ദ്വൈവാരഫലങ്ങള്‍
(2026 നവംബര്‍ 16 മുതല്‍ 30 വരെ (കൊല്ലവര്‍ഷം 1202 തുലാം 30 മുതല്‍ വൃശ്ചികം 14 വരെ))
ദ്വൈവാരഫലങ്ങള്‍
2026 നവംബര്‍ 16 മുതല്‍ 30 വരെ (കൊല്ലവര്‍ഷം 1202 തുലാം 30 മുതല്‍ വൃശ്ചികം 14 വരെ)
ഗ്രഹപ്പകര്‍ച്ച
വൃശ്ചികം 6-ാം തീയതി(നവംബര്‍ മാസം 22 ന്) ശുക്രന് പകല്‍ 4 മണി 52 മിനുട്ടിന് കന്നിയില്‍ നിന്നും തുലാത്തിലേക്ക് സഞ്ചരിക്കുന്നു.
മേടക്കൂറ്:(അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ഗ്രഹസ്ഥിതി: 5 ല്‍ കുജന് ഗുരു കേതു 6 ല്‍ ശുക്രന് 7 ല്‍ ബുധന്‍ 8 ല്‍ രവി 11 ല്‍ രാഹു, 12 ല്‍ ശനി.
ഈ രാശിക്കാര്‍ക്ക് പൊതുവെ സമ്മിശ്രാനുഭവങ്ങളായിരിക്കും. ബുധന്റേയും ഗുരുവിന്റേയും സ്വാധീനത്താല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലും, മത്സരപരീക്ഷകളിലും മുന്നേറ്റം കാഴ്ച വയ്ക്കാന്‍ സാധിക്കും. ഏകാഗ്രത കുറയാനുള്ള സാധ്യതയുള്ളതിനാല്‍ അല്‍പ്പം ശ്രദ്ധിക്കേണ്ട കാലഘട്ടം കൂടിയാണ്. വാരാരംഭത്തിലെ ശുക്രന്റെ 6-ാം ഭാവത്തിലേക്കുള്ള സഞ്ചാരം അല്‍പ്പം അപവാദാദികളോ, പങ്കാളിയുമായി വാക്കുതര്ക്കങ്ങള്ക്കോ പ്രണയസാഫല്യത്തിന് വിഘ്നങ്ങളോ ഉണ്ടാക്കാനിടയുണ്ട്. ഈ കാലയളവില്‍ കഠിനാധ്വാനവും, അമിതജോലിഭാരവും മേലധികാരികളുമായി അഭിപ്രായഭിന്നതകള്‍ക്കും സാധ്യതയുണ്ട്. ഉദര, ദഹനസംബന്ധിയായ ക്ലേശങ്ങളും നേത്രാരിഷ്ടതകളും അനുഭവപ്പെടാനുള്ള കാലഘട്ടം കൂടിയാണ്. വ്യാപാര വ്യവസായങ്ങളില്‍ കടുത്ത മത്സരങ്ങള്‍ ഉണ്ടാകും. പങ്കാളിത്തബിസിനസ്സുകളില് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതായി വരും. കലാസാംസ്ക്കാരിക രംഗങ്ങളിലും, സാങ്കേതിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും.
ദോഷപരിഹാരങ്ങള്‍: വിഘ്നേശ്വരന് കറുകമാല ചാര്‍ത്തി നാളീകേരം ഉടയ്ക്കുക. ശാസ്താവിന് കിരാതാഷ്ടക അര്‍ച്ചന, എള്ളുപായസം, സുബ്രഹ്മണ്യസ്വാമിക്ക് പാല്, ഭസ്മം, അഭിഷേകം, കുമാരസൂക്താര്‍ച്ചന.
ഇടവക്കൂറ്:(കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 4 ല്‍ കുജന്, ഗുരു, കേതു 5 ല്‍ ശുക്രന് 6 ല്‍ ബുധന്‍ 7 ല്‍ രവി 10 ല്‍ സര്‍പ്പന്‍ 11 ല്‍ ശനി.
