ഗുരുപവനപുരിയിലെ ആനവിശേഷങ്ങള്‍

ഗുരുപവനപുരിയിലെ ആനവിശേഷങ്ങള്‍

HIGHLIGHTS

മഞ്ഞപ്പട്ടും ഓടക്കുഴലും പാല്‍പ്പുഞ്ചിരിയും നറുവെണ്ണയുടെ സുഗന്ധവുമുള്ള ഉണ്ണികൃഷ്ണനോടൊപ്പം തലകുലുക്കി ശിരസ്സിന് മീതെ തുമ്പിക്കയ്യ് ഉയര്‍ത്തുന്ന ഗുരുവായൂരിലെ ഗജവീരന്മാരെക്കുറിച്ചുള്ള പ്രതിപാദനം.  ഭഗവാന്‍റെ തിടമ്പേറ്റുന്ന ഗജവീരകുസൃതികളും സാഹസികകഥകളും ചരിത്രങ്ങളും വീടുകളിലും, നാലാള്‍കൂടുന്നിടങ്ങളിലും ചര്‍ച്ചാവിഷയങ്ങളായി. ഭക്ഷണപാത്രം തട്ടിത്തെറിപ്പിക്കുന്ന, ഉറങ്ങാതെ ഞെളിപിരി കൊള്ളുന്ന ഉണ്ണിക്കണ്ണന്മാര്‍ക്ക് ഗജവീരകഥകള്‍ ദിവ്യ ഔഷധമായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ത്രസിപ്പിക്കുന്ന ആനക്കഥകളിലേയ്ക്കും ചരിത്രത്തിലേയ്ക്കും ആനപ്പുറമേറിയൊരു ആത്മീയയാത്ര....

ഞ്ഞപ്പട്ടും ഓടക്കുഴലും പാല്‍പ്പുഞ്ചിരിയും നറുവെണ്ണയുടെ സുഗന്ധവുമുള്ള ഉണ്ണികൃഷ്ണനോടൊപ്പം തലകുലുക്കി ശിരസ്സിന് മീതെ തുമ്പിക്കയ്യ് ഉയര്‍ത്തുന്ന ഗുരുവായൂരിലെ ഗജവീരന്മാരെക്കുറിച്ചുള്ള പ്രതിപാദനം. 

ഭഗവാന്‍റെ തിടമ്പേറ്റുന്ന ഗജവീരകുസൃതികളും സാഹസികകഥകളും ചരിത്രങ്ങളും വീടുകളിലും, നാലാള്‍കൂടുന്നിടങ്ങളിലും ചര്‍ച്ചാവിഷയങ്ങളായി. ഭക്ഷണപാത്രം തട്ടിത്തെറിപ്പിക്കുന്ന, ഉറങ്ങാതെ ഞെളിപിരി കൊള്ളുന്ന ഉണ്ണിക്കണ്ണന്മാര്‍ക്ക് ഗജവീരകഥകള്‍ ദിവ്യ ഔഷധമായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ത്രസിപ്പിക്കുന്ന ആനക്കഥകളിലേയ്ക്കും ചരിത്രത്തിലേയ്ക്കും ആനപ്പുറമേറിയൊരു ആത്മീയയാത്ര....

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവകൊടിയേറ്റ് ദിനം രാവിലെ നടത്തുന്ന ശീവേലി ആനയെ ഒഴിവാക്കിയാണത്രേ നടത്തുന്നത്. ഇതൊഴികെ ഗുരുവായൂര്‍ ക്ഷേത്രവും ആനകളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഗുരുവായൂര്‍ ക്ഷേത്രം സാമൂതിരിയുടെ ഉടമസ്ഥതയിലായിരുന്ന കാലത്ത് ക്ഷേത്രത്തിന് സ്വന്തമായി ആനകള്‍ ഉണ്ടായിരുന്നില്ല. ഉത്സവം കൊടിയേറുന്ന ദിവസം തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ആനകളെ കൊണ്ടുവരുകയായിരുന്നു പതിവ്. തൃക്കണാമതിലകം കൊച്ചിരാജാവിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ്. സാമൂതിരിയും കൊച്ചി രാജാവും തമ്മിലുണ്ടായ പിണക്കത്തെത്തുടര്‍ന്ന് ഒരിക്കല്‍ ഉത്സവകൊടിയേറ്റ് ദിനം തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ആനയെ ഗുരുവായൂരിലേക്ക് അയച്ചില്ലത്രേ. 

