നിറ... നിറ... പൊലി... പൊലി.. ഇല്ലം നിറ
സകല ജീവജാലങ്ങള്‍ക്കും അന്നം നല്‍കുന്ന പ്രകൃതി തന്നെയാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരി ദേവിയെന്ന് ദേവീപുരാണം. ഭഗവതിയുടെ കൃപാകടാക്ഷമുള്ള നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, നമ്മുടെ ജീവിതവുമായി വിളക്കിച്ചേര്‍ത്ത സംസ്ക്കാരം കൂടിയാണത്രേ. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യന്‍റെ ജീവിതഘട്ടത്തില്‍ നെല്ലിന്‍റെ സാന്നിദ്ധ്യമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിറപുത്തരിയും, തൃപ്പുത്തരിയും ഏറെ വിശേഷപ്പെട്ടതാണത്രേ. സാധാരണ ക്ഷേത്രത്തില്‍ രണ്ട് ചടങ്ങുകളും ഒരേ ദിവസമാണ് അനുഷ്ഠിക്കുന്നതെങ്കിലും ഗുരുവായൂരില്‍ ഇവ രണ്ട് ദിവസങ്ങിലായാണ് ആചരിക്കുക. ഓഗസ്റ്റ് 18 ന് ഇല്ലം നിറയും തൃപ്പുത്തരി ഓഗസ്റ്റ് 28 നുമാണ് നടത്തുന്നത്.
സകല ജീവജാലങ്ങള്‍ക്കും അന്നം നല്‍കുന്ന പ്രകൃതി തന്നെയാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരി ദേവിയെന്ന് ദേവീപുരാണം. ഭഗവതിയുടെ കൃപാകടാക്ഷമുള്ള നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, നമ്മുടെ ജീവിതവുമായി വിളക്കിച്ചേര്‍ത്ത സംസ്ക്കാരം കൂടിയാണത്രേ. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യന്‍റെ ജീവിതഘട്ടത്തില്‍ നെല്ലിന്‍റെ സാന്നിദ്ധ്യമുണ്ട്.(ഉത്സവങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലെല്ലാം നെല്ല് ഉപയോഗിക്കുന്നുണ്ട്.)
കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഇല്ലം നിറ. സമൃദ്ധിയുടെ കാര്‍ഷിക അനുഷ്ഠാനമാണിത്. ദേശത്തിന്‍റെ കാര്‍ഷിക അഭിവൃദ്ധിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. വയലേലയില്‍ വിളഞ്ഞ് പഴുത്ത് പാകമായ പുന്നെല്ല് ആഘോഷപൂര്‍വ്വമായി വീടുകളലെത്തിക്കുന്ന ചടങ്ങാണ് ഇല്ലംനിറ.
ശരീര- മാനസിക ശുദ്ധിയോടെ ഗൃഹനാഥന്‍ പാടത്തേയ്ക്ക് പോയി നെല്‍ക്കതിര്‍ വീട്ടിലേയ്ക്ക് കൊണ്ടുവരും. തൂക്കുവിളക്കും, അഷ്ടമംഗല്യവും താലപ്പൊലിയുമായി കുടുംബാംഗങ്ങളും ബന്ധുക്കളും നെല്‍ക്കതിരിനെ സ്വീകരിച്ച് വീടിന്‍റെ നടുമുറ്റത്ത് ചാണകം മെഴുകിയ പലകയില്‍ കതിര്‍ക്കറ്റകള്‍ വയ്ക്കുന്നു. ദശപുഷ്പങ്ങളും, ആല്‍, മാവ്, പ്ളാവ്, കടുകപ്പാല, വള്ളിപ്പാല, നെല്ലി, ഇല്ലി, അമച്ചക്കൊടി, കരിക്കൊടി എന്നിവയുടെ ഇലകളും ചേര്‍ത്ത് 'നിറവല്ലവം പൂജ' കഴിക്കുന്നു.
