ദ്വൈവാരഫലങ്ങള്‍ (1-10-2026 മുതല്‍ 15-10-2026 വരെ (1202 കന്നി 15 മുതല്‍ 29 വരെ))
ദ്വൈവാരഫലങ്ങള്‍
1-10-2026 മുതല്‍ 15-10-2026 വരെ (1202 കന്നി 15 മുതല്‍ 29 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ഗ്രഹസ്ഥിതി: 4 ല്‍ കുജന്‍ ഗുരു 5 ല്‍ കേതു 6 ല്‍ ആദിത്യന്‍ 7 ല്‍ ബുധന്‍ ശുക്രന്‍, 11 ല്‍ രാഹു, 12 ല്‍ ശനി.
ധനാഗമമാര്‍ഗ്ഗങ്ങള്‍ക്ക് വര്‍ദ്ധനയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായി ഉയര്‍ച്ചയും, ഇഷ്ടവിഷയങ്ങളില്‍ ഉപരിപഠനസാദ്ധ്യതയും ഫലമാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയവും ബഹുമാന്യതയും ലഭിക്കും. മാതാപിതാക്കള്‍ക്ക് സന്താനങ്ങളെക്കുറിച്ച് ആശങ്ക വര്‍ദ്ധിക്കും. അനാവശ്യ യാത്രകള്‍ വാഹനാദികളുടെ ഉപയോഗം ഇവ നിയന്ത്രിക്കണം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അല്‍പ്പം കാലതാമസം നേരിടേണ്ടതായി വരും. ബിസിനസ് ക്രയവിക്രയരംഗങ്ങളില്‍ നേട്ടവും, ദാമ്പത്യബന്ധത്തിന് ദൃഢതയും കൈവരും. രാഷ്ട്രീയമേഖലയില്‍ അത്ര അനുകൂലസാഹചര്യമല്ല. രക്തപിത്തജന്യ വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു.
പരിഹാരം: ഗണപതിഭഗവാന് ഭാഗ്യസൂക്ത അര്‍ച്ചന, ശാസ്താവിന് നീരാജനം, ഹനുമാന്‍സ്വാമിക്ക് വെറ്റമാല, മഹാവിഷ്ണുവിന് നെയ്വിളക്ക്, തുളസിഹാര സമര്‍പ്പണം, ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 3 ല്‍ കുജന്‍ ഗുരു 4 ല്‍ കേതു 5 ല്‍ രവി 6 ല്‍ ബുധന്‍ ശുക്രന്‍ 10 ല്‍ സര്‍പ്പന്‍ 11 ല്‍ ശനി.
ആത്മബലം വര്‍ദ്ധിക്കും. കാര്യങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പല പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ചകള്‍ വരുത്തേണ്ടതായി വരും. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളാല്‍ ചില അവസരങ്ങളില്‍ മനോവിഷമമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായി ഉന്നതി ഫലമാകും. ഗൃഹത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മ്മമേഖലയില്‍ അല്‍പ്പം അനിശ്ചിതത്വം, ശത്രുക്കള്‍ മൂലം ക്ലേശത ഇവ അനുഭവപ്പെടാനിടയുണ്ട്. ബിസിനസ് മേഖലയില്‍ സാമാന്യ ലാഭമുണ്ടാകും. ഉദരസംബന്ധിയായ വൈഷമ്യതകള്‍ ഉണ്ടാകാനിടയുണ്ട്.
പരിഹാരം: ലക്ഷ്മീദേവിക്ക് നെയ്വിളക്ക്, തൃമധുര നിവേദ്യം, മുരുകഭഗവാന് കുമാര സൂക്ത അര്‍ച്ചന. ശ്രീകൃഷ്ണസ്വാമിക്ക് നെയ്വിളക്ക്, തൃക്കൈവെണ്ണ.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 2 ല്‍ കുജന്‍, ഗുരു 3 ല്‍ കേതു 4 ല്‍ രവി 5 ല്‍ ബുധന്‍ ശുക്രന്‍ 9 ല്‍ സര്‍പ്പന്‍ 10 ല്‍ ശനി.
അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ബുദ്ധിപരമായ ഉണര്‍വും, വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയവും കൈവരും. കര്‍മ്മമേഖലകളില്‍ അല്‍പ്പം അസ്വസ്ഥതകളോ ഉന്നതസ്ഥാനലബ്ധിക്ക് കാലതാമസമോ ഉണ്ടാകാനിടയുണ്ട്. വാക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഉണ്ടാകാന്‍ ശ്രദ്ധിക്കണം. പിതൃജനങ്ങള്‍ക്ക് അരിഷ്ടത, മുതിര്‍ന്നവരുമായി അഭിപ്രായഭിന്നതകള്‍ ഇവയ്ക്ക് സാധ്യതയുള്ള കാലഘട്ടമാണ്. സജ്ജനങ്ങളുമായി സഹവസിക്കാനും പുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാനും അവസരം ലഭിക്കും. വൈവാഹികരംഗത്ത് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. ഉദര അലര്‍ജിജന്യ രോഗസാധ്യത കാണുന്നു.
പരിഹാരം: ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ, ഭാഗ്യസൂക്താര്‍ച്ചന, ഹനുമാന്‍ സ്വാമിക്ക് വെറ്റമാല, ഭദ്രകാളി ക്ഷേത്രത്തില്‍ കടുംപായസം, നാഗദൈവങ്ങള്‍ക്ക് നൂറും പാലും, നാഗസൂക്ത അര്‍ച്ചന, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഗ്രഹസ്ഥിതി: 1 ല്‍ കുജന്‍ ഗുരു 2 ല്‍ കേതു 3 ല്‍ രവി 4 ല്‍ ബുധന്‍ ശുക്രന്‍ 8 ല്‍ സര്‍പ്പന്‍ 9 ല്‍ ശനി.
ഭാഗ്യോന്നതിയും ആത്മവിശ്വാസവും കൈവരും. ആത്മീയരംഗങ്ങളില്‍ മനസ്സ് വ്യാപരിക്കും. വിദേശമൂലധന ഭാഗ്യമുണ്ടാകും. വാക്കുകളുടെ ഉപയോഗം, അഗ്നിവാഹനങ്ങളുടെ ഉപയോഗം ഇവയില്‍ ശ്രദ്ധിക്കേണ്ടതാകുന്നു. കുടുംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. കൃഷി, നാല്‍ക്കാലികള്‍ ഇവയിലൂടെ ലാഭവര്‍ദ്ധനയുണ്ടാകും. കലാസാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് രംഗങ്ങളില്‍ അല്‍പ്പം ഉന്നതിയുണ്ടാകും. കഫ, ശ്വാസകോശജന്യക്ലേശത അനുഭവപ്പെടും.
പരിഹാരം: ദുര്‍ഗ്ഗാദേവിക്ക് നെയ് വിളക്ക്, വെളുത്ത പുഷ്പത്താല്‍ ഭാഗ്യസൂക്താര്‍ച്ചന, നാഗര്‍ക്ക് നാഗസൂക്താര്‍ച്ചന, ഗണപതിഭഗവാന് നാളികേരം ഉടച്ച് കറുകമാല സമര്‍പ്പിക്കുക, ശിവക്ഷേത്രത്തില്‍ രുദ്രസൂക്താര്‍ച്ചന, ധാര.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ഗ്രഹസ്ഥിതി: 1 ല്‍ കേതു 2 ല്‍ രവി 3 ല്‍ ബുധന്‍ ശുക്രന്‍ 7 ല്‍ രാഹു 8 ല്‍ ശനി 12 ല്‍ കുജന്‍ ഗുരു.
കാര്യങ്ങള്‍ ആത്മവിശ്വാസത്തോടും, ഉത്തരവാദിത്തത്തോടും കൂടി ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ധനവര്‍ദ്ധനവിനനുസൃതമായി അപ്രതീക്ഷിത വ്യയം ഉണ്ടാകാനിടയുണ്ട്. ഭൂമി, വസ്തു സംബന്ധിച്ച ഇടപാടുകളില്‍ കാലതാമസം നേരിടും. വിദേശയാത്രയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. അയല്‍ക്കാരുമായി സഹവര്‍ത്തിത്വമുണ്ടാകും. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും, പുണ്യസ്ഥലദര്‍ശനത്തിനും സാഹചര്യമുണ്ടാകും. ധര്‍മ്മകാര്യങ്ങള്‍ക്കായി വ്യയം നടത്തും. വാത, രക്തസംബന്ധിയായ ക്ലേശതകള്‍ക്ക് വൈദ്യസഹായം തേടേണ്ടതായിവരും.