ആനയില്ലാതെയാണ് അന്നേദിനം ഗുരുവായൂരില്‍ രാവിലെ ശീവേലി നടന്നത്.(ഇത് ഇപ്പോഴും തുടരുന്നു.) ഉച്ചയോടെ തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ഒരു കൂട്ടം ആനകള്‍ ഗുരുവായൂരപ്പ സന്നിധിയിലേയ്ക്ക് ഓടിയെത്തിയതായി ഐതിഹ്യം. ഈ സംഭവത്തിന്‍റെ ഓര്‍മ്മപുതുക്കലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകൊടിയേറ്റ് ദിനം ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആനയോട്ട മത്സരം. ഇതില്‍ വിജയിക്കുന്ന ആനയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കി ക്ഷേത്രത്തില്‍ നിലനിര്‍ത്തുന്നു. ഉത്സവശ്രീഭൂതബലി എഴുന്നെള്ളിപ്പ് നടത്താന്‍ ഈ ആനയാണത്രെ ഉപയോഗിക്കുന്നത്.

ഗുരുവായൂരപ്പന്‍ ആനകളുടെ തോഴനാണത്രേ. നിത്യ ഉത്സവം നടക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിനവും മൂന്നുനേരവും ആനയെഴുന്നെള്ളത്ത് നടത്തുന്നുണ്ട്. കൊമ്പനും പിടിയും മോഴയുമായി അറുപത്തിയേഴ് ആനകള്‍ ക്ഷേത്രത്തിന് ഉണ്ടായിരുന്ന കാലമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 38 ആനകളാണ് ക്ഷേത്രത്തിനുള്ളത്. എഴുന്നെള്ളിപ്പിനായി കുട്ടിയാന ഇപ്പോഴില്ല. ആനകളെ നടക്കിരുത്തുന്നതിനുള്ള നിയമതടസ്സങ്ങളാണ് ഇതിനുള്ള കാരണം. 

നിയമതടസ്സങ്ങള്‍ മാറിയതായും ചില ചട്ടങ്ങള്‍ കൂടി നടപ്പിലാകുന്നതോടെ ആനകളുടെ നടയിരുത്തല്‍ പുന:രാരംഭിക്കുമെന്നാണ് അറിയുന്നത്. ഗുരുവായൂര്‍ ക്ഷേത്രം ട്രസ്റ്റിയായി ചുമതലയേറ്റിരുന്ന കോഴിക്കോട് സാമൂതിരിമാര്‍ ഗുരുവായൂരപ്പന് 'ആനയിരുത്തി കളഭം' എന്ന വഴിപാട് നടത്തിയതിനുശേഷമായിരുന്നു അധികാരമേറ്റിരുന്നത്. 

