ഗ്രഹങ്ങളുടെ സ്വാധീനവും സന്താനലബ്ധിയും

ഗ്രഹങ്ങളുടെ സ്വാധീനവും സന്താനലബ്ധിയും

HIGHLIGHTS

ജ്യോതിഷപരമായി അഞ്ചാംഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്. സന്താനലബ്ധി, ഗ്രഹണശേഷി, ഓര്‍മ്മശക്തി, ബുദ്ധിശക്തി, വിദ്യാ, വിനയം, ധനാഗമമാര്‍ഗ്ഗങ്ങള്‍, അമ്മാവന്‍, മാന്ത്രികകര്‍മ്മങ്ങള്‍, പൂര്‍വ്വജന്മം, പാപപുണ്യകര്‍മ്മങ്ങള്‍ എന്നിവയെപ്പറ്റി ചിന്തിക്കുന്ന ശുഭകരമായ രാശിയാണ് അഞ്ചാം ഭാവം. ഈ ഭാവത്തിന്‍റെ കാരകന്‍ വ്യാഴമാണ്.

 

പ്രജ ആണോ, പെണ്ണോ

സന്താനലബ്ധിയെ പൂര്‍വ്വജന്മം, ജന്മാന്തരകൃതകര്‍മ്മങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തി ജ്യോതിഷം നന്നായി കൈകാര്യം ചെയ്യുന്നയാളിന് ശരിയായ ഫലപ്രചവനം സാദ്ധ്യമാകും. രാശിചക്രത്തിലെ രാശികളെ സ്ത്രീപുരുഷ(ഓജം, യുഗ്മം) രാശികളായി വിഭജിച്ചിട്ടുണ്ടല്ലോ.

ലഗ്നരാശിയുടേയോ, ചന്ദ്രരാശിയുടേയോ അഞ്ചാം ഭാവം (ഓജം) ക്രൂരരാശിയെങ്കില്‍ പുരുഷപ്രജയും (യുഗ്മം) സൗമ്യരാശിയെങ്കില്‍ സ്ത്രീപ്രജയും ആയിരിക്കുമെന്ന് ഗ്രഹനില നോക്കി പ്രവചിക്കാവുന്നതാണ്.

കോണ്‍രാശികളായ മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളില്‍ ഒന്ന് അഞ്ചാം രാശിയായി വന്നാല്‍ (ഉഭയം) ഇരട്ടക്കുട്ടികളായിരിക്കും.

ഗ്രഹങ്ങളുടെ സ്വാധീനം

ഗ്രഹങ്ങളുടെ ചാരവശാലുള്ള രാശിമാറ്റവും ഗര്‍ഭധാരണത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

സൂര്യന്‍ പ്രാണന്‍റെയും ചന്ദ്രന്‍ മനസ്സിന്‍റെയും കാരകത്വം വഹിക്കുന്നു. ആര്‍ത്തവം, ഗര്‍ഭധാരണം, വൈകാരികമാറ്റം തുടങ്ങിയവയെ ചന്ദ്രനാണ് നിയന്ത്രിക്കുന്നത്. രക്തസഞ്ചാരത്തെ കുജനും, ലൈംഗികത, കാമാവേശ്യം, രതി എന്നിവയെ ശുക്രനും നിയന്ത്രിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സംഘടിത പ്രയത്നത്തിന്‍റെ ഫലമായിട്ടാണ് പുതിയ പ്രജയുടെ ജന്മം!

രവി, കുജന്‍, വ്യാഴം എന്നിവര്‍ പുരുഷഗ്രഹങ്ങളും ചന്ദ്രന്‍, ശുക്രന്‍ എന്നിവര്‍ സ്ത്രീഗ്രഹങ്ങളുമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

ലിംഗനിര്‍ണ്ണയം

അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നത് സ്ത്രീഗ്രഹമാണോ പുരുഷഗ്രഹമാണോ എന്ന് നോക്കി ഉറപ്പാക്കി ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ലിംഗനിര്‍ണ്ണയം നടത്താം.

ഭാഗ്യദോഷങ്ങള്‍

(1) സന്താനമില്ലായ്മയെ സൂചിപ്പിക്കുന്ന ചില ഗ്രഹനിലകള്‍.

വ്യാഴം, ലഗ്നാധിപന്‍, പുഷ്ടിയില്ലാത്ത അഞ്ച്, ഏഴ് എന്നീ ഭാവാധിപതികള്‍ രാശിയിലും നവാംശത്തിലും, അവയിലെ പാപഗ്രഹങ്ങളുടെ സാന്നിദ്ധ്യവും, ദൃഷ്ടിയും ഇവ ഉണ്ടായാല്‍ സന്താനമില്ലായ്മ അനുഭവപ്പെടും എന്നാണ് ശാസ്ത്രം.