പരിഹാരം: ഗണപതിഭഗവാന് കറുകമാല, ഭാഗ്യസൂക്ത അര്‍ച്ചന, കുടുംബദേവതയ്ക്ക് വഴിപാട്, അര്‍ച്ചന, നവഗ്രഹങ്ങള്‍ക്ക് നീരാജനം, നാഗര്‍ക്ക് നൂറും പാലും, ശിവക്ഷേത്രത്തില്‍ വെള്ളനിവേദ്യം, പാല്‍ അഭിഷേകം, ധാര, പിന്‍വിളക്ക്. ശാസ്താവിന് നീരാജനം.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി 1 ല്‍ രവി 2 ല്‍ ബുധന്‍ ശുക്രന്‍ 6 ല്‍ സര്‍പ്പന്‍ 7 ല്‍ ശനി 11 ല്‍ കുജന്‍ ഗുരു 12 ല്‍ കേതു.
സന്തുഷ്ടമായ കുടുംബാന്തരീക്ഷം, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാവിജയം, കലാരംഗത്ത് നേട്ടം, ഗുരുക്കന്മാരില്‍ നിന്നും പ്രശംസ, വരുമാനമാര്‍ഗ്ഗങ്ങള്‍ക്ക് സഫലതയും, പൂര്‍വ്വികമായുള്ള സ്വത്തിന്‍റെ ലഭ്യതയും, വിദേശവാസം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങളും, ബിസിനസ് ഉന്നതിയും, വൈവാഹിക രംഗങ്ങളില്‍ അല്‍പ്പം വിഘ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ഉഷ്ണ, പിത്തജന്യരോഗങ്ങള്‍ക്ക് സാധ്യതയുള്ള സമയം കൂടിയാണ്.
പരിഹാരം: ശ്രീകൃഷ്ണസ്വാമിക്ക് നെയ്വിളക്ക്, തുളസിഹാരം, ശിവങ്കല്‍ ധാര, കൂവളത്തില കൊണ്ട് അര്‍ച്ചന, നരസിംഹമൂര്‍ത്തിക്ക് പാനകനിവേദ്യം, ശാസ്താവിന് എള്ളുപായസം, നവഗ്രഹങ്ങള്‍ക്ക് നീരാജനം, ഹനുമാന്‍സ്വാമിക്ക് വെറ്റമാല.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 1 ല്‍ ബുധന്‍ ശുക്രന്‍ 5 ല്‍ സര്‍പ്പന്‍ 6 ല്‍ ശനി 10 ല്‍ കുജന്‍ ഗുരു 11 ല്‍ കേതു 12 ല്‍ രവി.
കര്‍മ്മരംഗത്ത് പ്രശസ്തിയും അംഗീകാരം നേതൃത്വപദവിയും ലഭിക്കും. വസ്ത്രാഭരണാദികളുടെ ലഭ്യതയുണ്ടാകും. കുടുംബാന്തരീക്ഷത്തില്‍ അപ്രതീക്ഷിത കലഹങ്ങള്‍, അഭിപ്രായഭിന്നതകള്‍ ഇവയ്ക്ക് സാധ്യതയുള്ള സമയമാണ്. വൈവാഹികരംഗങ്ങളില്‍ അനുകൂലഫലത്തിന് സാധ്യത കാണുന്നു. ബന്ധുമിത്രാദികളുമായി സന്തോഷപ്രദങ്ങളായ നിമിഷങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് വിജയസാധ്യത കാണുന്നു. രാഷ്ട്രീയമേഖലകളില്‍ തര്‍ക്കസാധ്യത കാണുന്നു. സര്‍ക്കാര്‍ മുതലായ മേഖലകളില്‍ നിന്നും ആനുകൂല്യസാധ്യത കുറയും. ഉദരവൈഷമ്യതകള്‍ക്ക് സാധ്യതയുള്ള സമയം കൂടിയാണ്.
പരിഹാരം: ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, വെളുത്ത പുഷ്പം കൊണ്ട് അര്‍ച്ചന, നെയ്വിളക്ക്, പുഷ്പാഞ്ജലി, നാഗര്‍ക്ക് നൂറും പാലും സമര്‍പ്പണം, മഹാവിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമ അര്‍ച്ചന, ശിവക്ഷേത്രത്തില്‍ കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ധാര.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഗ്രഹസ്ഥിതി: 4 ല്‍ സര്‍പ്പന്‍ 5 ല്‍ ശനി 9 ല്‍ കുജന്‍ ഗുരു 10 ല്‍ കേതു 11 ല്‍ രവി 12 ല്‍ ബുധന്‍ ശുക്രന്‍.
