ഗര്‍ഭിണികള്‍ പൂജിക്കേണ്ട ദേവതകള്‍

ഗര്‍ഭിണികള്‍ പൂജിക്കേണ്ട ദേവതകള്‍

HIGHLIGHTS

സ്ത്രീജന്മത്തിന്‍റെ പുണ്യവും പൂര്‍ണ്ണതയുമാണ് മാതൃത്വം. ശാരീരിക- മാനസിക വെല്ലുവിളികള്‍ ഏറെയുള്ള കാലഘട്ടമാണ്. ഗര്‍ഭകാലമെങ്കിലും മാതൃസ്നേഹത്തിന്‍റെ അനിര്‍വ്വചനീയമായ നാളുകള്‍ തന്നെയാണത്രേ ഗര്‍ഭകാലം. ഇക്കാലത്ത് ഒരു സ്ത്രീയില്‍ രണ്ട് ഹൃദയമാണുള്ളത്. അതിനാല്‍ ഈ കാലഘട്ടത്തിലെ സ്ത്രീയുടെ ചിന്തകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കുമൊക്കെ വലിയ പ്രാധാന്യമാണുള്ളത്. തന്‍റെയുള്ളില്‍ മറ്റൊരു ജീവന്‍ മിഴി തുറക്കുമ്പോള്‍ ഔഷധസേവയ്ക്കൊപ്പം ഈശ്വരസ്മരണയുമായി കഴിച്ചുകൂട്ടേണ്ട നാളുകളാണിത്. ഗര്‍ഭകാലത്ത് സ്ത്രീയുടെ ഓരോ മാസങ്ങളിലും ഓരോ ഗ്രഹങ്ങള്‍ക്ക് സ്വാധീനമുണ്ടത്രേ. അതാത് മാസത്തിലെ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നത് ഗര്‍ഭകാലം ആയാസമില്ലാതെ, സല്‍സന്താനങ്ങളുടെ പിറവിക്ക് കാരണമാകും.. പ്രശസ്ത ജ്യോതിഷഗ്രന്ഥം ഹോരാശാസ്ത്രത്തില്‍ വരാഹമിഹിരാചാര്യന്‍ ഗര്‍ഭകാലത്തെക്കുറിച്ച് ശ്ലോകങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്.

 ഗര്‍ഭധാരണം മുതല്‍ ഒരു മാസം ബീജവും, അണ്ഡവും തമ്മില്‍ മിത്രങ്ങളായി ഭവിക്കും. ശുക്രന്‍ ശുക്ലശോണിത മിശ്രിതഭാവത്തില്‍ നിതാനമാകും. ആദ്യമാസത്തിന്‍റെ കാരകന്‍ ശുക്രനാണ്. വെള്ളിയാഴ്ചയുടെ അധിപനാണത്രേ ശുക്രന്‍. ആദ്യമാസങ്ങളില്‍ ലക്ഷ്മിദേവിയേയും, ഗണപതിയേയും പ്രാര്‍ത്ഥിക്കുക. ലക്ഷ്മി വിനായകമന്ത്രത്താല്‍ ഗണപതിഹവനം നടത്തുകയും ശുക്രഗ്രഹശാന്തി പൂജ നടത്തുകയും ചെയ്യണം. വെള്ളിയാഴ്ചകളില്‍ മഞ്ഞവസ്ത്രങ്ങള്‍ ധരിക്കണം. ചെറുപയര്‍ മുളപ്പിച്ചോ അല്ലാതെയോ കഴിക്കുകയും വെള്ളിമോതിരം ധരിക്കുകയും ചെയ്യുക. ഗര്‍ഭകാലത്ത് ഗണപതിക്ക് കറുകമാല, മുക്കുറ്റിമാല സമര്‍പ്പിക്കാം. നാളികേരം ഉടയ്ക്കേണ്ടതില്ല. അപ്പവും, മോദകവും നിവേദ്യമായി സമര്‍പ്പിക്കുന്നത് ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നന്ന്. 'ഓം ഗം ഗണപതയേ നമഃ' എന്ന ഗണേശമൂലമന്ത്രം ദിനവും നിരന്തരം ജപിക്കുക. ഗണേശസഹസ്രനാമം പാരായണം ചെയ്യുകയും ഗണപതിഗായത്രികള്‍ പത്ത് തവണയെങ്കിലും ചൊല്ലാന്‍ ശ്രമിക്കുക.

ഗണപതി ഗായത്രികള്‍

'ഓം ഏകദന്തായ വിദ്മഹേ 
വക്രതുണ്ഡായ ധീമഹി 
തന്നോ ദന്തിഃ പ്രചോദയാത്.
                  ***
'ഓം ലംബോദരായ വിദ്മഹേ   
 വക്രതുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്.

