കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്‍റെ കടാക്ഷവും -പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി
തന്‍റെ അചഞ്ചലമായ കൃഷ്ണഭക്തിയും കുറൂരമ്മയുടെ അനുഗ്രഹവുമാണ് ഈ നിയോഗത്തിനു കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഗുരുവായൂരപ്പന്‍ എന്തു നിനയ്ക്കുന്നുവോ അതാകും ഇനിയുള്ള തന്‍റെ ജീവിതം. ഈ നിമിഷംമുതല്‍ താന്‍ സ്വയം ഭഗവാനില്‍ അര്‍പ്പിക്കുന്നു. ഇനിയൊക്കെ ഭഗവത് നിശ്ചയം പോലെ. ശ്രീജിത്ത് നമ്പൂതിരി കൃതാര്‍ത്ഥനാണ്. പന്ത്രണ്ട് ദിവസത്തെ ഭജനത്തിനുശേഷം സെപ്തംബര്‍ മുപ്പതിനു രാത്രി അദ്ദേഹം ചുമതലയേറ്റു.
കഴിഞ്ഞ ഏഴുതവണ അപേക്ഷിച്ചെങ്കിലും ഗുരുവായൂരപ്പന്‍ കനിഞ്ഞനുഗ്രഹിച്ചത് എട്ടാം തവണയാണ്. ഭഗവാന്‍റെ കടാക്ഷം, അതു നേടുക അത്ര എളുപ്പമല്ല. തന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന ഭക്തനെ പരമാവധി തന്നിലേയ്ക്കു ചേര്‍ത്തു പിടിക്കാന്‍ ചില തമാശകളും കുറുമ്പുമൊക്കെ ഭഗവാന്‍ കാട്ടാറുണ്ട്. ഒടുവില്‍ സ്നേഹാദരങ്ങളോടെ തന്നിലേക്ക് ചേര്‍ത്തുപിടിക്കും. ഭക്തനും ഭഗവാനും തമ്മിലുള്ള അന്തരം അതോടെ ഇല്ലാതാകുന്നു. തന്‍റെ മുന്നിലെത്തി സ്വയം അര്‍പ്പിക്കപ്പെടുന്ന ഏതൊരു ഭക്തനേയും ഗുരുവായൂരപ്പന്‍ കൈവിടാറില്ല. കാരുണ്യവാനായി അവന്‍റെ പരിദേവനങ്ങള്‍ക്ക് അറുതി വരുത്തുന്നു.
ഗുരുവായൂരപ്പനെ തഴുകിത്തലോടി, അഭിഷേകങ്ങള്‍ ചെയ്ത് കുളിപ്പിച്ച് മോടിയോടെ വസ്ത്രങ്ങളും ആടയാ ഭരണങ്ങളുമണിയിച്ച് ചൈതന്യഭാവത്തില്‍ ഒരു നോക്കുകാണുവാനും ഇഷ്ട ഭക്ഷണം നിവേദ്യമായി നല്‍കുവാനുമുള്ള ആഗ്രഹത്തോടെ കഴിഞ്ഞ ഏഴുതവണ ഭഗവത്സേവ ചെയ്യാന്‍വേണ്ടി ശ്രീജിത്ത് നമ്പൂതിരി അപേക്ഷകള്‍ അയച്ചെങ്കിലും ഭഗവാന്‍ കടാക്ഷിച്ചതേയില്ല. മുപ്പത്തിയാറാം വയസ്സില്‍ യൗവനം കടന്നപ്പോള്‍ ഭഗവാന്‍ കടാക്ഷിച്ചു. എട്ടാം തവണ നല്‍കിയ അപേക്ഷ ഭഗവാന്‍ കൃപാകടാക്ഷത്തോടെ സ്വീകരിച്ചു.
ശ്രീജിത്ത് നമ്പൂതിരിയുടെ കുടുംബത്തില്‍ നിന്നാരും മുന്‍പ് ഗുരുവായൂരില്‍ മേല്‍ശാന്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്കെല്ലാം അടക്കാനാകാത്ത ആഹ്ലാദവും ആനന്ദനിര്‍വൃതിയു മാണുണ്ടായത്.
ഇപ്രാവശ്യം അന്‍പത്തിയഞ്ച് അപേക്ഷകളാണുണ്ടായിരുന്നത്. അതില്‍ നാലുപേര്‍ പിന്മാറി. ബാക്കിയുള്ള അന്‍പത്തി ഒന്നു പേരാണ് തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്. അതില്‍ നാല്പത്തിരണ്ടു പേര്‍ യോഗ്യരായി. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, അഡ്മിനിസ്ട്രേറ്റര്‍ വിനയന്‍, ഭരണസമതി അംഗങ്ങളായ വി.ജി.രവീന്ദ്രന്‍, മനോജ് ബി. നായര്‍, സി. മനോജ് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലകത്തിന് അഭിമുഖമായിരുന്നു വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചിരുന്ന നാല്‍പത്തിരണ്ട് നറുക്കുകളില്‍നിന്നും ഒരെണ്ണമെടുത്തു.
'ശ്രീജിത്ത് നമ്പൂതിരി, പുതുമന, വെള്ളറക്കാട്' എന്നപേര് അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു മേല്‍ശാന്തിയായി പ്രഖ്യാപിച്ചതോടെ ചടങ്ങ് അവസാനിച്ചു. അതുകേള്‍ക്കാന്‍ ശ്രീജിത്ത് നമ്പൂതിരിയും അവിടെയുണ്ടായിരുന്നു.
