ഗുരുവായൂര്‍ ഭജനം എങ്ങനെഅനുഭവമാക്കാം....

ഗുരുവായൂര്‍ ഭജനം എങ്ങനെഅനുഭവമാക്കാം....

മാനസികശുദ്ധിയോടെ നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഉഷഃപൂജ എന്നിവ തികഞ്ഞ ഭക്തിയോടെ യഥാസമയം ദര്‍ശിച്ച് നാലമ്പലത്തിനുള്ളില്‍(ഭഗവാന്‍റെ തൃപ്പാദം  സങ്കല്‍പ്പിച്ച്) ശാന്തമായ ഒരിടത്ത് സ്വസ്ഥമായിരുന്ന് ഭജനം ആരംഭിക്കുക.

ഭജനത്തിന് വേണ്ടിയുള്ള നാമപുസ്തകങ്ങള്‍ കരുതണം. ഓരോ സമയത്തുള്ള പൂജകള്‍ക്കുവേണ്ടി ഉച്ചഭാഷിണിയിലൂടെ അറിയിപ്പുണ്ടാകും. 

അപ്പോള്‍ പൂജകള്‍ ദര്‍ശിച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ രാത്രി നട അടയ്ക്കുന്നവരെയുള്ള പൂജകള്‍ യഥാസമയം ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. പരിമിതികള്‍ ഉണ്ടായാലും ഓരോ പൂജകളും കൊടിമരത്തിന് മുമ്പില്‍ നിന്ന് ദര്‍ശിക്കുക. ശേഷം വീണ്ടും പഴയ സ്ഥലത്ത് പോയിരുന്ന് ഭജനം തുടരുക.

ഓരോരോ സമയത്തുള്ള ശീവേലികളിലും ഭഗവാനെ അനുഗമിച്ച് നാമജപത്തോടുംകൂടി ക്ഷേത്രപ്രദക്ഷിണം നടത്തുക. ദീപാരാധനയ്ക്ക് മുമ്പായി ക്ഷേത്രത്തിന് ചുറ്റും കൊടിമരത്തിന്‍റെ ഇടതുഭാഗത്തുള്ള ആല്‍വിളക്ക് ചുവട്ടിലും ദീപം തെളിയിക്കാന്‍ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാല്‍ മനസ്സിലെ അന്ധകാരം അകലുമെന്നാണ് വിശ്വാസം. കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.

തുടര്‍ന്നുള്ള പൂജകള്‍ ദര്‍ശിക്കുക. അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴല്‍ പൂജ, തൃപ്പുക എന്നീ പൂജകള്‍ നിര്‍ബന്ധമായും ദര്‍ശിക്കണം. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്ത് നിന്നും ഭഗവാന്‍റെ തിടമ്പ് ഇറക്കിക്കഴിയുമ്പോള്‍ ശ്രീകോവിലില്‍ ഭഗവാന് നിവേദിച്ച നെയ്യ് മേല്‍ശാന്തി കൊടിമരത്തിന്‍റെ സമീപം എത്തിക്കും. അത് ഭക്തിപൂര്‍വ്വം വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാന്‍.

അപ്പോഴേയ്ക്കും തിരുനട അടയ്ക്കുന്ന സമയം ആകും. ഈ സമയം നമുക്ക് യാതൊരുവിധ ക്ഷീണമോ മറ്റോ തോന്നാറില്ല. പ്രത്യേക രീതിയിലുള്ള ഉണര്‍വ്വും സന്തോഷവും സമാധാനവും ധൈര്യവും നമുക്ക് അനുഭവവേദ്യമാകും.

ഭഗവാന്‍ നമ്മുടെ ഭജനം സ്വീകരിച്ചു എന്ന് വിശ്വസിക്കുക. ഭഗവാന് നന്ദി സമര്‍പ്പിക്കുക. ഭജനത്തിന് ശേഷം ഭക്ഷണം കഴിക്കാം. ഭഗവാന്‍ ഉണര്‍ന്ന് കഴിയുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെയാണ് ഭജനം ഇരിക്കേണ്ടത്.