വെള്ളിത്തിരയിലെ ഗുരുവായൂര്‍ കേശവന്‍
ഗജവീരന്‍ ഗുരുവായൂര്‍ കേശവന്‍ അരങ്ങൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ഭക്തര്‍ക്ക് മാത്രമല്ല ആനപ്രേമികളുടേയും സിനിമാപ്രേമികളുടേയും ഓര്‍മ്മകളില്‍ കേശവന്‍ കളഭം ചാര്‍ത്തിയ നെറ്റിയുമായി പ്രൗഢിയും തലയെടുപ്പുമായി ഇപ്പോഴുമുണ്ട്. നിലമ്പൂര്‍ വനാന്തരങ്ങളിലും കോവിലകത്തും തുടങ്ങി ഭഗവത്ചൈതന്യത്തില്‍ വിലയം പ്രാപിക്കുന്നതുവരെയുള്ള അവന്‍റെ ജീവിതം സിനിമാക്കഥയേയും വെല്ലുന്നതാണത്രേ. കേശവജീവിതം കഥയായി, കവിതയായി, പാട്ടായി പിന്നെ സിനിമയുമായി. വെള്ളിത്തിരയിലെത്തിയ 'ഗുരുവായൂര്‍ കേശവ'ന്‍റെ ചരിത്രത്തോടൊപ്പം ചിരിച്ചും കരഞ്ഞും കയ്യടിച്ചും വിസില്‍ മുഴക്കിയുമൊരു യാത്ര....
1977 ലാണ് ഗുരുവായൂര്‍ കേശവന്‍ തീയേറ്ററുകളിലെത്തുന്നത്. അക്കാലത്ത് പ്രേംനസീറിനോടൊപ്പം തന്നെ ആരാധകര്‍ കേശവനും ഉണ്ടെന്നുള്ള മഞ്ഞിലാസ് സിനിമാനിര്‍മ്മാണ കമ്പനി ഉടമ എം.ഒ. ജോസഫിന്‍റെ നിഗമനമായിരുന്നു ഇത്തരമൊരു സിനിമ പുറത്തിറക്കാന്‍ പ്രേരണയായത്. മഞ്ഞിലാസ് നിര്‍മ്മിച്ച 19-ാമത്തെ സിനിമയും ഭരതന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയുമായിരുന്നു 'ഗുരുവായൂര്‍ കേശവന്‍.'
ഗുരുവായൂരപ്പനെക്കുറിച്ചും കേശവനെക്കുറിച്ചും നിരവധി സംഭവകഥകള്‍ എഴുതിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ പുതൂരായിരുന്നു സിനിമയ്ക്കായി കഥയെഴുതിയത്. നടന്‍ എന്‍. ഗോവിന്ദന്‍കുട്ടിയുടേതായിരുന്നു തിരക്കഥ. ജി. ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച നവകാഭിഷേകം കഴിഞ്ഞു... എന്നുതുടങ്ങുന്ന ഗാനം അക്കാലത്ത് മിക്കയിടങ്ങളിലും ഉച്ചഭാഷിണികളിലൂടെ കേള്‍ക്കാമായിരുന്നു. പ്രത്യേകിച്ച് സിനിമാതീയേറ്ററുകളിലും ക്ഷേത്രങ്ങളിലും. നിലമ്പൂര്‍ കോവിലകത്തുള്ളവര്‍ കേശവനെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്ന ഭാഗങ്ങളാണ് ഈ ഗാനത്തോടൊപ്പം കാണിക്കുന്നത്.
