ശരത്കാലേ മഹാപൂജ;
വിവിധ ദേശങ്ങളിലെ നവരാത്രിപൂജകള്‍
വര്‍ഷം തോറും ശരല്‍ക്കാലത്തില്‍ അശ്വനിമാസ ശുക്ലപക്ഷ പ്രഥമ- കന്നി മാസത്തില്‍ കറുത്തവാവിന് ശേഷം വരുന്ന പ്രഥമയില്‍ തുടങ്ങി അഷ്ടമിനാളില്‍ പൂജ വെച്ച് വിജയദശമിദിവസം സരസ്വതിപൂജയോടെയും വിദ്യാരംഭത്തോടെയും അവസാനിക്കുന്ന മഹാപൂജയാണ് നവരാത്രി. അശ്വനിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രതിപദം മുതല്‍ നവമിവരെയുള്ള ഒമ്പതുദിവസത്തെ ആഘോഷങ്ങളും ചടങ്ങുകളും അടങ്ങുന്നതാണ് നവരാത്രി.
ഭാരതമൊട്ടുക്കും നവരാത്രി ഉത്സവം കൊണ്ടാടാറുണ്ട്. കര്‍ണ്ണാടകയില്‍ ദസറ, ബംഗാളില്‍ ദുര്‍ഗാപൂജ, ഉത്തര്‍പ്രദേശില്‍ ദശഹര, നേപ്പാളില്‍ വസന്തനവ രാത്രി, പഞ്ചാബില്‍ ഉഗ്രദന്തി എന്നിങ്ങനെ ഓരോ പ്രദേശങ്ങളിലും വിവിധ നാമങ്ങളിലും രൂപങ്ങളിലും നവരാത്രി ഉത്സവം ആര്‍ഭാടപൂര്‍വ്വം നടത്തിപ്പോരുന്നു.
നീചവാസനകളും ദുര്‍വിചാരങ്ങളും അപ്പാടെ തുടച്ചുമാറ്റി ശാന്തിയും സമാധാനവും പകര്ന്നുനല്കാന് വേണ്ടി ശക്തിസ്വരൂപിണിയും സര്‍വ്വേശ്വരിയുമായ ജഗന്മാതാവിനെ ഭക്തിപൂര്‍വ്വം ആരാധന നടത്തി ജീവിതം ധന്യമാക്കിത്തീര്ക്കാനുള്ള പ്രക്രിയയാണ് നവരാത്രി മഹോത്സവം.
നവരാത്രികാലത്ത് ഏറ്റവും പ്രാധാന്യമുള്ളത് പൂജവെയ്പ്പിനാണ്.
ദുര്‍ഗ്ഗാഷ്ടമിദിവസം പുണ്യപുരാണ ഗ്രന്ഥങ്ങള്‍, പഠനോപകരണങ്ങള്‍, പണി ആയുധങ്ങള്‍, വാദ്യോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ ശുദ്ധമാക്കി പൂജയ്ക്ക് വയ്ക്കുന്നു. സര്‍വ്വചരാചരങ്ങളിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന മഹത്തായ തത്വം ജനഹൃദയങ്ങളിലേക്ക് പകര്‍ന്നുനല്‍കുന്നു നവരാത്രി മഹോത്സവം. പൂജയ്ക്ക് വയ്ക്കുന്ന ദിനങ്ങളില്‍ എഴുതാനും, വായിക്കാനും പഠിക്കാനും പാടില്ലെന്നാണ് വിശ്വാസം. സരസ്വതിപൂജയോടെയാണ് നവരാത്രി മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്.
ദേവീമാഹാത്മ്യം, ദേവീഭാഗവതം എന്നിവയുടെ പാരായണം ഏറ്റവും നല്ലതാണ്. വൈഷ്ണവപക്ഷക്കാര് ശ്രീരാമവിഗ്രഹവും ആരാധിക്കാനെടുക്കുന്നു. ശ്രീരാമനവമി വരെയുള്ള ഒമ്പതുദിവസങ്ങളാണ് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.
ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമി ഒമ്പതു ദിവസവും നാടിന്റെ നാനാഭാഗങ്ങളിലും വളരെ ഗംഭീരമായി അലങ്കരിച്ച പന്തലും, പൂജയും, മേളങ്ങളും, വാദ്യാഘോഷങ്ങളും ഇടതടവില്ലാതെ നടത്തിക്കൊണ്ടുപോകുന്നതില്‍ ബംഗാളികള്‍ അതിസമര്‍ത്ഥരാണ്.