ഇപ്പോള്‍ സാമൂതിരിയായി ചുമതലയേല്‍ക്കുന്നവര്‍ ആനയെ സമര്‍പ്പിക്കല്‍ എന്ന സങ്കല്‍പ്പത്തില്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു ആനയെ ഗുരുവായൂര്‍ ക്ഷേത്രസോപാനത്ത് സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. കോഴിക്കോട് ക്ഷേത്രത്തിലെ നിറമാല എഴുന്നെള്ളിപ്പിനായി സാമൂതിരിരാജവ് ഗുരുവായൂരില്‍ ആനകളെ കൊണ്ടുപോയിരുന്നതായി ചരിത്രം. 148 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയായിരുന്ന പുണ്ഡരീകാക്ഷനെ സാമൂതിരി രാജാക്കന്മാര്‍ നിറമാല എഴുന്നെള്ളിപ്പിന് പങ്കെടുപ്പിക്കാറുണ്ടായിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ അറിയപ്പെടുന്ന ആനകളിലൊന്നായിരുന്നു വലിയ പത്മനാഭന്‍. ഗുരുവായൂര്‍ കേശവന്‍റെ മുന്‍ഗാമിയാണ് ഈ ഗജവീരന്‍. 1850 ല്‍ ജനിച്ച വലിയ പത്മനാഭന് 11 അടി മൂന്ന് ഇഞ്ച് ഉയരമാണുണ്ടായിരുന്നത്. ആനകളില്‍ അപൂര്‍വ്വമായി കാണാറുള്ള 20 നഖങ്ങള്‍ പത്മനാഭനുണ്ടായിരുന്നത്രേ. സന്താനസൗഭാഗ്യത്തിനായി ചെറുകുന്നത്ത് നമ്പൂതിരി ഗുരുവായുരപ്പനെ ഭജിച്ച് നടയിരുത്തിയ ആനയാണിത്. ഗുരുവായൂര്‍ ക്ഷേത്ര എഴുന്നെള്ളിപ്പിന് സ്ഥിരമായി പങ്കെടുക്കുന്ന പത്മനാഭന്‍റെ അഴകിനേയും തലയെടുപ്പിനേയും കുറിച്ച് കേട്ടറിഞ്ഞ തിരുവിതാംകൂര്‍ രാജാവ് സാമൂതിരിയോട്  പത്മനാഭനെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിനായി എത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. 

തിരുവിതാംകൂര്‍ രാജാവിന്‍റെ ആവശ്യത്തെ മാനിച്ച് സാമൂതിരി പത്മനാഭനെ അനന്തപുരിയിലേക്ക് എത്തിച്ചു. പത്മനാഭനെ ഏറെ ബോധിച്ച തിരുവിതാംകൂര്‍ രാജാവ് അവന് സ്വര്‍ണ്ണവീരശൃംഖല സമ്മാനിച്ചു. ഗുരുവായൂര്‍ ക്ഷേത്ര സ്വര്‍ണ്ണക്കോലത്തില്‍ ഈ വീരശൃംഖല സ്ഥാനം പിടിച്ചു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനും പാറമേക്കാവിനും പത്മനാഭന്‍ തിടമ്പേറ്റിയിട്ടുണ്ട്. അഘോരി ഗോവിന്ദന്‍ എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ചട്ടമ്പിയായ അകവൂര്‍ ഗോവിന്ദന്‍ എന്ന ആനയെ പത്മനാഭന്‍ നേരിട്ട സംഭവകഥ ഏറെ പ്രശസ്തം. തൃപ്പൂണിത്തുറ ക്ഷേത്ര ഉത്സവത്തിന് പത്മനാഭന്‍ എത്തുന്നു. അഘോരി ഗോവിന്ദനെ കുളിപ്പിച്ചുകൊണ്ടിരുന്ന പുഴയിലേക്ക് പത്മനാഭനെയും പാപ്പാന്‍മാര്‍ കുളിപ്പിക്കാനായി ഇറക്കി. 

അപ്രതീക്ഷിതമായി പത്മനാഭനെ കണ്ടതോടെ അഘോരി ഗോവിന്ദന്‍ പത്മനാഭനെ അക്രമിക്കാനായി പാഞ്ഞടുത്തു. ഓടിരക്ഷപ്പെടാനായി പത്മനാഭന്‍റെ കാലുകളിലും പുറത്തും ഇട്ടിരുന്ന ചങ്ങലകളുടെ കുരുക്ക് പാപ്പാന്മാര്‍ ഞൊടിയിടയില്‍ വേര്‍പ്പെടുത്തി. പത്മനാഭന്‍ ഓടി രക്ഷപ്പെടാതെ ശാന്തനായി അവിടെത്തന്നെ നിന്നു. പാഞ്ഞടുത്ത അഘോരിയുടെ മസ്തിഷ്ക്കത്തില്‍ പത്മനാഭന്‍ ചങ്ങലവാരി ഒറ്റയടി. അഘോരി അടിതെറ്റി പുഴമദ്ധ്യേ മലര്‍ന്നടിച്ച് കിടക്കുന്നു. അഘോരിയുടെ അഹങ്കാരം ഇതോടെ അല്‍പ്പം ശമിച്ചെന്നാണ് പറയപ്പെടുന്നത്.

