ദ്വൈവാരഫലങ്ങള്‍ (2026 നവംബര്‍ 1 മുതല്‍ 15 വരെ (കൊല്ലവര്‍ഷം 1202 തുലാം 15 മുതല്‍ 29 വരെ))

ദ്വൈവാരഫലങ്ങള്‍ (2026 നവംബര്‍ 1 മുതല്‍ 15 വരെ (കൊല്ലവര്‍ഷം 1202 തുലാം 15 മുതല്‍ 29 വരെ))

ദ്വൈവാരഫലങ്ങള്‍

2026 നവംബര്‍ 1 മുതല്‍ 15 വരെ (കൊല്ലവര്‍ഷം 1202 തുലാം 15 മുതല്‍ 29 വരെ)
ഗ്രഹപ്പകര്‍ച്ച

കുജന്‍ തുലാം 26(നവംബര്‍ 12) ന് രാത്രി 8 മണി 4 മിനുട്ടിന് കര്‍ക്കിടകത്തില്‍ നിന്നും ചിങ്ങത്തിലേക്കും ശുക്രന്‍ തുലാം 19(നവംബര്‍ 5) രാത്രി 12 മണി 56 മിനുട്ടിന് തുലാത്തില്‍ നിന്നും കന്നിയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കുന്നു

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

ഗ്രഹസ്ഥിതി: 4 ല്‍ കുജന്‍ 5 ല്‍ ഗുരു കേതു 7 ല്‍ രവി ബുധന്‍ ശുക്രന്‍ 11 ല്‍ രാഹു. 12 ല്‍ ശനി.

ഈ രാശിക്കാര്‍ക്ക് അനുകൂലവും സമ്മിശ്രവുമായ ഫലങ്ങള്‍ക്ക് സാധ്യത കാണുന്നു. വ്യാഴത്തിന്‍റെ 5-ാം രാശിയിലുള്ള സ്വാധീനം ആത്മീയവും മാനസികവുമായ ഉണര്‍വ്വും പുതിയ ആശയങ്ങളും, പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പ്രതിഫലങ്ങള്‍ക്കും വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്കു പഠനസംബന്ധിയായി അസുലഭസാഹചര്യമുണ്ടാകും. ശുക്രന്‍റെ 6-ാം ഭാവത്തിലേക്കുള്ള വക്രസഞ്ചാരം ഗൃഹാന്തരീക്ഷത്തില്‍ കലഹം, ജീവിതപങ്കാളിയുമായി പലതരം ഭിന്നാഭിപ്രായങ്ങള്‍ ഇവയ്ക്ക് വഴിയൊരുക്കാനിടയുണ്ട്. ഉദര, മൂത്രാശയ സംബന്ധിയായ ക്ലേശതകള്‍, ഉഷ്ണരോഗങ്ങള്‍ ഇവയ്ക്ക് സാധ്യതയുള്ള കാലഘട്ടം കൂടിയാണ്. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് അത്ര അനുകൂല സാഹചര്യമല്ല. വിദേശത്ത് തൊഴില്‍ അന്വേഷകര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വിഘ്നങ്ങള്‍ ഒരു പരിധിവരെ തരണം ചെയ്യാന്‍ സാധിക്കും. വൈവാഹിക തീരുമാനങ്ങള്‍ക്ക് കാലതാമസം നേരിടും. സാമ്പത്തിക ഉന്നതിക്കൊപ്പം അനാവശ്യച്ചെലവുകള്‍ വര്‍ദ്ധിക്കും. കരിയറില്‍ ശ്രദ്ധ ചെലുത്തുന്ന പക്ഷം പുതിയ അവസരങ്ങള്‍ വന്നുചേരും.

ദോഷപരിഹാരങ്ങള്‍: ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന, ശാസ്താവിന് എള്ളുപായസം, നീരാജനം, സുബ്രഹ്മണ്യസാമിക്ക് കുമാരസൂക്താര്‍ച്ചന, മഹാവിഷ്ണുവിന് വിളക്ക്.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഗ്രഹസ്ഥിതി:  3 ല്‍ കുജന്‍ 4 ല്‍ ഗുരു കേതു 6 ല്‍ രവി ബുധന്‍ ശുക്രന്‍ 10 ല്‍ സര്‍പ്പന്‍ 11 ല്‍ ശനി.