കര്ണ്ണാടകസംസ്ഥാനത്തില് നവരാത്രി പത്തുദിവസത്തെ ദസറയായി ആഘോഷിക്കപ്പെടുന്നു.
പത്താം ദിവസം മൈസൂര്‍ മഹാരാജാവിന്റെ നഗരപ്രദക്ഷിണം വളരെ പ്രസിദ്ധമാണ്.
മഹിഷാസുരനോട് ഒമ്പതുദിവസം യുദ്ധം ചെയ്ത് പത്താമത്തെ ദിവസം വിജയം കൈവരിച്ച ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്ന ഈ അനുഷ്ഠാനം ഇന്ത്യയിലെല്ലാംതന്നെ പല പല ഐതിഹ്യങ്ങളോടുകൂടിയും വിവിധ പരിപാടികളോടുകൂടിയും നടന്നുവരുന്നുണ്ട്.
ദുര്‍ഗ്ഗാഷ്ടമി ആയിട്ടാണ് നവരാത്രി ഭാരതമൊട്ടുക്കും ആഘോഷിക്കുന്നത്. ദുര്‍ഗ്ഗങ്ങള്‍ മാറ്റാന്‍ കഴിവുള്ളവര്‍ ആരോ അവള് ദുര്‍ഗ്ഗ എന്നാണ് ദുര്‍ഗ്ഗ എന്ന പദത്തിന്റെ അര്‍ത്ഥം. കഷ്ടപ്പാടും മനോവേദനയും ദുരിതങ്ങളും തീരാവ്യാധികളും കൊണ്ട് വീര്‍പ്പുമുട്ടിക്കഴിയുന്ന മനുഷ്യന് ആശ്വാസവും, സമാധാനവും പ്രദാനം ചെയ്യും നവരാത്രിവ്രതം അനുഷ്ഠിച്ചാല്‍.
അഞ്ചുതിരിയിട്ട നിലവിളക്ക് കത്തിച്ച് അതില്‍ ശിവശക്തി സങ്കല്‍പ്പത്തെ മനസ്സില്‍ ധ്യാനിച്ച് പൂജിച്ചാല്‍ ആ ഗൃഹത്തില്‍ ഐശ്വര്യദേവതയുടെ വാസം എപ്പോഴും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. സാധാരണയായി മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളുമായിരിക്കും പൂജയ്ക്ക് മുന്‍പന്തിയില്‍ ഉണ്ടായിരിക്കുക.
നവരാത്രികാലത്തെ ഒന്പതുദിവസങ്ങളില് ലോകമാതാവായ ശക്തിസ്വരൂപിണി ഒന്‍പത് രൂപങ്ങളില്‍ ദര്‍ശനം നല്‍കുമെന്നാണ് ഭക്തവിശ്വാസം. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാര്‍ത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഒമ്പത് ഭാവങ്ങളിലാണ് ലോകജനനി ദര്‍ശനം നല്‍കാറുള്ളത്. നവരാത്രികാലത്ത് സുമംഗലികള്‍ക്കും കന്യകകള്‍ക്കും വെറ്റില, അടയ്ക്ക, നാളികേരം, പഴം, കുങ്കുമം, പുഷ്പം, മഞ്ഞള്‍, ദക്ഷിണ എന്നിവ നല്‍കാറുണ്ട്.
പരബ്രഹ്മത്തിനും മുകളിലാണ് മഹാമായയുടെ സ്ഥാനം. മഹാമായയ്ക്കും തൊട്ടുതാഴെ പ്രകൃതിയും, അതിനുതാഴെ ഇച്ഛാശക്തിയുടെ പ്രതീകമായി ലക്ഷ്മിയും, ജ്ഞാനശക്തിയുടെ പ്രതീകമായി സരസ്വതിയും, ക്രിയാശക്തിയുടെ പ്രതീകമായി പാര്‍വതിക്കും സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു. നവരാത്രി കാലത്ത് കന്യകമാരെ പൂജിക്കുന്ന ചടങ്ങ് സുപ്രധാനമാണ്. നവരാത്രികാലത്ത് പുസ്തകപൂജ പ്രസിദ്ധമാണ്. വിദ്യയുടെ അധിദേവത സരസ്വതിയാണല്ലോ.
