ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റിലെ എല്ലാ വെർച്വൽ ക്യൂ സ്ലോട്ടുകളും ബുക്ക് ചെയ്തു; 19,200 ഭക്തർക്ക് ദർശനാവസരം
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഓഗസ്റ്റിൽ ലഭ്യമാക്കിയ എട്ട് ദിവസങ്ങളിലെയും എല്ലാ സ്ലോട്ടുകളും പൂർണമായും ബുക്ക് ചെയ്തതായി ദേവസ്വം അറിയിച്ചു. നിലവിൽ ഒരു സ്ലോട്ടും ഒഴിവില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ 24-നാണ് ഗുരുവായൂർ ദേവസ്വം വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ചത്. പിന്നാലെ ബുക്കിങ് ആരംഭിച്ചതോടെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജൂലൈ 27-ന് ഉച്ചയോടെ എല്ലാ സ്ലോട്ടുകളും നിറഞ്ഞു.
ഓഗസ്റ്റിലെ എട്ട് ദിവസങ്ങളിലായി ആകെ 19,200 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ദർശന സൗകര്യം ലഭിക്കുക. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ എട്ട് സമയക്രമങ്ങളിലായി ഓരോ സ്ലോട്ടിലും 300 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 25-ന് ചിങ്ങമാസത്തിലെ ഉത്രാടവും 28-ന് അവിട്ടവും ആയതിനാൽ അന്നേ ദിവസങ്ങളിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകൾ നടക്കും. ഇതിന്റെ ഭാഗമായി നേരത്തെ ബുക്ക് ചെയ്ത സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ദേവസ്വം അറിയിച്ചു.