അങ്ങനെ ഭഗവാന്‍ ഗുരുവായൂരപ്പന്‍റെ കടാക്ഷം ശ്രീജിത്ത് നമ്പൂതിരിയെ തേടി എത്തിയതോടെ അദ്ദേഹം മനസ്സുകൊണ്ട് ഗുരുവായൂരപ്പനെ സാഷ്ടാംഗം നമസ്ക്കരിച്ചു. തിരുനടയില്‍നിന്നു ചരിതാര്‍ത്ഥ്യത്തോടെ തൊഴുതു സ്തുതിച്ചു. ഇനി ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസക്കാലം ക്ഷേത്രത്തില്‍ താമസിച്ച് പുറപ്പെടാശാന്തിയായി ഭഗവാനെ സേവിക്കാം.
ബികോം ബിരുദധാരിയായ ശ്രീജിത്ത് നമ്പൂതിരി ഇരുപതാം വയസ്സില്‍ ശാന്തിക്കാരനായി സേവനമാരംഭിച്ചു. അതേ കാലയളവില്‍ത്തന്നെ ഒന്നര വര്‍ഷത്തോളം അജന്താ ഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കലില്‍ മെഡിക്കല്‍ റെപ്പായി സേവനമനുഷ്ഠിച്ചു. അതിനുശേഷം നാലു വര്‍ഷത്തോളം യോഗക്ഷേമം ഗ്രൂപ്പിന്‍റെ എരുമപ്പെട്ടി, പന്നിത്തടം, മുള്ളൂര്‍ക്കര, കുന്ദംകുളം ശാഖകളിലും പ്രവര്‍ത്തിച്ചു. ശേഷം മറ്റു ജോലികള്‍ക്കു പോകാതെ ശാന്തിവേലയില്‍ മാത്രം വ്യാപൃതനായി. മുത്തച്ഛനായ പുതുമന ശിവദാസന്‍ നമ്പൂതിരിയില്‍ നിന്നുമാണ് പൂജാവിധികളുടേയും വേദങ്ങളുടേയും ബാല പാഠങ്ങള്‍ പഠിച്ചത്. ആവണാവ് നാരായണന്‍ നമ്പൂതിരിയോടൊപ്പം കുറച്ചുകാലം അഭ്യസിച്ചു.
പിന്നീട് ഗുരുവായൂര്‍ ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ച് പൂജാ കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടി. ശേഷം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും ഓതിക്കനുമായ പഴയത്ത് സുമേഷ് നമ്പൂതിരിയുടെ സഹായിയായി.
വേദപഠനം കഴിഞ്ഞ് ശാന്തിയായശേഷം വേലൂര്‍ കുറൂരമ്മ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. ക്ഷേത്രം പണികഴിഞ്ഞ് പൂജാകര്‍മ്മങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി തുടരുന്നു. ഗുരുവായൂരില്‍ നിയുക്ത മേല്‍ശാന്തിയായി നിയമിക്കപ്പെട്ടതോടെ വാക്കുകള്‍ക്കപ്പുറമുള്ള ആനന്ദത്തിലാണ് താനെന്ന് ശ്രീജിത്ത് നമ്പൂതിരി പറയുകയുണ്ടായി.
തന്‍റെ അചഞ്ചലമായ കൃഷ്ണഭക്തിയും കുറൂരമ്മയുടെ അനുഗ്രഹവുമാണ് ഈ നിയോഗത്തിനു കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഗുരുവായൂരപ്പന്‍ എന്തു നിനയ്ക്കുന്നുവോ അതാകും ഇനിയുള്ള തന്‍റെ ജീവിതം. ഈ നിമിഷംമുതല്‍ താന്‍ സ്വയം ഭഗവാനില്‍ അര്‍പ്പിക്കുന്നു. ഇനിയൊക്കെ ഭഗവത് നിശ്ചയം പോലെ. ശ്രീജിത്ത് നമ്പൂതിരി കൃതാര്‍ത്ഥനാണ്. പന്ത്രണ്ട് ദിവസത്തെ ഭജനത്തിനുശേഷം സെപ്തംബര്‍ മുപ്പതിനു രാത്രി അദ്ദേഹം ചുമതലയേറ്റു.
അങ്ങനെ ഒക്ടോബര്‍ ഒന്നു മുതല്‍ മേല്‍ശാന്തിയായി. തോന്നല്ലൂര്‍ പുതുമന പരമേശ്വരന്‍ നമ്പൂതിരിയുടേയും ആലമ്പിള്ളി സാവിത്രി അന്തര്‍ജനത്തിന്‍റേയും രണ്ടു മക്കളില്‍ മൂത്തമകനാണ് ശ്രീജിത്ത് നമ്പൂതിരി. രണ്ടാമത്തെ മകള്‍ ശ്രീജ. അവര്‍ യു.എസിലാണ് താമസം. പൂതുരുത്തി കിണറ്റാമറ്റം മന കൃഷ്ണശ്രീയാണ് ഭാര്യ. രണ്ടു കുട്ടികള്‍. ആരാധ്യ, ഋഗ്വേദ്. ആരാധ്യ എരുമപ്പെട്ടി ഗവ.എല്‍ പി സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി.
ശ്രീകുമാര്‍ ഗുരുവായൂര്‍
(9447725649)
Photo Courtesy - Google