വ്യാഴം എന്ന ഗുരു
രാജ്യം ഭരിക്കാന്‍ കഴിവും സാമര്ത്ഥ്യവുമുള്ളവരെക്കൊണ്ട് ഭരിപ്പിക്കുന്നതും നവീനശാസ്ത്രവിദ്യകള് നല്‍കുന്നതും ബൃഹസ്പതി എന്ന വ്യാഴമാണ്. അതുകൊണ്ട് ജനങ്ങളും ഭരണകര്‍ത്താക്കളും വ്യാഴത്തെ നമിക്കുന്നത് നാടിന് നന്മയേകുന്നു. ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ബുദ്ധിയില്ലാത്തവന് ജ്ഞാനിയാകും. വിദ്യാര്‍ത്ഥികള്‍ വ്യാഴം എന്ന ഗുരുവിനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ വിദ്യയില്‍ മികച്ചവരാവും. ഗുരുകടാക്ഷവും ഗുരുവിന്റെ അനുഗ്രഹവുമില്ലെങ്കില് ദൈവാനുഗ്രഹംതന്നെ ഇല്ല എന്നാണ് പറയാറ്.
അംഗീരശ മഹര്‍ഷി- ശ്രദ്ധാദേവി ദമ്പതികളുടെ പുത്രനായി ജനിച്ചയാളാണ് ബൃഹസ്പതി. തപസ്സില്‍ വ്യാപൃതനായി ശിവന്റെ അനുഗ്രഹത്താല്‍ നവഗ്രഹങ്ങളില്‍ ഒരാളാവാനും ദേവന്മാരുടെ ഗുരുവാകാനും ഭാഗ്യം സിദ്ധിച്ച ഋഷിവര്യന്. ഗ്രഹങ്ങളില്‍ പുരുഷഗ്രഹമായ ബൃഹസ്പതി എന്ന വ്യാഴത്തിന്റെ അഥവാ ഗുരുവിന്റെ നക്ഷത്രങ്ങള്‍ പുണര്‍തം, വിശാഖം, പൂരൂരുട്ടാതി എന്നിവയാണ്. പതിനാറ് വര്‍ഷമാണ് ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴദശാകാലം. താന്‍ നില്ക്കുന്ന രാശി(ഭാവം)യില്‍ നിന്ന് 5, 7, 9 എന്നീ ദൃഷ്ടിവീക്ഷണങ്ങളാല് ജാതകന് നന്മയേകുന്നു. വേദങ്ങളിലും അഗ്രഗണ്യന്‍ എന്നതിനാല്‍ ബ്രഹ്മാവിനും പ്രിയപ്പെട്ടവനാണ് ബൃഹസ്പതി എന്ന വ്യാഴം. വടക്ക് ഈശാനദിക്കിന്റെ അധിപനാണ് വ്യാഴം. പുഷ്യരാഗ ഹാരമണിഞ്ഞിട്ടുള്ളവന്. ദണ്ഡം, കമണ്ഡലം, അക്ഷമാല, വരദഹസ്തം എന്നിവയുമായിട്ടുള്ള രൂപം. എട്ട് കുതിരകളെ പൂട്ടിയ രഥത്തില്‍ എഴുന്നെള്ളുന്നവന്‍. സൂര്യന്റെ വടക്ക് വശത്തായി ആസനസ്ഥനായിട്ടുള്ള ഗ്രഹം.
ബൃഹത്ബ്രഹ്മ, ബൃഹന്‍ മനസ്സ്, ബൃഹത് ജ്യോതിസ്, ബൃഹന്‍ മന്ത്ര, ബൃഹദ് ഭാസ് എന്നീ അഞ്ചുപേര്‍ ബൃഹസ്പതിയുടെ കൂടപ്പിറപ്പുകള്‍. ബ്രഹ്മാവാണ് അധിദേവത. ഇന്ദ്രന് പ്രത്യധിദേവതയുമാകുന്നു. ഇവരെ തൊഴുതാല്‍ ഗുരുവിന്റെ അനുഗ്രഹം കിട്ടുന്നു. നീതികാരകന്, ത്രിലോകേശന്, ലോകപൂജ്യന്, ഗ്രഹാധീശന്, കരുണാസാഗരം, പരിശുദ്ധന്, നീതിശാസ്ത്ര അദ്ധ്യാപകന്, കളങ്കമറ്റവന് എന്നൊക്കെ വ്യാഴം എന്ന ഗുരുവിനെ വിശേഷിപ്പിക്കപ്പെടുന്നു. ചെറുകടലയാണ് വ്യാഴത്തിന്റെ ധാന്യം. നിറം മഞ്ഞ, രത്നം പുഷ്യരാഗം, ലോഹം സ്വര്‍ണ്ണം, വസ്ത്രം മഞ്ഞനിറത്തിലുള്ള വസ്ത്രം. ശനിയെ ചരിഞ്ഞുനിന്ന് തൊഴണമെന്നും വ്യാഴത്തെ അഥവാ ഗുരുവിനെ നേരെ നിന്ന് തൊഴണം എന്നുമാണ് പറയുക. അതിരാവിലെ ഗുരുവിന്റെ മുഖം കണി കണ്ട് ഉണര്‍ന്നാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാവും എന്നാണ് വിശ്വാസം. എല്ലാ ദൈവങ്ങളേയും മറ്റുള്ളവരെക്കൊണ്ട് പൂജിക്കാം. എന്നാല്‍ ഗുരുവിനെ അവരവര്‍തന്നെ പൂജിച്ച് തൊഴുതുപ്രാര്ത്ഥിച്ചാലേ കൂടുതല്‍ ഗുണഫലസിദ്ധിയുണ്ടാവൂ.
