ദ്വൈവാര ഫലങ്ങള്‍ (16-4-2026 മുതല്‍ 30-4-2026 വരെ 1201 മേടം 3 മുതല്‍ 17 വരെ)

ദ്വൈവാര ഫലങ്ങള്‍ (16-4-2026 മുതല്‍ 30-4-2026 വരെ 1201 മേടം 3 മുതല്‍ 17 വരെ)

ദ്വൈവാര ഫലങ്ങള്‍

16-4-2026 മുതല്‍ 30-4-2026 വരെ 1201 മേടം 3 മുതല്‍ 17 വരെ)

ഗ്രഹപ്പകര്‍ച്ച

ഏപ്രില്‍  15 ന് വിഷു. പ്രദോഷം 16 ന് അമാവാസി. 17 ന് അമാവാസി ശ്രാദ്ധം 19 ന് അക്ഷയതൃതീയ. 27 ന് ഏകാദശി. പകല്‍ 12 മണി 16 മിനിട്ട് മുതല്‍  രാത്രി 12 മണി 27 മിനിട്ടുവരെ ഹരിവാസരം.  29 ന് പ്രദോഷം. 19 ന് പകല്‍ 3 മണി 50 മിനിട്ടിന് ശുക്രന്‍ ഇടവം രാശിയിലേക്ക് പകരും.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍, ശുക്രന്‍, മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ കുജന്‍, ബുധന്‍, ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. മനോവ്യാധികളും ശരീരക്ലേശങ്ങളും കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. ത്വക്രോഗം ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. ശത്രുപീഡയുണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. ചില പാപകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വരും. ചെലവുകള്‍ കൂടുതലാകും. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. അപസ്മാരത്തിന്‍റെ ഉപദ്രവമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റുള്ളവരാല്‍ നിന്ദിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,

'വന്ദേ കുന്ദശശാങ്ക ശംഖധവളം
പത്മാക്ഷ സൂത്രാന്വിതം
വിദ്യാ പുസ്തകയുതം ച വരദം
വാഗീശ്വരം ശ്രീമയം
വിശ്വേശം ശശിമണ്ഡലാന്തരഗതം
ശ്വേതാബ്ദജ മദ്ധ്യസ്ഥിതം
വേദാദ്യാഗമരാശിരൂപമമലം
ദേവൗഘസേവ്യം ഹരിം.'

ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ വ്യാഴം, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ കുജന്‍, ബുധന്‍, ശനി, പന്ത്രണ്ടില്‍ ആദിത്യന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.

പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ധനാഗമങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭിക്കും. നല്ല വാക്കുകള്‍ കൊണ്ട്  മറ്റുള്ളവരുടെ പ്രീതി നേടും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. മനസ്സന്തോഷം ലഭിക്കും. വീട്ടിലെ അസ്വസ്ഥതകള്‍ക്ക് കുറവ് വരും. ശത്രുക്ഷയം വരും. സൗരഭ്യവസ്തുക്കള്‍ ലഭിക്കും. പ്രൗഢിയും പ്രതാപവും ഉണ്ടാകും. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരകാന്തി വര്‍ദ്ധിക്കും. പൂര്‍വ്വികമായ രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'ചിന്താമണേ ചിന്തിത ദാനദക്ഷേ
ചിന്ത്യേചിദാകാര തരംഗമാലേ
ചിത്രാംബരേ ചിത്രജഗല്‍പ്രസൂതേ
ചിത്രാഖ്യ നിത്യാദിഗതേ നമസ്തേ.'

ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ കുജന്‍, ബുധന്‍, ശനി, പതിനൊന്നില്‍ ആദിത്യന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.