കര്‍മ്മരംഗത്ത് മുന്‍കാലങ്ങളിലുണ്ടായ വൈഷമ്യതകള്‍ നീങ്ങി പുതിയ അവസരങ്ങള്‍ വന്നുചേരും. സന്താനാദികളെ സംബന്ധിച്ച് ഉത്ക്കണ്ഠയുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കൂട്ടുബിസിനസ്സുകള്‍ വഴിയും, ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും വരുമാനവര്‍ദ്ധനയുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രയ്ക്ക് സാഹചര്യമുണ്ടാകും. മാതാവിന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതായി വരും. രക്തജന്യക്ലേശത അനുഭവപ്പെടാനിടയുണ്ട്. സര്‍ക്കാര്‍വഴി അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും.
പരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃത അഭിഷേകം, ഗണപതിഭഗവാന് കറുകമാല, നെയ്വിളക്ക്, ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി. ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ഗ്രഹസ്ഥിതി: 3 ല്‍ സര്‍പ്പന്‍ 4 ല്‍ ശനി 8 ല്‍ കുജന്‍ ഗുരു 9 ല്‍ കേതു 10 ല്‍ രവി 11 ല്‍ ബുധന്‍ ശുക്രന്‍.
കര്‍മ്മരംഗത്ത് പുഷ്ടിയും, ഉന്നതാധികാരികളില്‍ നിന്നും പ്രശംസയും ഉണ്ടാകാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം അലസതയുണ്ടാകാനിടയുണ്ട്. വിദേശയാത്രയില്‍ അല്‍പ്പം കാലതാമസം അനുഭവപ്പെടും. ആത്മീയവും മതപരവുമായ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായി വരും. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഉദരവൈഷമ്യതകള്‍, ഗുരുജനങ്ങളുടെ അനാരോഗ്യം മൂലം ക്ലേശത ഉണ്ടാകാനിടയുണ്ട്.
പരിഹാരം: മഹാവിഷ്ണുവിന് നെയ്വിളക്ക്, തുളസിഹാരം, സഹസ്രനാമ അര്‍ച്ചന, ശാസ്താവിന് എണ്ണ അഭിഷേകം, നവഗ്രഹങ്ങള്‍ക്ക് നീരാജനം, ദുര്‍ഗ്ഗാദേവിക്ക് തൃമധുര നിവേദ്യം, നെയ്വിളക്ക്, നരസിംഹ മൂര്‍ത്തിക്ക് പാനകനിവേദ്യം സമര്‍പ്പിക്കുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 2 ല്‍ സര്‍പ്പന്‍ 3 ല്‍ ശനി 7 ല്‍ കുജന്‍ ഗുരു 8 ല്‍ കേതു 9 ല്‍ രവി 10 ല്‍ ബുധന്‍ ശുക്രന്‍.
ആത്മവിശ്വാസവും ആരോഗ്യപുഷ്ടിയും ഉണ്ടാകും. ഇഷ്ടജീവിതപങ്കാളിയെ കണ്ടെത്താനുള്ള അവസരം. വൈവാഹികരംഗത്ത് അനുകൂല സാഹചര്യം ഇവയ്ക്ക് സാധ്യത കാണുന്നു. വാക്കുകളുടെ പ്രയോഗത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും. പിതൃസ്ഥാനീയരുമായി അഭിപ്രായഭിന്നതകള്‍ക്ക് സാധ്യതയും കര്‍മ്മമേഖലയില്‍ പുതിയ അവസരങ്ങളും, ആഡംബര ദ്രവ്യങ്ങളുടെ ലഭ്യതയും ഉണ്ടാകാനിടയുണ്ട്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ഉന്നതാധികാരികളുടെ പ്രീതി നേടും. പുതിയ സുഹൃത്ബന്ധങ്ങള്‍ ഉടലെടുക്കും. അലര്‍ജിജന്യക്ലേശത അനുഭവപ്പെടും.
