അയ്യപ്പദര്‍ശനം  ദിവ്യാനുഭവം അജയകുമാര്‍ (ഗിന്നസ് പക്രു)

അയ്യപ്പദര്‍ശനം ദിവ്യാനുഭവം അജയകുമാര്‍ (ഗിന്നസ് പക്രു)

HIGHLIGHTS

ശബരീശ സന്നിധിയില്‍ ഇത് എട്ടാം തവണയാണ്. ആദ്യദര്‍ശനം അഞ്ചാമത്തെ വയസ്സില്‍. അച്ഛന്‍ രാധാകൃഷ്ണന്‍റെ കൈപിടിച്ചും, തോളത്തിരുന്നും, മരങ്ങളുടെ വേരുകള്‍ക്ക് മുകളിലൂടെ ചാടിക്കടന്നുമുള്ള ആദ്യമലകയറ്റം ഓര്‍മ്മയിലുണ്ട്. ഇക്കുറി നട തുറന്ന് അധികദിവസങ്ങള്‍ കഴിയാതെ തന്നെ അയ്യപ്പസന്നിധിയില്‍ എത്താനായി.

 

ലപ്പോഴും അയ്യപ്പസന്നിധിയില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സമയമാകുമ്പോള്‍ അത് സാധിക്കാതെ വരുകയായിരുന്നു പതിവ്. അയ്യപ്പന്‍ വിളിക്കാതെ ആര്‍ക്കും ഇങ്ങെത്താന്‍ കഴിയില്ല എന്നാണ് കേള്‍വി. എന്തായാലും ഇക്കുറി ഭഗവാനെ കാണാനായതില്‍ സന്തോഷമുണ്ട്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരുടെ മുഖങ്ങളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാം. അവരുടെ സന്തോഷം കാണുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷം നിറയുന്നു. സമഭാവനയോടെ സര്‍വ്വരേയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന അയ്യപ്പസ്വാമി നല്‍കുന്ന സന്തോഷം അനുഭവിക്കാന്‍ കഴിയുക എന്നത് ജന്മപുണ്യം തന്നെയാണ്. കാരുണ്യക്കടലാണ് അയ്യപ്പന്‍. അതുകൊണ്ടാണ് ഓരോ വര്‍ഷവും ഭക്തരുടെ തിരക്ക് വര്‍ദ്ധിക്കുന്നത്. 

നന്മയും, നല്ല അനുഭവവും ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും ദിവ്യസന്നിധിയണയാന്‍ ഓരോരുത്തര്‍ക്കും പ്രേരകമാകുന്നത്. വൈകിട്ട് പമ്പയിലെത്തി അവിടുത്തെ ഗണപതിക്കോവില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ തൊഴുത് മലകയറി സന്നിധാനത്തെത്തി ദേവസ്വം ഗസ്റ്റ് ഹൗസില്‍ താമസിച്ച് രാവിലെയാണ് ഭഗവാനെ ദര്‍ശിക്കുന്നത്. തന്ത്രി, മേല്‍ശാന്തി, ദേവസ്വം പ്രസിഡന്‍റ് എന്നിവരെ സന്ദര്‍ശിച്ചു. നിറഞ്ഞ സ്നേഹത്തോടെ അവര്‍ സ്വീകരിക്കുകയും മേല്‍ശാന്തി പൂജിച്ച ചരടും, മണിയും നല്‍കി അനുഗ്രഹിച്ചു. 

ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പോലീസ് അയ്യപ്പന്മാരുടെ സംവിധാനവും ഏറെ പ്രശംസനീയാര്‍ഹമാണ്. തിരക്കിനെ നിയന്ത്രിച്ച് കൃത്യമായി ഓരോ ഭക്തനും അവര്‍ ദര്‍ശനം സാധ്യമാക്കുന്നു. ശബരിമല മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പവിത്രം ശബരിമല' പദ്ധതിയിലൂടെ ശബരിമലയില്‍ ഏറെ വ്യത്യാസം കാണുന്നതില്‍ സന്തോഷം. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടുത്താതെ 'പവിത്രം ശബരിമല'യില്‍ പങ്കാളികളാകണം. തീര്‍ത്ഥാടകര്‍ക്ക് ഏറെ അസൗകര്യങ്ങളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത്. ഭഗവാന്‍ ഭക്തര്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളാണ് ഇതെല്ലാം.