പി. ജയചന്ദ്രനും, സി.ഒ. ആന്‍റണിയും ജോളി എബ്രഹാമും ചേര്‍ന്നുപാടിയ ധിംതതക്ക... എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. പി. മാധുരി ആലപിച്ച 'ഇന്നെനിക്ക് പൊട്ടുകുത്താന്‍...' എന്ന ഗാനം അവര്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്. മാരിമുകിലിന്‍... എന്ന ഗാനവും ഇവര്‍ കേശവനില്‍ പാടിയിട്ടുണ്ട്. യേശുദാസ് ആലപിച്ച് സൂര്യസ്പര്‍ശി കിരീടം എന്ന ഗാനവും പി. ലീലയോടൊപ്പം യേശുദാസ് പാടിയ സുന്ദര സ്വപ്നമേ... എന്ന ഗാനവും മികച്ച നിലവാരം പുലര്‍ത്തി. 'ഉഷാകിരണങ്ങള്‍....'എന്നുതുടങ്ങുന്ന ഗാനവും യേശുദാസ് ആലപിച്ച് ശ്രദ്ധേയമായി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ഒരുക്കിയ കേശവനിലും എല്ലാ ഗാനങ്ങളും ഇ.എം.ഐ കമ്പനി എല്‍.പി റെക്കോര്‍ഡുകളിലാക്കി പുറത്തിറക്കിയിരുന്നു. എച്ച്.എം.വിയാണ് ഗുരുവായൂര്‍ കേശവനിലെ പാട്ടുകളിലെ കാസറ്റ് പുറത്തിറക്കുന്നത്. കാസറ്റില്‍ 'ജഗത്ഗുരു ശ്രീശങ്കരാചാര്യര്‍' എന്ന സിനിമയിലെ പാട്ടുകളും ഉണ്ടായിരുന്നു. കേശവനിലെ ഗാനങ്ങളുള്ള എല്‍.പി. റിക്കാഡുകളും കാസറ്റുകളും ഏറെ വിറ്റഴിഞ്ഞിരുന്നു. പി. ഭാസ്ക്കരനായിരുന്നു സിനിമയ്ക്കായി ഗാനരചന നടത്തിയത്.
നായരമ്പലം ശിവജി എന്ന ആനയായിരുന്നു ഗുരുവായൂര കേശവനായി അഭിനയിച്ചത്. എം.ജി. സോമനും ജയഭാരതിയുമാണ് നായകനും നായികയുമായി എത്തുന്നത്. അടൂര്‍ഭാസി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബഹദൂര്‍, ശങ്കരാടി, എന്‍. ഗോവിന്ദന്‍കുട്ടി, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, തൃശൂര്‍ രാജന്‍, കുതിരവട്ടം പപ്പു, സുകുമാരി, ഉഷാകുമാരി, ബേബി വിനീത എന്നിവര്‍ക്കൊപ്പം ഗുരുവായൂര്‍ കേശവന്‍റെ പാപ്പാന്‍മാരായ അച്യുതന്‍ നായര്‍, മാണിനായര്‍, നാരായണന്‍ നായര്‍ എന്നിവരും സിനിമയ്ക്കായി വേഷമിട്ടു.
അശോക്കുമാറായിരുന്നു ഗുരുവായൂര്‍ കേശവനെ ക്യാമറയിലാക്കിയത്. സെന്‍ട്രല്‍ പിക്ച്ചേഴ്സായിരുന്നു സിനിമയുടെ വിതരണക്കാര്‍. ഗുരുവായൂരില്‍ അന്ന് വട്ടേക്കാട് കുടുംബക്കാര്‍ നടത്തിയിരുന്ന ശ്രീകൃഷ്ണ, ബാലകൃഷ്ണ എന്ന തീയേറ്ററുകാരും സെന്‍ട്രല്‍ പിക്ച്ചേഴ്സുകാരുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരില്‍ എത്തിയില്ല എന്ന സാഹചര്യവും ഉണ്ടായി. ഗുരുവായൂര്‍ കേശവന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷനാകുന്നത് കാണാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഗുരുവായൂര്‍ ദേശക്കാര്‍ ചാവക്കാട് സെര്‍ളീന തീയേറ്ററിലെ വെള്ളിത്തിരയില്‍ എത്തിയ ഗുരുവായൂര്‍ കേശവനെ കണ്ട് സായൂജ്യം നേടിയത്രേ. കേശവന്‍ ചരിഞ്ഞതിന്‍റെ പിറ്റേവര്‍ഷംതന്നെ സിനിമ പുറത്തിറങ്ങിയതിനാല്‍ തീയേറ്റര്‍ പൂരപ്പറമ്പായി.
കേശവനായി സ്പെഷ്യല്‍ ഷോയും നടത്തി. മാസങ്ങളോളം കേശവന്‍ സെര്‍ളീന തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തി. മിഠായിയുടെ കവര്‍ ചെറുതായി അരിഞ്ഞ് അത് കവറിലാക്കി തീയേറ്ററിലെത്തും. കേശവന്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ കയ്യില്‍ കരുതിയിരിക്കുന്ന മിഠായിക്കടലാസുകള്‍ വെള്ളിത്തിരയിലേക്ക് വര്‍ഷിച്ച് ആഹ്ലാദപ്രകടനം നടത്തിയാണ് കേശവനെ ആരാധകര്‍ വരവേറ്റിരുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രമായിരുന്നില്ല കേശവന്‍റെ സ്വീകാര്യത. സമീപജില്ലകളിലെ തീയേറ്ററുകളിലും പാറശ്ശാല, തിരുവനന്തപുരം തീയേറ്ററുകളിലും ഗുരുവായൂര്‍ കേശവന്‍ വന്‍ കളക്ഷന്‍ നേടി.