പരിഹാരം: ശിവന് ജലധാര, പിന്‍വിളക്ക്, ഭസ്മാഭിഷേകം, ശാസ്താവിന് എള്ളുപായസനിവേദ്യം, നീലപ്പട്ട് സമര്‍പ്പണം, നരസിംഹമൂര്‍ത്തിക്ക് നെയ്വിളക്ക് പാനകനിവേദ്യം, ശ്രീകൃഷ്ണസ്വാമിക്ക് സഹസ്രനാമ അര്‍ച്ചന, തൃക്കൈവെണ്ണ.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 1 ല്‍ സര്‍പ്പന്‍ 2 ല്‍ ശനി 6 ല്‍ കുജന്‍ ഗുരു 7 ല്‍ കേതു 8 ല്‍ രവി 9 ല്‍ ബുധന്‍ ശുക്രന്‍.
കാര്യങ്ങള്‍ കര്‍ത്തവ്യബോധത്തോടുകൂടി ചെയ്തുതീര്‍ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭത്തില്‍ വിഘ്നങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്. ആഡംബരവസ്ത്ര വാഹനാദികളുടെ ലഭ്യത, ഓണ്‍ലൈന്‍ വ്യവസായരംഗത്ത് അഭിവൃദ്ധി ഇവ ഫലമാകും. മേലധികാരികളില്‍ നിന്നും അപ്രതീക്ഷിതമായി വൈഷമ്യത നേരിടാനിടയുണ്ട്. കുടുംബാംഗങ്ങളുമായി സഹകരണവും ഗൃഹത്തില്‍ സന്തോഷാനുഭവങ്ങളും സംജാതമാകും. ത്വക്, നേത്രജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള കാലഘട്ടമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായി അലസത, കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ഇവ ഫലം.
പരിഹാരം: സര്‍പ്പക്കാവില്‍ നൂറും പാലും, വിഷ്ണുക്ഷേത്രത്തില്‍ നെയ്വിളക്ക്, സഹസ്രനാമ അര്‍ച്ചന, ശാസ്താവിന് നീരാജനം, ദേവീക്ഷേത്രത്തില്‍ ഭാഗ്യസൂക്ത അര്‍ച്ചന, നെയ്വിളക്ക്, ഉമാമഹേശ്വര ക്ഷേത്രത്തില്‍ കൂവളമാല കൊണ്ട് അര്‍ച്ചന, ഹനുമാന്‍സ്വാമിക്ക് അവല്‍ നിവേദ്യം, വെറ്റമാല സമര്‍പ്പണം.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഗ്രഹസ്ഥിതി: 1 ല്‍ ശനി 5 ല്‍ ഗുരു കുജന്‍ 6 ല്‍ കേതു 7 ല്‍ രവി 8 ല്‍ ബുധന്‍ ശുക്രന്‍ 12 ല്‍ സര്‍പ്പന്‍.
ആത്മീയചിന്താഗതികളുടേയും, യോഗ മുതലായ മാര്‍ഗ്ഗങ്ങളിലൂടേയും അലസത ഒഴിവാക്കി മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അത്ര അനുകൂല സാഹചര്യമല്ലെങ്കിലും കഠിനാധ്വാനത്തിലൂടെ ഉന്നതി കൈവരിക്കും. സന്താനങ്ങള്‍ക്ക് ഉന്നതിയുണ്ടാകും. സല്‍സംഗങ്ങള്‍, പുണ്യയാത്രകള്‍ ഇവയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉപരിപഠനത്തിനുള്ള വിദേശയാത്ര സഫലമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠിച്ച കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയും. വാത, ദന്ത സംബന്ധിയായും കഫജന്യരോഗങ്ങള്‍ക്കും സാധ്യതയുള്ള സമയമാണ്.
പരിഹാരം: ശാസ്താവിന് നീരാജനം, എള്ളുപായസം, എണ്ണ അഭിഷേകം, ഹനുമാന്‍സ്വാമിക്ക് വെറ്റമാല, അവല്‍ നിവേദ്യം, മഹാവിഷ്ണുവിന് തുളസിഹാരം, സഹസ്രനാമ അര്‍ച്ചന, മുരുകഭഗവാന് പാല്‍, പനിനീര്‍ അഭിഷേകം, കുമാരസൂക്താര്‍ച്ചന, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന.
പാല്‍ക്കുളങ്ങര എസ്. ഗണപതിപോറ്റി
ഫോണ്‍: 9847022273
