കര്‍ക്കിടകത്തില്‍ ഉച്ചസ്ഥനായ ഗുരുവും രാജയോഗങ്ങളും
ജ്യോതിഷലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രധാനമാറ്റമാണ് 2026 ജൂണ്‍ 2 ന് നടക്കുന്നത്. ബുധന്റെ രാശിയായ മിഥുനത്തില് നിന്നും ചന്ദ്രന്റെ രാശിയായ കര്ക്കിടകത്തിലേക്കാണ് വ്യാഴം(ഗുരു) പ്രവേശിക്കുന്നത്. വ്യാഴത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമായ അവസ്ഥയാണ് കര്‍ക്കിടകം രാശി. ഈ രാശിയില്‍ വ്യാഴം 'ഉച്ചസ്ഥന്‍' ആയി മാറുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ്വ ഗ്രഹസ്ഥിതി വലിയ സല്‍ഫലങ്ങള്‍ക്കും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കും വഴിതെളിക്കും.
ഉച്ചസ്ഥനായ വ്യാഴം, ജ്യോതിഷത്തിലെ പ്രാധാന്യം
ഭാരതീയ ജ്യോതിഷപ്രകാരം വ്യാഴത്തിന് ഏറ്റവും ബലമുള്ളത് കര്‍ക്കിടകം രാശിയിലാണ്. കര്‍ക്കിടകം അഞ്ചാം ഡിഗ്രിയില്‍ വ്യാഴം പരമോച്ചം പ്രാപിക്കുന്നു. ഗുരു ഉച്ചസ്ഥനാകുമ്പോള് ഗ്രഹത്തിന്റെ ശുഭശക്തി അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു. ഇത് ലോകത്തില്‍ നീതി, ധര്‍മ്മം, സാമ്പത്തിക ഭദ്രത, സമാധാനം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വ്യാഴം കര്‍ക്കിടകത്തില്‍ എത്രനാള്‍ തുടരും?
2026 ജൂണ്‍ 2 ന് കര്‍ക്കിടകത്തില്‍ പ്രവേശിക്കുന്ന വ്യാഴം ഏകദേശം ഒരു വര്‍ഷത്തോളം, അതായത് 2027 ജൂണ്‍ പകുതിവരെ ഈ രാശിയില്‍ തുടരും. ഈ കാലയളവില്‍ വ്യാഴം ഉച്ചബലത്തോടുകൂടി നില്ക്കുന്നതിനാല് എല്ലാ രാശിക്കാര്‍ക്കും അതിന്റെ ഗുണപരമായ സ്വാധീനം ഏതെങ്കിലും തരത്തില്‍ ലഭിക്കും.
ഇത് രാജയോഗമാണോ?
തീര്‍ച്ചയായും! വ്യാഴം ഉച്ചസ്ഥനായി കേന്ദ്രഭാവങ്ങളിലോ ത്രികോണഭാവങ്ങളിലോ വരുമ്പോള്‍ അത് 'ഹംസയോഗം' എന്ന മഹാപുരുഷയോഗത്തിന് കാരണമാകുന്നു. ഇത് പഞ്ചമഹാപുരുഷയോഗങ്ങളില് ഒന്നാണ്. കൂടാതെ, ജാതകത്തില്‍ ചന്ദ്രന് കര്ക്കിടകത്തിലോ അല്ലെങ്കില്‍ വ്യാഴത്തിന്റെ കേന്ദ്ര സ്ഥാനങ്ങളിലോ ഉണ്ടെങ്കില്‍ 'ഗജകേസരിയോഗം' അതിന്റെ പൂര്‍ണ്ണശക്തിയോടെ ഫലിക്കും. ഈ സമയത്ത് ജനിക്കുന്ന കുട്ടികള്‍ക്കും ഈ വ്യാഴമാറ്റം വഴി ഗുണഫലങ്ങള്‍ ലഭിക്കുന്നവര്‍ക്കും രാജതുല്യമായ ജീവിതം, പ്രശസ്തി, ഉന്നതപദവി എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.
പ്രധാന ഗുണഭോക്താക്കള്‍: ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങള്‍
വ്യാഴത്തിന്റെ ഉച്ചസ്ഥിതി താഴെ പറയുന്ന രാശിക്കാര്‍ക്കും അതിലുള്‍പ്പെട്ട നക്ഷത്രങ്ങള്‍ക്കും സുവര്‍ണ്ണകാലം സമ്മാനിക്കും.
കര്‍ക്കിടകം രാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ജന്മരാശിയില്‍ വ്യാഴം ഉച്ചനായി വരുന്നത് വലിയ ഭാഗ്യമാണ്. ആരോഗ്യനില മെച്ചപ്പെടും. മുടങ്ങിക്കിടന്ന വിവാഹം, വീടുപണി എന്നിവ നടക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകും.
വൃശ്ചികം രാശി(വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം ഒന്‍പതാം ഭാവത്തിലാണ്(ഭാഗ്യസ്ഥാനം) വരുന്നത്. ഇത് അതിശക്തമായ ഭാഗ്യോദയത്തിന് കാരണമാകും. പിതൃസ്വത്ത് ലഭിക്കാനും വിദേശയാത്രകള്‍ക്കും ഉന്നതപഠനത്തിനും ഈ സമയം ഏറ്റവും അനുയോജ്യമാണ്. ഭാഗ്യം നിങ്ങളെ തേടിയെത്തുന്ന കാലമാണിത്.
മീനംരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അഞ്ചാം ഭാവത്തിലെ(പുത്രസ്ഥാനം) ഉച്ചസ്ഥനായ വ്യാഴം മീനംരാശിക്കാര്ക്ക് സന്താനഭാഗ്യം നല്‍കും. വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. ലോട്ടറി, ഷെയര്‍മാര്‍ക്കറ്റ് എന്നിവയില്‍ നിന്ന് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പതിനൊന്നാം ഭാവത്തിലെ(ലാഭസ്ഥാനം) വ്യാഴം കന്നിരാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ബിസിനസ്സില്‍ അഭിവൃദ്ധി, പുതിയ സുഹൃത്തുക്കള്‍, ആഗ്രഹസാഫല്യം എന്നിവ ഈ കാലയളവിന്റെ സവിശേഷതയാണ്.
മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏഴാം ഭാവത്തിലെ വ്യാഴം മകരം രാശിക്കാര്‍ക്ക് പങ്കാളിത്ത ബിസിനസ്സിലും ദാമ്പത്യജീവിതത്തിലും വലിയ സന്തോഷം നല്‍കും. ശനിദശയുടെയോ ഏഴരശനിയുടെയോ ദോഷഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വ്യാഴത്തിന്റെ ദൃഷ്ടി വലിയ ആശ്വാസമാകും.
ദോഷങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍
വ്യാഴം ഉച്ചനാണെങ്കിലും 6, 8, 12 ഭാവങ്ങളില്‍ വ്യാഴം സഞ്ചരിക്കുന്ന രാശിക്കാര്‍ അല്‍പ്പം ശ്രദ്ധിക്കണം.
കുംഭംരാശി: ആറാം ഭാവത്തിലെ വ്യാഴം കടബാധ്യതകള്‍ക്കും ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.
ധനുരാശി: എട്ടാം ഭാവത്തിലെ വ്യാഴം അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ സ്വക്ഷേത്രാധിപന് ഉച്ചനാകുന്നത് കൊണ്ട് വലിയ ആപത്തുകള്‍ ഉണ്ടാവില്ല.
ചിങ്ങം രാശി: പന്ത്രണ്ടാം ഭാവത്തിലെ വ്യാഴം അനാവശ്യ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ശുഭകാര്യങ്ങള്‍ക്കായി പണം ചിലവാക്കാന്‍ ശ്രദ്ധിക്കണം.
വ്യാഴത്തിന്റെ നക്ഷത്രഗുണങ്ങള്‍
വ്യാഴം കര്‍ക്കിടകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രധാനമായും മൂന്ന് നക്ഷത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പുണര്‍തം(അവസാനപാദം): വ്യാഴത്തിന്റെ സ്വന്തം നക്ഷത്രമായതിനാല്‍ ഈ നക്ഷത്രക്കാര്‍ക്ക് വലിയ ആത്മീയ ഉണര്‍വ്വും നേട്ടങ്ങളും ഉണ്ടാകും.
പൂയം: ശനിയുടെ നക്ഷത്രമാണെങ്കിലും വ്യാഴത്തിന് ഇവിടെ വലിയ ബലമുണ്ട്. കര്‍മ്മരംഗത്ത് വലിയ മാറ്റങ്ങള്‍ ഈ സമയം സംഭവിക്കും.
ആയില്യം: ബുധന്റെ നക്ഷത്രമായ ഇവിടെ വ്യാഴം എത്തുമ്പോള്‍ ബുദ്ധിശക്തിയും വിവേകവും വര്‍ദ്ധിക്കും.
2026 ലെ വ്യാഴത്തിന്റെ കര്‍ക്കിടകത്തിലേക്കുള്ള മാറ്റം ഭാരതീയ ജ്യോതിഷത്തിലെ ഒരു മഹാസംഭവമാണ്. ഗുരു ഉച്ചസ്ഥനാകുന്നത് വഴി ലോകത്ത് വിജ്ഞാനവും ധര്‍മ്മവും പുനഃസ്ഥാപിക്കപ്പെടും. ജാതകത്തില്‍ വ്യാഴം ബലവാനല്ലാത്തവര്ക്ക്പോലും ഈ ഗോചര ഫലം ഗുണകരമാകും. ദോഷഫലങ്ങള്‍ ഉള്ളവര്‍ വ്യാഴാഴ്ചകളില്‍ മഹാവിഷ്ണു ക്ഷേത്രദര്‍ശനം നടത്തുന്നതും മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുന്നതും ഉത്തമമാണ്.
ഈ ഉച്ചസ്ഥിതി കാലഘട്ടം ശരിയായി വിനിയോഗിച്ചാല്‍ ജീവിതത്തില്‍ വലിയ സാമ്പത്തിക സാമൂഹിക ഉയര്‍ച്ചകള്‍ കൈവരിക്കാന്‍ എല്ലാ നക്ഷത്രക്കാര്‍ക്കും സാധിക്കും.
സുരേഷ് വണ്ടന്നൂര്‍,
(9495303488)