നിറ.. നിറ.. പൊലി.. പൊലി... ഇല്ലം നിറ... പത്തായം നിറ എന്ന് എല്ലാവരും ചേര്‍ന്ന് ചൊല്ലി നെല്‍ക്കതിരുകള്‍ പത്തായത്തിലാക്കി കാരണവര്‍ പത്തായത്തിന് മുകളില്‍ ചാണകം കൊണ്ട് കതിര്‍ പതിച്ച് വയ്ക്കുന്നു. അരിമാവില്‍ കൈപ്പത്തി മുക്കി പത്തായത്തിന് മുകളിലും, വശങ്ങളിലും അടയാളം വയ്ക്കുന്നു. നെല്‍ക്കതിരിലെ കുറച്ച് ഭാഗം മനോഹരമായി വീടിന്‍റെ പൂമുഖത്തും, വാതില്‍പ്പടിയിലും തൂക്കും. വര്‍ഷം മുഴുവന്‍ വീടിന് ഇത് ഐശ്വര്യത്തെ പ്രദാനം ചെയ്യുമെന്ന് വിശ്വാസം. പ്രത്യേകം ശുദ്ധീകരിച്ച സ്ഥലത്തും ക്ഷേത്രത്തിലുമാണ് ഇല്ലം നിറ ചടങ്ങ് നടത്തുന്നത്. കാര്‍ഷിക അദ്ധ്വാനത്തിന്‍റെ ഫലത്തെ വീട്ടിലെത്തിക്കുക എന്നതാണ് സങ്കല്‍പ്പം. പുന്നെല്ല് ഉപയോഗിച്ച് പായസം തയ്യാറാക്കുന്ന പതിവും ഉണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിറപുത്തരിയും, തൃപ്പുത്തരിയും ഏറെ വിശേഷപ്പെട്ടതാണത്രേ. സാധാരണ ക്ഷേത്രത്തില്‍ രണ്ട് ചടങ്ങുകളും ഒരേ ദിവസമാണ് അനുഷ്ഠിക്കുന്നതെങ്കിലും ഗുരുവായൂരില്‍ ഇവ രണ്ട് ദിവസങ്ങിലായാണ് ആചരിക്കുക. ഓഗസ്റ്റ് 18 ന് ഇല്ലം നിറയും തൃപ്പുത്തരി 28 ന് മാണ് നടത്തുന്നത്. ദേവസ്വം വക കരനെല്‍കൃഷിയിടത്തുനിന്നും അഴീക്കല്‍, മനയം കുടുംബാംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ ഇല്ലം നിറയുടെ തലേദിവസം ക്ഷേത്രത്തിലെത്തിക്കും. പിറ്റേദിവസം രാവിലെ 6.15 ന് ശേഷം കിഴക്കേ ഗോപുര നടയില്‍ അരിമാവ് അണിഞ്ഞ നാക്കിലയില്‍ നിരത്തുന്ന നെല്‍ക്കതിരില്‍ കീഴ്ശാന്തി തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തും. കുറച്ച് കറ്റകള്‍ ഓട്ടുരുളിയില്‍ വയ്ക്കുന്നു.
പതിമൂന്ന് കീഴ്ശാന്തി കുടുംബങ്ങളിലെ അറുപതോളം നമ്പൂതിരിമാര്‍ ഈറനായി തറ്റുടുത്ത് ഭസ്മധാരികളായി കതിര്‍ക്കറ്റകള്‍ ശിരസ്സിലേറ്റി പ്രദക്ഷിണമായി നാലമ്പലത്തിലെ നമസ്ക്കാര മണ്ഡപത്തിലേക്ക് പോകുന്നു. മുമ്പില്‍ ശംഖു തീര്‍ത്ഥം, കുത്തുവിളക്കുകള്‍, അഷ്ടമംഗല്യം, ശംഖുനാദം, വലംതല ചെണ്ട എന്നിവയും ഉണ്ടാകും. ഭക്തര്‍ 'നിറയോ.. നിറ.. നിറ...' എന്ന് വിളിച്ചുകൊണ്ടിരിക്കും.
ശ്രീകോവിലിന് മുമ്പില്‍ നമസ്ക്കാര മണ്ഡപത്തില്‍ വല്ലം, ദശപുഷ്പം തുടങ്ങി നിറക്കോപ്പുകള്‍ക്ക് മുമ്പില്‍ കതിരുകള്‍ സമര്‍പ്പിക്കുന്നു. മേല്‍ശാന്തി കതിരുകള്‍ക്ക് മുമ്പില്‍ നാളികേരം ഉടച്ച് ലക്ഷ്മീനാരായണ പൂജ ചെയ്യും. പട്ടില്‍ പൊതിഞ്ഞ കതിരുകള്‍ മേല്‍ശാന്തി ശ്രീലകത്ത് എത്തിച്ച് ഭഗവാന് കാഴ്ച വയ്ക്കും. പൂജിച്ച ഭഗവത് ചൈതന്യമുള്ള കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. അന്നേദിവസം ഉപദേവതാ ക്ഷേത്രങ്ങളിലും നിറയൊരുക്കുണ്ട്.
തൃപ്പുത്തരി
പുന്നെല്ലിന്‍റെ അരി ഉപയോഗിച്ച് നിവേദ്യവും, പുത്തരിപ്പായസവും തയ്യാറാക്കി ഭഗവാന് നിവേദിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. പുത്തരിയുടെ അരി അളക്കുന്നതിന്‍റെ മുഹൂര്‍ത്തത്തിന് ഏറെ പ്രാധാന്യം ഉണ്ടത്രേ. തേങ്ങാപ്പാലില്‍ നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന ഇടിച്ചുപിഴിഞ്ഞ പായസമാണ് പുത്തരിപ്പായസം.
