ദ്വൈവാര ഫലങ്ങള്‍ (1-4-2026 മുതല്‍ 15-4-2026 വരെ 1201 മീനം 18 മുതല്‍ മേടം 2 വരെ)
ദ്വൈവാര ഫലങ്ങള്‍
(1-4-2026 മുതല്‍ 15-4-2026 വരെ 1201 മീനം 18 മുതല്‍ മേടം 2 വരെ)
ഗ്രഹപ്പകര്‍ച്ച
ഏപ്രില്‍ 2 ന് പകല്‍ 3 മണി 31 മിനിട്ടിന് കുജനും, ഏപ്രില്‍ 11 ന് പുലര്‍ച്ചെ ഒരു മണി 14 മിനിട്ടിന് ബുധനും മീനരാശിയിലേക്ക് പകരും. ഏപ്രില്‍ ഒന്നിന് പൗര്‍ണ്ണമി. 13 ന് ഏകാദശി. രാത്രി 7 മണി 10 മിനിട്ട് മുതല്‍ 14 ന് പകല്‍ 7 മണി ഒരു മിനിട്ടുവരെ ഹരിവാസരം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ലഗ്നത്തില്‍ ശുക്രന്‍, മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പതിനൊന്നില്‍ കുജന്‍, ബുധന്‍, രാഹു പന്ത്രണ്ടില്‍ ആദിത്യന്‍, ശനി ഇതാണ് ഗ്രഹനില.
പ്രാര്‍ത്ഥനകള്‍ക്ക് ചെറുതായ ഫലങ്ങള്‍ കണ്ടുതുടങ്ങും. മനഃസ്വസ്ഥ കുറയും. ധനലാഭങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. കാര്യസാദ്ധ്യങ്ങളുണ്ടാകും. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. പുതിയ ശയനോപകരണങ്ങള്‍ വാങ്ങാനാകും. ഭൂമിയുടെ കൈമാറ്റങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. തൊഴിലില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിക്കും. പുതിയ വീടിനായുള്ള ശ്രമം തുടങ്ങും. ത്രിദോഷങ്ങള്‍ കോപിച്ചുള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ക് നെയ്വിളക്ക് വനദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ലകാര പൃഥ്വിവിഭൂതാം
ലതാകുഞ്ജനിവാസിനീം
ലളിതാം ലളിതാകാരാം
മിളിതാദരമാശ്രയേ.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, പത്തില്‍ കുജന്‍, ബുധന്‍, രാഹു, പതിനൊന്നില്‍ ആദിത്യന്‍, ശനി, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തികരംഗം മെച്ചപ്പെടും. വീട്ടിലെ അസ്വസ്ഥതകള്‍ തുടരും. തൊഴില്‍രംഗം മെച്ചപ്പെടും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. വായ്പകള്‍ തുടങ്ങിയവ വേഗത്തില്‍ ശരിയാകും. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് താമസം വരുകയില്ല. ഏത് പ്രതിസന്ധിയിലും നല്ല വാക്കുകള്‍ പറഞ്ഞ് തരണം ചെയ്യാനാകും. ഉപേക്ഷിക്കപ്പെട്ട ധനങ്ങള്‍ വന്നുചേരാനിടയുണ്ട്. വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ലഭ്യമാകും. ഗര്‍ഭാശയരോഗങ്ങള്‍, മൂത്രാശയബന്ധിയായ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. പ്രതാപവും പ്രൗഢിയും വര്‍ദ്ധിക്കും.
ദോഷശാന്തിക്കായി ശിവങ്കല്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'വദന്യായ വരേണ്യായ
ത്രിനേത്രായ കപര്‍ദ്ദിനേ
വഹ്നിഹസ്തായ നാഗോര്‍ദ്ധ്വ
ഭൂഷണായ വിഷാശിനേ.'
ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, ഒന്‍പതില്‍ കുജന്‍, ബുധന്‍, രാഹു, പത്തില്‍ ആദിത്യന്‍, ശനി, പതിനൊന്നില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ വിജയകരമാക്കാന്‍ സാധിക്കും. തര്‍ക്കവിഷയങ്ങളില്‍ വിജയിക്കും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ചില ധനനഷ്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ഗവണ്‍മെന്‍റിന്‍റെ ചില നിബന്ധനകള്‍ ബുദ്ധിമുട്ടുണ്ടാക്കും. വാതരോഗങ്ങളുടെ ഉപദ്രവം കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹവാസന കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ഹൃദയബന്ധിയായ അസുഖമുളളവര്‍ ശ്രദ്ധിക്കണം. അപവാദങ്ങള്‍ മൂലം യശസ്സിന് കോട്ടം തട്ടും.
ദോഷശാന്തിക്കായി പാനകം നിവേദിക്കുകയും,
'മഹായോഗിനോ ബ്രഹ്മ രുദ്രാദയോ വാ
നജാനന്തി തത്ത്വം നിജം രാഘവസ്യ
കഥം ജ്ഞായതേ മാദ്യശൈര്‍നിത്യമേവ
പ്രസീദപ്രഭോ മാരുതേ തേ നമസ്തേ.'
ഈ ഹനുമദ്ധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ കുജന്‍, ബുധന്‍, രാഹു, ഒന്‍പതില്‍ ആദിത്യന്‍, ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ധര്‍മ്മകാര്യ പ്രവൃത്തികള്‍ക്ക് തടസ്സം വരും. ഉപാസനാഭംഗം വരും. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. അപമാനം ഏല്‍ക്കേണ്ടതായി വരും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രയില്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ത്വക്ക് രോഗം പ്രത്യേകം ശ്രദ്ധിക്കണം. കാല്‍മുട്ടുകള്‍ക്ക് ക്ഷതം സംഭവിക്കാനിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. ചെയ്തുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണങ്ങളായ പ്രവൃത്തികള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സം വരും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ തുടരും.
ദോഷശാന്തിക്കായി സര്‍പ്പാരാധനകേന്ദ്രത്തില്‍ കദളിപ്പഴ നിവേദ്യവും സര്‍പ്പസൂക്തം പുഷ്പാഞ്ജലിയും കഴിച്ച്
'മഹായോഗ വിശേഷാനയുക്തോ
വിദാസീശ ലീലാ നരാകാരവൃത്തി
ത്വദാനന്ദ ലീലാകഥാപൂര്‍ണ്ണകര്‍ണ്ണാഃ
സദാനന്ദരൂപാ ഭവന്തീ ലോകേ.'
ഈ ശ്രീരാമസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ കുജന്‍, ബുധന്‍ രാഹു, അഷ്ടമത്തില്‍ ആദിത്യന്‍, ശനി, ഒന്‍പതില്‍ ശുക്രന്‍, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ജലോല്‍പ്പന്നദ്രവ്യങ്ങളുടെ കച്ചവടം ലാഭകരമാകും. ആദരവ് ലഭിക്കും. എപ്പോഴും ദീനഭാവമായിരിക്കും. വഴിയാത്രകള്‍ കൂടുതലാകും. ഭാര്യാഭത്തൃകലഹങ്ങള്‍ കൂടുതലാകും. നേതൃഗുണം ഉണ്ടാകും. നേത്രരോഗവും ഉദരവ്യാധികളും ശ്രദ്ധിക്കണം. കലഹങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭങ്ങള്‍ ഉണ്ടാകും. ശത്രുവര്‍ദ്ധനയുണ്ടാകും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ബന്ധുക്കളുമായി അകലേണ്ടതായി വരും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാല്‍പ്പായസനിവേദ്യം കഴിക്കുകയും
'സ്ഫുരന്മകുട പത്രകുണ്ഡലവിഭൂഷിതം
ചമ്പക-
സ്രജാകലിതകന്ധരം
കരയുഗേനശക്തിം പവിം
ദധാനമഥവാ കടികലിത
വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം
സ്മരതു പീതവാസോവസം.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ കുജന്‍, ബുധന്‍, രാഹു, ഏഴില്‍ ആദിത്യന്‍, ശനി, അഷ്ടമത്തില്‍ ശുക്രന്‍, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
