ഗജേന്ദ്രമോക്ഷവും  കര്‍ക്കിടകവും

ഗജേന്ദ്രമോക്ഷവും കര്‍ക്കിടകവും

HIGHLIGHTS

ഭക്തന്‍റെ ദുഃഖംകേട്ട മാത്രയില്‍ ഭഗവാന്‍ ഉടന്‍ എത്തി സഹായിക്കും എന്നതിന്‍റെ ദൃഷ്ടാന്തമാണ് 'ഗജേന്ദ്രമോക്ഷം' 

ര്‍ക്കിടക മാസത്തിലാണ് ദക്ഷിണായനപുണ്യകാലം ആരംഭിക്കുന്നത്. സൂര്യന്‍ വടക്കുദിക്കില്‍ നിന്നും തെക്കോട്ട് യാത്ര ചെയ്യുന്ന കാലമാണിത്. ഇത് മഴക്കാലത്തിന്‍റെ ആരംഭത്തെ കുറിക്കുന്നു.

ഒരിക്കല്‍ പാര്‍വ്വതിദേവി പരമേശ്വരനോട് ഒരു അഭ്യര്‍ത്ഥന നടത്തി. പരമേശ്വരന്‍റെ ദേഹത്തില്‍ പകുതി മഹാവിഷ്ണുവിന് നല്‍കണം എന്ന് ദേവി ആവശ്യപ്പെട്ടു. ദേവിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച മഹേശ്വരന്‍ പൊതികൈ(സഹ്യപര്‍വ്വതം) മലയിലുള്ള പുന്നവനത്തില്‍ തപസ്സനുഷ്ഠിച്ചാല്‍ ദേവിയുടെ ആഗ്രഹം സഫലമാവും എന്ന് അരുളി ചെയ്തു. അതുപ്രകാരം ഉമാദേവി സൂചിമുനയില്‍ ആസനസ്ഥയായി കടുംതപസ്സനുഷ്ഠിച്ചു. ദേവിയുടെ തപസ്സില്‍ സംപ്രീതനായ മഹേശ്വരന്‍ കര്‍ക്കിടക മാസത്തിലെ പൗര്‍ണ്ണമിനാളില്‍ ഉത്രാടം നക്ഷത്രത്തില്‍ പാര്‍വ്വതിദേവിക്ക് ഇവിടെ ശങ്കരനാരായണനായി ദര്‍ശനം നല്‍കി എന്നാണ് ഐതിഹ്യം.

ഗജേന്ദ്രന്‍ എന്ന ആനയെ ഒരു മുതല കടിച്ചുപിടിച്ചു. വേദനകൊണ്ട് പുളഞ്ഞ ആന ഭഗവാന്‍ വിഷ്ണുവിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്, 'ആദിമൂലമേ' എന്നുവിളിച്ചുകൊണ്ട് അലമുറയിട്ടു. അതിന്‍റെ കരച്ചില്‍ കേട്ട ഭഗവാന്‍ ആ ക്ഷണം തന്‍റെ ചക്രായുധം തൊടുത്തുവിട്ട് മുതലയെ കൊന്ന് ഗജേന്ദ്രനെ രക്ഷിച്ച സംഭവം കര്‍ക്കിടകത്തിലാണ് നടന്നത്. ഇതിനെ തമിഴ്നാട്ടിലെ എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും 'ഗജേന്ദ്രമോക്ഷം' എന്ന പേരില്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുന്നു. ഭക്തന്‍റെ ദുഃഖംകേട്ട മാത്രയില്‍ ഭഗവാന്‍ ഉടന്‍ എത്തി സഹായിക്കും എന്നതിന്‍റെ ദൃഷ്ടാന്തമായി 'ഗജേന്ദ്രമോക്ഷം' സംഭവത്തെ പുകഴ്ത്തുന്നു.

ഹയഗ്രീവ അവതാരം നടന്നത് ആടി മാസത്തിലെ പൗര്‍ണ്ണമി ദിവസമാണ്. അതുകൊണ്ട് ഈ ദിവസം വിഷ്ണുവിന്‍റെ അവതാരമായ ഹയഗ്രീവന് പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.

മഹാവിഷ്ണുവിന്‍റെ വാഹനമായ ഗരുഡനെ'ഗരുഡാഴ്വാര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍ക്കിടകത്തിലെ ചോതി നാളിലാണ് ഗരുഡാഴ്വാര്‍ അവതരിച്ചത്. ഈ ദിവസം ഭക്തര്‍ 'ഗരുഡ  പഞ്ചമി' എന്ന പേരില്‍ വ്രതം അനുഷ്ഠിച്ച് ആഘോഷിക്കുന്നു.

Photo Courtesy - Google