ഗുരുപവനപുരിയിലെ  ഗോകുലാഷ്ടമി

ഗുരുപവനപുരിയിലെ ഗോകുലാഷ്ടമി

HIGHLIGHTS

ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും, രോഹിണിയും ചേര്‍ന്നാല്‍ അഷ്ടമിരോഹിണിയായി. ഗോകുലാഷ്ടമി, ജന്മാഷ്ടമി എന്നിങ്ങനേയും ഈ സുദിനം അറിയപ്പെടുന്നു. ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണാവതാരമെന്ന് വിശേഷിപ്പിക്കുന്ന ശ്രീകൃഷ്ണന്‍ മഹര്‍ഷിമാരുടെയും, ദേവന്മാരുടേയും ആഗ്രഹപ്രകാരം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച സുദിനമാണിത്.

 

ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും, രോഹിണിയും ചേര്‍ന്നാല്‍ അഷ്ടമിരോഹിണിയായി. ഗോകുലാഷ്ടമി, ജന്മാഷ്ടമി എന്നിങ്ങനേയും ഈ സുദിനം അറിയപ്പെടുന്നു. ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണാവതാരമെന്ന് വിശേഷിപ്പിക്കുന്ന ശ്രീകൃഷ്ണന്‍ മഹര്‍ഷിമാരുടെയും, ദേവന്മാരുടേയും ആഗ്രഹപ്രകാരം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച സുദിനമാണിത്.

ഒരു ഘോരരാത്രിയില്‍ ദേവകി വാസുദേവന്മാരുടെ പുത്രനായി കൃഷ്ണന്‍ പിറന്നു. ദേവകിയുടേയും വാസുദേവരുടേയും മാനസികസംയോഗം മൂലമാണ് കൃഷ്ണജനനം സംഭവിച്ചതെന്ന് ഭാഗവതം പറയുന്നു.

കംസന്‍റെ കാരാഗൃഹത്തിലാണ് കൃഷ്ണജനനം. ജനിച്ചാലുടന്‍ കുരുന്നുകള്‍ കരയുന്നത് സ്വാഭാവികം. അവതാരമായിരുന്നെങ്കിലും ഭഗവാന് അതിനുള്ള അവകാശം ലഭിച്ചില്ല. കരച്ചിലടക്കിയവന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. അതൊരു കള്ളപ്പുഞ്ചിരിയായിരുന്നത്രേ. സര്‍വ്വരും മനസ്സില്‍ സംഗ്രഹിച്ച ആ കള്ളപ്പുഞ്ചിരിയില്‍ വിശ്വത്തിലെ സര്‍വ്വവ്യസനങ്ങളും അലിഞ്ഞില്ലാതെയായി... കള്ളച്ചിരിയുടെ മാസ്മരികതയില്‍ ഭക്തരുടെ വിങ്ങിപ്പൊട്ടലുകള്‍ നൊടിയിടയില്‍ പാല്‍പ്പുഞ്ചിരികളായി...

ഒരു ദിവസം പന്ത്രണ്ട് ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്ന മൂര്‍ത്തിയാണ് ഗുരുവായൂരപ്പന്‍. ദേവകി വാസുദേവര്‍ക്ക് കാരാഗൃഹത്തില്‍ വച്ച് നല്‍കിയ സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ രൂപമാണ് ഗുരുവായൂരപ്പന്‍ എന്നതാണ് വിശ്വാസം.

ദുഃഖദുരിതങ്ങള്‍ അകന്ന് ഐശ്വര്യവും, മോക്ഷപ്രാപ്തിയും നല്‍കുന്നതാണ് ഭഗവാന്‍റെ പൂജകളും ദര്‍ശനങ്ങളും. വേദഗുരു ബൃഹസ്പതിയും വായുദേവനും പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച സ്ഥലം ഗുരുവായൂരായെന്നും, പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയം ലഭിച്ചു എന്നതാണ് വിശ്വാസം.

ശ്രീകൃഷ്ണജയന്തി; ഗുരുവായൂരിലെ ആഹ്ലാദ ഉത്സവം

മഞ്ഞപ്പട്ടണിഞ്ഞ്, ശിരസ്സില്‍ മയില്‍പ്പീലിചൂടി, പൊന്നോടക്കുഴലുമായി ശ്രീലകത്ത് തിളങ്ങുന്ന ഉണ്ണിക്കണ്ണനെ ഒരു നോക്കുകാണാന്‍ അഷ്ടമിരോഹിണി ദിനം വന്‍ ഭക്തജനത്തിരക്കാണ് ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കണ്ണന്‍റെ വേഷം ധരിച്ചെത്തുന്ന കുട്ടികളാല്‍ ക്ഷേത്രപരിസരം നിറയും. ജന്മാഷ്ടമിക്ക് ഉണ്ണിക്കണ്ണനെ കണ്‍നിറയെ കാണാന്‍ തലേദിവസം രാത്രി എട്ടുമണിയോടെ ഭക്തര്‍ ക്യൂ നില്‍ക്കാന്‍ ആരംഭിക്കും. ക്ഷേത്രമതിലകം പുഷ്പ, ദീപാലംകൃതമായി ശോഭിക്കും.

