ഗുരുവായൂര്‍ ക്ഷേത്രത്തിലെ തൃപ്പുക
'തൃപ്പുക' എന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്താഴശീവേലിയും, വിളക്കെഴുന്നെള്ളിപ്പും കഴിഞ്ഞ് ഭഗവാനെ അകത്തേയ്ക്ക് എഴുന്നെള്ളിപ്പിച്ചതിനുശേഷം നടത്തുന്ന ചടങ്ങാണ്.ശാന്തിക്കാര്‍ തൃപ്പുകയ്ക്കുള്ള സുഗന്ധക്കൂട്ട് വെള്ളിപ്പാത്രത്തില്‍ തീക്കനലിന് മുകളില്‍വച്ച് പുകയ്ക്കുന്നു. ഹൃദ്യമായ ധൂപം ശ്രീകോവിലില്‍ നിറയുന്നു. ക്ഷേത്രപരിസരത്തും നറുസുഗന്ധം വ്യാപരിക്കും. ഇത് ശ്വസിക്കുന്നത് രോഗശമനവും, ദോഷശമനവും ലഭിക്കുമെന്നാണത്രേ ഭക്തവിശ്വാസം. മനശ്ശാന്തിയും മനസ്സിന് കുളിര്‍മ്മയും ലഭിക്കുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള ചടങ്ങാണ് തൃപ്പുക. കീഴ്ശാന്തിയില്ലത്തെ കാരണവന്‍മാര്‍ ശാന്തിയേറ്റ വ്യക്തിക്ക് ഇത് ഉപദേശിച്ച് നല്‍കുകയാണ് കീഴ്വഴക്കം.
'തൃപ്പുക' എന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്താഴശീവേലിയും, വിളക്കെഴുന്നെള്ളിപ്പും കഴിഞ്ഞ് ഭഗവാനെ അകത്തേയ്ക്ക് എഴുന്നെള്ളിപ്പിച്ചതിനുശേഷം നടത്തുന്ന ചടങ്ങാണ്.
9-9.15 വരെയാണ് തൃപ്പുകച്ചടങ്ങിന്‍റെ നേരം. അതീവസുന്ദരവും സുഗന്ധപൂരിതവുമായ ഈ ചടങ്ങ് ഭഗവാന്‍റെ സുഖനിദ്രയ്ക്കായി നടത്തുന്ന ചടങ്ങാണത്രേ. ഗുരുവായൂരപ്പനെ ഉറക്കുന്ന സങ്കല്‍പ്പത്തില്‍ പ്രത്യേകം തയ്യാറാക്കിയ ധൂപക്കൂട്ട് പുകച്ച് നറുനെയ്യ് നിറച്ച കൊടിവിളക്കുമായി ശാന്തിയേറ്റ കീഴ്ശാന്തിയാണ് തൃപ്പുക നടത്തുന്നത്. ചന്ദനം, അകില്‍, ഗുല്‍ഗുലു തുടങ്ങിയ പന്ത്രണ്ടോളം സുഗന്ധദ്രവ്യങ്ങളാണ് തൃപ്പുകയ്ക്കായി ഉപയോഗിക്കുന്നത്.
ശാന്തിക്കാര്‍ തൃപ്പുകയ്ക്കുള്ള സുഗന്ധക്കൂട്ട് വെള്ളിപ്പാത്രത്തില്‍ തീക്കനലിന് മുകളില്‍വച്ച് പുകയ്ക്കുന്നു. ഹൃദ്യമായ ധൂപം ശ്രീകോവിലില്‍ നിറയുന്നു. ക്ഷേത്രപരിസരത്തും നറുസുഗന്ധം വ്യാപരിക്കും. ഇത് ശ്വസിക്കുന്നത് രോഗശമനവും, ദോഷശമനവും ലഭിക്കുമെന്നാണത്രേ ഭക്തവിശ്വാസം. മനശ്ശാന്തിയും മനസ്സിന് കുളിര്‍മ്മയും ലഭിക്കുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള ചടങ്ങാണ് തൃപ്പുക. കീഴ്ശാന്തിയില്ലത്തെ കാരണവന്‍മാര്‍ ശാന്തിയേറ്റ വ്യക്തിക്ക് ഇത് ഉപദേശിച്ച് നല്‍കുകയാണ് കീഴ്വഴക്കം.
തൃപ്പുകയുടെ ഐതിഹ്യം
ഭഗവാന്‍റെ പരമഭക്തനായ വില്വമംഗലം സ്വാമിയാര്‍ ഒരിക്കല്‍ നടയടക്കുന്ന സമയം ഗുരുവായൂരപ്പന്‍റെ സന്നിധിയിലെത്തി. ശ്രീകോവിലിനുള്ളില്‍ ഭഗവാന്‍ തന്‍റെ വസ്ത്രങ്ങളും, ആഭരണങ്ങളും അഴിച്ചുവെച്ച് ഉറങ്ങാന്‍ തയ്യാറാകുന്നു. ഏറെ ക്ഷീണിതനാണത്രേ ഭഗവാന്‍. പകല്‍ മുഴുവന്‍ പതിനായിരക്കണക്കിന് ഭക്തരുടെ സങ്കടങ്ങളും പരിഭവങ്ങളും കേട്ട് ഭഗവാന്‍ തളര്‍ന്നിരിക്കുന്നതായി വില്വമംഗലം മനസ്സിലാക്കി. ഭഗവാന്‍റെ ക്ഷീണമകറ്റാനും, സുഖനിദ്ര ലഭിക്കുന്നതിനുമായി സ്വാമിയാര്‍ ചില പ്രത്യേക സുഗന്ധവസ്തുക്കള്‍ ഉപയോഗിച്ച് ഒരു സുഗന്ധക്കുടം തയ്യാറാക്കി അത് പുകയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നത്രേ.
