ദ്വൈവാര ഫലങ്ങള്‍ (1-8-2026 മുതല്‍ 15-8-2026 വരെ1201 കര്‍ക്കിടകം 16 മുതല്‍ 30 വരെ)
ദ്വൈവാര ഫലങ്ങള്‍
1-8-2026 മുതല്‍ 15-8-2026 വരെ1201 കര്‍ക്കിടകം 16 മുതല്‍ 30 വരെ
ഗ്രഹപ്പകര്‍ച്ച
ആഗസ്റ്റ് 2 ന് രാത്രി 55 മിനിട്ടിന് കുജന്‍ മിഥുനം രാശിയിലേയ്ക്കും, 5 ന് രാത്രി 7 മണി 41 മിനിട്ടിന് ബുധന്‍ കര്‍ക്കിടകം രാശിയിലേയ്ക്കും, ഒന്നാം തീയതി പകല്‍ 9 മണി 31 മിനിട്ടിന് ശുക്രന്‍ കന്നിരാശിയിലേയ്ക്കും പകരും.
ഓഗസ്റ്റ് 9 ന് ഏകാദശി. പുലര്‍ച്ചെ 5 മണി 49 മിനിട്ട് മുതല്‍ പകല്‍ 4 മണി 17 മിനിട്ടുവരെ ഹരിവാസരം. 10 ന് പ്രദോഷം. 12 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
രണ്ടില്‍ കുജന്‍, മൂന്നില്‍ ബുധന്‍, നാലില്‍ ആദിത്യന്‍, വ്യാഴം, അഞ്ചില്‍ കേതു, ആറില്‍ ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ധനപുഷ്ടിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശത്രുക്ഷയം വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം നേടും. കുടുംബ ജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ഒരിടത്തും തൃപ്തി തോന്നുകയില്ല. ചില ബന്ധുജനങ്ങളുടെ ദുഃഖാനുഭവങ്ങള്‍ മനക്ലേശം കൂടുതലാക്കും. രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. മക്കള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗത്തുള്ള അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടും. ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പണബന്ധിയായ കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കുമാരസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
'ക്ഷിപ്രപ്രസാദി ഭഗവാന്‍
ഗണനായകോമേ
വിഘ്നങ്ങള്‍ തീര്‍ത്തു
വിളയാടുക സര്‍വ്വകാലം.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ബുധന്‍, മൂന്നില്‍ ആദിത്യന്‍, വ്യാഴം, നാലില്‍ കേതു, അഞ്ചില്‍ ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
സമ്പത്സമൃദ്ധിയുണ്ടാകും. മനഃസ്വസ്ഥതയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. വീട്ടില്‍ കലഹങ്ങള്‍ക്ക് കുറവുവരും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ശത്രുക്ഷയം വരും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. കള്ളന്മാരുടെ ഉപദ്രവവും ശ്രദ്ധിക്കണം. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. മക്കള്‍ക്കും ബന്ധുജനങ്ങള്‍ക്കും സൗഖ്യം ഉണ്ടാകും. അവിചാരിതമായ ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ശ്രീവിദ്യാരാജഗോപാലമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ദുഷ്കൃതങ്ങളൊഴിച്ചു മാം പരി-
രക്ഷചെയ്തവിനായി മുദാ
സൂര്യദേവ ദിനേശ ഭാസ്കര!
ദ്വാദശാത്ത നമോസ്തുതേ.'
ഈ സ്തോത്രം നിത്യവും രാവിലെ ജപിച്ച് ആദിത്യഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍ ആദിത്യന്‍, വ്യാഴം, മൂന്നില്‍ കേതു, നാലില്‍ ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. ഗൃഹനിര്‍മ്മാണം തടസ്സമില്ലാതെ നടക്കും. വീട്ടില്‍ സ്ത്രീകള്‍ തമ്മില്‍ കലഹങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗത്ത് നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. മറ്റുള്ളവരുടെ വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കണം. ശരീരക്ഷതം ഏല്‍ക്കാനിടയുണ്ട്. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ വേണമെങ്കില്‍ നടത്തണം. നല്ല വാക്കുകള്‍കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. യാത്രകള്‍ വേണ്ടിവരും. ബന്ധുജനസഹകരണം ലഭിക്കും. അധികാര സ്ഥാനങ്ങളിലും ഇവര്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്.