ശനിയുടെ 11-ാം ഭാവസ്ഥിതി, മറ്റ് പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം ഇവ സമ്മിശ്ര അനുഭവങ്ങള്‍ കൊണ്ടുവരും. ഔദ്യോഗികരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായും തൊഴില്‍മാറ്റം, ഉന്നതപദവി ഇവ പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനപ്രയത്നം ആവശ്യമായി വരും. ഗൃഹത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും. 4-ാം ഭാവത്തിലെ കേതുവിന്‍റെ സ്വാധീനം ഗൃഹത്തില്‍ അപ്രതീക്ഷിത വാക്കുതര്‍ക്കങ്ങള്‍, അസ്വാരസ്യങ്ങള്‍ ഇവയ്ക്ക് വഴിയൊരുക്കാനിടയുണ്ട്. ഉദരവൈഷമ്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ട സമയവും, പണമിടപാടുകളില്‍ ശ്രദ്ധ ചെലുത്തേണ്ടതുമാകുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര അനുകൂല കാലഘട്ടമല്ല. 10-ാം ഭാവത്തിലെ രാഹുവിന്‍റെ സ്വാധീനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അല്‍പ്പം തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്. രക്തസമ്മര്‍ദ്ദം മുതലായ ക്ലേശതയുള്ളവര്‍ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട സമയം കൂടിയാണ്.

ദോഷപരിഹാരങ്ങള്‍: ഗണപതിഭഗവാന് കറുകമാല ചാര്‍ത്തി നാളീകേരം ഉടയ്ക്കുക. ദേവീക്ഷേത്രത്തില്‍ നെയ് വിളക്ക്, ഭാഗ്യസൂക്ത അര്‍ച്ചന, തൃമധുര നിവേദ്യം, ശാസ്താവിന് എണ്ണ അഭിഷേകം, എള്ള് പായസം, നവഗ്രഹങ്ങള്‍ക്ക് നീരാജനം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ഗ്രഹസ്ഥിതി:  2 ല്‍ കുജന്‍ 3 ല്‍ ഗുരു കേതു 5 ല്‍ രവി ബുധന്‍ ശുക്രന്‍ 9 ല്‍ സര്‍പ്പന്‍ 10 ല്‍ ശനി.

ഈ രാശിക്കാര്‍ക്ക് ശനിയുടെ കര്‍മ്മഭാവസ്ഥിതിയും വ്യാഴത്തിന്‍റെ 3-ാം ഭാവത്തിലേക്കുള്ള രാശിമാറ്റവും ഗുണദോഷ സമ്മിശ്രാനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു. വ്യാഴത്തിന്‍റെ ധനഭാവത്തില്‍ നിന്നുള്ള മാറ്റം സാമ്പത്തികരംഗത്ത് അല്‍പ്പം പ്രതികൂലസാഹചര്യങ്ങള്‍, അപ്രതീക്ഷിതവ്യയം ഇവ ഫലമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായ മികവ് പുലര്‍ത്താനും ഇഷ്ടവിഷയത്തില്‍ ഉപരിപഠനസാധ്യതയും കാണുന്നു. വൈവാഹികരംഗത്ത് അല്‍പ്പം തടസ്സങ്ങള്‍, വിവാഹത്തിന് കാലതാമസം ഇവ നേരിടാനിടയുണ്ട്. മുന്നില്‍ വന്ന പല അവസരങ്ങളും 9 ലെ രാഹുവിന്‍റെ സ്വാധീനത്താല്‍ നഷ്ടപ്പെടാനിടയുണ്ട്. കര്‍മ്മരംഗത്ത് അധ്വാനഭാരം കൂടാനും സമ്മര്‍ദ്ദത്തിനും സാധ്യതയുള്ള സമയമാണ്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത്ര അനുകൂല സമയമല്ല. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സംസാരത്തില്‍ സംയമനം പാലിക്കുകയും വിട്ടുവീഴ്ചാമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതും വഴി ഒരു പരിധിവരെ ഗൃഹത്തിലും തൊഴിലിടങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ സാധിക്കും. ഉദരരോഗങ്ങള്‍ക്കും, രക്തജന്യരോഗങ്ങള്‍ക്കും ചികിത്സ ആവശ്യമായി വരും.

