ഗുരുവായൂരില്‍ ഇല്ലംനിറയും തൃപ്പുത്തരിയും
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ നടക്കും. ഇല്ലംനിറയുടെ കതിര്‍ക്കറ്റകള്‍ വയ്ക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ താല്‍ക്കാലിക സ്റ്റേജ് സംവിധാനം തയ്യാറാക്കുന്നുണ്ട്. തൃപ്പുത്തരി ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള മുഹൂര്‍ത്തത്തിലായിരിക്കും നടക്കുക.
ഇല്ലംനിറ ഐതിഹ്യം, ചരിത്രം
സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും ദേശത്തിനും ലഭിക്കുന്നതിനായിട്ടാണ് ഇല്ലംനിറ ആചരണം.
കറുത്തവാവ് കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച കര്‍ഷകര്‍ രാവിലെ ശരീരശുദ്ധി വരുത്തി ഈറനായി വയലേലയില്‍ നിന്നും ഒരുപിടി നെല്ക്കതിര് അറുത്തെടുത്ത് ക്ഷേത്രത്തിലേക്ക് വഴിപാടായി നല്കുന്നു.
ദേശപരദേവതയുടെ കടാക്ഷത്താല്‍ നൂറുമേനി വിളവ് ഉണ്ടാകുമെന്നും കൃഷിയില്‍ ഏര്‍പ്പെട്ട എല്ലാവര്ക്കും അതിന്റെ പ്രതിഫലം ലഭിക്കുമെന്നതുമാണ് വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും വ്യാപാരിക്കുമെല്ലാം ഒരേ പ്രാര്‍ത്ഥന 'നിറ'യെന്നും 'പൊലി'യെന്നും 'ഇല്ലംനിറ'(വീട് നിറയട്ടെ) 'വല്ലം നിറ'(കൊട്ട നിറയട്ടെ) 'പത്തായം നിറ' 'നാട് പൊലി' പൊലിയോപൊലി എന്നിങ്ങനെയാണ്.
ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കറ്റകളില്‍ നിന്ന് പ്രസാദമായി ലഭിക്കുന്ന കറ്റകള്‍ നിറപറ, പൊലിപൊലി എന്നിങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ട് വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേകരീതിയില്‍ നെയ്ത് തൂക്കും. ഇത് അടുത്ത വര്‍ഷത്തെ ചടങ്ങുദിനം വരെ സ്വസ്ഥാനത്ത് തുടരും.
ഗൃഹത്തില്‍ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യം നിറക്കുന്ന
ചടങ്ങാണ് നിറപുത്തരി. ശബരിമലയിലെ നിറപുത്തരി ഏറെ വിശേഷപ്പെട്ടത്.
കൊയ്ത്തുകഴിഞ്ഞ് നെല്ല് പത്തായത്തില് നിറയ്ക്കും മുമ്പ് ഗൃഹവും പരിസരവും അറയും പത്തായവും കൃഷിക്കാരന്റെ മനസ്സും ശുദ്ധിയാക്കി മൂധേവിയെ പുറത്താക്കി ഐശ്വര്യദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നതാണ് സങ്കല്‍പ്പം.
വീട്ടിലെ മുറികളെല്ലാം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തുടര്‍ന്ന് ഭഗവതി പൂജ. പൂജാമധ്യത്തില്‍ നെല്‍ക്കറ്റകള്‍ വീട്ടിലേയ്ക്ക് എഴുന്നെള്ളിച്ച് പൂജിക്കുന്നു. ദേവിക്ക് സമര്‍പ്പിച്ച നിവേദ്യം കറ്റയില്‍ നിന്നുള്ള ഓരോ നെല്‍ക്കതിരും ഓരോ മുറിയിലും അരിമാവണിഞ്ഞ സ്ഥലത്ത് ഇലയില്‍ വയ്ക്കുന്നു. കാഞ്ഞിരത്തിന്റെ ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. കണ്ണട എന്നറിയപ്പെടുന്ന ചെറിയ അടയാണ് സാധാരണ നിറപുത്തരിക്ക് നിവേദ്യമായി തയ്യാറാക്കുന്നത്.
ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നതാണ് സങ്കല്‍പ്പം. കറ്റയില്‍ നിന്ന് ഒന്നോ രണ്ടോ പിടി നെല്‍ക്കതിരുകള്‍ അറവാതിക്കലും പൂമുഖത്തും കെട്ടിത്തൂക്കും. ബാക്കിയുള്ള നെല്‍ക്കതിരുകള്‍ മെതിച്ച് കുത്തി അതില്‍ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് പുത്തരിച്ചോറ് തയ്യാറാക്കി ഭക്ഷിക്കണമെന്നതാണ് വിധി.
ക്ഷേത്രങ്ങളില്‍ പലയിടത്തും പുത്തരിപ്പായസം നിവേദിക്കാറുണ്ട്. മനുഷ്യന്റെ അദ്ധ്വാനത്തെയാണ് ഗൃഹത്തിലേയ്ക്ക് എഴുന്നെള്ളിക്കുന്നത്. അതുകൊണ്ട് കാര്‍ഷികവൃത്തിക്കും കര്‍ഷകര്‍ക്കുള്ള അംഗീകാരവും ആദരവും കൂടിയാണിത്.
കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഇല്ലംനിറ. കേരളത്തിന്റെ സമൃദ്ധി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വാക്കാണ് ഇല്ലം നിറ.
ഇല്ലംനിറയ്ക്കുള്ള കതിര്‍ക്കറ്റകള്‍ ആലാട്ട് കുടുംബത്തിന് അരനൂറ്റാണ്ട് പിന്നിട്ട പുണ്യം
ഇല്ലംനിറ, നിറപുത്തരി ചടങ്ങുകള്‍ക്കായി കതിര്‍ക്കറ്റകള്‍ ഗുരുവായൂര്‍ക്ഷേത്ര സന്നിധിയില്‍ എത്തിക്കുന്നതിന്റെ പാരമ്പര്യ അവകാശികളാണ് തൃശൂര്‍ കേച്ചേരിയിലുള്ള പഴുന്നാന ആലാട്ട് കുടുംബക്കാര്. 70 വര്‍ഷത്തോളം കതിര്‍ക്കറ്റകളുമായി ഭഗവത്സന്നിധിയില്‍ എത്തിയിരുന്ന വേലപ്പന് മൂന്നുവര്‍ഷം മുമ്പ് മരിച്ചതോടെ അദ്ദേഹത്തിന്റെ മക്കളായ ജയരാജന്, രവീന്ദ്രന്, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇപ്പോള്‍ കതിര്‍ക്കറ്റകളുമായി ക്ഷേത്രത്തിലെത്തുന്നത്.
ഗുരുവായൂരില്‍ ഇക്കുറി ആഗസ്റ്റ് 18 നാണ് ഇല്ലം നിറ. 17 ന് ഉച്ചയോടെയാണ് കതിര്‍ക്കറ്റകളുമായി ആലാട്ട് കുടുംബക്കാര് ക്ഷേത്രത്തിലെത്തുക. വിഷു കഴിഞ്ഞാല്‍ നിറപുത്തരിയുള്ള നെല്‍കൃഷി ആരംഭിക്കുന്നു. കൃഷിയിറക്കുന്നത് മുതല്‍ വിളവെടുപ്പ് വരെ വ്രതശുദ്ധിയോടെയാണ് കുടുംബക്കാര് കഴിയുന്നത്. പണിക്കാരും ഇപ്രകാരം തന്നെ. ശുദ്ധിയും വൃത്തിയും വ്യതിചലിക്കാതെയാണ് വയലേലകളിലേയ്ക്ക് ഇറങ്ങാറുള്ളൂ. 90 ദിവസം മാത്രം മൂപ്പുള്ള കനക ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. രാസവളപ്രയോഗം നടത്താറില്ല. ചാണകപ്പൊടിയും ചാരവുമാണ് വളമായി ഉപയോഗിക്കുന്നത്.
ജൂലൈ പകുതിയോടെ കൊയ്ത്ത് ആരംഭിക്കും. കുടുംബക്ഷേത്രമായ ആലാട്ട് ചൊവ്വ ഭഗവതിക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയാണ് കൊയ്ത്ത് ആരംഭിക്കുന്നത്. പാടത്തുനിന്ന് നാലായിരത്തോളം കെട്ട് കറ്റകള്‍ വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രം, തൃപ്രയാര്‍, കൂടല്‍ മാണിക്യം, ചോറ്റാനിക്കര, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തിരുനക്കര, അമ്പലപ്പുഴ, എരുമേലി, മള്ളിയൂര്‍, മലയാലപ്പുഴ തുടങ്ങി 500 ല്‍പ്പരം ക്ഷേത്രങ്ങളിലേയ്ക്കുള്ള നിറപുത്തരി ചടങ്ങുകള്‍ക്കായി കതിര്‍ക്കറ്റകള്‍ എത്തിക്കുന്നുണ്ട്. നാലേക്കറോളം വരുന്ന പാടത്താണ് കൃഷി.
ഗുരുവായൂരിലേയ്ക്ക് ഇക്കുറി 2,000 കെട്ട് കതിര്‍ക്കറ്റകളാണ് നല്‍കുന്നത്.
തിരുവമ്പാടി, ഊരകം ക്ഷേത്രത്തിലേയ്ക്കുള്ള നിവേദ്യത്തിനുള്ള നെല്ലും അരിയും നല്‍കുന്നതും ആലാട്ട് കുടുംബക്കാരാണ്. കാരണവന്മാരായി തുടങ്ങിവച്ച ആചാരം മുടക്കം ഇല്ലാതെ തുടരാന്‍ കഴിയുന്നത് സാമ്പത്തിക ലാഭത്തേക്കാള്‍ ആത്മസമര്‍പ്പണത്തോടെയുള്ള ഭഗവത്വിശ്വാസമാണ്.
