ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്‍റെ നൈവേദ്യങ്ങള്‍
ഭഗവാന് സമര്‍പ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് നൈവേദ്യങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 നാണ് നട തുറക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം ഒന്നരയോടെ നട അടയ്ക്കും. വൈകിട്ട് 4 ന് നടതുറക്കും, രാത്രി 9.15 ന് നട അടയ്ക്കും. ഈ സമയങ്ങളില്‍ വ്യത്യസ്തമായ നിരവധി നൈവേദ്യങ്ങള്‍ ഭഗവാന് നിവേദിക്കാറുണ്ട്. കീഴ്ശാന്തിമാരാണ് നിവേദ്യങ്ങള്‍ തയ്യാറാക്കുന്നത്. എല്ലാ നൈവേദ്യങ്ങള്‍ക്കൊപ്പവും നാളികേരം, ശര്‍ക്കര, കദളിപ്പഴം എന്നിവ ഉണ്ടാകും.
ഭഗവാന് സമര്‍പ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് നൈവേദ്യങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 നാണ് നട തുറക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം ഒന്നരയോടെ നട അടയ്ക്കും. വൈകിട്ട് 4 ന് നടതുറക്കും, രാത്രി 9.15 ന് നട അടയ്ക്കും. ഈ സമയങ്ങളില്‍ വ്യത്യസ്തമായ നിരവധി നൈവേദ്യങ്ങള്‍ ഭഗവാന് നിവേദിക്കാറുണ്ട്. കീഴ്ശാന്തിമാരാണ് നിവേദ്യങ്ങള്‍ തയ്യാറാക്കുന്നത്. എല്ലാ നൈവേദ്യങ്ങള്‍ക്കൊപ്പവും നാളികേരം, ശര്‍ക്കര, കദളിപ്പഴം എന്നിവ ഉണ്ടാകും.
നിര്‍മ്മാല്യദര്‍ശനത്തിനുശേഷം തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം എന്നിവ കഴിഞ്ഞ് 4 ന് വെള്ളിത്തളികയില്‍ മലര്‍ നിറയെ വച്ച് നല്‍കുന്ന മലര്‍ നിവേദ്യമാണ് ഒരു ദിവസത്തെ ആദ്യത്തെ നിവേദ്യം.
മലര്‍നിവേദ്യത്തോടൊപ്പം നാളീകേരപ്പൂള്, ശര്‍ക്കര, കദളിപ്പഴം, നേന്ത്രപ്പഴം എന്നിവയും ഉണ്ടാകും. തൃമധുരവും ഉള്‍പ്പെടുന്നു. ഭഗവാന് നിവേദിച്ച മലര്‍നിവേദ്യം ശീവേലി ആനയ്ക്കും, കുട്ടകത്തില്‍ നേദിക്കുന്ന മലര്‍ ഭക്തര്‍ക്കും നല്‍കും.
4.30 ന് ഉഷഃനിവേദ്യം. വെള്ളി ഉരുളിയില്‍ വെള്ളനിവേദ്യം, സ്വര്‍ണ്ണപാത്രത്തില്‍ നെയ്പ്പായസവും നേദിക്കുന്നു. ഉഷഃനിവേദ്യത്തിന്‍റെ വളരെ ചെറിയൊരു ഭാഗം മേല്‍ശാന്തിക്കും ബാക്കിയുള്ളത് കഴകക്കാര്‍ക്കും അവകാശപ്പെട്ടതാണ്.
5.45 ന് എതിരേറ്റ് പൂജ. ഇതിനായി വെള്ളനിവേദ്യം, ശര്‍ക്കരപ്പായസം, വെണ്ണ എന്നിവ ഭഗവാന് സമര്‍പ്പിക്കുന്നു. ഒമ്പതോടെ നടക്കുന്ന നവകാഭിഷേകം കഴിഞ്ഞാണ് ഈ വിഭവങ്ങള്‍ നിവേദിക്കുന്നത്.
11.30 ന് അമൃതേത്ത്. വിശേഷപ്പെട്ട നൈവൈദ്യമാണിത്. നിവേദ്യച്ചോറ്, നാല് വറവ്, കാളന്‍, വെണ്ണ, പയര്‍/ കയ്പ്പക്ക കൊണ്ടാട്ടം, എരിശ്ശേരി, പഴം, പാലട, പ്രഥമന്‍, ഇടിച്ചു പിഴിഞ്ഞ പായസം, തൃമധുരം എന്നിവയാണ് അമൃതേത്ത്. പാലട നിത്യവിഭവങ്ങളില്‍ പ്രധാനപ്പെട്ടതല്ല. ഭക്തര്‍ വഴിപാട് ചെയ്യുമ്പോള്‍ നേദിക്കുന്നു. ദിവസവും പാലട വഴിപാട് ഉണ്ടാകാറുണ്ട്.
അത്താഴപൂജ 8.15 ന് മുമ്പ്. വെള്ളനിവേദ്യം, അട, അവില്‍, പാല്‍പ്പായസം എന്നിവയാണ് അത്താഴപൂജയുടെ നൈവേദ്യങ്ങള്‍. ഉദയാസ്തമനപൂജയ്ക്ക് നൈവേദ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കും.