ദോഷപരിഹാരങ്ങള്‍: ശ്രീകൃഷ്ണസ്വാമിക്ക് ഭാഗ്യസൂക്ത അര്‍ച്ചന, നെയ് വിളക്ക്, ഗണപതിഭഗവാന് കറുകമാല സമര്‍പ്പണം, നാഗദൈവങ്ങള്‍ക്ക് പുള്ളുവന്‍പാട്ട്, നൂറും പാലും സമര്‍പ്പണം, ഹനുമാന്‍സ്വാമിക്ക് അവല്‍ നിവേദ്യം, വെറ്റമാല സമര്‍പ്പണം.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ഗ്രഹസ്ഥിതി: ജന്മത്തില്‍ കുജന്‍ 2 ല്‍ ഗുരു കേതു 4 ല്‍ രവി ബുധന്‍ ശുക്രന്‍ 8 ല്‍ സര്‍പ്പന്‍ 9 ല്‍ ശനി.

ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്‍റെ ധനഭാവത്തിലെ സ്വാധീനം നിമിത്തം ധനപരമായ നേട്ടങ്ങളും, 9 ലെ ശനി സ്വാധീനം ഭാഗ്യോന്നതിക്ക് വെല്ലുവിളികളും ജന്മത്തിലെ കുജസ്ഥിതിയാല്‍ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടാനിടയുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണമനോഭാവം ഉണ്ടാകും. അയല്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. ജോലി സംബന്ധിയായി അധികം യാത്ര ചെയ്യേണ്ടതായ സാഹചര്യമുണ്ടാകും. രക്ഷിതാക്കള്‍ക്ക് സന്താനങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠ വര്‍ദ്ധിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പരോക്ഷമായി ശത്രുത അനുഭവപ്പെടാനിടയുണ്ട്. പ്രണയസാഫല്യത്തിനും വൈവാഹിക തീരുമാനങ്ങള്‍ക്കും അനുകൂല സമയമാണ്. ഗൃഹാന്തരീക്ഷത്തില്‍ അപ്രതീക്ഷിത വാക്തര്‍ക്കങ്ങള്‍, മാതാവിനോ മാതൃസംബന്ധികള്‍ക്കോ അനാരോഗ്യ സ്ഥിതി ഉണ്ടാകാനിടയുള്ള കാലഘട്ടം കൂടിയാണ്. പിത്ത അലര്‍ജി സംബന്ധിയായ ക്ലേശതകളും ഉഷ്ണരോഗങ്ങള്‍ക്കും സാധ്യതയുള്ള കാലഘട്ടമാണ്. കൂട്ട് ബിസിനസ്സ് രംഗങ്ങളിലും ഓണ്‍ലൈന്‍ വ്യാപാരരംഗത്തും വേണ്ടത്ര ലാഭം കൈവരിക്കാന്‍ കഴിയാതെ വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുങ്ങാന്‍ സാധ്യത കാണുന്നു. വയോധികര്‍ക്ക് അപ്രതീക്ഷിത ക്ഷതങ്ങള്‍, രക്തസമ്മര്‍ദ്ദം ഇവ ഉണ്ടാകാതെ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടം കൂടിയാണ്.

ദോഷപരിഹാരങ്ങള്‍: സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃത അഭിഷേകം, കുമാരസൂക്താര്‍ച്ചന, ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, തുളസിഹാരം, ദുര്‍ഗ്ഗാദേവിക്ക് നെയ് വിളക്ക്,  ഭാഗ്യസൂക്ത അര്‍ച്ചന, നവഗ്രഹങ്ങള്‍ക്ക് നീരാജനം. 

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ഗ്രഹസ്ഥിതി:  ജന്മത്തില്‍ ഗുരു കേതു 3 ല്‍ രവി ബുധന്‍ ശുക്രന്‍ 7 ല്‍ സര്‍പ്പന്‍ 8 ല്‍ ശനി 12 ല്‍ കുജന്‍.