ഈ കാലഘട്ടത്തില്‍ 11-ാം ഭാവത്തിലെ ശനിയുടെ സ്വാധീനത്താല്‍ മുടങ്ങിക്കിടന്ന സാമ്പത്തിക സ്രോതസ്സുകള്‍ അനുഭവയോഗ്യമാകാനുള്ള സാധ്യത കാണുന്നു. പുതിയ വരുമാനസ്രോതസ്സുകള്‍ തുറക്കപ്പെടാനിടയുണ്ട്. എങ്കിലും തൊഴില്‍ മേഖലയില്‍ ശത്രുത വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ ജാഗ്രത വേണ്ട സമയം കൂടിയാണ്. കലാസാഹിത്യകാരന്മാര്‍ക്ക് അനുകൂലഫലങ്ങളും വരുമാനവര്‍ദ്ധനയും ഉണ്ടാകും. നൂതന ഗൃഹനിര്‍മ്മാണം, ഗൃഹനവീകരണം ഇവയില്‍ പുരോഗതിയുണ്ടാകും. മാതാവിന് അല്‍പ്പം അനാരോഗ്യങ്ങള്‍ അനുഭവപ്പെടും. അലര്‍ജി, ത്വക്രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
ജീവിതപങ്കാളിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുക. ജോലിഭാരവും അമിതസമ്മര്‍ദ്ദവും മൂലം അനാരോഗ്യ സ്ഥിതി ഉണ്ടാകാനിടയുണ്ട്. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നവര്‍ വിദഗ്ദ്ധ അഭിപ്രായം തേടുന്നത് ഗുണകരമായിരിക്കും. വാഹനാദികളുടെ ഉപയോഗത്തില്‍ ശ്രദ്ധ ചെലുത്തുകയും, അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യേണ്ട കാലഘട്ടം കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്പത്തേക്കാള് പഠനനിലവാരം വര്‍ദ്ധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇഷ്ടവിഷയത്തില്‍ ഉപരിപഠനയോഗമുണ്ടാകും.
ദോഷപരിഹാരങ്ങള്‍: ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന, മഹാവിഷ്ണുവിന് പുരുഷസൂക്താര്‍ച്ചന, തുളസിഹാരം, ശിവക്ഷേത്രത്തില്‍ ധാര, വെള്ള നിവേദ്യം, ഗണപതിഭഗവാന് കറുകമാല സമര്‍പ്പണം.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 3 ല്‍ കുജന് ഗുരു കേതു 4 ല്‍ ശുക്രന് 5 ല്‍ ബുധന്‍ 6 ല്‍ രവി 9 ല്‍ സര്‍പ്പന്‍ 10 ല്‍ ശനി.
ബുദ്ധിപരമായ ഉണര്‍വ്വും, ആശയവിനിമയത്തിലൂടെ അനുകൂല അവസരങ്ങളും, പുതിയ പ്രവര്‍ത്തനമേഖലകളും, അംഗീകാരവും ലഭിക്കും. 10-ാം ഭാവത്തിലെ ശനിയുടെ സ്വാധീനത്താല്‍ അധ്വാനഭാരം വര്‍ദ്ധിക്കും. അനുചിത സുഹൃത്ബന്ധങ്ങള്‍ വഴിയോ, അപരിചിതര്‍ മുഖേനയോ അപ്രതീക്ഷിത അപവാദാദികള്ക്ക് സാധ്യതയുണ്ട്. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കുമെങ്കിലും പരസ്പരമുള്ള വിട്ടുവീഴ്ചകള്‍ക്ക് ആവശ്യമായി വരും. സന്താനങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനിക്കാനുള്ള സാഹചര്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. ഉദര, ശ്വാസസംബന്ധിയായ ക്ലേശതകള്‍ വരാതെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. പുതിയ തൊഴില്‍ സംരംഭങ്ങള്‍, ദീര്‍ഘകാലമായി ചിന്തിച്ചിരുന്ന പദ്ധതികള്‍ ഇവയില്‍ അനുകൂല സാഹചര്യമുണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഉറ്റ സുഹൃത്തുക്കളില്‍ നിന്നും അപ്രതീക്ഷിതമായി പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുള്ള കാലഘട്ടം കൂടിയാണ്.