തൃപ്പുത്തരിക്ക് ഉച്ചപൂജയ്ക്ക് പുത്തരി നേദ്യവും, പുത്തരിപ്പായസവും സ്വര്‍ണ്ണപ്പാത്രത്തില്‍ നിവേദിക്കും. നാളികേരം ചിരവി പാലെടുത്ത് നേന്ത്രപ്പഴവും, ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന ഇടിച്ചുപിഴിഞ്ഞ പായസമാണ് പുത്തരിപ്പായസം. ഉഴിഞ്ഞവള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം നേദിക്കാനായി ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുന്നത്. ഉപ്പുമാങ്ങ, പത്തിലക്കറി, പഴംനുറുക്ക്, നെയ്യപ്പം എന്നിവയും തൃപ്പുത്തരി ദിവസത്തെ നൈവേദ്യമാണ്. ക്ഷേത്രത്തിന് പുറത്ത് തയ്യാറാക്കി ഭഗവാന്‍റെ നേദ്യത്തിനായി ഉപയോഗിക്കുന്ന ഏക വിഭവമാണ് ഉപ്പുമാങ്ങ.
കുചേലദിനത്തില്‍ അവല്‍ ഉച്ചയ്ക്കും രാത്രിയിലും നിവേദിക്കുന്നു.
അഷ്ടമിരോഹിണിക്ക് 441000 അപ്പം ഭഗവാന് അര്‍പ്പിക്കുന്നു. തിരുവോണം, വിഷു, അഷ്ടമിരോഹിണി, തൃപ്പുത്തരി ദിനങ്ങളില്‍ നമസ്ക്കാര സദ്യയില്‍ ഓലന്‍ ഉണ്ടാകും. ഓണത്തിന് ഉത്രാടം തുടങ്ങി 5 ദിവസം പഴംനുറുക്ക് നിവേദിക്കുന്നുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരല്‍പ്പുര
ഗുരുവായൂരപ്പന് അര്‍പ്പിക്കുന്ന നിവേദ്യവിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നെല്ല് ഉരലില്‍ കുത്തി അരിയാക്കുന്നത് ക്ഷേത്രത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഉരല്‍പ്പുരയിലാണ്. ക്ഷേത്രപരിസരത്തെ തിരുവെങ്കിടം ദേശം ഉള്‍പ്പെടെയുള്ള പ്രദേശത്തെ പാരമ്പര്യാവകാശികളായ ഇരുപത് തറവാടുകളിലെ അമ്മമാരാണ് ഈ കര്‍മ്മം പ്രാര്‍ത്ഥനാപൂര്‍വ്വം ചെയ്യുന്നത്.
പതിനഞ്ച് വര്‍ഷം മുമ്പ് വരെ നിവേദ്യത്തിനുള്ള വിഭവങ്ങള്‍ തയ്യാറാക്കാനിടയുള്ള മുഴുവന്‍ നെല്ലും ഇവര്‍ ഇവിടെ ഉരലില്‍ കുത്തി എടുക്കുന്നതായിരുന്നു പതിവ്. കാലാന്തരത്തില്‍ വഴിപാടിന്‍റെ എണ്ണം വര്‍ദ്ധിച്ചതോടെ നെല്ല് മില്ലില്‍ കുത്തിക്കൊണ്ട് വരുന്ന അരി ഉരല്‍പ്പുരയില്‍ എത്തിച്ചശേഷം മുറത്തിലിട്ട് നന്നായി പാറ്റി അതിലെ കല്ല്, കേടായ അരിമണികള്‍(മങ്ക്) എന്നിവ മാറ്റി വൃത്തിയാക്കി ദേവസ്വത്തെ ഏല്‍പ്പിക്കുന്നു. പത്ത് പറ നെല്ല് ദേവസ്വം നല്‍കുമ്പോള്‍ മൂന്നേകാല്‍ പറ അരിയാണ് ഇവര്‍ തിരികെ നല്‍കേണ്ടത്. ബാക്കിയുള്ള അരിയാണ് ഇവര്‍ക്കുള്ള പ്രതിഫലം. ഒരു ദിവസം 50-64 പറ അരിയാണത്രെ നിവേദ്യങ്ങള്‍ തയ്യാറാക്കുന്നതിനായി വേണ്ടിവരുന്നത്.
ഉദയാസ്തമനപൂജയ്ക്കും, നിവേദ്യത്തിനുള്ള അപ്പം, അട, നെയ്പ്പായസം, പാല്‍പ്പായസം എന്നിവയ്ക്ക് ഉരല്‍പ്പുരയില്‍ നിന്നുമുള്ള അരിയാണ് ഉപയോഗിക്കുന്നത്.
ഭഗവാന്‍റെ തൃപ്പുത്തരി നിവേദ്യത്തിനും പുത്തരിപ്പായസത്തിനും ഇവിടുത്തെ ഉരലില്‍ കുത്തി എടുത്ത അരിയാണ് ഉപയോഗിക്കുന്നത്.
ചിങ്ങക്കൊയ്ത്തിനുശേഷം ക്ഷേത്രത്തില്‍ എത്തിക്കുന്ന പുതിയ നെല്ലാണ് ഇതിനായി ഉപയോഗിക്കുന്നത്.