വായുകോപം സൂക്ഷിക്കണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്.അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. സഹോദരങ്ങള്‍ക്ക് സുഖദുഃഖസമ്മിശ്രഫലമായിരിക്കും. തൊഴില്‍തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍സ്ഥാപനത്തില്‍ അഗ്നിബാധ, കലഹം ഇവയുണ്ടാകാനിടയുണ്ട്. അപ്രതീക്ഷിതമായ ചില ധനലാഭങ്ങള്‍ ഉണ്ടാകും. ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാനവസരം വരും. ശത്രുക്ഷയം വരും. ഉത്സാഹം വര്‍ദ്ധിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. നേതൃഗുണം ഉണ്ടാകും. രാജതുല്യമായ ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം കഴിക്കുകയും

'ദ്വിബാഹും കനകപ്രഖ്യം
ഗജസ്കന്ധോപരിസ്ഥിതം
ബാലം ബാലാര്‍ഹഭൂഷാഢ്യം
ബാലഭൂതം നതോസ്മ്യഹം'

ഈ സ്തോത്രം ജപിച്ച് കുക്ഷിശാസ്താവിനെ ഭജിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

രണ്ടില്‍ കേതു, എട്ടില്‍ രാഹു, ഒന്‍പതില്‍ കുജന്‍, ബുധന്‍, ശനി, പത്തില്‍ ആദിത്യന്‍, ശുക്രന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.

കാര്യസാദ്ധ്യങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സന്ധിവേദനകള്‍ കൂടുതലായനുഭവപ്പെടും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിക്കും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ധര്‍മ്മാചാരങ്ങള്‍ക്കും ഉപാസനയ്ക്കും തടസ്സം വരും.

ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും

'പാശപാണിരഖിലേഷ്ട ദായകോ
വിഘ്നജാലഹരണോ വിനായകഃ
വജ്രദന്തഭുജ ഏകദന്തകോ
സംപ്രസീദതു സദാഗണേശ്വര:'

ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ കുജന്‍, ബുധന്‍, ശനി, ഒന്‍പതില്‍ ആദിത്യന്‍, ശുക്രന്‍, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.

ധനപരമായ പ്രശ്നങ്ങള്‍ കുറെയൊക്കെ പരിഹരിക്കാനാകും. ത്വക്രോഗം, മുടികൊഴിയുക, തലയില്‍ താരന്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുവര്‍ദ്ധനയുണ്ടാകും. അവിചാരിതമായ ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും.

ദോഷശാന്തിക്കായി ശാസ്താവിന് എള്ളെണ്ണ അഭിഷേകം നടത്തുകയും,

'മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപായ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ'

ഈ ധ്യാനസ്തോത്രം ജപിച്ച് നിത്യവും രാവിലെ അരയാലിന്  ഏഴ് പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആറില്‍ രാഹു, ഏഴില്‍ കുജന്‍, ബുധന്‍, ശനി, അഷ്ടമത്തില്‍ ആദിത്യന്‍, ശുക്രന്‍, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.

ഗവണ്‍മെന്‍റില്‍നിന്ന് കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ഭാര്യാഭര്‍തൃകലഹങ്ങള്‍ നിയന്ത്രണം വിടാതെ ശ്രദ്ധിക്കണം. നേത്രരോഗം, ഉദരവ്യാധി ഇവ സൂക്ഷിച്ച് യുക്തമായി ചികിത്സ ചെയ്യണം. കലഹസ്വഭാവം കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടുമെങ്കിലും കര്‍മ്മവൈകല്യം ഉണ്ടാകും. നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. യശസ്സിന് കോട്ടം തട്ടും. അലച്ചിലും ധനനഷ്ടങ്ങളും ഉണ്ടാകാനിടയുണ്ട്. വ്യവഹാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഗൃഹനിര്‍മ്മാണം തടസ്സം കൂടാതെ നടക്കും. തൊഴില്‍രംഗത്ത് കലഹങ്ങള്‍ക്കിടയുണ്ട്. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം വരാനിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും, 

'മൃഗടങ്ക വരാദീതി കരോ
 വീരസ്ത്രിലോചനഃ
നാഗോപവീതാഭരണഃ 
ശ്വേത ചര്‍മ്മാംബരോ ഭവേത്.'