1934 ല്‍ അമ്പലപ്പുഴ എഴുന്നെള്ളിപ്പിനും അതുവഴി കണ്ണമ്പ്ര വേലയ്ക്കും പോയ വലിയ പത്മനാഭന്‍ ഒരപകടത്തില്‍പ്പെട്ട് ചരിയുകയാണുണ്ടായത്. ഇതിനെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചാരത്തിലുണ്ട്. പനമരത്തില്‍ തളയ്ക്കുമ്പോള്‍ ഉണ്ടായ അപകടമാണ് വലിയ പത്മനാഭന്‍റെ ജീവന്‍ അപഹരിച്ചതെന്നും അതല്ല പാപ്പാന്മാരുടെ അടി മര്‍മ്മസ്ഥാനത്ത് കൊണ്ടതോടെ പത്മനാഭന്‍ ചരിയുകയായിരുന്നെന്നും പറയപ്പെടുന്നു. പത്മനാഭന്‍ ചരിഞ്ഞ ദിവസം ഗുരുവായൂരപ്പന് ചാര്‍ത്തിയ ചന്ദനം പുലര്‍ച്ചെ നട തുറന്നപ്പോള്‍ തറയില്‍ വീണ് കിടന്നിരുന്നതായും പറയപ്പെടുന്നുണ്ട്.

ഗുരുവായൂര്‍ കേശവന്‍

1921 ല്‍ മലബാര്‍ ലഹള പൊട്ടിപ്പുറപ്പെടുന്നു. നിലമ്പൂര്‍ കോവിലകം ലഹളക്കാര്‍ ആക്രമിക്കുകയും വിലപിടിപ്പുള്ള സര്‍വ്വതും കൈക്കലാക്കുകയും ചെയ്തു. കൂട്ടത്തില്‍ കോവിലകത്തെ കണ്ണിലുണ്ണിയായ 'കുട്ടിക്കേശവന്‍' എന്ന കുട്ടിയാനയേയും ലഹളക്കാര്‍ കടത്തി. ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കുട്ടിക്കേശവന്‍റെ സ്ഥിതിയറിയാതെ കോവിലകത്തുള്ളവര്‍ നന്നേ സങ്കടപ്പെട്ടു. ഭടന്മാര്‍ ദേശം മുഴുവന്‍ കുട്ടിക്കേശവനെ അന്വേഷിച്ചെങ്കിലും ന:ഫലം. കോവിലകത്തെ വല്യതമ്പുരാട്ടി ജലപാനം പോലും ഒഴിവാക്കി കുട്ടിക്കേശവന്‍റെ മടങ്ങിവരവിനായി ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മാത്രവുമല്ല കുട്ടിക്കേശവന്‍ തിരികെയെത്തിയാല്‍ ഗുരുവായൂരപ്പന് അവനെ നടക്കിരുത്തിക്കൊള്ളാം എന്ന് വഴിപാട് നേരുകയും ചെയ്തു.

 കുട്ടിക്കേശവന്‍ ലഹളക്കാരുടെ തടവിലായിരുന്നത്രേ. അപരിചിതനായ ഒരു വഴിപോക്കന്‍ ലഹളക്കാരുടെ താവളത്തിലെത്തുകയും അവരുമായി സൗഹൃദത്തിലാവുകയും അവര്‍ക്കായി മദ്യം വിളമ്പുകയും ചെയ്തു. മദ്യലഹരിയിലായ ലഹളക്കാരുടെ കണ്ണ് വെട്ടിച്ച് വഴിപോക്കന്‍ കുട്ടിക്കേശവനെ രക്ഷപ്പെടുത്തി കോവിലകത്തെത്തിച്ചത്രേ. വഴിപോക്കന്‍ സാക്ഷാല്‍ ഗുരുവായൂരപ്പനായിരുന്നെന്ന് പറയപ്പെടുന്നു.

നിലമ്പൂര്‍ വനാന്തരത്തിലെ വാരിക്കുഴിയില്‍ നിന്നും നിലമ്പൂര്‍ കോവിലകത്തേയ്ക്കും പിന്നെ ഗുരുവായൂരപ്പ സന്നിധിയിലേയ്ക്കും തുടര്‍ന്ന് ഭക്തമാനസങ്ങളിലേയ്ക്കും ഇടംപിടിച്ച കേശവനെ 1922 ജനുവരി 14 നാണ് ഗുരുവായൂരില്‍ നടക്കിരുത്തുന്നത്. അന്ന് 14 വയസ്സായിരുന്നു അവന്‍റെ പ്രായം.