തിരുവനന്തപുരം ശ്രീപത്മനാഭയിലും കൊല്ലം കുമാര്‍ തീയേറ്ററിലും 'ഗുരുവായൂര്‍ കേശവന്‍' ആഴ്ചകളോളം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തി. ബി, സി ക്ലാസ്സ് തീയേറ്ററുകളിലും കേശവന്‍ വന്‍ സ്വീകാര്യത നേടി.
ഗുരുവായൂര്‍ ദേവസ്വം സിനിമാനിര്‍മ്മാണത്തിനായി സഹായങ്ങള്‍ നല്‍കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും, കോട്ടപ്പടി അങ്ങാടി, പുന്നത്തൂര്‍ കോട്ട എന്നിവിടങ്ങളിലെല്ലാം കേശവന്‍റെ ചിത്രീകരണം നടന്നു. അന്നത്തെ സൂപ്പര്‍താരങ്ങളായ എം.ജി. സോമനേയും ജയഭാരതിയേയും കാണാന്‍ വലിയ ജനത്തിരക്കുണ്ടായിരുന്നു. പോലീസിന്‍റെ സഹായത്തോടെയാണ് ചിത്രീകരണം നടന്നത്.
ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിന്‍റെ സമീപത്ത് ചിത്രീകരിച്ച ആനയോട്ട ചിത്രീകരണ സമയത്ത് വലിയ ജനക്കൂട്ടമായിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. കേശവനായി അഭിനയിച്ച നായരമ്പലം ശിവജിക്ക് ചിത്രീകരണ സമയത്ത് മദപ്പാടുണ്ടായെങ്കിലും ശിവജി അഭിനയിക്കേണ്ട സീനുകള്‍ ക്യാമറയിലാക്കിയതിനാല്‍ ചിത്രീകരണത്തെ സംഭവം ബാധിച്ചില്ല. ശിവജിക്ക് പുറമേ ഗുരുവായൂര്‍ ഗോപിനാഥ് എന്ന ആനയും നിരവധി ആനകളും ഗുരുവായൂര്‍ കേശവനില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയതോടെ നായരമ്പലം ശിവജി താരമായി. ശിവജിയെ തൊട്ടുതൊഴുത് നെറുകയില്‍ വയ്ക്കുന്നവരെ സ്ഥിരമായി അക്കാലത്ത് കാണാറുണ്ടായിരുന്നു. ഉത്സവ ഇടങ്ങളില്‍ നായരമ്പലം ശിവജി മിന്നും താരമായി. ഈ സിനിമയില്‍ നായികയായിരുന്ന ജയഭാരതി ഒഴികെ സിനിമയുമായി ബന്ധപ്പെട്ട മിക്കവരും ഇന്നില്ല.
2009 ല്‍ സൂര്യ ടി.വിയില്‍ 'ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍' എന്ന സീരിയല്‍ സംപ്രേഷണംചെയ്തിട്ടുണ്ട്. മാര്‍ട്ടിന്‍ ചാലിശ്ശേരിയായിരുന്നു സംവിധായകന്‍. പ്രദീപ് തെക്കുംകര തിരക്കഥയും സംഭാഷണവും ഒരുക്കിയ സീരിയലിന്‍റെ ടൈറ്റില്‍ സോങ് അഭിനയിച്ചത് കലാഭവന്‍ മണിയായിരുന്നു. 'ഭഗവാനേ... നിന്‍റെ സ്വര്‍ണ്ണത്തിടമ്പെടുക്കാന്‍ പിറന്ന കൊമ്പന്‍...' എന്ന ടൈറ്റില്‍ ഗാനം പ്രദീപ് സോമസുന്ദരമാണ് ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ ചിട്ടപ്പെടുത്തിയത് വിദ്യാസാഗര്‍ ആയിരുന്നു. ക്യാപ്റ്റന്‍ രാജു, ശാലുമേനോന്‍, കവിയൂര്‍ പൊന്നമ്മ, കൊല്ലം അജിത്ത്, കെ.പി.എ.സി. സജി എന്നിവരായിരുന്നു അഭിനയിച്ചത്. സൂര്യ ടി.വിക്ക് 'ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍' ഉയര്‍ന്ന റേറ്റിങ് നേടിക്കൊടുത്തിരുന്നു. യൂ ട്യൂബിലും ഈ സീരിയല്‍ ഉണ്ട്.