ശുക്രസ്തോത്രം

ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം.

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ഗണപതിയെ ധ്യാനിച്ച് ചൊല്ലേണ്ട മന്ത്രങ്ങള്‍

ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
ചിത്രരത്നവിചിത്രാഗം
ചിത്രമാലാ വിഭൂഷിതം
കാമധൂപധരം ദേവം
വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം
മാതൃഭീര്‍ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം
സര്‍വ്വവിഘ്നഹരം ദേവം
സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം
ഗജാനനം ഭൂതഗണാദി 
സേവവിതം
കപിത്ഥജംഭു ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം നമാമി വിഘ്നേശ്വര പാദപങ്കജം

* രണ്ടാം മാസത്തില്‍ മിശ്രീഭൂതരായിരിക്കുന്ന ശുക്ലശോണിതങ്ങള്‍ കഠിനമായി ഭവിക്കും. ഇതിന്‍റെ കാരകന്‍ ചൊവ്വ. കോശത്തില്‍ നിന്ന് ഭ്രൂണമായി മാറുന്ന കാലമാണിത്. ഹൃദയമിടിപ്പ് കുഞ്ഞിന് ഉണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. ചൊവ്വായുടെ അധിപനാണ് കുജന്‍. മനുഷ്യന്‍റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് കുജനാണത്രേ. കുജപ്രീതിക്കായി ചൊവ്വാഴ്ചകളില്‍ ഇളം ചുവപ്പോ, ചിത്രത്തുന്നലുള്ള വസ്ത്രമോ ധരിക്കുക. ചെമ്പ് മോതിരം ധരിക്കുകയും, കുജശാന്തിപൂജ നടത്തുകയും ചെയ്യുക. തുവര കഴിക്കുക. സുബ്രഹ്മണ്യനേയും ഭദ്രകാളിയേയും ഭജിക്കണം. ലളിതസഹസ്രനാമം ജപിക്കുന്നതും ഉത്തമം. മഹാലക്ഷ്മീസ്തവം ജപിക്കുന്നതും നന്ന്. ചൊവ്വാഴ്ച ദേവിക്ഷേത്രദര്‍ശനം അത്യുത്തമം.

കുജസ്തോത്രം

ധരണീഗര്‍ഭസംഭൂതം വിദ്യുത്കാഞ്ചനസന്നിഭം.
കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം

സുബ്രഹ്മണ്യഗായത്രി

സനല്‍കുമാരായ വിദ്മഹേ
ഷഡനനായ ധീമഹി
തന്നോ സ്കന്ദഃ 
പ്രചോദയാത്

(10 തവണ ചൊല്ലുക)

* മൂന്നാം മാസത്തില്‍ ഹൃദയം, തലച്ചോറ് തുടങ്ങിയ അവയവങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. വ്യാഴത്തിനാണ് കാരകത്വം. ഗുരുവാണ് അധിപന്‍. വിഷ്ണുക്ഷേത്രദര്‍ശനം ഏറെ പ്രാധാന്യം. ഹരിനാമകീര്‍ത്തനം, ശ്രീകൃഷ്ണ സന്ധ്യാനാമം ഇവ ചൊല്ലണം. വ്യാഴാഴ്ചകളില്‍ മഞ്ഞനിറമുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ധാരാളം കടല കഴിക്കുക. സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുക. ഭാഗവത സപ്താഹങ്ങളില്‍ പങ്കെടുക്കുക. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ മന്ത്രമായ 'ഹരേ രാമ' എന്നതാണ്.

'ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ 
ഹരേ ഹരേ'

ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തിളങ്ങും.

വ്യാഴസ്തോത്രം

ദേവനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം ഗുരും പ്രണതോസ്മ്യകം

* നാലാം മാസത്തില്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവസ്തോത്രങ്ങള്‍ ചൊല്ലുകയും ശിവപുരാണം വായിക്കുകയും ചെയ്യുക. സൂര്യനെ ഭജിക്കുകയും  ഗോതമ്പ് കലര്‍ന്ന ഭക്ഷണം കഴിക്കുക. ഞായറാഴ്ച ചുവപ്പ് ചേര്‍ന്ന വസ്ത്രം ധരിക്കണം. നാലാം മാസത്തിലാണ് ഗര്‍ഭസ്ഥ ശിശുവിന് അസ്ഥികള്‍ ഉണ്ടാകുന്നത്. ഇതിന്‍റെ കാരകത്വം സൂര്യദേവനാണത്രേ.