ഭഗവാന്‍റെ ഉച്ചപൂജയ്ക്ക് പുത്തരിനേദ്യവും പുത്തരപ്പായസവും സ്വര്‍ണ്ണപാത്രത്തില്‍ നിവേദിക്കും. ഇതിനോടൊപ്പം പത്തില കറികളും, ഉപ്പുമാങ്ങയും, പഴം നുറുക്കും, നെയ്യപ്പവും വിശേഷ നിവേദ്യങ്ങളാണ്. ഉഴിഞ്ഞ വള്ളിചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം നേദിക്കാനായി ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നത്.
തൃപ്പുത്തരി നിവേദ്യത്തിന് ശേഷം ഉച്ചശീവേലി, പുത്തരിനിവേദ്യത്തിന്‍റെ ഹവിസ് ക്ഷേത്രപാലകര്‍ക്കും ബലിക്കല്ലിനും അര്‍പ്പിച്ച് ശീവേലി നടത്തുന്നു.
ഗുരുവായൂരിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങാണിത്. ചിങ്ങമാസത്തിലെ തിരുവോണത്തിന്‍റെ തലേന്ന് ഉത്രാട ദിനം രാവിലെ ക്ഷേത്രത്തിലെ ശീവേലിക്ക് ശേഷം ഇതിന്‍റെ ചടങ്ങുകള്‍ക്ക് സമാരംഭം. കൊടിമരത്തിന് സമീപം അരിമാവുകൊണ്ടണിഞ്ഞ നാക്കിലയ്ക്ക് മുകളില്‍ ചുവന്ന പട്ട് ചുറ്റിയ ലക്ഷണമൊത്ത നേന്ത്രക്കുല ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ക്ഷേത്രം ഭരണാധികാരികളും പാരമ്പര്യജീവനക്കാരും ഭക്തജനങ്ങളും ഭഗവാന് കുലകള്‍ സമര്‍പ്പിക്കുന്നു.
സാധാരണയായി ആയിരത്തിലധികം കുലകള്‍ ഇങ്ങനെ സമര്‍പ്പിക്കപ്പെടാറുണ്ട്.
ജന്മി കുടിയാന്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചടങ്ങാണിത്. പാട്ടം നല്‍കിയ ഭൂമിയില്‍ വിളഞ്ഞ വാഴക്കുല ഓണത്തിന് മുന്നോടിയായി ഭഗവാന് കാഴ്ചയായി സമര്‍പ്പിക്കുന്നു എന്നതാണ് ചടങ്ങിന്‍റെ സങ്കല്‍പ്പം. 'പാട്ടക്കുല സമര്‍പ്പണം' എന്ന് പണ്ട് ഈ ചടങ്ങിനെ പറയാറുണ്ടായിരുന്നു. ക്ഷേത്രത്തില്‍ കാഴ്ചയായി ലഭിക്കുന്ന നേന്ത്രക്കുലകളില്‍ ഒരു ഭാഗം ആനയൂട്ടിനായി നല്‍കും. മറ്റൊരു ഭാഗം തിരുവോണ സദ്യയ്ക്ക് പഴംപ്രഥമന്‍ തയ്യാറാക്കാന്‍ മാറ്റിവയ്ക്കും. കുറഞ്ഞ തുകയ്ക്ക് ഭക്തര്‍ക്ക് ബാക്കിയുള്ളത് നല്‍കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി
ഭഗവാന്‍റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണി ദിവസം രാവിലെ തയ്യാറാക്കുന്ന അരിപ്പൊടിയും ശര്‍ക്കരയും നേന്ത്രപ്പഴവും ഉപയോഗിച്ചാണ് നിവേദ്യത്തിനുള്ള നെയ്യപ്പം തയ്യാറാക്കുന്നത്. നാലമ്പലത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ അടുപ്പുകള്‍ ഉണ്ടാക്കി അപ്പക്കാരകളില്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ അപ്പം ഉണ്ടാക്കും. വിറകായി തെങ്ങിന്‍ കൊതുമ്പ് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. അത്താഴപൂജയ്ക്ക് നിവേദിക്കാനായി അരലക്ഷത്തോളം നെയ്യപ്പം ഇങ്ങനെ തയ്യാറാക്കുമത്രേ. ഇത് കുട്ടകങ്ങളിലാക്കി ശ്രീലകത്തും മുഖമണ്ഡപത്തിലും, നമസ്ക്കാര മണ്ഡപത്തിലും വച്ച് കണ്ണന് നിവേദിക്കുന്നു. പ്രസാദം രാത്രി തന്നെ വഴിപാടുകാര്‍ക്ക് വിതരണം ചെയ്യും.
ക്ഷേത്രത്തിന് പുറത്ത് വിവിധ സംഘടനകളുടെ ഉറിയടി ഘോഷയാത്ര, ശോഭായാത്ര, കലാപരിപാടികള്‍ എന്നിവയും അന്നേദിവസം ഉണ്ടാകും. കണ്ണനും, ഗോപികമാരുമായി വൃന്ദാവനഛായയിലായിരിക്കും അന്നേദിനം ഗുരുവായൂര്‍.
Photo Courtesy - Google