ദോഷപരിഹാരങ്ങള്‍: ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന, തൃക്കൈവെണ്ണ, ഹനുമാന്‍സ്വാമിക്ക് അവല് നിവേദ്യം, വെറ്റമാല, നവഗ്രഹങ്ങള്‍ക്ക് നീരാജനം, ചാമുണ്ഡിദേവിക്ക് കടുംപായസ നിവേദ്യം.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഗ്രഹസ്ഥിതി: 2 ല്‍ കുജന് ഗുരു കേതു 3 ല്‍ ശുക്രന് 4 ല്‍ ബുധന്‍ 5 ല്‍ രവി 8 ല്‍ സര്‍പ്പന്‍ 9 ല്‍ ശനി.
ചൊവ്വയുടെ ജന്മരാശിയില്‍ നിന്നുള്ള മാറ്റം മുന്പത്തെക്കാള് ശാരീരികമായും മാനസികമായും അനുകൂലഫലങ്ങള്‍ സൃഷ്ടിക്കും. പല തീരുമാനങ്ങള്‍ക്കും വ്യക്തതയുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചമാകും. കോപവും എടത്തുചാട്ടവും നിയന്ത്രിക്കുകയും വാക്കുകള്‍ക്ക് നിയന്ത്രണം വരുത്തുകയും വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പൊതുവെ അനുകൂല സമയമായിരിക്കും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. 2-ാം ഭാവത്തിലെ വ്യാഴ സാന്നിധ്യം സാമ്പത്തികനില മെച്ചപ്പെടുത്തുമെങ്കിലും രാഹു അമിതവ്യയം വരുത്തുമെന്നതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത വേണം. ദഹനപ്രശ്നങ്ങളും ഉദരവൈഷമ്യങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരങ്ങള്‍: ശിവക്ഷേത്രത്തില്‍ ധാര, രുദ്രസൂക്താര്‍ച്ചന, പിന്‍വിളക്ക്, ഗണപതിഭഗവാന് ഭാഗ്യസൂക്ത അര്‍ച്ചന, മഹാവിഷ്ണു ക്ഷേത്രത്തില്‍ നെയ്വിളക്ക്, സഹസ്രനാമാര്‍ച്ചന, നാഗദൈവങ്ങള്‍ക്ക് നൂറും പാലും.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ഗ്രഹസ്ഥിതി: ജന്മത്തില് കുജന് ഗുരു കേതു 2 ല്‍ ശുക്രന് 3 ല്‍ ബുധന്‍ 4 ല്‍ രവി 7 ല്‍ സര്‍പ്പന്‍ 8 ല്‍ ശനി.
പൊതുവെ ഈ രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളായിരിക്കുമെങ്കിലും ജന്മരാശിയിലെ കുജ, ഗുരു കേതുസ്ഥിതിയാല് ചില സങ്കീര്‍ണ്ണതകള്‍ അനുഭവപ്പെടാനിടയുണ്ട്. ആരോഗ്യപരമായി അല്‍പ്പം ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. സാമ്പത്തിക കാര്യങ്ങള്‍, ലോണുകള്‍ ഇവയുടെ കൈകാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുണ്ടാകേണ്ട സമയമാണ്. വൈവാഹിക ആലോചനകള്‍ക്ക് 7 ലെ രാഹുവിന്റെ സാന്നിധ്യം അല്‍പ്പം തടസ്സങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവും, പാഠ്യേതര വിഷയങ്ങളില്‍ വിജയവും ഉണ്ടാകാനുള്ള സാഹചര്യവും, കലാകാരന്മാര്ക്ക് പുതിയ അവസരങ്ങളും ലഭിക്കും. കുടുംബജീവിതത്തില്‍ അപ്രതീക്ഷിത തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ക്രയവിക്രയ രംഗങ്ങളില്‍ മുന്‍കാലത്തേക്കാള്‍ ആനുകൂല്യം ലഭിക്കും.