ദോഷശാന്തിക്കായി ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും
'അന്തര്‍ബഹിശ്ചോര്‍ദ്ധ്വമധശ്ച മദ്ധ്യേ
പരശ്ചപ്രശ്ചാച്ച വിദുക്ഷു ഭിക്ഷു
സര്‍വ്വംഗതായൈ സകലംഗതായ
നമശ്ശിവായ ച നമശ്ശിവായ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ ആദിത്യന്‍, വ്യാഴം, രണ്ടില്‍ കേതു, മൂന്നില്‍ ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ശരീരക്ലേശങ്ങള്‍ ഉണ്ടാകും. വഴിയാത്രകള്‍ വേണ്ടിവരും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. മനഃക്ലേശം കൂടുതലാകും. നേത്രരോഗം ശ്രദ്ധിക്കണം. ബന്ധുക്കളുമായുള്ള കലഹങ്ങള്‍ കൂടുതലാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹസ്വഭാവം നിയന്ത്രിക്കണം. പ്രായോഗികബുദ്ധി പലപ്പോഴും ഉണ്ടാകുകയില്ല. ധനസംബന്ധിയായ വിഷയങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
ദോഷശാന്തിക്കായി
'ശ്രിയാ ശാതകുംഭദ്യുതിസ്നിഗ്ദ്ധകാഞ്ചാ
ധരണ്യാ ച ദുര്‍മാതള ശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാ തോഷിതായ
ത്രിലോകീ ഗൃഹസ്ഥായ വിഷ്ണോ നമസ്തേ'
ഈ വിഷ്ണുസ്തോത്രം നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, രണ്ടില്‍ ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
ധനാഗമങ്ങള്‍ വര്‍ദ്ധിക്കും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനലാഭങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ബന്ധിയായ കലഹങ്ങള്‍ക്കിടയുണ്ട്. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. വാതബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അലങ്കാരസാധനങ്ങള്‍ ലഭിക്കും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കാനിടയുണ്ട്. ധനത്തെ സംബന്ധിച്ച് കലഹങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ ലഭ്യമാകും.
ദോഷശാന്തിക്കായി ഭദ്രകാളിക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും
'ഇന്ദീവരദളശ്യാമ
ശ്രീമാന്‍ ശ്രീവത്സ മുദ്രിതഃ
ഹയാരൂഢോ ഹരത്വംഹഃ
കല്‍കിസംജ്ഞോ ജനാര്‍ദ്ദനാ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, ഒന്‍പതില്‍ കുജന്‍, പത്തില്‍ ബുധന്‍, പതിനൊന്നില്‍ ആദിത്യന്‍, വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭ്യമാകും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. മനസ്സിന്‍റെ അസ്വസ്ഥതകള്‍ക്ക് കുറവുവരും. ധനലാഭങ്ങള്‍ക്കൊപ്പം ധനനഷ്ടങ്ങളും പ്രതീക്ഷിക്കണം. കാര്യസാദ്ധ്യങ്ങള്‍ക്ക് വേഗത കുറയും. തൊഴില്‍സ്ഥലത്ത് കലഹം പ്രതീക്ഷിക്കണം. കാര്യസാദ്ധ്യങ്ങള്‍ക്ക് വേഗത കുറയും.
തൊഴില്‍സ്ഥലത്ത് കലഹം, അഗ്നിയുടെ ഉപദ്രവം ഇവ ശ്രദ്ധിക്കണം. ഞരമ്പിനെ സംബന്ധിച്ചുള്ള അസുഖങ്ങള്‍ക്ക് യുക്തമായ ചികിത്സ തേടണം. സ്ഥാനമാനങ്ങള്‍ ലഭിക്കും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. ദൂരയാത്രകള്‍ വേണ്ടിവരും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും.
