ദ്വൈവാര ഫലങ്ങള്‍ (1-5-2026 മുതല്‍ 15-5-2026 വരെ 1201 മേടം 18 മുതല്‍ ഇടവം 1 വരെ)

ദ്വൈവാര ഫലങ്ങള്‍ (1-5-2026 മുതല്‍ 15-5-2026 വരെ 1201 മേടം 18 മുതല്‍ ഇടവം 1 വരെ)

ദ്വൈവാര ഫലങ്ങള്‍

1-5-2026 മുതല്‍ 15-5-2026 വരെ 1201 മേടം 18 മുതല്‍ ഇടവം 1 വരെ

ഗ്രഹപ്പകര്‍ച്ച

മേയ് 11 ന് പകല്‍ 12 മണി 41 മിനിട്ടിന് കുജന്‍ മേടം രാശിയിലേയ്ക്കും, 14 ന് പകല്‍ 10 മണി 55 മിനിട്ടിന് ശുക്രന്‍ മിഥുനം രാശിയിലേയ്ക്കും പകരും
മേയ് 1 ന് പൗര്‍ണ്ണമി. 13 ന് ഏകാദശി. പകല്‍ 7 മണി 54 മിനിട്ട് മുതല്‍ രാത്രി 6 മണി 54 മിനിട്ടുവരെ ഹരിവാസരം. 14 പ്രദോഷം.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ ശുക്രന്‍, മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു,  പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ കുജന്‍, ശനി ഇതാണ് ഗ്രഹനില.

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തൊഴില്‍സ്ഥാപനങ്ങളില്‍ പണം ഇറക്കേണ്ടതായി വരും. പ്രശസ്തിയുണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകാതെ ശ്രദ്ധിക്കണം. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. വിശേഷവസ്ത്രാഭരണങ്ങള്‍ ലഭ്യമാകും. ആരോഗ്യസ്ഥിതി പൊതുവെ തൃപ്തികരമായിരിക്കും. മാനസികക്ലേശങ്ങള്‍ക്ക് കുറവുവരും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'പഞ്ചാക്ഷരാദിമനുമന്ത്രത ഗാംഗതോയൈഃ
പഞ്ചാമൃതൈഃ പ്രമുദിതേന്ദ്രമുഖൈര്‍മ്മുനിന്ദ്രൈഃ
പട്ടാഭിഷിക്ത ഹരിയുക്ത പരാസനാഥഃ
വല്ലീസനാഥമമ ദേഹി കരാവലംബം.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ വ്യാഴം, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ കുജന്‍, ശനി, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.

വീട്ടിലെ അസ്വസ്ഥതകള്‍ക്ക് കുറവുവരും. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. ധനബന്ധിയായ കലഹങ്ങള്‍ക്കിടയുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. നൂതന അലങ്കാരസാധനങ്ങള്‍ ലഭിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. ധനാഗമങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ കുറെയൊക്കെ മാറിക്കിട്ടും. പിതൃസ്ഥാനീയരുമായി കലഹങ്ങള്‍ക്കിടയുണ്ട്. അലസത കൂടുതലാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ നെയ്വിളക്ക് കത്തിച്ച് ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം.
ശ്രീരാമദൂതം ശിരസാ നമാമി'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു,  ഒന്‍പതില്‍ രാഹു, പത്തില്‍ കുജന്‍, ശനി, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ധനലാഭങ്ങള്‍ ഉണ്ടാകും. വീട്ടില്‍ അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ബന്ധുജനസഹായം ലഭിക്കും. പ്രായോഗികബുദ്ധി പലപ്പോഴും അനുകൂലമാകുകയില്ല. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ചിലര്‍ക്ക് സ്ഥാനനഷ്ടങ്ങള്‍ക്കോ സ്ഥാനചലനത്തിനോ സാദ്ധ്യത കാണുന്നുണ്ട്. തൊഴില്‍സ്ഥലത്ത് കലഹം, അഗ്നിബാധ, യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുക തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്.

ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും

'പാശാങ്കുശ സ്വരദ ചൂതഫലം ദധാനം
സ്വേ പുഷ്കരേ നിഹിതമോദക മുജ്വലാംഗം
ജാംബൂനദാഭ, മതിരക്ത സമസ്ത ഭൂഷം
പീതാംബരം ഗജമുഖം വരദം നമാമി.'

ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

രണ്ടില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ കുജന്‍, ശനി, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.

ധനപരമായ പ്രയാസങ്ങള്‍ തുടരും. ബന്ധുജനങ്ങളുമായി കൂടുതല്‍ കലഹങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കണം. അച്ഛന്‍റെ രോഗാരിഷ്ടതകള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. വഴിയാത്രയില്‍ വൈഷമ്യങ്ങളുണ്ടാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ശത്രുക്ഷയം ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ പ്രതീക്ഷിക്കണം. ചെയ്യുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. രക്തസമ്മര്‍ദ്ദത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നല്ല സമയമാണ്.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'അനാദിനിധനം വിഷ്ണും 
സര്‍വ്വലോകമഹേശ്വരം
ലോകാധ്യക്ഷം സ്തുവന്നിത്യം
സര്‍വ്വദുഃഖാതിഗോ ഭവേത്.'

ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു,  ഏഴില്‍ രാഹു, അഷ്ടമത്തില്‍ കുജന്‍, ശനി, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.

പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. എങ്കിലും ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മുഖത്ത് ദൈന്യഭാവമായിരിക്കും. വ്രണങ്ങള്‍, ഒടിവ്, ചതവ്, മുറിവ് ഇവ ശ്രദ്ധിക്കണം. മാനക്ഷയം ഉണ്ടാകും. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങള്‍ കൂടുതലാകാനിടയുണ്ട്. ചില കാര്യസാദ്ധ്യങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. ശത്രുവര്‍ദ്ധനവുണ്ടാകും. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളും വ്യവഹാരങ്ങളും നീണ്ടുപോകും. തൊഴില്‍രംഗം മെച്ചപ്പെടും. മരണതുല്യമായ കാര്യങ്ങള്‍ക്കിടയുണ്ട്. 

ദോഷശാന്തിക്കായി ശിവങ്കല്‍ മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'കൈലാസേ കമനീയരത്നഖചിത്ര
കല്പദ്രുമൂലേ സ്ഥിതം
കര്‍പ്പൂരസ്ഫടികേന്ദു സുന്ദരതനും
കാത്യായനി സേവിതം
ഗംഗാതുംഗ തരംഗരഞ്ജിത ജടാ-
ഭാരം കൃപാസാഗരം
കണ്ഠാലങ്കൃത ശേഷഭൂഷണമമും
മൃത്യുഞ്ജയം ഭാവയേ.'

ഈ ശിവസ്തോത്രം നിത്യവും ജപിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആറില്‍ രാഹു, ഏഴില്‍ കുജന്‍, ശനി, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.

തൊഴില്‍രംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ത്വക്രോഗം, ത്രിദോഷങ്ങള്‍ കോപിച്ചുള്ള അസുഖങ്ങള്‍ ഇവയുണ്ടാകും. ഭാര്യാഭര്‍തൃകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. മക്കളെക്കൊണ്ട് സൗഖ്യം ഉണ്ടാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. സാമ്പത്തിക പ്രതിസന്ധി ഒരുവിധം മാറിക്കിട്ടും. മനഃക്ലേശങ്ങള്‍ കൂടുതലാകും. തൊഴില്‍സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. പ്രത്യേകിച്ച് പങ്ക് കച്ചവടങ്ങളില്‍.

ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും

'രക്ഷാംസി ഭക്ഷയിക്ഷ്യാമി 
മുനീനാം ത്രാണകാരണാല്‍
തദാമാം മുനയഃ 
സര്‍വ്വസ്തോഷ്യന്ത്യാനമ്രമൂര്‍ത്തയാ'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അഞ്ചില്‍ കേതു, ആറില്‍ ശുക്രന്‍, ശനി, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങള്‍ ഉണ്ടാകും. എപ്പോഴും ദൈന്യഭാവമായിരിക്കും. ഉദരവ്യാധി ശ്രദ്ധിക്കണം. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. കലഹഭയം എപ്പോഴും ഉണ്ടാകും. കൂടുതല്‍ വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കണം. ധനലാഭങ്ങള്‍ ഉണ്ടാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ദീര്‍ഘകാലമായുള്ള ചില ആഗ്രഹങ്ങള്‍ സാധിക്കാനുള്ള വഴികള്‍ തെളിയും. എല്ലാകാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ വിജയകരമായി നടത്താന്‍ സാധിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാം. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ സൂക്ഷ്മത പാലിക്കണം. വിവാഹാലോചനകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്കായി ശിവങ്കല്‍ ധാരകഴിക്കുകയും

'പഞ്ചവക്ത്രത്രിനയനോ മുക്താരണിസമപ്രഭഃ
വരാദയൗ വഹദ് ദോര്‍ഭ്യാമീശാനോ ള സ്തുവിഭൂയതേ'

ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ കുജന്‍, ശനി, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു,  ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങള്‍ മാറും. മക്കള്‍ സമീപമില്ലാത്തതിന്‍റെ വിഷമം കൂടുതലാകും. സ്ത്രീകള്‍/ പുരുഷന്മാര്‍ നിമിത്തമുള്ള ഉപദ്രവങ്ങള്‍ കൂടുതലാകും. ആധിവ്യാധികള്‍ കൂടുതലാകും. കഠിനമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. മദ്ധ്യസ്ഥത വഹിക്കുകയോ ജാമ്യം  നില്‍ക്കുകയോ ചെയ്യരുത്. ഒരു ലക്ഷ്യവുമില്ലാതെയുള്ള വഴിയാത്രകള്‍ കൂടുതലാകും. ചില കാര്യസാദ്ധ്യങ്ങളും, ചെറിയ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും.  പലവിധ രോഗാരിഷ്ടതകളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകാം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി നടത്തുകയും

'രാമം ലക്ഷ്മണ പൂര്‍വ്വജം 
രഘുവരം സീതാപതിം സുന്ദരം
കാകുല്‍സ്ഥം കരുണാകരം 
ഗുണനിധിം വിപ്രപ്രിയം ധാര്‍മ്മികം
രാജേന്ദ്രം സത്യസന്ധം
ദശരഥതനയം ശ്യാമളം ശാന്തമൂര്‍ത്തിം
വന്ദേ ലോകാഭിരാമം രഘുകുല തിലകം രാഘവം രാവണാരീം.'

ഈ ശ്രീരാമസ്തോത്രം നിത്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മുന്നില്‍ രാഹു, നാലില്‍ കുജന്‍, ശനി, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ ശുക്രന്‍, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.

മന:സ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ മാറും. ചെറിയ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. മൂത്രാശയ ബന്ധിയായും ഗര്‍ഭാശയ ബന്ധിയായും രോഗാരിഷ്ടതകള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥതയും സമാധാനവും കുറയും. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യേണ്ടതായി വരും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് പല കാര്യങ്ങളും സാദ്ധ്യമാകുകയും, ചില പ്രതിസന്ധികള്‍ തരണം ചെയ്യാനുമാകും. ശത്രുക്കള്‍ ആഭിചാരം ചെയ്യാനിടയുണ്ട്. അതുമൂലം പനി, രക്തസ്രാവം ഇവയുണ്ടാകാം. മനോദുഃഖങ്ങള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും.

ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും

'നാഗം പാശമഥോ കപാലവരദൗ
ഘണ്ടാം ച വാമൈഃ കരൈഃ
ഖഡ്ഗം ശൂലമഥാഭയം ഡമരുകം
ബിഭ്രത് കരൈരങ്കുശം
നഗ്നഃ കാളവപുര്‍ദ്ധരസ്ത്രിനയനോ
ദംഷ്ട്രാകരാളാനനഃ
പായാദൂര്‍ ധ്വശിരോ രുഹഃ ഫണിലസ-
ദ്വക്ഷ സ്ഥലോ ഭൈരവഃ'

ഈ ഭൈരവമൂര്‍ത്തി(ശിവന്‍) സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ കുജന്‍, ശനി, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ ശുക്രന്‍, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ വര്‍ദ്ധിക്കും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. ശത്രുക്ഷയം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. മനസ്സില്‍ എപ്പോഴും നിരാശയായിരിക്കും. സന്താനോല്‍പ്പാദനത്തിലുള്ള ചികിത്സകള്‍ വിജയപ്രദമാകും. ഉദരവ്യാധികള്‍ പ്രത്യേകം ശ്രദ്ധിക്കണം. നാല്‍ക്കാലികളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍, അസമയത്തെ യാത്രകള്‍, വാക്കുതര്‍ക്കങ്ങള്‍ ഇവ ഒഴിവാക്കണം. അയല്‍ക്കാരുമായി കലഹങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി നരസിംഹസ്വാമിക്ക് പാനകം നിവേദിക്കുകയും

'വാമം പാദം പ്രസാര്യശ്രിതദുരിതഹരം 
ദക്ഷിണം കുഞ്ചയിത്വാ
ജാനുന്യാധായ വാമേതരമിതരകരം ശേഷഭോഗേ നിതായ
പശ്ചാത് ബാഹുദ്വയേനപ്രതിഭട  
സമേനശംഖചക്രൗ ദധാന
ദേവീഭൂഷാദിയുക്തഃ ത്രിദശ പതിനുതഃപാശു പൂര്‍ണ്ണത്രയീശ.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ കുജന്‍, ശനി, മൂന്നില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ ശുക്രന്‍, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. സുഖഹാനിയുണ്ടാകും. ശരീരത്തിന് ബലക്കുറവ് തോന്നിക്കും. ശരീരകാന്തിയെക്കുറിച്ച് ആശങ്കയുണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയമാണ്. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. പുതിയ ഇനത്തില്‍പ്പെട്ട നാല്‍ക്കാലികളെ ലഭിക്കാന്‍ യോഗമുണ്ട്. സംസാരത്തില്‍ മിതത്വവും പക്വതയും പാലിക്കണം. മനഃസന്തോഷം ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. ശത്രുഭയം ഉണ്ടാകും. അഗ്നിയുടെയും കള്ളന്മാരുടെയും ഉപദ്രവം ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭിക്കും.

ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും

'അനംഗപുഷ്പാദിദിരുന്മദാഭി
രംനംഗ ദേവീഭിരജസ്രസേവ്യേ
അഭവ്യഹന്തൃക്ഷര രാശി രൂപേ
ഹതാരിവര്‍ഗ്ഗെ ലളിതേ നമസ്തേ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ കുജന്‍, ശനി, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ ശുക്രന്‍, നാലില്‍ വ്യാഴം, ആറില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

പുതിയ ഗൃഹനിര്‍മ്മാണത്തിനുള്ള ശ്രമം വിജയിക്കും.തൊഴില്‍ രംഗം മെച്ചപ്പെടും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വഞ്ചനകളില്‍പ്പെടാതെ ശ്രദ്ധിക്കണം. ശരീരക്ഷീണം കൂടുതലാകും. ശരീരത്തിന് ചതവ് പറ്റാനിടയുണ്ട്. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. നല്ല വാക്കുകള്‍കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. 

സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ഭക്ഷണത്തില്‍ക്കൂടി വിഷം ഏല്‍ക്കാനുള്ള സാദ്ധ്യതയുണ്ട്. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. ഉല്ലാസയാത്രകള്‍, തീര്‍ത്ഥയാത്രകള്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. 

ദോഷശാന്തിക്കായി ശാസ്താവിന് എള്ളെണ്ണ അഭിഷേകം ചെയ്യുകയും

'ബ്രഹ്മാണിബ്രഹ്മം ചൈതന്യേ 
ബ്രഹ്മശക്തിസ്വരൂപിണീ
മംഗളം കുരുമേ ദേവി 
ഭക്താഭീഷ്ടപ്രദായിനീ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752