ചിങ്ങം രാശിക്കാര്‍ക്ക് ജന്മത്തിലെ വ്യാഴകേതു സ്വാധീനം പല മാനസിക പിരിമുറുക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും. 7-ാം ഭാവത്തിലെ സര്‍പ്പനും അഷ്ടമത്തിലെ ശനിയും അത്ര അനുകൂലമല്ല. സാമ്പത്തിക നേട്ടത്തിനൊപ്പം അനാവശ്യ വ്യയവും ഉണ്ടാകാനിടയുള്ള കാലഘട്ടമാണ്. ഉദരരോഗങ്ങളും, ദഹനപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള കാലഘട്ടമായതിനാല്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. കര്‍മ്മരംഗത്ത് അനുകൂല സാഹചര്യമുണ്ടാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ക്കും സാധ്യത കാണുന്നു. സര്‍ക്കാര്‍മേഖലയിലും, രാഷ്ട്രീയമേഖലയിലും അത്ര അനുകൂല കാലഘട്ടമല്ല.  ആത്മീയപരമായ ഉണര്‍വും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായും കലാപരമായും അനുകൂല സാഹചര്യമുണ്ടാവും. ക്ഷമയും സംയമനത്തോടെയുമുള്ള ഇടപെടലുകളും പല അനിഷ്ടശ്രവണങ്ങളില്‍ നിന്നും ഒഴിവാകാന്‍ സഹായിക്കും. ഗുണകരമായി ചെയ്യുന്ന പല പ്രവര്‍ത്തികളും മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണ വളര്‍ത്താനിടയുണ്ട്. അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുക.

ദോഷപരിഹാരങ്ങള്‍: ഗണപതിഭഗവാന് കറുകമാല ചാര്‍ത്തി നാളികേരം ഉടയ്ക്കുക. മഹാവിഷ്ണുക്ഷേത്രത്തില്‍ തുളസിഹാരം സമര്‍പ്പിച്ച് പാല്‍പായസ വഴിപാട് നടത്തുക. ശാസ്താവിന് നീരാജനം, നെയ് വിളക്ക്, ശിവങ്കല്‍ ധാര, പിന്‍വിളക്ക് സമര്‍പ്പിക്കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ഗ്രഹസ്ഥിതി: 2 ല്‍ രവി ബുധന്‍ ശുക്രന്‍ 6 ല്‍ സര്‍പ്പന്‍ 7 ല്‍ ശനി 11 ല്‍ കുജന്‍ 12 ല്‍ ഗുരു, കേതു.

ഈ രാശിക്കാര്‍ക്ക് 6-ാം ഭാവത്തിലെ രാഹുവിന്‍റെ സ്വാധീനം ശത്രുജയം, വ്യവഹാര വിജയം, മത്സരവിജയം ഇവയ്ക്ക് സാധ്യതയൊരുക്കും. 12 ലേക്കുള്ള വ്യാഴത്തിന്‍റെ മാറ്റവും 7 ലെ ശനി സ്ഥിതി ഇവ ആഡംബരാദികള്‍ക്കായും, അധ്യാത്മിക കാര്യങ്ങള്‍ക്കായും ധനവ്യയം, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകള്‍ ഇവയ്ക്ക് വഴിയൊരുക്കും. വരവിനേക്കാള്‍ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടയുള്ള കാലഘട്ടമായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയം കൂടിയാണ്. ഉദര, ദഹനസംബന്ധിയായും അലര്‍ജി സംബന്ധിയായും ക്ലേശത അനുഭവപ്പെടാനിടയുണ്ട്. ഉന്നതരുമായി ബന്ധം പുലര്‍ത്താനുള്ള സാഹചര്യമുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും ആദായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതമൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലഘട്ടമാണ്.  അനാവശ്യചിന്തകള്‍ കാരണം ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കാനിടയുണ്ട്. പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ദോഷപരിഹാരങ്ങള്‍: ദുര്‍ഗ്ഗാദേവീക്ഷേത്രദര്‍ശനം, നെയ്വിളക്ക്, ഭാഗ്യസൂക്ത അര്‍ച്ചന, മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ അര്‍ച്ചന, തുളസിമാല സമര്‍പ്പണം, ശാസ്താവിന് എണ്ണ അഭിഷേകം, എള്ളുപായസം.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

ഗ്രഹസ്ഥിതി:  ജന്മത്തില്‍ രവി ബുധന്‍ ശുക്രന്‍ 5 ല്‍ സര്‍പ്പന്‍ 6 ല്‍ ശനി 10 ല്‍ കുജന്‍ 11 ല്‍ ഗുരു, കേതു.