ദോഷശാന്തിക്കായി എള്ളുപായസം നിവേദിക്കുകയും,
'കൈലാസശൈല വിനിവാസവൃഷാകപേഹേ
മൃത്യുഞ്ജയ ത്രിനയനത്രിജഗന്നിവാസ
നാരായണപ്രിയ മദാപഹശക്തിനാഥ
സംസാരദുഃഖഗഹനാജ്ജഗദീശരക്ഷഃ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ബുധന്‍, പത്തില്‍ ആദിത്യന്‍, വ്യാഴം, പതിനൊന്നില്‍ കേതു,പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ചെയ്യുന്ന പ്രവൃത്തികളെല്ലാം സഫലമാകും. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ പരാജയം വരും. റിക്കോര്‍ഡുകള്‍, പ്രോജക്ടുകള്‍ ഇവ ഫലപ്രദമായി ചെയ്യാനാകുമെങ്കിലും കൂടുതല്‍ ശ്രദ്ധ വേണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം ഉണ്ടാകും. കാലുകള്‍ക്കുള്ള രോഗാരിഷ്ടതകള്‍ കൂടുതലാകും. പണത്തിന് കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'കദംബവനവാസിനീം കനക-
വല്ലകീം ധാരിണീം
മഹാര്‍ഹമണി ഹാരിണീം
മുഖസമുല്ലസദ്വാരുണീം
ദയാവിഭവകാരിണിം വിശദ-
ലോചനീം താരിണീം
ത്രിലോചനകുടുംബിനീം ത്രിപുര
സുന്ദരീമാശ്രയേ.'
ഈ ത്രിപുരസുന്ദരിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ബുധന്‍, ഒന്‍പതില്‍ ആദിത്യന്‍, വ്യാഴം, പത്തില്‍ കേതു, പതിനൊന്നില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥത കുറയും. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ആധിവ്യാധികള്‍ കൂടുതലാകും. വ്രണങ്ങള്‍ സൂക്ഷിക്കണം. മാനക്ഷയം ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങള്‍ക്ക് പ്രത്യേകം ചികിത്സ തേടണം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ മന്ദഗതിയിലാകും. മക്കളെക്കുറിച്ചുള്ള മനോവിചാരം കൂടുതലാകും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. ഭൂമികൈമാറ്റം തുടങ്ങിയവയ്ക്ക് ശ്രമിക്കാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കണം.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'നിചജനാന്തക, നീതി സ്ഥിതികര
നിഖിലനിശിചരനിവഹശമന പരദൈവമേ
നീരദവര്‍ണ്ണനിരുപമ നിര്‍മ്മല
നിവസ മമ ഹൃദിസുതത
മിതിനു തൊഴുതീടുന്നേന്‍.'