(2) അഞ്ചാം ഭാവത്തിലെ കുജനെ രാഹുദൃഷ്ടി ചെയ്യുന്നതും, സന്താനമില്ലായ്മയ്ക്ക് മറ്റൊരു കാരണമാകുന്നു. 

(3) പാപഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തില്‍ കയറിപ്പറ്റുന്നതും കുജന്‍റെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം എന്നീ രാശികളില്‍ രാഹു നില്‍ക്കുകയോ ദൃഷ്ടി പതിപ്പിക്കുകയോ ചെയ്യുന്നതും ഇക്കാര്യത്തിലുള്ള ദോഷാനുഭവങ്ങള്‍ക്ക് കാരണമാകാറുണ്ട്.

(4) അഞ്ചാം ഭാവത്തില്‍ ലഗ്നാധിപനും, കുജനുമായി യോഗം ചെയ്യുന്നതും, സന്താനമില്ലായ്മയ്ക്ക് ഹേതുവാകുന്നു.

(5) പരസ്പരം പരിവര്‍ത്തനം ചെയ്ത് ഒന്‍പതും, അഞ്ചും ഭാവാധിപതിന്മാര്‍ നില്‍ക്കുന്നതും സന്താനഭാഗ്യമില്ലായ്മയ്ക്ക് പ്രത്യക്ഷഹേതുവാകുന്നു.

(6) പരമനീചാവസ്ഥയിലേക്ക് പ്രയാണം ചെയ്യുന്ന വ്യാഴം നില്‍ക്കുന്ന രാശി- ലഗ്നരാശിയാവുന്നതും അല്ലെങ്കില്‍ ആ രാശി അഞ്ചാം ഭാവമായി തീരുന്നതും, സന്താനമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്.

(7) ലഗ്നാല്‍ അഞ്ചാം ഭാവത്തില്‍ ബുധനും, ഗുരുവും, കയറിക്കൂടുകയോ ഭാവാധിപനോടൊത്ത് അഞ്ചാം ഭാവത്തില്‍ കുജന്‍ നില്‍ക്കുക, രാഹുവിന്‍റെ ദൃഷ്ടി പതിയുക, ശനിയുമൊത്ത് യോഗം ചെയ്യുകയോ, ശനിയുടെ ദൃഷ്ടിയില്‍പ്പെടുകയോ ചെയ്യുന്നതും സന്താനഭാഗ്യാനുഭവങ്ങള്‍ക്ക് ക്ഷതം വരുത്തുന്നു. പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ അതായത് ആയുര്‍വ്വേദത്തിലും ഇതിന്‍റെ കാരണവും പ്രതിവിധിയും പറയുന്നുണ്ട്. ഇന്ന് ആധുനിക വൈദ്യശാസ്ത്ര പരിശോധനകളിലൂടെ ബീജസംഖ്യയുടെ കുറവ് അണ്ഡത്തിന്‍റെ ബലക്കുറവ് ഇവകൊണ്ടാണ് ഗര്‍ഭധാരണം സാധ്യമാകാത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ കുത്തിവയ്പ്പുകളും മറ്റും സുലഭമെങ്കിലും അതിനുള്ള വിജയം സുനിശ്ചിതമല്ല എന്നും കണ്ടുവരുന്നു.

പൗരാണികായുര്‍വ്വേദാചാര്യന്മാര്‍ പാര്‍ശ്വഫലമില്ലാത്ത നിരവധി ഔഷധക്കൂട്ടുകളെയും, ചികിത്സാചര്യകളെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്തധാതുക്കളുടെ പോഷണം വഴി ബീജസംഖ്യ വര്‍ദ്ധിപ്പിക്കുകയും സ്ത്രീകളില്‍ അണ്ഡത്തിന് ബലവും ശക്തിയും കൊടുക്കുകയും ചെയ്ത് അനേകം പേര്‍ അമ്മമാരായി ഇന്ന് ഭാരതത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ജീവിക്കുന്നുണ്ട്. അതിന് മുന്നോടിയായി ജ്യോതിഷപരമായ നിരീക്ഷണങ്ങള്‍ നടത്തി ദോഷങ്ങള്‍ കാണുന്ന പക്ഷം ലഘുപരിഹാരങ്ങള്‍ ചെയ്ത് ശ്രമം തുടര്‍ന്നാല്‍ സന്താനഭാഗ്യം സിദ്ധിക്കുമെന്ന് ഉറപ്പാണ്.

എം.പി. മാണിക്യത്ത്,
9400804501