വ്യാഴമാറ്റം ഈ രാശിക്കാര്‍ക്ക് ഈ വാരം സാമാന്യം അനുകൂലഫലങ്ങളാണെങ്കിലും ചില മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം കൂടിയാണ്. കുടുംബാന്തരീക്ഷത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവസരമൊരുങ്ങും. പൂര്‍വ്വിക ധനത്തിന്‍റ കാര്യത്തില്‍ തീരുമാനമുണ്ടാകും. ക്രയവിക്രയ രംഗത്ത് നേട്ടവും വ്യവഹാരവിജയവുമുണ്ടാകും. 5-ാം ഭാവത്തിലെ രാഹുസ്ഥിതി സന്താനക്ലേശത, മാനസിക സംഘര്‍ഷങ്ങള്‍ ഇവയ്ക്ക് കാരണമാകും. ഉന്നതരുമായും, മേലധികാരികളുമായും നല്ല ബന്ധവും, ബന്ധുമിത്രാദി സഹകരണവും ലഭിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നുചേരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്നും ആദായവര്‍ദ്ധനയുണ്ടാകും. പിത്ത ഉദരജന്യ ക്ലേശതകള്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള കാലഘട്ടം കൂടിയായതിനാല്‍ ആരോഗ്യപരമായി ശ്രദ്ധിക്കണം.

ദോഷപരിഹാരങ്ങള്‍: നാഗദൈവങ്ങള്‍ക്ക് നാഗസൂക്ത അര്‍ച്ചന, പുള്ളുവന്‍പാട്ട് സമര്‍പ്പണം, ശിവക്ഷേത്രത്തില്‍ ഭസ്മാഭിഷേകം, ധാര, ദുര്‍ഗ്ഗാദേവിക്ക് ഭാഗ്യസൂക്ത അര്‍ച്ചന, തൃമധുര നിവേദ്യം, ശ്രീകൃഷ്ണസ്വാമിക്ക് നെയ്വിളക്ക്.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ഗ്രഹസ്ഥിതി:  4 ല്‍ സര്‍പ്പന്‍ 5 ല്‍ ശനി 9 ല്‍ കുജന്‍ 10 ല്‍ ഗുരു കേതു 12 ല്‍ രവി ബുധന്‍ ശുക്രന്‍.

വ്യാഴത്തിന്‍റെ 9-ാം ഭാവത്തില്‍ നിന്നും 10-ാം ഭാവത്തിലുള്ള മാറ്റവും കേതുയോഗവും തൊഴില്‍രംഗത്ത് ചില വെല്ലുവിളികളും, അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങളും ഉണ്ടാക്കും. ഗൃഹനിര്‍മ്മാണം, ഗൃഹനവീകരണം ഇവയില്‍ മുന്‍പ് ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങും. വരുമാനവര്‍ദ്ധനയുണ്ടാകുമെങ്കിലും അപ്രതീക്ഷിത ധനവ്യയമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായി അലസത അനുഭവപ്പെടും. രക്തജന്യ ക്ലേശതകളും, വാതപീഡയും യഥാസമയം ചികിത്സ തേടേണ്ടതാകുന്നു. ദാമ്പത്യബന്ധത്തില്‍ പരസ്പരധാരണയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും, തുറന്ന സംസാരരീതിയിലൂടെയും വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. മേലധികാരികളുമായി അല്‍പ്പം അഭിപ്രായഭിന്നതകള്‍ക്ക് സാധ്യതയുള്ള കാലമാണ്. പിതാവിനും പിതൃസംബന്ധികള്‍ക്കും അനാരോഗ്യ സാധ്യത കാണുന്നു.

ദോഷപരിഹാരങ്ങള്‍: മുരുകക്ഷേത്രത്തില്‍ പാല്‍ അഭിഷേകം, കുമാരസൂക്താര്‍ച്ചന, ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാജഗോപാല അര്‍ച്ചന, ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, കടുംപായസ വഴിപാട്. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ഗ്രഹസ്ഥിതി:  3 ല്‍ സര്‍പ്പന്‍ 4 ല്‍ ശനി 8 ല്‍ കുജന്‍ 9 ല്‍ ഗുരു കേതു 11 ല്‍ രവി ബുധന്‍ ശുക്രന്‍.

