ഗുരുവായൂരപ്പന്‍റെ ലീലാവിലാസങ്ങള്‍

ഗുരുവായൂരപ്പന്‍റെ ലീലാവിലാസങ്ങള്‍

HIGHLIGHTS

ഗുരുവായൂരപ്പന്‍റെ അത്ഭുത പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി കഥകള്‍ ഭക്തര്‍ക്ക് പറയാനുണ്ടാവും.. ഇതും അത്തരമൊരു സംഭവകഥയാണത്രേ...

 

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പണ്ട് പൂജിക്കുന്നത് ഉപ്പുകൂറ്റന്‍ എന്നൊരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാളായിരുന്നത്രേ. തികഞ്ഞ മദ്യപാനിയായ ഉപ്പുകൂറ്റനെ നേരിടാനോ താക്കീത് ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു അയാളുടെ തന്‍റേടം. ക്ഷേത്രത്തിലെ പാത്രങ്ങള്‍ കഴുകലും ആനപ്പിണ്ഡം വാരിക്കളയലുമൊക്കെയായി സദാനേരവും ക്ഷേത്ര പരിസരത്തുതന്നെ ഇയാളുണ്ടാകും. ക്ഷേത്രത്തിലെ അന്നദാനത്തിനുള്ള പാചകപ്പാത്രങ്ങള്‍ ഇയാള്‍ നിഷ്പ്രയാസം ഒറ്റയ്ക്ക് കഴുകി വൃത്തിയാക്കുമായിരുന്നു.

ക്ഷേത്ര ഊട്ടുപുരയില്‍ നിന്ന് ഉരുളി നിറയെ ചോറ് ഇയാള്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. ഭക്ഷണം അല്‍പ്പം വൈകിയാല്‍ അത്യുച്ചത്തില്‍ അസഭ്യം ക്ഷേത്രമുറ്റത്തുനിന്ന് വിളിക്കും. ഇയാളുടെ സ്വഭാവ സവിശേഷത ക്ഷേത്രജീവനക്കാര്‍ക്ക് നന്നായി അറിയാമായിരുന്നതില്‍ ഇയാളെ നേരിടാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. ഇയാള്‍ തന്‍റെ പണികളെല്ലാം കഴിഞ്ഞ് രാത്രിയില്‍ തീര്‍ത്ഥക്കുളത്തില്‍ ഇറങ്ങി കുറേനേരം കിടക്കാറുണ്ട്. ഇയാള്‍ കുളിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ തീര്‍ത്ഥക്കുളത്തിലെ മത്സ്യങ്ങളെ രഹസ്യമായി പിടിച്ചുകൊണ്ടുപോകാനാണ് ഇയാള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിക്കിടക്കുന്നത്.

ആ വര്‍ഷത്തെ ഉത്സവം ആരംഭിക്കാറായി. കലശാദികാര്യങ്ങള്‍ നടന്നുവരുന്നു. ഒരു ദിവസം രാത്രി പൂജ കഴിഞ്ഞ് വയോധികനും സാധ്വിയുമായ ക്ഷേത്രംതന്ത്രി ക്ഷേത്രക്കുളക്കടവില്‍ കുളിക്കാന്‍ ഇറങ്ങി. അപ്പോള്‍ തീര്‍ത്ഥക്കുളത്തില്‍ എന്തോ ശബ്ദം. തന്ത്രി വേഗം കുളികഴിഞ്ഞ് കുളത്തിനരികിലേക്ക് ചെന്നു. അപ്പോള്‍ തന്ത്രി കണ്ടത് ഉപ്പുകൂറ്റന്‍ തീര്‍ത്ഥക്കുളത്തില്‍ നിന്നും മത്സ്യങ്ങളെ പിടിക്കുന്ന കാഴ്ചയാണ്. 

ഞെട്ടിപ്പോയ തന്ത്രി ഉപ്പൂകൂറ്റനോടായി ഇപ്രകാരം പറഞ്ഞു. 'ദൈവദോഷം ചെയ്യല്ലേ... തീര്‍ത്ഥക്കുളത്തിലെ മത്സ്യങ്ങള്‍ ഭഗവാന്‍റെ പ്രിയപ്പെട്ടവരാണ്, അവയെ ഉപദ്രവിക്കരുത്.' അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് ഉപ്പുകൂറ്റന്‍ അല്‍പ്പനേരം തീപാറുന്ന കണ്ണുകളുമായി തന്ത്രിയെ നോക്കി നിന്നു. പിന്നെ അലറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. 'താന്‍ തന്‍റെ പണിനോക്ക്... മര്യാദക്കിരുന്നില്ലെങ്കില്‍ തന്‍റെ പൂണൂലില്‍ ഞാന്‍ മത്സ്യത്തെ കോര്‍ത്തിടും. നേദ്യച്ചോറിനോടൊപ്പം മത്സ്യക്കറി തന്നെ ഞാന്‍ കഴിപ്പിക്കും.'