അറിവ്, ക്രിയാശേഷി, ഐശ്വര്യം എന്നിവയെല്ലാം ഉദ് ഘോഷിക്കുന്നു ദേവീപൂജയില്‍. ഇതുമൂലമുണ്ടാകുന്ന സന്തുഷ്ടവും, സമാധാനവും, സമൃദ്ധവുമായ ഒരു കുടുംബാന്തരീക്ഷമാണ് ഏവരും കാംക്ഷിക്കുന്നത്. പല ഭാവങ്ങളിലുള്ള സ്ത്രീരൂപങ്ങളെ ദേവീസങ്കല്പ്പത്തിലൂടെ ആരാധിക്കുന്നത് നവരാത്രികാലത്ത് മാത്രമാണ്.
ഒന്നാം ദിവസം കുമാരി പൂജ, രണ്ടാം ദിവസം ത്രിമൂര്‍ത്തീപൂജ, മൂന്നാം ദിവസം കല്യാണി പൂജ, നാലാം ദിവസം രോഹിണി പൂജ, അഞ്ചാം ദിവസം കാളിപൂജ, ആറാം ദിവസം ചണ്ഡികാപൂജ, ഏഴാംദിവസം ശാംഭവി പൂജ, എട്ടാം ദിവസം ദുര്‍ഗ്ഗാപൂജ, ഒമ്പതാം ദിവസം സുഭദ്രാപൂജ എന്നീ പ്രകാരമാണ് നടത്താറുള്ളത്. ഓരോ ദിവസത്തെ പൂജയ്ക്കും പ്രത്യേക ഫലസിദ്ധി കൈവരുമെന്നാണ് വിശ്വാസം. ഓരോ പൂജയ്ക്കും സിദ്ധിക്കുന്ന ഫലങ്ങളെപ്പറ്റി ദേവീഭാഗവതം ഇപ്രകാരം പറഞ്ഞിരിക്കുന്നു.
കുമാരിപൂജ കൊണ്ട് ദുഃഖവും ദാരിദ്ര്യവും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും. ത്രിമൂര്‍ത്തി പൂജകൊണ്ട് ആയുസ്സ്, ധനം, ധാന്യം, പുരുഷാര്‍ത്ഥങ്ങള്‍, പുത്രപൗത്രാദി അഭിവൃദ്ധി എന്നിവ കൈവരിക്കാം. കല്യാണി പൂജ കൊണ്ട് ജയം, വിദ്യ, രാജ്യം, സുഖം, ആഗ്രഹസാഫല്യം എന്നിവ സിദ്ധിക്കും. രോഹിണിപൂജ കൊണ്ട് സര്‍വ്വരോഗ നാശവുമുണ്ടാകും. കാളീപൂജ കൊണ്ട് ശത്രുനാശവും ചണ്ഡികപൂജ കൊണ്ട് ഐശ്വര്യവും കൈവരും. ശാംഭവിപൂജ കൊണ്ട് വശ്യഫലം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നിവയുണ്ടാകും. ദുര്‍ഗ്ഗാപൂജ കൊണ്ട് ശത്രുനാശവും പരലോക സുഖവും ലഭിക്കും. സുഭദ്രാപൂജ കൊണ്ട് വാഞ്ചിതാര്ത്ഥസിദ്ധി കൈവരും.
അശ്വനിമാസത്തിലെ നവരാത്രിവ്രതക്കാലം എത്തിക്കഴിഞ്ഞു. ജീവിതപരീക്ഷണങ്ങളെ നേരിടേണ്ടി വരുന്നവര്‍ ഈ വ്രതം അനുഷ്ഠിച്ചതായി പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. സീതാവിരഹത്താല്‍ ദുഃഖിതനായ ശ്രീരാമചന്ദ്രന് നാരദമഹര്‍ഷിയുടെ നിര്‍ദ്ദേശാനുസരണം നവരാത്രി വ്രതം ആചരിച്ചതായി ദേവീഭാഗവതം മൂന്നാം സ്കന്ദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. അതുപോലെ ത്രിപുരാസുരനെ കൊല്ലാന്‍ ശ്രീ മഹാദേവനും, മധുകൈടഭന്മാരെ കൊല്ലാന്‍ ഭഗവാന് ശ്രീമഹാവിഷ്ണുവും ഈ വ്രതം അനുഷ്ഠിച്ചതായി കാണാം.
