ഗണപതിക്കുന്നിലെ ഗജാനനൻ
ഗോവ- മുംബൈ മാർഗ്ഗമദ്ധ്യേ രത്നഗിരിയ്ക്ക് സമീപത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് ഗണപതി പുലേ. പേര് അന്വർത്ഥമാക്കുംവിധം ഈ പുണ്യഭൂമി ഗണപതി ഭഗവാന്റേതാണ്. ഗണപതി പുലേയിൽ ഭക്തരുടെ ദുരിതങ്ങളും വിഘ്നങ്ങളും അകറ്റുന്ന ഗണപതി ഗജാനൻ, മഹോദരൻ എന്നീ നാമധേയങ്ങളിൽ ഇവിടെ എഴുന്നെള്ളി അനുഗ്രഹം വർഷിക്കുന്നു.
വനപ്രദേശമായിരുന്ന ഇവിടെ പീഡേ എന്ന ഒരു ഗണപതി ഭക്തൻ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഗണപതി ഭക്തരുടെ വിഷമങ്ങളകറ്റാൻ എത്തിയ താൻ ഇവിടെ ഈ മലമ്പ്രദേശത്ത് കുടികൊള്ളുന്നതായി അരുളി ചെയ്തു. ഈ അവസ്ഥയിൽ പീഡേയുടെ പശുക്കളിൽ ഒന്ന് ദിവസവും പാലുനൽകുവാൻ വിസമ്മതിച്ചുപോന്നു. കാരണം അന്വേഷിച്ചപ്പോൾ പശു ഒരു നിശ്ചിത സ്ഥലത്ത് ചെന്ന് അവിടെ പാൽ ചൊരിയുന്നത് കാണാനായി. അവിടം പരിശോധിച്ച പീഡേ മണ്ണിൽ ഒരു ഗണപതി ശില മണ്ണുമൂടി കിടക്കുന്നത് കണ്ടു. അദ്ദേഹം അവിടെ വൃത്തിയാക്കി ചെറിയൊരു ക്ഷേത്രം പണിത് പൂജ തുടങ്ങി. മഹോദരൻ(പടിഞ്ഞാറ് ദിക്കിന്റെ ദൈവം) ഗജാനനൻ (ആനയുടെ വദനത്തോടുകൂടിയവൻ) എന്നീ പേരുകൾ ഈ ഗണപതിക്ക് നൽകി. ഗണപതി പുലേ എന്നാൽ ഗണപതിക്കുന്ന് എന്നാണ് അർത്ഥം. കടലും മലയും ചേർന്ന ഈ പ്രദേശത്ത് ഇരുപത് ഏക്കർ വിസ്തീർണ്ണമുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം അഞ്ഞൂറ് വർഷം മുമ്പ് നിർമ്മിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ചെങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണിതിട്ടുള്ളത്. കൊങ്കൺ വാസ്തു ശൈലിയിൽ നിർമ്മിക്കപ്പെട്ട 'ജഗ് മോഹൻ' എന്ന മണ്ഡപവും ഇവിടെയുണ്ട്. ഈ മലയെ ത്തന്നെ ഗണപതിയായി സങ്കൽപ്പിച്ച് 'ലംബോദരാ'(വലിയ കുടവയറോടുകൂടിയവൻ) എന്നും ഭക്തർ വിളിക്കുന്നു. ക്ഷേത്രത്തിന്റെ പ്രവേശനകവാടം നാലടി മാത്രം ഉയരമുള്ളതിനാൽ കുനിഞ്ഞുവേണം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ. മലയെ ചുറ്റിയുള്ള ഒരു കിലോ മീറ്റർ നീളമുള്ള പാതയിൽ ഭക്തർ ഗിരിവലം വയ്ക്കുന്നു.
വിനായകചതുർത്ഥി നാളിൽ ശീവേലി മൂർത്തിയായ ഗണപതി ഭഗവാൻ പല്ലക്കിൽ എഴുന്നെള്ളുന്നു. പുലേ ഗ്രാമത്തിലെ ജനങ്ങൾ വിനായകചതുർത്ഥി ദിവസം വീടുകളിൽ പൂജ ചെയ്യറില്ല. ക്ഷേത്രത്തിൽ ഒത്തുചേർന്ന് ഗണപതി പൂജ നടത്തുന്നു. ശ്രീകോവിൽ മൂർത്തിക്ക് സിന്ദൂരം പൂശിയിട്ടുള്ളതിനാൽ നല്ല ചുവന്ന തുടുത്ത നിറത്തോടെ കാണപ്പെടുന്നു. ശ്രീകോവിലിൽ ചെറിയ ഒരു ഗണപതി വിഗ്രഹവും കാണാം. കടൽക്കരയിൽ സൂര്യോദയവും അസ്തമയവും കാണാനും ജനങ്ങൾ കൂട്ടമായി എത്തുന്നുണ്ട്. സഹ്യാദ്രി മലനിരയും കടൽതീരവും തെങ്ങും കശുമാവും മാവും നിറഞ്ഞ ഹരിതസമൃദ്ധമായ ഭൂമിയിൽ കുടികൊണ്ട് അനുഗ്രഹം വർഷിക്കുന്ന ഗണപതി പുലേ ഗജാനനൻ(ഗണപതി) ക്ഷിപ്രപ്രസാദിയാണെന്നാണ് ഭക്തർ പറയുന്നത്. തന്നെ തേടി എത്തുന്ന ഭക്തരുടെ പ്രാർത്ഥനകൾ എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കുന്നു ഈ ഗണപതി ഭഗവാൻ. ഭക്തരുടെ ദുരിതങ്ങൾ അകറ്റുവാനായി സ്വയം ഭൂവായി അവതരിച്ച് എഴുന്നെള്ളിയിട്ടുള്ള മഹോദരനെ ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശിക്കാനായാൽ ജന്മപുണ്യം തന്നെ. ഗോവ, മുംബൈ റോഡിൽ 225 ൽപരം കിലോമീറ്റർ അകലെയുള്ള ചന്ദ്രഗിരിയിൽ നിന്നും അമ്പതുകിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. ഗോവയിൽ നിന്നും 290 കിലോമീറ്ററും മുംബയിൽ നിന്നും 325 ൽപരം കിലോമീറ്ററും മുംബയിൽനിന്നും 325 ൽ പരം കിലോമീറ്ററും ദൂരമുണ്ട് ഗണപതി പുലേ ഗജാനനക്ഷേത്രത്തിലേയ്ക്ക്.