പുലര്‍ച്ചെ 3 ന് നിര്‍മ്മാല്യം, വാകച്ചാര്‍ത്ത് എന്നിവയോടെ അഷ്ടമി ദിനാഘോഷങ്ങള്‍ക്ക് സമാരംഭം. അന്നേദിനം പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം എന്നിവ ഉണ്ടാകാറില്ല.

എഴ് മണിയോടെ പഞ്ചാരിമേള അകമ്പടിയോടെ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിച്ച് കാഴ്ചശീവേലി നടക്കും. ഒമ്പത് മണിയോടെ കണ്ണന്‍റെ പിറന്നാള്‍ സദ്യയായ 'പ്രസാദ ഊട്ട്' ആരംഭിക്കും. കാല്‍ലക്ഷത്തിലധികം ഭക്തര്‍ പിറന്നാള്‍ സദ്യയ്ക്കുണ്ടാകും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം, അന്നലക്ഷ്മിഹാള്‍ എന്നിവിടങ്ങളിലാണ് പിറന്നാള്‍ സദ്യ നടക്കുന്നത്. അവിയല്‍, രസകാളന്‍, ഓലന്‍, പച്ചടി, മെഴുക്കുപുരട്ടി, എരിശ്ശേരി, ശര്‍ക്കരവരട്ടി, കായവറുത്തത്, ഉപ്പിലിട്ടത്, പാല്‍പ്പായസം എന്നിവയാണ് പ്രസാദ ഊട്ടിലെ വിഭവങ്ങള്‍.

ഉച്ചയ്ക്കുശേഷം പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ കാഴ്ച ശീവേലി. അത്താഴപൂജയ്ക്ക് പാല്‍പ്പായസവും, നെയ്യപ്പവുമാണ് നിവേദ്യം. നാലമ്പലത്തിലെ തിടപ്പള്ളിയിലും, വാതില്‍മാടത്തിലും അടുപ്പുകൂട്ടി അപ്പക്കാരകളില്‍ നെയ്യ് നിറച്ച് രാവിലെ മുതല്‍ കീഴ്ശാന്തിമാര്‍ നെയ്യപ്പം ഉണ്ടാക്കും. തെങ്ങിന്‍ കൊതുമ്പാണ് വിറകായി ഉപയോഗിക്കുന്നത്. 40,000 ത്തിലധികം നെയ്യപ്പം ജന്മാഷ്ടമി ദിവസത്തെ അത്താഴപൂജയ്ക്കായി ഉപയോഗിക്കാറുണ്ട്. കണ്ണന്‍റെ ശ്രീലകവും, മുഖമണ്ഡപവും നെയ്യപ്പത്താല്‍ നിറയും. തുടര്‍ന്ന് നാദസ്വര അകമ്പടിയോടെ വിളക്കെഴുന്നെള്ളിപ്പ്.

ആധ്യാത്മികഹാളില്‍ ഭാഗവത സപ്താഹം ഈ ദിവസം ഉണ്ടാകും. ശ്രീകൃഷ്ണാവതാരം പലവുരു പാരായണം ചെയ്യും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7 മണിയോടെ വിവിധ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് കൃഷ്ണനാട്ടവും ഉണ്ടാകും.

2 മണിയോടുകൂടി നായര്‍ സമാജം അഷ്ടമി രോഹിണി ആഘോഷകമ്മിറ്റിയുടെ ഉറിയടി ഘോഷയാത്ര, ഗോപികാനൃത്തം, രാധാമാധവനൃത്തം, ജീവത എഴുന്നെള്ളത്ത്, കെട്ടുകാഴ്ചകള്‍ എന്നിവ ഉണ്ടാകും. ബാലഗോകുലത്തിന്‍റെ ശോഭയാത്ര ഏറെ ശ്രദ്ധേയം.

അരനൂറ്റാണ്ട് മുമ്പുവരെ അഷ്ടമിരോഹിണിദിനം ക്ഷേത്രത്തില്‍ വിശേഷാല്‍ ചടങ്ങുകളോ, ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. ഉച്ചപൂജയ്ക്ക് പാല്‍പ്പായസവും, അത്താഴപ്പൂജയ്ക്ക് നെയ്യപ്പവും കൂടുതല്‍ നേദിക്കുക മാത്രമായിരുന്നു ഇന്നേദിവസത്തെ പ്രത്യേകത.