ഈ രാശിക്കാര്‍ക്ക് പൊതുവെ അനുകൂലഫലങ്ങളുണ്ടായിരിക്കും. 4-ാം ഭാവത്തിലെ ശനിസ്ഥിതിയാല്‍ ഉന്നതിക്ക് അല്‍പ്പം വെല്ലുവിളികളും ഫലമാകും. വ്യാഴത്തിന്‍റെ 9-ാം ഭാവത്തിലേക്കുള്ള മാറ്റം പല അനുകൂല സാഹചര്യങ്ങള്‍ക്കും വഴിയൊരുക്കും. സന്താനങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളും ഗൃഹത്തിലെ വയോധികര്‍ക്ക് വൈദ്യപരിചരണങ്ങളും ആവശ്യമായി വരും. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും കുടുംബാംഗങ്ങളോടൊത്ത് പുണ്യസ്ഥലദര്‍ശനഭാഗ്യത്തിനും സാഹചര്യമുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാനും, സര്‍ക്കാര്‍ പദവിയിലുള്ളവര്‍ക്ക് ഉന്നത പദവിക്കും സാധ്യതയുള്ള കാലഘട്ടമാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് ജാഗ്രതയും സംയമനവും പുലര്‍ത്തുന്നത് ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്ക് വഴിയൊരുക്കും. പുതിയ നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അല്‍പ്പം കാലതാമസം നേരിടും.

ദോഷപരിഹാരങ്ങള്‍: മഹാവിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന, നെയ്വിളക്ക്, നരസിംഹമൂര്‍ത്തിക്ക് പാനകനിവേദ്യം, ശാസ്താവിന് എള്ളുപായസം,  നെയ്വിളക്ക്, നവഗ്രഹങ്ങള്‍ക്ക് അര്‍ച്ചന.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

ഗ്രഹസ്ഥിതി:  2 ല്‍ സര്‍പ്പന്‍ 3 ല്‍ ശനി 7 ല്‍ കുജന്‍ 8 ല്‍ കേതു ഗുരു 10 ല്‍ രവി, ബുധന്‍, ശുക്രന്‍.

ഈ രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്നും മോചനം ലഭിച്ചതിന്‍റെ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകാമെങ്കിലും അഷ്ടമഭാവത്തിലേക്കുള്ള വ്യാഴത്തിന്‍റെ സഞ്ചാരം ചില പ്രതികൂലസാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. ജോലിസംബന്ധമായി അധിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകും. ജീവിതപങ്കാളിയുമായും, കുടുംബാന്തരീക്ഷത്തിലും അപ്രതീക്ഷിത വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാക്കിലും പ്രവൃത്തിയിലും സംയമനം പാലിക്കണം. കുടുംബത്തിലും, തൊഴില്‍രംഗങ്ങളിലും ഉള്ള അഭിപ്രായഭിന്നതകള്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. വാത, ഉദരപീഡകളും, നേത്രാരിഷ്ടതകളും അനുഭവപ്പെടാനിടയുള്ള കാലമായതിനാല്‍ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും.

ദോഷപരിഹാരങ്ങള്‍: ഹനുമാന്‍സ്വാമിക്ക് നെയ്വിളക്ക്, വെറ്റമാല, മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ അര്‍ച്ചന, ഗണപതിഭഗവാന് കറുകമാല സമര്‍പ്പണം, ശിവങ്കല്‍ പാല്‍ അഭിഷേകം.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ഗ്രഹസ്ഥിതി:  ജന്മത്തില്‍ രാഹു 2 ല്‍ ശനി 6 ല്‍ കുജന്‍ 7 ല്‍ ഗുരു കേതു 9 ല്‍ രവി ബുധന്‍ ശുക്രന്‍.