* അഞ്ചാം മാസത്തിലാണ് ഗര്‍ഭസ്ഥ ശിശുവിന് ചര്‍മ്മം ഉണ്ടാകുന്നത്. കാരകന്‍ ശനിയാണത്രേ. ചന്ദ്രനെ പ്രാര്‍ത്ഥിക്കണം. ദുര്‍ഗ്ഗയെ ഭജിക്കണം. തിങ്കളാഴ്ച വെള്ളവസ്ത്രം ധരിക്കുക. പച്ചരി ചേര്‍ന്ന ഭക്ഷണം അധികമായി കഴിക്കുക.

* ആറാം മാസത്തിലാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ബോധതലം ഉണരുന്നത്. രോമം, തലമുടി എന്നിവ ഉണ്ടാകുന്നതും ഈ മാസത്തിലാണത്രേ. ഈ മാസത്തിന്‍റെ കാരകത്വം ശനിക്കാണ്. ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിയാഴ്ച ശാസ്താവിന് നീരാജനം, കറുത്തവസ്ത്രം അന്ന് ധരിക്കുക. സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച് ശാസ്താപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിക്കുക. എള്ള് ചേര്‍ന്ന ഭക്ഷണം കഴിക്കുക. എള്ളെണ്ണ തേച്ച് കുളിക്കുക. കാക്കകള്‍ക്ക് ഭക്ഷണം നല്‍കണം. ക്ഷേത്രദര്‍ശനം നടത്തേണ്ടതില്ലത്രേ.

ശാസ്താമന്ത്രങ്ങള്‍

'ഓം കപാലിനേ നമഃ
ഓം മാനനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം ഋഗ്വേദ രൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചക്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം മദനായ നമഃ'

* ഗര്‍ഭസ്ഥ ശിശുവിന് ജ്ഞാനവും ബുദ്ധിയും ഉണ്ടാകുന്ന കാലയളവാണ് ഏഴാം മാസം. ബുധനാണ് കാരകന്‍. ബുധസ്തോത്രം ചൊല്ലുക, വിഷ്ണു സഹസ്രനാമം ചൊല്ലുക, പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ചാമക്കഞ്ഞി തയ്യാറാക്കി സേവിക്കണം. ക്ഷേത്രദര്‍ശനം ഒഴിവാക്കുക.

* ഏഴാം മാസത്തിലാണ് വയറ് കാണല്‍ ചടങ്ങ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ശ്വാസകോശം, കരള്‍ എന്നിവയുടെ വളര്‍ച്ചയും പൂര്‍ത്തിയാകുന്നതും ഈ മാസമാണ്. സന്താനഗോപാലമന്ത്രം ജപിക്കുന്നത് ഏറെ നന്ന്. കുഞ്ഞിന്‍റെ കലാവാസനകളെ ഉണര്‍ത്താന്‍ കൃഷ്ണഭക്തി ഗാനങ്ങള്‍ കേള്‍ക്കുക.

* എട്ടാം മാസമാണ് കുഞ്ഞ് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത്. വിശപ്പ്, ദാഹം എന്നിവ കുഞ്ഞിനുണ്ടാകും. ശുക്രനാണ് ഈ മാസത്തെ കാരകന്‍. ഗണപതിയേയും മഹാലക്ഷ്മിയേയും പ്രാര്‍ത്ഥിക്കുക. മഹാലക്ഷ്മീസ്തവം നിത്യേനചൊല്ലുക. ഗായത്രിമന്ത്രത്തോടൊപ്പം ശുക്രഗായത്രിയും ചൊല്ലുക.

സുഖപ്രസവത്തിനായി

'യാ ദേവി സര്‍വ്വഭൂതേഷു മാതൃരൂപേണ
സംസ്ഥിതാ നമസ്തസ്യൈ
നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ'

എന്ന് നിരന്തരം ജപിക്കുക.

ശുക്രഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത്

ഒമ്പതാം മാസം ഉദ്വേഗം ജനിക്കും. ഈശ്വരാധീനം ഏറെ വേണ്ട മാസമാണിത്. എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കാവുന്ന കാലവുമാണിത്. ചന്ദ്രനാണ് കാരകത്വം. ദുര്‍ഗ്ഗാദേവി ഭജനമാണ് വേണ്ടത്. തിങ്കളാഴ്ച ശിവനേയും പാര്‍വ്വതിയേയും തുല്യമായി ആരാധിക്കുക. ദേവീമാഹാത്മ്യപാരായണം, ലളിതസഹസ്രനാമം ജപിക്കുക.

Photo Courtesy - Google