ഈ സ്തോത്രം നിത്യവും ജപിച്ച് പരദൈവങ്ങളെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്‍, വ്യാഴം, ഒന്‍പതില്‍ കേതു, പത്തില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. വരുമാനം വര്‍ദ്ധിക്കും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകള്‍ പിരിഞ്ഞുപോകാനിടയുണ്ട്. സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് കാലതാമസവും തടസ്സങ്ങളും ഉണ്ടാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. ബന്ധനാവസ്ഥവരെയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. യാത്രകള്‍ വേണ്ടിവരും. അപമാനം ഏല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ കൂടുതലാകും. മനോദുഃഖങ്ങള്‍ കൂടുതലാകും. മുന്‍കോപം നിയന്ത്രിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ഭവാനി ഭവാനി ഭവാനീതിവാണി-
മുദാരാമുദാരാം മുദായേ ഭജന്തി
നശോകോനപാപോനരോഗോന മൃത്യുഃ
കദാചിത് കദാചില്‍ കദാചിന്നരാണാം'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ബുധന്‍, ഏഴില്‍ ആദിത്യന്‍, വ്യാഴം, അഷ്ടമത്തില്‍ കേതു, ഒന്‍പതില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. ഉദരവ്യാധി ശ്രദ്ധിക്കണം. എപ്പോഴും ദൈന്യഭാവമായിരിക്കും. ശത്രുഭയം എപ്പോഴും ഉണ്ടായിരിക്കും. മക്കളുടെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കണം. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. വാക്സാമര്‍ത്ഥ്യവും ബുദ്ധിസാമര്‍ത്ഥ്യവും കൊണ്ട് ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അകന്നിരിക്കുന്ന സുഹൃത്തുക്കളുമായി വീണ്ടും യോജിപ്പിലെത്താന്‍ സാധിക്കും. തൊഴില്‍രംഗത്ത് കലഹങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ഷഡക്ഷര സുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'കുന്ദേന്ദുശംഖസ്ഫടികാവഭാസോ
വേദാക്ഷ മാലാവരദാഭയാങ്കഃ
ത്ര്യക്ഷശൂര്‍വ്വക്ത്ര ഉരുപ്രഭാവഃ
സ ചന്ദ്രമൗലിര്‍ദിശതാം ശുഭം നഃ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ ബുധന്‍, ആറില്‍ ആദിത്യന്‍, വ്യാഴം, ഏഴില്‍ കേതു, അഷ്ടമത്തില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ബുദ്ധിമുട്ടുകള്‍ തുടരും. മക്കളെക്കുറിച്ചുള്ള ആധി കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സുഖഹാനിയുണ്ടാകും. മനഃക്ലേശം കൂടുതലാകും. നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. മറ്റുള്ളവരുടെ ആദരവും ബഹുമാനവും ലഭിക്കും. ശത്രുക്ഷയം വരും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വീട്ടില്‍ സ്വസ്ഥത കുറയും. പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദങ്ങള്‍ കേള്‍ക്കേണ്ടതായിവരും. തര്‍ക്കവിഷയങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കുകയോ, ജാമ്യം നില്‍ക്കുകയോ ചെയ്യരുത്. സ്ഥാപനങ്ങളില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍. ബന്ധുജനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.
ദോഷശാന്തിക്കായി ശിവന് ധാര കഴിക്കുകയും
'നമോ രാമദാസം നമോ ഭക്തപാലം
നമോ ഈശ്വരാംശം നമോ ലോകവീരം
നമോ ഭക്ത ചിന്താമണീം ഗദാപാണീം
നമോ മാരുതീം രാമദൂതം നമാമി.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, മൂന്നില്‍ കുജന്‍, നാലില്‍ ബുധന്‍, അഞ്ചില്‍ ആദിത്യന്‍, വ്യാഴം, ആറില്‍ കേതു, ഏഴില്‍ ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ കൂടുതലാകും. പല ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ദുര്‍ജ്ജനങ്ങളുമായി ഇടപഴകേണ്ടതായി വരും. പനി, രക്തസ്രാവം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ഭാര്യയോടും/ഭര്‍ത്താവിനോടും മക്കളോടും ഉള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ആലോചനയിലുള്ള വിവാഹങ്ങള്‍ നടക്കാന്‍ തടസ്സങ്ങള്‍ ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കണം. ഭൂമിയിടപാടുകള്‍ സുഗമമായി നടക്കും. തൊഴില്‍രംഗം മെച്ചപ്പെടും. അപ്രതീക്ഷിതമായ ചില ദുഃഖാനുഭവങ്ങള്‍ക്ക് ഇടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം നടത്തുകയും,
'ശാസ്താരം സര്‍വ്വഭൂതേശം
ശിവഭക്തം ശിവാത്മകം
സ്തുത്വാതത്ഫലമാപ്നോതി
സത്യമേ തത് കലൗയുഗേ.'
ഈ ശാസ്താസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
