ദ്വൈവാര ഫലങ്ങള്‍ (16-2-2026 മുതല്‍ 28-2-2026 വരെ 1201 കുംഭം 3 മുതല്‍ 16 വരെ)
ദ്വൈവാര ഫലങ്ങള്‍
16-2-2026 മുതല്‍ 28-2-2026 വരെ 1201 കുംഭം 3 മുതല്‍ 16 വരെ
ഗ്രഹപ്പകര്‍ച്ച
ഫെബ്രുവരി 23 ന് പകല്‍ 11 മണി 53 മിനിട്ടിന് കുജന്‍ കുംഭംരാശിയിലേയ്ക്ക് പകരും 16 ന് അമാവാസി. 27 ന് ഏകാദശി. പകല്‍ 5 മണി 6 മിനിട്ട് മുതല്‍ 28 ന് പുലര്‍ച്ചെ 4 മണി 7 മിനിട്ടുവരെ ഹരിവാസരം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പത്തില്‍ കുജന്‍, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. എല്ലാരംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. പ്രാര്‍ത്ഥനകള്‍ക്കും മറ്റും ഫലം കാണും. ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. ധനാഗമങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. ഭാര്യാ/ഭര്‍ത്താവുമായും മക്കളുമായും കലഹങ്ങള്‍ ഉണ്ടാകും. ഭൂമി കൈമാറ്റങ്ങള്‍ ലാഭകരമാകും. വാതരോഗത്തിന്‍റെ ഉപദ്രവങ്ങള്‍ കൂടുതലാകും. ഉല്ലാസയാത്രകള്‍ ആകാം. നേതൃഗുണം ഉണ്ടാകും. സജ്ജനങ്ങളുടെ പ്രശംസ നേടും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'വിഷ്ണവേ ജിഷ്ണവേ
ശംഖിനേ ചക്രിണേ
രുഗ്മിണീരാഗിണേ ജാനകീജാനയേ
വല്ലവീവല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേതേ നമഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, ഒന്‍പതില്‍ കുജന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. വീട്ടില്‍ കലഹങ്ങള്‍ക്കിടയുണ്ട്. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സന്ധിവേദന, നടുവുവേദന ഇവ ശ്രദ്ധിക്കണം. കലഹസ്വഭാവം കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. പൊതുവേ ആദരവ് ലഭിക്കും. പൂര്‍വ്വികധനത്തിനോ പിതൃധനത്തിനോ ഹാനി വരാനിടയുണ്ട്. വാഹനങ്ങള്‍ വാങ്ങാം. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ദണ്ഡം കമണ്ഡലും
ബിഭ്രത്യക്ഷസൂത്രമഥാങ്കുശം
സുവര്‍ണ്ണവര്‍ണ്ണാബ്രഹ്മാണീ
കൃഷ്ണാജിനധമാഭവേത്'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ഈശ്വരപൂജാതാല്‍പ്പര്യം വര്‍ദ്ധിക്കും. അച്ഛനുമായി കലഹിക്കേണ്ടതായി വരും. ധര്‍മ്മാചാരങ്ങള്‍ക്കും, ഉപാസനകള്‍ക്കും ഭംഗം വരും. പല രീതിയിലുള്ള രോഗാരിഷ്ടതകളുണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തനിക്ക് ഉചിതങ്ങളായ കാര്യങ്ങള്‍ ആരെതിര്‍ത്താലും ചെയ്ത് വിജയിപ്പിക്കാനാകും. വാക്സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനാകും. ഉത്കൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യാനാകും. വിവേചനബുദ്ധിയുണ്ടാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. പുതിയ അതിഥികള്‍ വരും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ശൗര്യം കൂടുതലാകും. ചിലയവസരങ്ങളില്‍ രാജതുല്യതയുണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ക് വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ധ്യായേത് ആനന്ദകന്ദം
പരമഗുരുവരം ജ്ഞാനദീക്ഷാകടാക്ഷം
ചിന്മുദ്രം സത്സമാധീം
സുകൃതിമന മനോമന്ദിരം സുന്ദതംഗം
ശാന്തം ചന്ദ്രാവതംസം
ശബരിഗിരീ വരോത്തുംഗപീഠേ നിഷണ്ണം
ചിന്താരത്നാഭിരാമം ശ്രുതിവിനുത
പദാംഭോരുഹം ഭൂതനാഥം.'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. അധികാര സ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉദരവ്യാധികള്‍, നേത്രരോഗം ഇവ ശ്രദ്ധിക്കണം.
ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ക്കിടയുണ്ട്. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. മനഃസന്തോഷം ലഭിക്കും. സത്കര്‍മ്മങ്ങള്‍ ചെയ്യാനവസരം ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറിവാങ്ങാനാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് കോട്ടം തട്ടും. കലഹവാസന കൂടുതലാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. ഭൂമിപരമായ കലഹങ്ങളില്‍ വിജയം ഉണ്ടാകും. ഭൂമികൈമാറ്റങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല അവസരങ്ങള്‍ വരും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും
'ശ്രീവിദ്യാഷോഡശാകാരം
ശ്രീനികേതരസായനീം
ശ്രീലസദ്വദനാം ശുഭ്രാം
ശ്രൂയേതാംശ്രീ സ്വരൂപിണീം'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ആറില്‍ കുജന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സാമ്പത്തികപ്രയാസങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മുഖത്ത് എപ്പോഴും ദൈന്യഭാവമായിരിക്കും. യാത്രകള്‍ കൂടുതലായി വേണ്ടിവരും. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. കലഹഭയം കൂടുതലാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ബന്ധുജനങ്ങളുടെ വേര്‍പാട് ദുഃഖകരമാകും. ശത്രുവര്‍ദ്ധനയുണ്ടാകും. പരാജയഭീതിയുമുണ്ടാകും. ശരീരബലം വര്‍ദ്ധിക്കും. വിശപ്പ് കൂടുതലാകും. ഭാര്യയ്ക്ക്/ ഭര്‍ത്താവിന് കലഹസ്വഭാവം കൂടുതലാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും.
ദോഷശാന്തിക്കായി ശിവങ്കല്‍ നെയ്വിളക്ക് കത്തിച്ച് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'സുരാധീശ നീലാഭ്ര നീലാംഗകാന്തീം
വിരാധാതിരക്ഷോ വധാത്ലോകശാന്തീം
കിരീടാദി ശോഭം പുരാരാതിലാഭം
ഭജേ രാമചന്ദ്രം രഘുനാ മധീശം.'
ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
അഞ്ചില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
ദാമ്പത്യസൗഖ്യഹാനിയുണ്ടാകും. മുഷിഞ്ഞ വേഷങ്ങള്‍ ധരിക്കേണ്ടതായി വരും. കലഹങ്ങള്‍ കൂടുതലാകും. എരിവുരസം ദോഷം ചെയ്യും. ധനപുഷ്ടിയുണ്ടാകും. വസ്ത്രവ്യാപാരത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. യാത്രാക്ലേശങ്ങള്‍ കൂടുതലായി അനുഭവപ്പെടും. ഭാര്യ/ഭര്‍ത്താവ് മൂലം ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ക്കും സാദ്ധ്യതയുണ്ട്. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. ബന്ധുജനങ്ങള്‍ക്ക് ചെയ്യുന്നതായ സഹായങ്ങള്‍ കുറയ്ക്കേണ്ടതായി വരും. തര്‍ക്കവിഷയങ്ങളിലും വ്യവഹാരങ്ങളിലും താല്‍പ്പര്യം കൂടുതലാകും. കോപം കുറയ്ക്കണം. ശഠവാക്കുകള്‍ സംസാരിക്കരുത്. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,
'നിജസ്വരൂപ ബോധകം കൃപാകരം ഭവാപഹം
നമം ശിഖം നിരഞ്ജനം ഭജേഹരാമമദ്വയം
സപ്രപഞ്ചകല്‍പിതം കൃപാകരം ഭവാപഹം
സമം ശിഖം നിരഞ്ജനം ഭജേഹരാമമദ്വയം.'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
നാലില്‍ കുജന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങള്‍ക്ക് കുറവ് വരും. വീട്ടില്‍ സ്വസ്ഥത കുറയും. മനോവ്യാധികള്‍ കുടുതലാകും. മാന്ത്രികവിദ്യയിലും താല്‍പ്പര്യം കൂടുതലാകും. മക്കള്‍ സല്‍സ്വാഭാവികളായി വളരും. നേതൃഗുണം ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. പനി, ഉദരവ്യാധികള്‍ ഇവ ശ്രദ്ധിക്കണം. ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രിയങ്കരനാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. മക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭ്യമാകും. കീര്‍ത്തിയുണ്ടാകും. പിതൃസ്വത്തിന് നാശം വരാനിടയുണ്ട്. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിയ്ക്ക് പാലഭിഷേകം നടത്തുകയും,
'വേദവിദ്യേതതത്വജ്ഞോ
വേദാന്തജ്ഞാനഭാസുര
വിദ്യാവിചക്ഷണ വിഭുര്‍വിദ്വല്‍
പ്രീതികരോ ബുധഃ'
ഈ ബുധഗ്രഹസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
മൂന്നില്‍ കുജന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
ത്വക്രോഗം, അര്‍ശ്ശോരോഗം ഇവ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. ശൗര്യവും കോപവും കൂടുതലാകും. ബന്ധുജനങ്ങള്‍ക്കകല്‍ച്ചയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് കുറവ് വരും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാര്യനിര്‍വ്വഹണ ശക്തിയുണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണത്തിന് കാലം അനുകൂലമാണ്. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. വാക്ദോഷങ്ങള്‍ക്കിടവരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഗണിതശാസ്ത്രത്തില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനാകും. നല്ല ഗുണാനുഭവങ്ങള്‍ക്കിടയുണ്ട്. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. ഹൃദയബന്ധിയായ അസുഖങ്ങള്‍, വായുകോപം ഇവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം നിവേദിക്കുകയും,
'കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
രണ്ടില്‍ കുജന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
നാല്‍ക്കാലിവളര്‍ത്തല്‍ ലാഭകരമാകും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. ശത്രുഭയം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. മുഖത്തും വായ്ക്കകത്തും ഉണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. ദുര്‍ജ്ജനങ്ങള്‍ക്ക് സഹായംചെയ്തുകൊടുക്കേണ്ടതായി വരും. പുനര്‍വിവാഹത്തിന് അനുകൂലമായ സമയമാണ്. വാക്ദോഷങ്ങള്‍ക്കിടവരാതെ സൂക്ഷിക്കണം. അമ്മയുമായി കലഹിക്കേണ്ടതായി വരും. സ്ഥാനക്കയറ്റം ലഭിക്കും. മനോവിചാരം കൂടുതലാകും. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ താമസിയാതെ ലഭിക്കും. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ശത്രുക്കള്‍ മൂലം ദുഃഖാനുഭവങ്ങള്‍ക്കിടവരും. കാര്യസാദ്ധ്യങ്ങളുണ്ടാകും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും,
'ശ്രീനാരസിംഹ നരകാന്തക കാന്തമൂര്‍ത്തേ
ലക്ഷ്മീപത്ര ഗരുഡവാഹനശേഷശായിന്‍
കേശിപ്രണാശന സുകേശ കിരീടമൗലേ
ജിഹ്വേ ജപേതി സതതം മധുരാക്ഷരാണീ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, എട്ടില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചില ധനനഷ്ടങ്ങള്‍ കരുതിയിരിക്കണം. ശരീരത്തിന് ചടവുണ്ടാകും. മുറിവോ വ്രണമോ ഉണ്ടാകാനിടയുണ്ട്. നല്ല വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും മറ്റുള്ളവരുടെ ആദരവ് നേടും. ദാനധര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ശത്രുക്കളെ സഹായിക്കേണ്ടതായി വരും. ഒന്നിലും സ്ഥിരത കാണുകയില്ല. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. ബുദ്ധിപൂര്‍വ്വമുള്ള പ്രവൃത്തികള്‍ കൊണ്ട് അസാദ്ധ്യമെന്ന് കരുതിയിരുന്ന ചില കാര്യസാദ്ധ്യങ്ങളുണ്ടാകും.
മാന്ത്രികവിദ്യകളില്‍ കൂടുതല്‍ വിശ്വാസം വരും. സ്ത്രീകള്‍ക്ക്/പുരുഷന്മാര്‍ക്ക് അധീനമായി പ്രവൃത്തിക്കേണ്ടതായി വരും. സുഖസാമഗ്രികള്‍ ലഭിക്കും. ചില അനിഷ്ടാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും,
'ശിവായ ഗൗരീവദനാ രവിന്ദ
സൂര്യായ ദക്ഷാദ്ധ്വര നാശകായ
ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ
തസ്മൈ ശികാരായ നമഃശിവായ.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
യാത്രകള്‍ വേണ്ടിവരും. അര്‍ശ്ശോരോഗം ശ്രദ്ധിക്കണം. പലവിധ അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അസത്യങ്ങള്‍ പറയേണ്ടതായി വരും. ബുദ്ധിശൂന്യമായ ചില പ്രവൃത്തികള്‍ കൊണ്ട് അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. തൊഴില്‍രംഗം മെച്ചപ്പെടും. നേതൃഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃസ്ഥാനം വഹിക്കേണ്ടതായി വരും. കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം ലഭിക്കും. മക്കള്‍ക്ക്, അഭിവൃദ്ധിയുണ്ടാകും. എഴുത്തുസംബന്ധമായ കാര്യങ്ങളില്‍ തെറ്റുപറ്റാതെ നോക്കണം. ഭാര്യാ/ഭര്‍ത്തൃ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയില്ലാതെ വരും. പലര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടതായി വരും. വഴിയാത്രകള്‍ക്കിടയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'പ്രാണപ്രയാണ പാഥേയം
സംസാരവ്യാധിനാശനം
ദുഃഖാത്യന്ത പരിത്രാണം
'ഹരി'മിത്യക്ഷമദ്വയം.'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ കേതു, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍ രാഹു ഇതാണ് ഗ്രഹനില.
സ്ഥാനമാനങ്ങള്‍ ലഭിക്കും. പുതിയ വീടുപണികളും മറ്റും തടസ്സം കൂടാതെ നടക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ത്വക്രോഗം, വായുകോപം, പനി ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. നൂതന വസ്ത്രാദ്യലങ്കാര സാധനങ്ങള്‍ ലഭിക്കും. യാത്രകള്‍ വേണ്ടിവരും. മക്കള്‍ അടുത്തില്ലാത്തതിന്‍റെ വിഷമതകള്‍ കൂടുതലാകും. ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കണം. മദ്ധ്യസ്ഥത വഹിക്കരുത്. കടം കൊടുത്ത പണം തിരികെ ലഭിക്കും. മുന്‍കാല സ്നേഹിതന്മാരെ കാണാനാകും. ഭൂമിയിടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ത്രിപുരസുന്ദരീ മന്ത്രപുഷ്പാഞ്ജലി നടത്തുകയും,
'സരസിജ നിലയേ സരോജഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ
ഭഗവതീ ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദമഹ്യം'
ഈ ഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