വഴിയാത്രകള്‍ വേണ്ടിവരും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കള്‍ അകന്നുപോകും. സ്ഥാനക്കയറ്റം ലഭിക്കും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ വീടുപണിയാന്‍ പറ്റിയ സമയമാണ്. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തെറ്റുപറ്റാനിടയുണ്ട്. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങള്‍ മാറിവാങ്ങാനാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം നടത്തുകയും
'ഹസ്താബ്ജശുംഭത്തൃകപാലയഷ്ടിഃ
സിതാംഗ ദംഷ്ട്ര ഭരണാനുലേപഃ
ആസ്തേ ത്രിനേത്ര സ്തരുണാഹിഭൂഷഃ
ശാസ്താമഹാന്‍ കല്‍പ്പതരോ രധസ്താത്.'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ കുജന്‍, ബുധന്‍, രാഹു, ആറില്‍ ആദിത്യന്‍, ശനി, ഏഴില്‍ ശുക്രന്‍, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
വരുമാനത്തിനൊപ്പം ചെലവുകളും കൂടുതലാകും. മനഃസ്വസ്ഥത ഏറിയും കുറഞ്ഞും ഇരിക്കും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ശത്രുക്ഷയം വരും. ചില ധനലാഭങ്ങള്‍ ഉണ്ടാകും. വാതബന്ധിയായും ശിരോബന്ധിയായും ഉള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും എപ്പോഴും ആശങ്കയുണ്ടായിരിക്കും. ഭാര്യയോടും/ഭര്‍ത്താവിനോടും മക്കളോടും ഉള്ള കലഹം തുടരും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാരനടത്തുകയും,
'രക്തമാല്യാം ബരധര
ശക്തിശൂല ഗദാധരഃ
ചതുര്‍ഭുജോ മേഷഗതോ
വരദഃ സ്യാദ്ധരാസുതം.'
ഈ സ്തോത്രം നിത്യവും രാവിലെ മാത്രം 7 പ്രാവശ്യം ജപിച്ച് കുജനെ(ചൊവ്വ) പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ കുജന്‍, ബുധന്‍, രാഹു, അഞ്ചില്‍ ആദിത്യന്‍, ശനി, ആറില്‍ ശുക്രന്‍, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. പാഴ്ച്ചെലവുകള്‍ നിയന്ത്രിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. പല ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഗര്‍ഭാശയബന്ധിയായ രോഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുരുഷന്മാര്‍ക്ക് മൂത്രാശയബന്ധിയായ അസുഖങ്ങള്‍ക്ക് വേണമെങ്കില്‍ ശസ്ത്രക്രിയ നടത്താം. വാക്കുതര്‍ക്കങ്ങളിലൊന്നും ഏര്‍പ്പെടരുത്. മദ്ധ്യസ്ഥത വഹിക്കുകയോ ഇടനിലനില്‍ക്കുകയോ ചെയ്യരുത്. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ശ്രീമല്‍ നൃകേസരിതനോ! ജഗദേക ബന്ധോ!
ശ്രീ നീലകണ്ഠ കരുണാര്‍ണ്ണവ! സാമരാജ!
വഹ്നിന്ദുതീവ്രകരനേത്ര! പിനാകപാണേ!
ശീതാംശുശേഖര! രാമേശ്വര! പാഹിവിഷ്ണോ!'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ കുജന്‍, ബുധന്‍, രാഹു, നാലില്‍ ആദിത്യന്‍, ശനി, അഞ്ചില്‍ ശുക്രന്‍, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
മനോവ്യാധികള്‍ കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. ശരീരത്തിന് പ്രത്യേകിച്ച് കാലുകള്‍ക്ക് ബലക്കുറവനുഭവപ്പെടും. എപ്പോഴും കലഹമനോഭാവം ആയിരിക്കും. ധനലാഭങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. ബുദ്ധിപൂര്‍വ്വം പല കാര്യങ്ങളും സാധിക്കാനാകും. പല പ്രതിസന്ധിഘട്ടങ്ങളിലും വാക്സാമര്‍ത്ഥ്യം സഹായകരമാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ശത്രുജയം ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് ചില തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സഹോദരങ്ങളുമായി സൗഹാര്‍ദ്ദത്തില്‍ പോകാനാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വായുക്ഷോഭം, അര്‍ശോരോഗം തുടങ്ങിയവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് നീലപ്പട്ട് ചാര്‍ത്തി എള്ളുപായസം നിവേദിക്കുകയും,
'ഫലപൂരഗദേക്ഷുകാര്‍മ്മുക-
ത്രിശിഖൈശ്ചക്രഗദാബ്ജപാശധൃക്
അവ വാരിജശാലിമഞ്ജരി-
രദ് ധൃഗ്രത്നഘടാഢ്യശൂണ്ഡ!മാം.'
ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം,അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ കുജന്‍, ബുധന്‍, രാഹു, മൂന്നില്‍ ആദിത്യന്‍, ശനി, നാലില്‍ ശുക്രന്‍, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
പൊതുവേ ആരോഗ്യം തൃപ്തികരമാകും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തുടങ്ങും. ബന്ധുജനസഹായം ലഭിക്കും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് നിര്‍ഭയമായി കാര്യനിര്‍വ്വഹണം നടത്താനാകും. എല്ലാ സുഖസൗകര്യങ്ങളുണ്ടെങ്കിലും അനുഭവയോഗക്കുറവ് ഉണ്ടാകും. മനോവിചാരം കൂടുതലാകും. രേഖകള്‍ കാണാതാവുകയോ അഗ്നിക്കിരയാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. കള്ളന്മാരുടെ ഉപദ്രവം ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭ്യമാകും.
ദോഷശാന്തിക്കായി ശിവന് എണ്ണ അഭിഷേകം നടത്തുകയും
'ഖട്വാംഗ ശൂല പരിഘാങ്കുശ ഖഡ്ഗചര്‍മ്മ
ഘണ്ടാകപാലകരവാളമുസൃണ്ഠിഹസ്തം
സന്ധ്യാഭ്രസന്നിഭമഭിന്ന പിശംഗഭൂഷം
ഭൂതേശ്വരം നമത ചണ്ഡമുഖാഭിരാമം.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചഃയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, ബുധന്‍ രാഹു, രണ്ടില്‍ ആദിത്യന്‍, ശനി, മൂന്നില്‍ ശുക്രന്‍, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍, വ്യയാധിക്യം ഇവയുണ്ടാകും. സൗഖ്യഹാനിയുണ്ടാകും. കാല്‍മുട്ടുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. ശത്രുക്ഷയം ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം സൂക്ഷിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. മനോവ്യാധി കൂടുതലാകും. മറ്റുള്ളവരില്‍ നിന്ന് ചതിയും വഞ്ചനയും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നത് സൂക്ഷിച്ചുവേണം.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ജയദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ദേവാധിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യമൃദുപങ്കജ മഞ്ജുപാദ
ദേവര്‍ഷി നാരദമുനീന്ദ്ര സുഗീതകീര്‍ത്തേ
വല്ലീസനാഥ മമദേഹി കരാലംബം.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ആദിത്യന്‍, ശനി, രണ്ടില്‍ ശുക്രന്‍, നാലില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന്‍, ബുധന്‍, രാഹു ഇതാണ് ഗ്രഹനില.
ദൂരയാത്രകള്‍ വേണ്ടിവരും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ധനനഷ്ടവും കാലതാമസവും ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിലാകും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. മക്കള്‍ അടുത്തില്ലാത്തതിന്‍റെ മനഃക്ലേശം കൂടുതലാകും. ധനാഗമങ്ങള്‍ ഉണ്ടാകും. സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമാകും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. ഒന്നിലും തൃപ്തി തോന്നുകയില്ല. തൊഴില്‍രംഗം മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവവും ഉണ്ടാകാനിടയുണ്ട്. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം നടത്തുകയും,
'ഹസ്തോ ദ്യഭയാഭീഷ്ട-
പഞ്ചബാണേക്ഷുകാര്‍മുകം
ഉത്തപ്തരുക്മരുചിതം
ദ്വിരഭാനന്ദമാശ്രയേ.'
ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