ആകാരഗാംഭീര്യവും ആനച്ചന്തവുമായി ഗുരുവായൂരില്‍ വലിയ പത്മനാഭന്‍ അരങ്ങ് വാഴുന്ന കാലത്തായിരുന്നു കേശവന്‍റെ വരവ്. അപകടത്തെതുടര്‍ന്ന് പത്മനാഭന്‍ അരങ്ങൊഴിഞ്ഞതോടെ കേശവന്‍ ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടു. പില്‍ക്കാലത്ത് കേശവന്‍റെ പേരും പെരുമയും പത്മനാഭനെക്കാള്‍ മീതെയായി.

പ്രായപൂര്‍ത്തിയായതോടെ കേശവന് ഇരട്ടപ്പേര് വീണു. 'ഭ്രാന്തന്‍ കേശവന്‍.' ഇടക്കിടെ മദമിളകുന്നതിനാലും ആരേയും അനുസരിക്കാത്ത ഭ്രാന്തമായ പെരുമാറ്റ രീതികളുമായിരുന്നു ഇങ്ങനൊരു ഇരട്ടപ്പേര് ഉണ്ടാകാനുള്ള കാരണം. കേശവന്‍റെ സ്വഭാവം മാറുന്നതിനായി 41 ദിവസം അവനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുത്തി. തുടര്‍ന്ന് മൂന്നുവര്‍ഷക്കാലം ഭഗവാന് നേദിച്ച ചോറും പായസവും നരസിംഹമന്ത്രം ജപിച്ച നെയ്യുമായിരുന്നു ഭക്ഷണമായി നല്‍കിയിരുന്നത്. ദിവസവും രണ്ടുനേരം കുളിപ്പിച്ച് ക്ഷേത്രത്തില്‍ തൊഴുവിക്കുകയും ചെയ്തിരുന്നു. അവനെ മകനെ സ്നേഹിക്കുന്നതുപോലെ സ്നേഹിച്ചിരുന്ന ചെറിയ അച്യുതന്‍നായര്‍, മാണിനായര്‍ എന്നീ പാപ്പാന്‍മാരുടെ സാമീപ്യവും അവനെ ഏറെ സന്തോഷവാനാക്കുകയും ചെയ്തിരുന്നു.

കേശവന്‍റെ ചില സ്വഭാവ സവിശേഷതകള്‍ ഏറെ പ്രശസ്തമായിരുന്നു. തിടമ്പ് എഴുന്നെള്ളിക്കാന്‍ മാത്രമേ കൈമടക്കുകയുള്ളൂ. പാപ്പാന്മാര്‍ പുറത്ത് കയറിയിരുന്ന് സവാരി നടത്തുന്നതും കേശവന് തീരെ ഇഷ്ടമുള്ള കാര്യമല്ല. ശാരീരിക ഉപദ്രവങ്ങള്‍ എത്ര വേണമെങ്കിലും സഹിക്കും. പക്ഷേ ശകാരം സഹിക്കില്ല. ഗുരുവായൂരില്‍ നിന്ന് ബഹുദൂരം അകലെയെങ്കിലും തിരികെ പോകണമെന്ന് തോന്നിയാല്‍ ആരേയും വകവയ്ക്കാതെ കേശവന്‍ ഗുരുവായൂരിലെത്തുക തന്നെ ചെയ്യുമത്രേ. ഹിതകരമല്ലാത്തത് എന്തുണ്ടായാലും അപ്പോള്‍തന്നെ പ്രതികരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേഗോപുരം കടന്ന് കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ ദര്‍ശിച്ചതിനുശേഷമേ കേശവന്‍ ശാന്തനാകൂ. തൃശൂര്‍ തേക്കിന്‍കാട് മൈതാനം വലംവച്ച് ഗുരുവായൂരിലേക്ക് കേശവന്‍ ഓടിയ സംഭവം ഏറെ പ്രശസ്തം. കേശവനെ വെടിവെച്ചിടാന്‍ ഉത്തരവ് ഉണ്ടായെങ്കിലും തോക്കിന്‍കുഴലിന്‍റെ മുമ്പിലൂടെ ആരേയും കൂസാതെ കേശവന്‍ നടന്നുനീങ്ങുന്നത് പഴമക്കാരുടെ ഓര്‍മ്മകളിലുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിന് വരുമാനവും പ്രശസ്തിയും നേടാന്‍ കേശവനും കാരണമായി. കേരളത്തിലെ പേരുകേട്ട സര്‍വ്വ ഉത്സവങ്ങള്‍ക്കും കേശവന്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമായിരുന്നത്രേ. ഗുരുവായൂര്‍ ക്ഷേത്ര കൊടിമരത്തിനുള്ള തടി നിലംതൊടാതെ ക്ഷേത്രസന്നിധിയിലെത്തിച്ചത് കേശവനാണ്. ഭഗവാന്‍റെ തിടമ്പ് ഏറ്റവും അധികം തവണ ശിരസ്സിലേറ്റാനുള്ള ഭാഗ്യവും കേശവനാണ് ലഭിച്ചത്. 55 വര്‍ഷത്തെ ഗുരുവായൂര്‍ ജീവിതത്തില്‍ കേശവന്‍ ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. മറ്റാനകളേയും ഉപദ്രവിച്ചിട്ടില്ല. 