വ്യാഴരാശിമാറ്റം അല്‍പ്പം അനൂകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. മറ്റ് പ്രധാന ഗ്രഹങ്ങളുടെ പ്രതികൂല സ്ഥാനം മൂലം ചില പ്രതിസന്ധികള്‍ അനുഭവപ്പെടാനിടയുണ്ട്. ലഭിക്കാനിരുന്ന ആനുകൂല്യങ്ങള്‍ക്ക് അല്‍പ്പം കാലതാമസം നേരിടാനിടയുണ്ട്. ജന്മത്തിലെ രാഹുസ്ഥിതിയാല്‍ ത്വക്ക്, അലര്‍ജിജന്യ ക്ലേശതകള്‍ ഉണ്ടാകാനിടയുണ്ട്. അപ്രതീക്ഷിത ധനനേട്ടം പ്രതീക്ഷിക്കാവുന്ന വാരം കൂടിയാണ്. പ്രണയ വൈവാഹികരംഗത്ത് അല്‍പ്പം അഭിപ്രായഭിന്നതകള്‍ അനുഭവപ്പെടാനിടയുണ്ട്. ഈശ്വരാധീനത്താലും, സംയമനത്തോടുള്ള പെരുമാറ്റം കൊണ്ടും ഭിന്നതകള്‍ പരിഹരിക്കാന്‍ സാധിക്കും. പരോപകാരപ്രദങ്ങളായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സാഹചര്യങ്ങളും, പഠനസംബന്ധിയായി അല്‍പ്പം അലസതയും അനുഭവപ്പെടും. നൂതനഗൃഹനിര്‍മ്മാണമോ ഉള്ള ഗൃഹത്തിന്‍റെ നവീകരണമോ നടത്താന്‍ സാധിക്കും. ദ്രുതഗതിയിലുള്ള തീരുമാനങ്ങള്‍ അപ്രതീക്ഷിത വൈഷമ്യതകള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ക്ഷമയും സംയമനവും പാലിക്കേണ്ട കാലഘട്ടം കൂടിയാണ്.

ദോഷപരിഹാരങ്ങള്‍: നാഗദൈവങ്ങള്‍ക്ക് നൂറും പാലും, ഗണപതിഭഗവാന് നാളികേരം ഉടച്ച് കറുകമാല സമര്‍പ്പണം, ശാസ്താവിന് എണ്ണ അഭിഷേകം, നെയ്വിളക്ക്, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ഗ്രഹസ്ഥിതി: ജന്മത്തില്‍ ശനി 5 ല്‍ കുജന്‍ 6 ല്‍ ഗുരു കേതു 8 ല്‍ രവി ബുധന്‍ ശുക്രന്‍ 12 ല്‍ രാഹു.

ജന്മരാശിയിലെ ശനിസ്ഥിതിയും 6-ാം ഭാവത്തിലേക്കുള്ള വ്യാഴമാറ്റവും ഈ രാശിക്കാര്‍ക്ക് അല്‍പ്പം തടസ്സങ്ങളും വെല്ലുവിളികളും അനുഭവപ്പെടാനിടയുണ്ട്. പാദ സംബന്ധിയായും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ചെറിയ അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ട്. ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച അവസരം തേടുന്നതിന് അത്ര അനുകൂല സമയമല്ല. തൊഴിലിടങ്ങളില്‍ ശത്രുത വര്‍ദ്ധിപ്പിക്കാന്‍ ഇടയുള്ള സമയമായതിനാല്‍ വാക്കിലും പ്രവൃത്തിയിലും സംയമനം പാലിക്കേണ്ടതാണ്. ഗൃഹത്തില്‍ അപ്രതീക്ഷിത വാക്ക്തര്‍ക്കങ്ങള്‍ക്ക് ഇടവരുത്താതെ നോക്കേണ്ട സമയം കൂടിയാണ്. വ്യാഴത്തിന്‍റെ സ്ഥിതി കാര്യവിജയത്തിന് അല്‍പ്പം കാലതാമസത്തിന് ഇടവരുത്തും. പിതാവിനോ പിതൃസംബന്ധികള്‍ക്കോ അനാരോഗ്യസ്ഥിതി അനുഭവപ്പെടാനിടയുണ്ട്. ഗൃഹനിര്‍മ്മാണം, ഗൃഹനവീകരണം ഇവയില്‍ വാരാവസാനത്തോടെ പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതമൂലം പഠനത്തില്‍ ശ്രദ്ധ കുറയും. ഒരുകാര്യത്തിലും ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അത്ര അനുകൂലസാഹചര്യമല്ല.

ദോഷപരിഹാരങ്ങള്‍: മഹാവിഷ്ണുവിന് തുളസിമാല, സഹസ്രനാമ അര്‍ച്ചന, ഗണപതിഭഗവാന് ഭാഗ്യസൂക്ത അര്‍ച്ചന, ഹനുമാന്‍ സ്വാമിക്ക് വെറ്റമാല, നെയ്വിളക്ക്, ശാസ്താവിന് എണ്ണ അഭിഷേകം.

പാല്‍ക്കുളങ്ങര എസ്. ഗണപതിപോറ്റി
 ഫോണ്‍: 9847022273