‍, ഏഴില്‍  കുജന്‍, എട്ടില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം അത്ര  മെച്ചമല്ല. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ കൂടുതലാകും. ഉദരവ്യാധികള്‍ ശ്രദ്ധിക്കണം. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. വാക്ദോഷങ്ങള്‍ കൊണ്ടുള്ള കലഹങ്ങള്‍ക്കിടയുണ്ട്. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ കൂടുതലാകും. മനഃസ്വസ്ഥത തീരെ കുറയും. കോപാധിക്യം നിയന്ത്രിക്കണം. അധികാര സ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകും. അനുചിതമായ പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. നല്ല വേഷാലങ്കാരങ്ങള്‍ ലഭ്യമാകും. കലാവിദ്യകളില്‍ കഴിവ് തെളിയിക്കാനാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും.

ദോഷശാന്തിക്ക് ശിവങ്കല്‍ ധാരകഴിക്കുകയും,

'പശൂനാം പതിം 
പാപനാശം പരേശം
ഗജേന്ദ്രസ്വകൃത്തിം 
വസാനം വരേണ്യം
ജടാജ്ജൂടമദ്ധ്യേ 
സ്ഫുരദ് ഗംഗവാരീം
മഹാദേവ മേകം 
സ്മരാമി സ്മരാമി'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

മൂന്നില്‍ വ്യാഴം, നാലില്‍ കേതു, അഞ്ചില്‍ ശുക്രന്‍, ആറില്‍  കുജന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഗവണ്‍മെന്‍റില്‍ നിന്ന് കിട്ടുവാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വീട് പുതുക്കിപ്പണിയാനുള്ള അവസരം ലഭിക്കും. രോഗാരിഷ്ടതകള്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്‍പ്പമായ ധനലാഭങ്ങള്‍ ഉണ്ടാകും. ശത്രുക്ഷയം ഉണ്ടാകും. വിവാഹമോചനക്കേസുകളില്‍ പ്രത്യേകം ശ്രദ്ധ വേണം. ഉള്‍ഭയം കൂടുതലാകും. കലഹഭയം വിട്ടുമാറുകയില്ല. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതലായി താല്‍പ്പര്യമെടുക്കരുത്. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും.

ദോഷശാന്തിക്ക് സുബ്രഹ്മണ്യന് പാലഭിഷേകവും പൂവന്‍പഴനിവേദ്യവും നടത്തുകയും,

'പ്രമുദിതേനചതേനസമംതദാ
രഥഗതോ ലഘുകുണ്ഡിനമേയിവാന്‍
ഗുരുമരുല്‍പുരനായക മേ ഭവാന്‍
വിതനുതാം തനുതാമഖിലാപദാം'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

രണ്ടില്‍ വ്യാഴം,  മൂന്നില്‍ കേതു, നാലില്‍ ശുക്രന്‍, അഞ്ചില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ വീടിനായി ശ്രമിക്കാം. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മനഃസ്വസ്ഥത കുറയും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. മക്കളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും. വായുക്ഷോഭം, ഹൃദയബന്ധിയായ അസുഖങ്ങള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്ഥാനനഷ്ടങ്ങള്‍ക്കും സ്ഥാനചലനത്തിനും സാദ്ധ്യതയുണ്ട്. ബന്ധുജനസഹകരണം ലഭ്യമാകും. അധികാര സ്ഥാനങ്ങളിലുള്ളവര്‍ക്ക് നല്ലവണ്ണം പ്രവര്‍ത്തിക്കാനാകും. ഭൂമിയുടെ വ്യവഹാരങ്ങള്‍, കച്ചവടങ്ങള്‍ ഇവ നടക്കും.

ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'കാമേശ്വരി മുഖ്യസമസ്തനിത്യാ
കാന്താസനാത്തെ കമലായതാക്ഷി
കാമപ്രദേ കാമിനി കാമശംഭോ.
കാമ്യേകളാനാമധിപേ നമസ്തേ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, മൂന്നില്‍ ശുക്രന്‍, നാലില്‍  കുജന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശരീരക്ലേശം കൂടുതലാകും. വീട്ടിലെ അസ്വസ്ഥതകള്‍ കൂടുതലാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം നിര്‍ത്തണം. ഉദരബന്ധിയായ രോഗങ്ങള്‍ക്ക് വേണമെങ്കില്‍ ശസ്ത്രക്രിയയാകാം. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനഷ്ടങ്ങള്‍ ഉണ്ടാകും. കലഹസ്വഭാവം കൂടുതലാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ കൂടുതലാകും. സ്നേഹിതന്മാരായുള്ള കലഹങ്ങള്‍ പറഞ്ഞുതീര്‍ക്കാനാകും.
ദോഷശാന്തിക്ക് ഗണപതിഹോമം കഴിക്കുകയും,

'ഉല്ലംഘ്യസിദ്ധോ; സലിലം സലിലം
യഃ ശോകവഹ്നിം ജനകാത്മജയാഃ
ആദായ തേ നൈവ ദദാഹലങ്കാം
നമാമിതാം പ്രഞ്ജലിരാഞ്ജനേയം.'

ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു, രണ്ടില്‍ ശുക്രന്‍, മൂന്നില്‍  കുജന്‍, നാലില്‍ ആദിത്യന്‍ ബുധന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനപരമായി ചില വഞ്ചനകളിലും മറ്റും ചെന്നുപെടാനിടയുണ്ട്. വാതബന്ധിയായ വേദനകളും മറ്റും ശ്രദ്ധിക്കണം. ബന്ധുവിരഹങ്ങള്‍ കൂടുതല്‍ മനോവിഷമത്തിനിടയാക്കും. ധനനഷ്ടങ്ങള്‍ക്കും ഇടയുണ്ട്. സത്കര്‍മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും. വഴിയാത്രയില്‍ വൈഷമ്യങ്ങളുണ്ടാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ഗവണ്‍മെന്‍റ് തലത്തിലുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശത്രുഭയം വര്‍ദ്ധിക്കും. കാര്യതടസ്സങ്ങളുണ്ടാകും. ഭൂമി സംബന്ധിച്ചും മറ്റുമുള്ള കച്ചവടങ്ങള്‍ നടക്കുമെങ്കിലും ലാഭകരമാകില്ല. ഉദരബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം.

ദോഷശാന്തിക്ക് ശാസ്താവിന് എള്ളുപായസം കഴിക്കുകയും,

'ചിദം വിഭും നിര്‍മ്മലം നിര്‍വ്വികല്പം
നിരീഹം നിരാകാരമോങ്കാര വേദ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരംബ്രഹ്മയം വേദ തസ്മൈ നമോസ്തുതേ.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ കുജന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
സ്വന്തമായി തൊഴില്‍ സ്ഥാപനങ്ങളുള്ളവര്‍ക്ക്, അതുസംബന്ധിച്ച് കൂടുതല്‍ പണച്ചെലവുകള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. വിദേശത്ത് പഠിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വരും. ധനനാശം ഉണ്ടാകാനിടയുണ്ട്. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. ചില പ്രധാനപ്പെട്ട രേഖകള്‍ നശിക്കാനിടയുണ്ട്. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ശ്രദ്ധിക്കണം. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങള്‍ സാധിക്കാനിടവരും. നടുവുവേദന തുടങ്ങിയവ ശ്രദ്ധിക്കണം.

ദോഷശാന്തിക്ക് ഭദ്രകാളിക്ഷേത്രത്തില്‍ ചെത്തിമാല ചാര്‍ത്തി നെയ്പായസം നിവേദിക്കുകയും

'മൂര്‍ത്തയേ ളമൂര്‍ത്തയേ രുദ്രമൂര്‍ത്തയേ വിശ്വമൂര്‍ത്തയേ
മൂര്‍ത്താളമൂര്‍ത്ത രൂപായ ദക്ഷിണാശാമുഖായ ച.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

ലഗ്നത്തില്‍  കുജന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍  കേതു, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ദീര്‍ഘകാലമായുള്ള രോഗങ്ങള്‍ക്ക് സമാധാനം കണ്ടുതുടങ്ങും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. പല പ്രകാരത്തില്‍ ധനാഗമങ്ങള്‍ ഉണ്ടാകും. വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ലഭ്യമാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ വൈകല്യമുണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളോടുള്ള കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. വാക്ദോഷംമൂലം ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. കള്ളന്മാരുടെ ഉപദ്രവങ്ങള്‍ക്കും സാധ്യതയുണ്ട്. ശരീരത്തിന് ക്ഷതം പറ്റാതെ ശ്രദ്ധിക്കണം.

ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും

'യേനപൂര്‍ണ്ണമിദം ലോകം തം നമാമി കൃപാകരം
യമേ വാത്മനി പശ്യന്തി തം നമാമി ശിവംകരം.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, 
ഒന്‍പതില്‍ വ്യാഴം, പത്തില്‍  കേതു, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍  കുജന്‍  ഇതാണ് ഗ്രഹനില. വീട്ടില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. പലപ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. മനോവ്യാധികള്‍ കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ കൂടുതലാകും. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. വളരെ പ്രധാനപ്പെട്ട ചില കാര്യസാദ്ധ്യങ്ങള്‍ക്കിടയുണ്ട്. മക്കള്‍ അടുത്തില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ കുടുതലാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം.

ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,

'ആത്മീയ സ്തനകുംഭകുംകുമരജഃ
പങ്കാരുണാലംകൃത
ശ്രീകണ്ഠൗരസഭൂരിഭൂതിമമരീ
കോടിരഹി രായിതാം
വീണാപാണീ സനന്ദ നന്ദിതപദാ-
മേണി വിശാലേക്ഷണാം
വേണീ ഹ്രീണിത കാളമേഘ പടലിം
ശ്രീ ഭദ്രകാളീം ഭജേ.'