രാജ്യം ഭരിക്കാന്‍ കഴിവും സാമര്ത്ഥ്യവുമുള്ളവരെക്കൊണ്ട് ഭരിപ്പിക്കുന്നതും നവീനശാസ്ത്രവിദ്യകള് നല്‍കുന്നതും ബൃഹസ്പതി എന്ന വ്യാഴമാണ്. അതുകൊണ്ട് ജനങ്ങളും ഭരണകര്‍ത്താക്കളും വ്യാഴത്തെ നമിക്കുന്നത് നാടിന് നന്മയേകുന്നു. ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ബുദ്ധിയില്ലാത്തവന് ജ്ഞാനിയാകും. വിദ്യാര്‍ത്ഥികള്‍ വ്യാഴം എന്ന ഗുരുവിനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ വിദ്യയില്‍ മികച്ചവരാവും. ശിവന്റെ അംശമായ ദക്ഷിണാമൂര്‍ത്തിയാണ് വ്യാഴത്തിന്റെ കാരകമൂര്ത്തി. അതുകൊണ്ട് വ്യാഴാഴ്ച തോറും ദക്ഷിണാമൂര്‍ത്തിയെ ദര്‍ശിച്ചോ സങ്കല്പ്പിച്ചോ പ്രാര്‍ത്ഥിച്ചാല്‍ ഗുരുവിന്റെ അനുഗ്രഹം പൂര്‍ണ്ണമായും ലഭിക്കും. ഗുരുകടാക്ഷവും ഗുരുവിന്റെ അനുഗ്രഹവുമില്ലെങ്കില് ദൈവാനുഗ്രഹംതന്നെ ഇല്ല എന്നാണ് പറയാറ്.
ഗുരു(വ്യാഴം)വിനെ സംബന്ധിച്ച വിവരങ്ങള്‍
ദിക്ക്-വടക്ക്
ഇഷ്ടരാശി- ധനു, മീനം.
അധിദേവത- ബ്രഹ്മാവ്,
നിറം- മഞ്ഞ
ധാന്യം- ചെറുകടല, പുഷ്പം- വെണ്മുല്ല.
ലോഹം- സ്വര്‍ണ്ണം,
വാഹനം- ആന
സുഹൃദ്ഗ്രഹം- സൂര്യന്, ചന്ദ്രന്, ചൊവ്വ
ശത്രുഗ്രഹം- ബുധന്‍, ശുക്രന്
പത്നി- താര
മക്കള്‍- ഭരദ്വാജന്, യമകണ്ടന്‍, ശുക്രന്.
വ്യാഴപ്രീതിയ്ക്കുള്ള ക്ഷേത്രം- തിരുച്ചെന്തൂര്‍, ആലങ്കുടി.
വ്യാഴത്തിന്റെ ആംഗലേയ നാമം- ജൂപ്പിറ്റര്‍
വ്യാഴത്തിന്റെ അപരനാമം- ബൃഹസ്പതി, ദേവഗുരു
വിവാഹം, സന്താനസൗഭാഗ്യം, വിദ്യ, സമ്പത്ത് എന്നിവയെല്ലാം ഗുരു(വ്യാഴം) വിന്റെ അനുഗ്രഹത്താല്‍ സിദ്ധിക്കുന്നു.
'ദേവനാം ച ഋഷിണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം'
തം നമാമി ബൃഹസ്പതിം എന്നതാണ് വ്യാഴപ്രീതിക്കുള്ള ശ്ലോകം.
ദേവന്മാര്ക്കും ജ്ഞാനികള്‍ക്കും ഗുരുവായി വിളങ്ങുന്നവനേ, സ്വര്‍ണ്ണം പോലെ പ്രകാശിക്കുന്നവനേ, ജ്ഞാനത്തിന്റെ സ്വരൂപമേ, ത്രിലോകങ്ങളുടേയും തലവനേ ബൃഹസ്പതിയേ നിന്നെ വണങ്ങുന്നു എന്നാണ് പൊരുള്‍.