നവംബര്‍ 30- 1976. ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ദശമി വിളക്കിന് നെയ്വിളക്കിന്‍റെ ശോഭയില്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധി തിളങ്ങി നില്‍ക്കുന്നു. വിളക്കിനെഴുന്നെള്ളിച്ചു. സ്വര്‍ണ്ണക്കോലം ശിരസ്സിലേറ്റി കേശവന്‍ മദ്ധ്യഭാഗത്ത് നിലയുറപ്പിച്ചു. അല്‍പ്പനേരം കഴിഞ്ഞതോടെ കേശവന്‍ വിറയ്ക്കാന്‍ തുടങ്ങി. അവന്‍റെ വായില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങി. കേശവന്‍റെ ശിരസ്സിലിരുന്ന കോലമിറക്കി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്‍റെ ശിരസ്സിലേക്ക് മാറ്റി. കൊടിമരച്ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ അവന്‍ തൊഴുതു. പാപ്പാന്മാര്‍ കേശവനെ കോവിലകം പറമ്പിലേയ്ക്ക് നടത്തി. 

കേശവന്‍ ക്ഷേത്രത്തിന്‍റെ കിഴക്കേഗോപുരം കടന്നുപോകുമ്പോള്‍ അത് അവന്‍റെ അന്ത്യയാത്രയുടെ തുടക്കമാകുമെന്ന് ആരും കരുതിയില്ല. പിറ്റേദിവസം ദശമി. കേശവന്‍റെ അസുഖം വര്‍ദ്ധിച്ചു. ചാവക്കാട് നിന്നും ആനചികിത്സകര്‍ എത്തി. കേശവന്‍ തീറ്റയെടുക്കുന്നില്ല. ഒരു തുള്ളിവെള്ളം പോലും കുടിക്കാതെയുള്ള കിടപ്പ്. ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥജലം ഉപയോഗിച്ച് കേശവന്‍റെ കൈകാലുകളും ശിരസ്സും കഴുകി. ക്ഷേത്ര കൊടിമരത്തിലേയ്ക്ക് നോക്കി പല പ്രാവശ്യം തുമ്പിക്കൈ ഉയര്‍ത്തി പ്രണമിച്ചു. 

പുലര്‍ച്ചെ 3 മണിയായി. അതായത് ഗുരുവായൂര്‍ ഏകാദശി പുലരി. ക്ഷേത്ര ഉച്ചഭാഷിണിയിലൂടെ നാരായണീയം മുഴങ്ങി. 'അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം' എന്നുതുടങ്ങുന്ന കേശാദിപാവര്‍ണ്ണനം ഉയര്‍ന്നു. ശ്രീലകം തുറന്നതോടെ കേശവന്‍ തന്‍റെ മുന്‍കാലുകള്‍ നീട്ടിവച്ച് കൊമ്പുകള്‍ നിലത്ത് കുത്തി തുമ്പിക്കൈ നീട്ടിവച്ച് കൊടിമരത്തിലേയ്ക്ക് നോക്കി തെക്കുവടക്കായി നമസ്ക്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.