ഈ ഭദ്രകാളിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍  കുജന്‍, പന്ത്രണ്ടില്‍, ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. നിര്‍ത്തിവച്ച വീടുപണി പുനരാരംഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിനായും, കമ്പനി ജോലിക്കാര്‍ക്ക് പുതിയ കമ്പനിജോലികള്‍ക്കായും ശ്രമിക്കാം. സ്ഥാനക്കയറ്റം ലഭിക്കും. ഭൂമികൈമാറ്റങ്ങള്‍ ഫലപ്രദമാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. അസാദ്ധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും നല്ല വാക്കുകള്‍ പറഞ്ഞ് നേടാനാകും. മദ്ധ്യസ്ഥതകള്‍ വിജയിക്കും. മനോവ്യാധികള്‍ കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. കലഹങ്ങള്‍ കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും.

ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'ആഞ്ജനേയ മതിപാടലാതനം
കാഞ്ജനീയ കമനീയ വിഗ്രഹം
പാരിജാതതരു മൂലവാസിനം
ഭാവയാമി പവമാനനന്ദനം.'

ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍  കേതു, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ കുജന്‍, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
വിദ്യാഭ്യാസത്തിന് തടസ്സങ്ങള്‍ നേരിടും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ സാധിക്കും. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. ഗൃഹനിര്‍മ്മാണം തുടങ്ങാം. പല പ്രകാരേണ ധനാഗമങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ക്ക് ശക്തികുറയും. ശത്രുനാശം വരും. ബുദ്ധിസാമര്‍ത്ഥ്യം പല കാര്യങ്ങളിലും പ്രകടമാക്കാന്‍ സാധിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാകും. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. നാല്‍ക്കാലിവളര്‍ത്തല്‍ ലാഭകരമാകും. ജോലിക്കാര്‍ക്ക് വകുപ്പുതല പരീക്ഷകളില്‍ വിജയം നേടാം.

ദോഷശാന്തിക്ക് വിദ്യാര്‍ത്ഥികള്‍ ശ്രീവിദ്യാരാജഗോപാലമന്ത്ര പുഷ്പാഞ്ജലിയും, മറ്റുള്ളവര്‍ ഷഡങ്കര സുദര്‍ശനമന്ത്രപുഷ്പാഞ്ജലിയും കഴിച്ച്

'ദേവാധി ദേവരഥമണ്ഡല മധ്യവേദ്യ
ദേവേന്ദ്ര പീഡനകരം ദൃഢചാപഹസ്തം
ശൂരം നിഹത്യസുരകോടിഭീരിഡ്യമാനാ
വല്ലീസനാഥമമ ദേഹികരാവലംബം.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ കേതു, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ കുജന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ശരീരത്തിന് ശക്തിക്കുറവ് തോന്നിക്കും. ശരീരകാന്തിയെക്കുറിച്ച് ആശങ്കയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. അലങ്കാരവസ്തുക്കള്‍ ലഭ്യമാകും. നല്ല കാര്യങ്ങളുടെ അനുഭവയോഗക്കുറവുണ്ടാകും. മനോവ്യാധി കൂടുതലാകും. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. ഏകാഗ്രത കുറയും. ധര്‍മ്മാചാരങ്ങള്‍ക്ക് തടസ്സം വരും. യാത്രകള്‍ വേണ്ടി വരും. ദുര്‍ജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം. വാക്ദോഷം മൂലം സ്ത്രീജനങ്ങളുടെ താപം ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം കാര്യക്ഷമമാകും.

ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'ശരണാഗതദീനാര്‍ത്ത പരിത്രാണപരായണ
സര്‍വ്വസ്യാര്‍ത്തിഹരേ ദേവി നാരായണീ നമോസ്തുതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍  കേതു, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
അധികാരസ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മുറിവ്, ഉദരവ്യാധി, വ്രണങ്ങള്‍, ഒടിവ്, ചതവ് ഇവ ശ്രദ്ധിക്കണം. മനസ്സിന് ആഘാതമുണ്ടാക്കുന്ന പല കാര്യങ്ങളും ഉണ്ടാകും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. വീടുപണിക്കുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വിശേഷപ്പെട്ട അലങ്കാരസാധനങ്ങള്‍ ലഭിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. അസമയത്തെ യാത്ര ഒഴിവാക്കണം. മദ്ധ്യസ്ഥത വഹിക്കരുത്. സ്ത്രീകള്‍/ പുരുഷന്മാര്‍ നിമിത്തം പല അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. അറിവ് നേടാനുള്ള ശ്രമം വിജയിക്കും.

ദോഷശാന്തിക്ക് ശാസ്താവിന് പാനകം നേദിക്കുകയും,

'സന്നദ്ധഃ കവചീ ഖഡ്ഗീ 
ചാപബാണ ധരോയുവാ
ഗച്ഛന്‍ മമാഗ്രതോ നിത്യം 
രാമഃ പാതുസലക്ഷ്മണാഃ'

ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

 

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752