നവരാത്രിവ്രതം വളരേയേറെ പ്രാധാന്യമുള്ളതാണ്. ഇതോടനുബന്ധിച്ചുള്ള ഒരു കഥ വ്യാസമഹാമുനി പറയുന്നുണ്ട്. ഒരു കച്ചവടക്കാരന് വ്രതമെടുത്ത് ദേവിയെ ഭജിച്ച കഥ. വിശ്വാമിത്രന്, വസിഷ്ഠന്, കശ്യപന് തുടങ്ങിയ മഹര്‍ഷി ശ്രേഷ്ഠന്മാരും നവരാത്രിവ്രതം അനുഷ്ഠിച്ച് ദേവിയെ ആരാധിച്ചിരുന്നതായും പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു.
ആപത്ഘട്ടത്തില്‍ അമ്മയെ ശരണം പ്രാപിക്കുകയല്ലാതെ എന്താണ് കരണീയമായിട്ടുള്ളത്? പരാശക്തിയെ ദുര്‍ഗ്ഗയായും, ലക്ഷ്മിയായും, സരസ്വതിയായും ആരാധിക്കാറുണ്ട്. നമ്മുടെയുള്ളിലെ ആസുരിക പൈശാചിക ഭാവങ്ങളെ ഉന്മൂലം ചെയ്യാന്‍ ദുര്ഗ്ഗാപൂജയിലൂടെ സാധിക്കുന്നു. ഐശ്വര്യവും, ധനവും ലക്ഷ്മിപൂജയിലൂടെ ലഭ്യമാകുന്നു. അക്ഷര സ്വരൂപിണിയായ സരസ്വതിയെ പൂജിക്കുന്നതിലൂടെ വിദ്യാധനം ലഭ്യമാകുന്നു.
പഠിതാക്കള്‍ക്ക് ഓര്‍മ്മശക്തിയും, ബുദ്ധിശക്തിയും പുഷ്ടിപ്പെടുവാന് സരസ്വതി കടാക്ഷം കൊണ്ട് സാധിക്കുന്നു. ഫലേച്ഛ ഇല്ലാത്ത പൂജയിലൂടെ നമുക്ക് വേണ്ടതെല്ലാം ദേവി തരുന്നു. കാരണം ദേവി എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. ദേവീമാഹാത്മ്യത്തില്‍ ഇങ്ങനെ ഒരു സ്തുതിയുണ്ട്.
'സര്വ്വതപാണീചരണേ
സര്വ്വതോക്ഷിശിരോമുഖേ
സര്വ്വതശ്രവണഘ്രാണേ
നാരായണീ നമോസ്തുതേ.'
ദേവിയുടെ കരചരണങ്ങളും ശിരോമുഖവും, ഘ്രാണേന്ദ്രിയങ്ങളും എങ്ങും വ്യാപിച്ച് നില്ക്കുന്നു. മനുഷ്യനിലെ ചാലകശക്തിയായി, ഊര്‍ജ്ജമായി എങ്ങും നിറഞ്ഞുനില്ക്കുന്ന ദേവിയെ ഈ പുണ്യദിനങ്ങളില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരീ
ദസറ എന്ന വാക്ക് സംസ്കൃതമാണ്. ദസറയുടെ അര്‍ത്ഥം നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പത്ത് തിന്മകളെ നശിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ്. അഹങ്കാരം, ദുഷ്ടത, അന്യായം, കാമം, ക്രോധം, ലോഭം, മദം, മത്സരം, മോഹം, സ്വാര്‍ത്ഥത എന്നിവയാണത്. വിജയദശമി എന്നുവെച്ചാല്‍ മേലുദ്ധരിച്ച പത്ത് തിന്മകളെയും വിജയിക്കുന്ന എന്നാണര്‍ത്ഥം.
'വെള്ളപ്പളുങ്കു നിറമുള്ള
വിദഗ്ദ്ധരൂപി
കള്ളം കളഞ്ഞുകമല
ത്തിലെഴുന്ന ശക്തി
വെള്ളത്തിലെ തിരകള്‍
തള്ളിവരും കണക്കെന്
ഉള്ളത്തില്‍ വന്നു
വിളയാടുക സരസ്വതീ നീچ
തരവത്ത് ശങ്കരനുണ്ണി,
(9847118340)