ദോഷപരിഹാരങ്ങള്‍: ആദിത്യഭഗവാന് അര്‍ച്ചന, നവഗ്രഹങ്ങള്‍ക്ക് നീരാജനം, ശിവക്ഷേത്രത്തില്‍ ധാര, കൂവളമാല സമര്‍പ്പണം, മഹാവിഷ്ണു ക്ഷേത്രത്തില്‍ നെയ്വിളക്ക്, തുളസിമാല സമര്‍പ്പണം, ഗണപതിഭഗവാന് കറുകമാല സമര്‍പ്പണം.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി: ജന്മത്തില് ശുക്രന് 2 ല്‍ ബുധന്‍ 3 ല്‍ രവി 6 ല്‍ സര്‍പ്പന്‍ 7 ല്‍ ശനി 12 ല്‍ കുജന് ഗുരു കേതു.
ബുധന്റേയും ശുക്രന്റേയും സ്വാധീനത്താല്‍ വ്യക്തിത്വത്തിന് ആകര്‍ഷണത്വവും, പൊതുവെ പ്രസന്ന മനോഭാവവും അനുഭവപ്പെടും. വ്യാഴത്തിന്റേയും, കുജ, കേതു ഗ്രഹങ്ങളുടേയും വ്യയഭാവത്തിലെ സാന്നിധ്യത്താല്‍ സാമ്പത്തികരംഗത്ത് അല്‍പ്പം ക്ലേശതയോ അപ്രതീക്ഷിത നഷ്ടങ്ങളോ ഉണ്ടാകും. നിലവിലുള്ള തൊഴിലില്‍ നിന്നും മാറ്റം ആഗ്രഹിക്കും. ബുധന്റെ സ്വാധീനത്താല്‍ ആശയവിനിമയം ശക്തമാകും. പത്രപ്രവര്‍ത്തനം, നിയമമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ ഉന്നതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് 7-ാം ഭാവത്തിലെ ശനിയുടെ സാന്നിധ്യത്താല്‍ അശ്രദ്ധയും അലസതയും അനുഭവപ്പെടാനിടയുണ്ട്. വലിയ സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് മുതിരാതെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് പണം മുടക്കുന്നത് സാമ്പത്തികഭദ്രതയ്ക്ക് വഴിയൊരുക്കും. നൂതന സംരംഭങ്ങള്‍ക്ക് അത്ര അനുകൂല സമയമല്ല. വിദേശവാസത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നീങ്ങാനിടയുണ്ട്. പ്രതിസന്ധികളെ മറികടക്കും.ശത്രുജയമുണ്ടാകും.
ദോഷപരിഹാരങ്ങള്‍: വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, പാല്പായസ വഴിപാട്, തുളസിഹാരം, മുരുകക്ഷേത്രത്തില്‍ കുമാരസൂക്താര്‍ച്ചന, പനിനീര് അഭിഷേകം, ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ, നെയ്വിളക്ക്.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: ജന്മത്തില് ബുധന്‍ 2 ല്‍ രവി 5 ല്‍ സര്‍പ്പന്‍ 6 ല്‍ ശനി 11 ല്‍ ഗുരു കുജന് കേതു 12 ല്‍ ശുക്രന്.