ആദ്യമായി കേള്‍ക്കുന്ന ഈശ്വരനാമം അയ്യപ്പന്‍റേതാണ്. സ്ക്കൂള്‍ പഠനകാലത്ത് മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളോളം ഉപജില്ല, ജില്ലാ, സംസ്ഥാനമത്സരവേദികളില്‍ മത്സരിച്ചിട്ടുണ്ട്. മത്സരവേദികളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒന്നാം സ്ഥാനം ലഭിക്കാനുള്ള പ്രാര്‍ത്ഥന അയ്യപ്പനോടാണ്.

കൊല്ലത്ത് നടന്ന അക്കാലത്തെ സംസ്ഥാന കലോത്സവത്തിലെ സംഭവമാണ് ഓര്‍മ്മയിലെത്തുന്നത്. ആദ്യം വേഷപ്രച്ഛന്നമത്സരത്തിന് പ്രഖ്യാപിച്ചിരുന്ന വേദി പിന്നീട് മാറ്റിയത് അറിയാതെ അവസാനനിമിഷം സദസ്സിലൂടെ ശരീരം മുഴുവന്‍ ചണച്ചാക്ക് ഒട്ടിച്ച് പിറകില്‍ വളഞ്ഞ വാലും ഘടിപ്പിച്ച് കുരങ്ങന്‍റെ വേഷത്തില്‍ വേദിയിലേയ്ക്ക് പാഞ്ഞുകയറി. പ്രേക്ഷകര്‍ ഒന്നമ്പരന്നു. 

ബഹളമായി.. ഒരു ടീച്ചര്‍ ഉറക്കെ അലറി 'ആരാടാ ഈ കുരങ്ങനെ കെട്ടഴിച്ച് വിട്ടത്...?' കുരങ്ങ് ടീച്ചറിനെ ഒന്ന് രൂക്ഷമായി നോക്കി വേദിയിലേക്ക് കയറി. ഒളശ്ശ എല്‍.എം.എസ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇതെന്ന് ആരോ പറഞ്ഞതോടെ സദസ്സില്‍ ആര്‍പ്പുവിളിയും, കയ്യടിയും. പക്ഷേ കയ്യടിയുടെ ആഹ്ലാദം അധികനേരം നിന്നില്ല. മത്സരസമയം കഴിഞ്ഞാണ് മത്സരാര്‍ത്ഥി വേദിയില്‍ കയറിയതെന്ന കാരണത്താല്‍ സമ്മാനം നല്‍കാന്‍ നിര്‍വ്വാഹമില്ല എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. 

ആഹ്ലാദം നിമിഷനേരം കൊണ്ട് കണ്ണീരിന്‍റെ നൊമ്പരമായി. എങ്കിലും പിന്നീട് പ്രോത്സാഹനസമ്മാനം നല്‍കാന്‍ തീരുമാനമായി. അറിയാതെ നെഞ്ചില്‍ നിന്ന് 'എന്‍റെ അയ്യപ്പാ...' എന്ന് വിളിച്ചുപോയ നിമിഷങ്ങളായിരുന്നത്.

ശാരീരിക പരിമിതികള്‍ ഏറെയുണ്ട്. ശബരിമലയാത്ര, മലകയറ്റം ഏറെ പ്രയാസകരമാണ്. എങ്കിലും എപ്പോഴും പോകാന്‍ ആഗ്രഹിക്കുന്നതും, മനസ്സുകൊണ്ട് ആയിരിക്കുന്നതുമായ ഇടം ഈ ഭഗവത്സന്നിധിയാണ്. ആ ദിവ്യസന്നിധിയില്‍ നിന്നും ലഭിക്കുന്ന സമാധാനവും, സന്തോഷവും മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല... സ്വാമിയേ ശരണം അയ്യപ്പാ...