തുടര്‍ന്നുള്ള ദിവസങ്ങളിലും അത്താഴപൂജയ്ക്ക് ശേഷം സുഗന്ധക്കൂട്ട് തയ്യാറാക്കി പുകച്ചത്രേ. ഇത് പിന്നീട് തുടരുകയായിരുന്നു എന്നതാണ് ഐതിഹ്യം. കുഞ്ഞിനെ ഉറക്കാന്‍ അമ്മമാര്‍ സാമ്പ്രാണി പുകയ്ക്കുന്നതുപോലെ, ജഗന്നാഥനായ ഭഗവാനെ ഉണ്ണിക്കണ്ണനായി സങ്കല്‍പ്പിച്ച് ഉറക്കാന്‍ നടത്തുന്ന ചടങ്ങാണിത്. തൃപ്പുക നടക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകില്ല. ധൂപം ഉയര്‍ന്നുകഴിഞ്ഞാല്‍ അതോടെ അന്നത്തെ പൂജകള്‍ക്ക് അന്ത്യം. ഗുരുവായൂരിലെ ഈ സവിശേഷ സുഗന്ധം അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇത് മറക്കാനാവാത്ത സംഭവമായിരിക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃപ്പുക നടക്കുമ്പോഴും ഭക്തര്‍ക്ക് ഭഗവാനെ ദര്‍ശിക്കുവാന്‍ കഴിയുമായിരുന്നു. 45 വര്‍ഷമായി തൃപ്പുക സമയത്തുള്ള ദര്‍ശനം അവസാനിപ്പിച്ചിട്ട്.
1980 ലാണ് തൃപ്പുക സമയത്തുള്ള ദര്‍ശനം അവസാനിപ്പിക്കാനുണ്ടായ സംഭവം നടക്കുന്നത്. ശബരിമല മകരവിളക്ക് കാലം. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവും പകലും ശബരിമല യാത്രികര്‍ എത്തിക്കൊണ്ടേയിരുന്നു. ചിലര്‍ ക്ഷേത്രപരിസരത്ത് വിശ്രമിക്കുന്നു. തൃപ്പുകയ്ക്കുശേഷം ഗുരുവായൂര്‍ ക്ഷേത്ര നട അടയ്ക്കുന്നു. സോപാനം കാവല്‍ക്കാരനായിരുന്നു നടയടയ്ക്കാനുള്ള ചുമതല. നടയടച്ചത് അറിയാതെ തമിഴ്നാട്ടില്‍ നിന്നും എത്തിയ ചെറിയൊരു സംഘം ഭഗവത്ദര്‍ശനത്തിനായി ശ്രീകോവിലിന്‍റെ മുമ്പിലെത്തി. നടയടച്ചെന്നും ഇന്നിനി ദര്‍ശനം സാധ്യമാകില്ലെന്നും കാവല്‍ക്കാരന്‍ അയ്യപ്പന്മാരോട് പറഞ്ഞെങ്കിലും അവരതിന് ചെവികൊടുക്കാതെ നട തുറക്കണമെന്നുള്ള ആവശ്യവുമായി നിന്നു.
അയ്യപ്പന്മാരില്‍ ഒരാള്‍ സോപാനത്ത് കയറി ശ്രീകോവിലിന്‍റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച കാവല്‍ക്കാരന്‍റെ കഴുത്തില്‍ ഇവര്‍ ഷാളിട്ട് മുറുക്കി. ക്ഷേത്രപരിസരത്ത് കൃഷ്ണനാട്ടം ആസ്വദിച്ചിരുന്നവര്‍ സംഭവം അറിഞ്ഞ് പാഞ്ഞെത്തി അയ്യപ്പന്മാരെ അടിച്ച് ക്ഷേത്രത്തിന് പുറത്താക്കി. അവിടെ കിടന്ന നിലവിളക്കുകള്‍ എടുത്ത് അയ്യപ്പന്മാര്‍ നാട്ടുകാരെ തിരിച്ചടിച്ചു. ക്ഷേത്രത്തില്‍ കൂട്ടമണി മുഴങ്ങിയതോടെ ഗുരുവായൂര്‍ കൃഷ്ണ തീയേറ്ററില്‍ സിനിമ നിര്‍ത്തി.
സിനിമ കണ്ടുകൊണ്ടിരുന്നവരും നൊടിയിടയില്‍ ക്ഷേത്രത്തിലെത്തി. തമിഴ്നാട്ടുകാര്‍ ശ്രീകോവില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത നിമിഷാര്‍ദ്ധം ദേശത്ത് വ്യാപരിച്ചതോടെ കടന്നല്‍ക്കൂട്ടം പോലെ ദേശക്കാര്‍ പാഞ്ഞെത്തി. കണ്ടവരും, കേട്ടവരും വന്നവരും, പോയവരും കറുത്ത മുണ്ട് ഉടുത്തവരെ വളഞ്ഞിട്ട് തല്ലി. അടുത്ത ദിവസം മുതല്‍ അത്താഴശീവേലിയ്ക്ക് ശേഷം ആരേയും നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്ന് ദേവസ്വം തീരുമാനമെടുക്കുകയായിരുന്നത്രേ...