ശനിയുടെ 6-ാം ഭാവത്തിലെ സ്വാധീനം കഠിനാധ്വാനത്തിനനുസൃതമായ മികച്ച ഫലം ലഭിക്കും. സന്താനങ്ങള്‍ക്ക് പഠനസംബന്ധിയായി വിഘ്നങ്ങള്‍ അനുഭവപ്പെടും. 11-ാം ഭാവത്തിലെ ഗുരുകേതു സ്വാധീനത്താല്‍ ആത്മീയമായ ഉണര്‍വ് ലഭിക്കും. കുടുംബത്തോടൊപ്പം പുണ്യസ്ഥല ദര്ശനഭാഗ്യമുണ്ടാകും. സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പല കാര്യങ്ങള്‍ക്കും മധ്യസ്ഥത വഹിക്കാനുമുള്ള അവസരമുണ്ടാകും. ഉഷ്ണരോഗങ്ങളും, നാഡീസംബന്ധിയായ ക്ലേശതകളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. പൂര്‍വ്വിക സ്വത്തിന്റെ ലാഭമോ, പഴയ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനമോ ലഭിക്കാനിടയുണ്ട്. ആഡംബരാദികള്ക്ക് വ്യയം നടത്തും. 5-ാം ഭാവത്തിലെ സര്പ്പസ്ഥിതിയാല് സന്താനാരിഷ്ടതയുണ്ടാകാനിടയുണ്ട്. മനോസംഘര്ഷങ്ങള്, മനഃശ്ചാഞ്ചല്യം ഇവയ്ക്ക് വിധേയമാകും.
ദോഷപരിഹാരങ്ങള്‍: നാഗദൈവങ്ങള്‍ക്ക് നൂറും പാലും, നാഗസൂക്താര്ച്ചന, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന, നരസിംഹമൂര്‍ത്തിക്ക് പാനകനിവേദ്യം, നവഗ്രഹങ്ങള്‍ക്ക് അര്‍ച്ചന.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഗ്രഹസ്ഥിതി: ജന്മത്തില് രവി, 4 ല്‍ സര്‍പ്പന്‍ 5 ല്‍ ശനി 10 ല്‍ കുജന് ഗുരു കേതു 11 ല്‍ ശുക്രന് 12 ല്‍ ബുധന്‍.
രാശ്യാധിപനായ കുജന്റെ 10-ാം ഭാവത്തിലെ സ്വാധീനവും ഗുരു കേതു യോഗവും ഊര്‍ജ്ജസ്വലതയും, കര്‍മ്മരംഗത്ത് നേട്ടവും കൊണ്ടുവരും. ജന്മരാശിയിലെ ആദിത്യന്റെ സാന്നിധ്യം ഉഷ്ണപിത്തജന്യ ക്ലേശതകള്ക്ക് വഴിയൊരുക്കും. ആയതിനാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. സന്താനങ്ങള്‍ക്ക് കര്‍മ്മരംഗത്ത് ഉന്നതിയുണ്ടാകും. വിദേശവാസത്തിന് അനുകൂല സാഹചര്യമുണ്ടാകും. കുടുംബാംഗങ്ങളുമായി സന്തുഷ്ടമായ ഗൃഹാന്തരീക്ഷവും, മാതാവിന് അല്‍പ്പം ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടും. പ്രണയവിവാഹത്തിന് അനുകൂല സാഹചര്യമുണ്ടാകും. ക്രയവിക്രയ രംഗത്ത് നേട്ടം കൈവരിക്കും.
ദോഷപരിഹാരങ്ങള്‍: കുടുംബപരദേവതയ്ക്ക് അര്‍ച്ചന വഴിപാട്, ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, ഭസ്മാഭിഷേകം, മുരുകക്ഷേത്രത്തില്‍ പഞ്ചാമൃത അഭിഷേകം, വേല് സമര്‍പ്പണം, ഗണപതിഭഗവാന് കറുകമാല സമര്‍പ്പണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ഗ്രഹസ്ഥിതി: 3 ല്‍ സര്‍പ്പന്‍ 4 ല്‍ ശനി 9 ല്‍ ഗുരു കേതു കുജന് 10 ല്‍ ശുക്രന് 11 ല്‍ ബുധന്‍ 12 ല്‍ രവി.