വയോധികനായ തിരുമനസ്സിന് ഇത് സഹിക്കാനായില്ല. ഭഗവത്ചിന്തകളുമായി മാത്രം നടക്കുന്ന തന്നോട് ഇത്രയും കാലത്തിനിടയ്ക്ക് ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല.. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു... മറ്റൊന്നും ഉരിയാടാതെ നാരായണനാമം ചൊല്ലി തന്ത്രി തിരികെ നടന്നു. അദ്ദേഹത്തിന് അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇത്ര നീചനായ ഒരാള്‍ ക്ഷേത്രപരിസരത്ത് വാഴുമ്പോള്‍ എങ്ങനെ ശുദ്ധികലശമാടി മുളയിട്ട് കൊടികയറും...? ആകെ വിഷമമായല്ലോ.. ഗുരുവായുരപ്പാ എന്ന് പ്രാര്‍ത്ഥിച്ച് രാത്രി കഴിച്ചുകൂട്ടി.

വളരെ നിഷ്ഠയോടെ തന്നെ പൂജിക്കുന്ന ആ സാധുവിന്‍റെ സങ്കടം ഒരിക്കലും ഭഗവാന്‍ അറിയാതെ പോകില്ലല്ലോ...

പിറ്റേദിവസവും രാത്രി പതിവുപോലെ ഉപ്പുകൂറ്റന്‍ തീര്‍ത്ഥക്കുളത്തിലേക്ക് ഇറങ്ങി. അന്ന് അയാള്‍ക്ക് കിട്ടിയത് 'പൊരുക്ക്' എന്ന ഒരുതരം മത്സ്യത്തെയാണ്. ഇത്തരം മത്സ്യത്തെ ഇണയായി മാത്രമേ കാണുകയുള്ളൂ. പൊരുക്കിന്‍റെ ചിറക് മൂര്‍ച്ചയുള്ളതാണ്. ഉപ്പുകൂറ്റന്‍ ആദ്യം ഒരു പൊരുക്കിനെ പിടികൂടി. ഇണയെ പിടിക്കുന്നതിനായി ആദ്യം കിട്ടിയ മത്സ്യത്തെ വായില്‍ കടിച്ചുപിടിച്ച് വെള്ളത്തിലേയ്ക്ക് മുങ്ങി. വായില്‍ കടിച്ചുപിടിച്ചിരുന്ന മത്സ്യം വഴുതി അയാളുടെ ഉള്ളിലേയ്ക്ക് ഇറങ്ങിപ്പോയത്രേ.. മത്സ്യത്തിന്‍റെ മൂര്‍ച്ചയേറിയ ചിറകുകള്‍ അയാളുടെ അന്നനാളത്തേയും കുടലിനേയും കീറിമുറിച്ചു. ശ്വാസം നിലച്ച് അയാള്‍ അലറിക്കൊണ്ട് കരയിലേക്ക് കയറി. താമസം വിനാ ക്ഷേത്രക്കുളക്കരയില്‍ അയാള്‍ പിടഞ്ഞ് മരിച്ചു.

തന്‍റെ പ്രിയ പൂജാരിയെ അധിക്ഷേപിച്ചതിന് ഗുരുവായൂരപ്പന്‍ കൊടുത്ത ശിക്ഷ. ആ സംഭവത്തിന് ശേഷമാണ് കുളത്തിന് കാവല്‍ ഏര്‍പ്പെടുത്തിയത്. ക്ഷേത്രക്കുളത്തില്‍ എണ്ണ, സോപ്പ് ഇവയുടെ ഉപയോഗവും നിയന്ത്രിച്ചു തുടങ്ങി. ലോകരക്ഷയ്ക്കായി മത്സ്യാവതാരമെടുത്ത ഭഗവാന്‍ ദുഷ്ടനിഗ്രഹത്തിനായി ഒന്നുകൂടെ അവതരിച്ചതാകാം!!

കടപ്പാട്: ഉണ്ണികൃഷ്ണന്‍ പുതൂര്‍ എഴുതിയ 'ഗുരുവായൂര്‍ കഥകള്‍' എന്ന പുസ്തകത്തില്‍ നിന്ന്.