ഈ സ്തോത്രം ജപിച്ച് നിത്യവും വീരഭദ്ര സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അഞ്ചില്‍  രാഹു, ആറില്‍ കുജന്‍, ബുധന്‍, ശനി, ഏഴില്‍ ആദിത്യന്‍, ശുക്രന്‍, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. രോഗശാന്തിയുണ്ടാകും. ശത്രുക്ഷയം വരും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍/ പുരുഷന്മാര്‍ നിമിത്തം ഉപദ്രവങ്ങളുണ്ടാകും. ധനാഗമങ്ങള്‍ പ്രതീക്ഷിക്കാം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും. കലഹഭയം എപ്പോഴും ഉണ്ടാകും. വഴിയാത്രകള്‍ വേണ്ടിവരും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. അടുക്കളയില്‍ അഗ്നിയുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കാല്‍പ്പാദങ്ങളിലുണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി  സുബ്രഹ്മണ്യസ്വാമിക്ക് പാല്‍പ്പായസം നിവേദിക്കുകയും,

'ഹാരാദിരത്നമണിയുക്ത കിരീടഹാരേ
കേയൂരകുണ്ഡല ലസത് കവചാഭിരാമ
ഹേ വീര താരകജയാമരവൃന്ദവൃന്ദ്യ
വല്ലീസനാഥ മമ ദേഹി കരാവലംബം.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍  രാഹു, അഞ്ചില്‍ കുജന്‍, ബുധന്‍, ശനി, ആറില്‍ ആദിത്യന്‍, ശുക്രന്‍, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.

ധനാഗമത്തോടൊപ്പം ചെലവുകളും കൂടുതലാകും. മനഃസ്വസ്ഥത കുറയും. രോഗശാന്തി ലഭിക്കും. ദുഃഖകരമായ ചില കാര്യങ്ങള്‍ക്ക് പരിഹാരം കാണാനാകും. വ്യവഹാരങ്ങളില്‍ വിജയിക്കും. രോഗാരിഷ്ടതകളെക്കുറിച്ചുള്ള ഭയം കൂടുതലാകും. മക്കളുടെ ആരോഗ്യസ്ഥിതി പ്രത്യേകം  ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങള്‍ക്കുപോലും വീട്ടില്‍ കലഹസാദ്ധ്യതയുണ്ട്. വഴിയാത്രകളിലും മറ്റും തടസ്സങ്ങളുണ്ടാകും. വിശപ്പ് കൂടുതലായനുഭവപ്പെടും. നേതൃഗുണം ഉണ്ടാകും. പൊതുവായ കാര്യങ്ങളിലഭിപ്രായം പറയുന്നത് സൂക്ഷിച്ചുവേണം. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്.

ദോഷശാന്തിക്കായി ശിവങ്കല്‍ പുറകുവിളക്കും ധാരയും കഴിക്കുകയും

'ശംഖാസി ചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേ തരാം ശുകലയാ വിലസത് കിരീടം
സിംഹസ്ഥിതാം സസുര സിദ്ധനുതാം ച ദുര്‍ഗ്ഗാം
ദുര്‍വ്വാനിഭാം ദുരിതവര്‍ഗ്ഗഹരാം നമാമി.'

ഈ ഭഗവതീധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ കുജന്‍, ബുധന്‍, രാഹു, നാലില്‍ ആദിത്യന്‍, ശനി, അഞ്ചില്‍ ശുക്രന്‍, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.

മനോവ്യാധികള്‍ കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. ശരീരത്തിന് പ്രത്യേകിച്ച് കാലുകള്‍ക്ക് ബലക്കുറവനുഭവപ്പെടും. എപ്പോഴും കലഹമനോഭാവം ആയിരിക്കും. ധനലാഭങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. ബുദ്ധിപൂര്‍വ്വം പല കാര്യങ്ങളും സാധിക്കാനാകും. പല പ്രതിസന്ധിഘട്ടങ്ങളിലും വാക്സാമര്‍ത്ഥ്യം സഹായകരമാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ശത്രുജയം ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് ചില തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സഹോദരങ്ങളുമായി സൗഹാര്‍ദ്ദത്തില്‍ പോകാനാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വായുക്ഷോഭം, അര്‍ശോരോഗം തുടങ്ങിയവ ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ശാസ്താവിന് നീലപ്പട്ട് ചാര്‍ത്തി എള്ളുപായസം നിവേദിക്കുകയും,

'ഫലപൂരഗദേക്ഷുകാര്‍മ്മുക-
ത്രിശിഖൈശ്ചക്രഗദാബ്ജപാശധൃക്
അവ വാരിജശാലിമഞ്ജരി-
രദ് ധൃഗ്രത്നഘടാഢ്യശൂണ്ഡ!മാം.'

ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ കുജന്‍, ബുധന്‍, രാഹു, മൂന്നില്‍ ആദിത്യന്‍, ശനി, നാലില്‍ ശുക്രന്‍, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.

പൊതുവേ ആരോഗ്യം തൃപ്തികരമാകും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തുടങ്ങും. ബന്ധുജനസഹായം ലഭിക്കും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് നിര്‍ഭയമായി കാര്യനിര്‍വ്വഹണം നടത്താനാകും. എല്ലാ സുഖസൗകര്യങ്ങളുണ്ടെങ്കിലും അനുഭവയോഗക്കുറവ് ഉണ്ടാകും. മനോവിചാരം കൂടുതലാകും. രേഖകള്‍ കാണാതാവുകയോ അഗ്നിക്കിരയാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. കള്ളന്മാരുടെ ഉപദ്രവം ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭ്യമാകും.

ദോഷശാന്തിക്കായി ശിവന് എണ്ണ അഭിഷേകം നടത്തുകയും

'ഖട്വാംഗ ശൂല പരിഘാങ്കുശ ഖഡ്ഗചര്‍മ്മ
ഘണ്ടാകപാലകരവാളമുസൃണ്ഠിഹസ്തം
സന്ധ്യാഭ്രസന്നിഭമഭിന്ന പിശംഗഭൂഷം
ഭൂതേശ്വരം നമത ചണ്ഡമുഖാഭിരാമം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചഃയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍, ബുധന്‍ രാഹു, രണ്ടില്‍ ആദിത്യന്‍, ശനി, മൂന്നില്‍ ശുക്രന്‍, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.

ധനനഷ്ടങ്ങള്‍, വ്യയാധിക്യം ഇവയുണ്ടാകും. സൗഖ്യഹാനിയുണ്ടാകും. കാല്‍മുട്ടുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. ശത്രുക്ഷയം ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം സൂക്ഷിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. മനോവ്യാധി കൂടുതലാകും. മറ്റുള്ളവരില്‍ നിന്ന് ചതിയും വഞ്ചനയും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നത് സൂക്ഷിച്ചുവേണം.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ജയദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'ദേവാധിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യമൃദുപങ്കജ മഞ്ജുപാദ
ദേവര്‍ഷി നാരദമുനീന്ദ്ര സുഗീതകീര്‍ത്തേ
വല്ലീസനാഥ മമദേഹി കരാലംബം.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ആദിത്യന്‍, ശനി, രണ്ടില്‍ ശുക്രന്‍, നാലില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന്‍, ബുധന്‍, രാഹു ഇതാണ് ഗ്രഹനില.

ദൂരയാത്രകള്‍ വേണ്ടിവരും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ധനനഷ്ടവും കാലതാമസവും ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിലാകും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. മക്കള്‍ അടുത്തില്ലാത്തതിന്‍റെ മനഃക്ലേശം കൂടുതലാകും. ധനാഗമങ്ങള്‍ ഉണ്ടാകും. സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമാകും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും.  ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. ഒന്നിലും തൃപ്തി തോന്നുകയില്ല. തൊഴില്‍രംഗം മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവവും ഉണ്ടാകാനിടയുണ്ട്. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം നടത്തുകയും,

'ഹസ്തോ ദ്യഭയാഭീഷ്ട-
പഞ്ചബാണേക്ഷുകാര്‍മുകം
ഉത്തപ്തരുക്മരുചിതം
ദ്വിരഭാനന്ദമാശ്രയേ.'

ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752