9-ാം ഭാവത്തിലെ വ്യാഴത്തിന്റെ സ്വാധീനത്താല്‍ വെല്ലുവിളികളും തടസ്സങ്ങളും മറികടന്ന് പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. 4-ാം ഭാവത്തിലെ ശനിസ്ഥിതിയാല് മാതൃക്ലേശതയോ, കുടുംബാന്തരീക്ഷത്തില്‍ അപ്രതീക്ഷിത അസ്വസ്ഥതകളോ ഫലമാകും. പ്രണയസാഫല്യമുണ്ടാകും. വൈവാഹിക കാര്യത്തില്‍ തീരുമാനമുണ്ടാകും. മേലധികാരികളില്‍ നിന്നും ഉന്നതരില്‍ നിന്നും പ്രശംസ ലഭിക്കും. വീട്, വാഹനാദികള്‍ ഇവയുടെ ലാഭം, ക്രയവിക്രയം ഇവയ്ക്ക് അവസരമൊരുങ്ങും. ദീര്‍ഘകാലമായി ലഭിക്കാതിരുന്ന ധനം ലഭിക്കാനിടയുണ്ട്. സന്താനങ്ങള്‍ക്ക് ഉന്നതിയുണ്ടാകാനിടയുണ്ട്. എങ്കിലും അവരുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. അനാവശ്യയാത്രകളും, വാഹന ഉപയോഗവും ഒഴിവാക്കുകയും സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്ത്തേണ്ടതുമാകുന്നു.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് എണ്ണ അഭിഷേകം, നീലപ്പട്ട് സമര്‍പ്പണം, മഹാവിഷ്ണുവിന് പുരുഷസൂക്താര്‍ച്ചന, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, തൃമധുര നിവേദ്യം.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ഗ്രഹസ്ഥിതി: 2 ല്‍ സര്‍പ്പന്‍ 3 ല്‍ ശനി 8 ല്‍ ഗുരു കേതു കുജന് 9 ല്‍ ശുക്രന് 10 ല്‍ ബുധന്‍ 11 ല്‍ രവി.
8-ാം ഭാവത്തിലെ ഗുരു കേതു കുജസ്ഥിതിയാല് അപ്രതീക്ഷിത വെല്ലുവിളികള്‍ ഉണ്ടാകാനിടയുള്ള കാലഘട്ടമാണ്. ശുക്രന്റെ 10-ാം ഭാവത്തിലോട്ടുള്ള സഞ്ചാരം കര്‍മ്മരംഗത്ത് പുരോഗതിയും, മേലധികാരികളില്‍ നിന്ന് പ്രശംസയും സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണയ്ക്കും വഴിയൊരുക്കും. ആരോഗ്യപരമായി അത്ര അനുകൂലസമയമല്ല. ശ്വാസജന്യക്ലേശതകളും, സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധിയായും, ഉദരവൈഷമ്യതകളും അനുഭവപ്പെടാനുള്ള കാലഘട്ടമാണ്. 2-ാം ഭാവം സര്പ്പസ്ഥിതനാകയാല് വാക്കിലും, സാമ്പത്തിക ഇടപാടുകളിലും സംയമനവും നിഷ്കര്‍ഷതയും പുലര്‍ത്തേണ്ടതാകുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും വിദേശവാസത്തിനും അനുകൂല സമയമാണ്. പ്രണയസാഫല്യവും വിവാഹതീരുമാനവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധിയായി കൂടുതല്‍ പ്രയത്നം ആവശ്യമായി വരും. കുട്ടികളുടെ പെരുമാറ്റത്തില്‍ രക്ഷിതാക്കളുടെ പ്രത്യേകശ്രദ്ധ ആവശ്യമായി വരും. നിയമപരമായി അത്ര അനുകൂലസമയമല്ലാത്തതിനാല് പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് കിരാതാഷ്ടകാര്ച്ചന, നാഗദൈവങ്ങള്‍ക്ക് നൂറും പാലും, മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, നെയ്വിളക്ക്, ദുര്‍ഗ്ഗാദേവിക്ക് നെയ്വിളക്ക്, നരസിംഹമൂര്‍ത്തിക്ക് പാനക നിവേദ്യം.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ഗ്രഹസ്ഥിതി: ജന്മത്തില് സര്‍പ്പന്‍ 2 ല്‍ ശനി 7 ല്‍ കുജന് ഗുരു കേതു 8 ല്‍ ശുക്രന് 9 ല്‍ ബുധന്‍ 10 ല്‍ രവി.
ആദ്യവാരത്തെ അപേക്ഷിച്ച് വ്യാഴത്തിന്റെ 7-ാം ഭാവത്തിലെ സ്വാധീനം അനുകൂല സാഹചര്യങ്ങള്‍ കൊണ്ടുവരും. ജന്മരാശിയിലെ രാഹുസ്ഥിതി കുജ കേതു ദൃഷ്ടിയാല്‍ ആരോഗ്യകാര്യത്തിലും സാമ്പത്തികരംഗങ്ങളിലും വാഹനാദികളുടെ ഉപയോഗത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. ഔദ്യോഗികരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായും, നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. ഉന്നതരില്‍ നിന്നും സ്വാധീനവും, സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായസഹകരണങ്ങളും ലഭിക്കും. അലര്‍ജി, ത്വക്ജന്യക്ലേശതകള്ക്ക് വിധേയമാകും. ആത്മീയപരമായ ഉണര്‍വ്വ് കൈവരും. പുണ്യസ്ഥലങ്ങള്‍ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടാകും.
വിദേശയാത്രയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക അസ്ഥിരത്വം ഒഴിവാക്കുന്നതിനായി പണത്തിന്റെ കൈകാര്യത്തില്‍ അച്ചടക്കം പാലിക്കേണ്ട സമയമാണ്.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നെയ്വിളക്ക്, ഹനുമാന്‍സ്വാമിക്ക് വെറ്റമാല, നാഗദൈവങ്ങള്‍ക്ക് നൂറും പാലും, നാഗസൂക്താര്ച്ചന, ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ശിവക്ഷേത്രത്തില്‍ ധാര.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഗ്രഹസ്ഥിതി: ജന്മത്തില് ശനി 6 ല്‍ കേതു കുജന് ഗുരു 7 ല്‍ ശുക്രന് 8 ല്‍ ബുധന്‍ 9 ല്‍ രവി 12 ല്‍ സര്‍പ്പന്‍.
രാശിനാഥനായ ഗുരുവിന്റെ 6-ാം ഭാവത്തിലേക്കുള്ള സഞ്ചാരവും ജന്മരാശിയിലെ ശനിയും അല്‍പ്പം സങ്കീര്‍ണ്ണതയും വെല്ലുവിളികളും ഉണ്ടാക്കുമെങ്കിലും വാരാന്ത്യത്തോടെയുള്ള ശുക്രന്റെ രാശിമാറ്റം അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ മുതലായ മേഖലകളില്‍ നിന്നും അനുകൂല തീരുമാനങ്ങളുണ്ടാകും. കുടുംബങ്ങളുടേയും, സുഹൃത്തുക്കളുടേയും ഇടയിലുണ്ടായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പരിഹാരം കണ്ടെത്താനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാദ്ധ്വാനം ആവശ്യമായി വരും. കലാകാരന്മാര്ക്ക് വാരാന്ത്യത്തോടെ പുതിയ അവസരങ്ങള്‍ വന്നുചേരും. 12-ാം ഭാവത്തിലെ രാഹുവിന്റെ സ്ഥിതിയാല്‍ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തിലെ വയോധികരുടെ ആരോഗ്യത്തില്‍ പ്രത്യേകശ്രദ്ധ ആവശ്യമായി വരും. വാത, പേശീസംബന്ധിയായ അരിഷ്ടതകളും ദഹനപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വൈവാഹിക കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂലസമയമാണ്. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും.
ദോഷപരിഹാരങ്ങള്‍: മഹാവിഷ്ണുക്ഷേത്രത്തില്‍ തുളസിഹാരം, നെയ്വിളക്ക്, ദുര്‍ഗ്ഗാദേവിക്ക് ഭാഗ്യസൂക്താര്‍ച്ചന, നെയ്വിളക്ക്, നവഗ്രഹങ്ങള്‍ക്ക് നീരാജനം, ഹനുമാന് സ്വാമിക്ക് വെറ്റമാല.
പാല്‍ക്കുളങ്ങര എസ്. ഗണപതിപോറ്റി
ഫോണ്‍: 9847022273