ഡിസംബര്‍ 2 ന് പുലര്‍ച്ചെ മുതല്‍ കേശവന്‍റെ ഭൗതികശരീരം കാണാന്‍ പതിനായിരങ്ങള്‍ കോവിലകം പറമ്പിലെത്തി. വൈകിട്ട് 6 വരെ പൊതുദര്‍ശനം നടത്തിയശേഷം വടക്കാഞ്ചേരിക്കടുത്തുള്ള അകമലയില്‍ ആ ശരീരം അഗ്നിയിലേക്കമര്‍ന്നു. എല്ലാവര്‍ഷവും ദശമിദിനം കേശവന്‍ അനുസ്മരണം നടത്തുന്നുണ്ട്. കേശവന്‍ ചെരിഞ്ഞ ഇടത്ത് കേശവന്‍റെ അതേ ശരീരവലുപ്പത്തില്‍ ഉണ്ടാക്കിയ പ്രതിമയില്‍ ഇളമുറയിലെ ആനകള്‍ ആദരവ് അര്‍പ്പിക്കുന്നു.

ഗുരുവായൂര്‍ പത്മനാഭന്‍

1940 ല്‍ ജനനം. 1954 ജനുവരി 14 ന് നടയിരുത്തി. 2020 ഫെബ്രുവരി 26 ന് പുന്നത്തൂര്‍ കോട്ടയില്‍ വച്ച് വാര്‍ദ്ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് ചരിഞ്ഞു.

ഗുരുവായൂര്‍ കേശവന്‍റെ മുന്‍ഗാമി വല്യ പത്മനാഭനും പിന്‍ഗാമി ഗുരുവായൂര്‍ പത്മനാഭനും. നിലമ്പൂര്‍ വനാന്തരത്തില്‍ നിന്നും കൂട്ടം തെറ്റി ജനവാസമേഖലയില്‍ കുട്ടിയാന എത്തപ്പെട്ടു. ആലത്തൂരിലുള്ള ആനവ്യാപാരി സ്വാമി കുട്ടിയാനയെ സ്വന്തമാക്കി. പൊന്നുംവില നല്‍കാമെന്ന് പറഞ്ഞിട്ടും സ്വാമി കുട്ടിയാനയെ ആര്‍ക്കും നല്‍കിയില്ല. പത്മനാഭന്‍ എന്ന് കുട്ടിയാനയ്ക്ക് സ്വാമി പേരും നല്‍കി.

എരണ്ടത്ത് പുത്തന്‍വീട്ടിലെ മുത്തശ്ശിക്ക് രോഗശമനത്തിനായി ഗുരുവായൂരപ്പന് മാങ്ങാമാല നേര്‍ന്നിരുന്നു. ജോത്സ്യനിഗമനത്തില്‍ അത് മാത്രം പോരാ, ഒരാനയെ ഗുരുവായൂരപ്പന് വേണമെന്നാണത്രേ കാണിക്കുന്നത്. ആനയെ അന്വേഷിച്ച് ഇ.പി. ബ്രദേഴ്സുകാര്‍ ആലത്തൂര്‍ സ്വാമിക്കരികിലെത്തി. കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും സ്വാമിക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമില്ല. നിര്‍ബന്ധം മുറുകിയതോടെ ന്യൂനതകള്‍ ഒന്നുമില്ലാത്ത പത്മനാഭനെ ഇ.പി. ബ്രദേഴ്സിന് സ്വാമി സന്തോഷപൂര്‍വ്വം കൈമാറി.16,000 രൂപയ്ക്കാണ് സ്വാമി ഇ.പി. ബ്രദേഴ്സിന് പത്മനാഭനെ നല്‍കുന്നത്. ആദ്യം പത്മനാഭനെ നല്‍കാന്‍ തയ്യാറാകാതിരുന്ന സ്വാമിക്ക് ഭഗവാന്‍റെ സ്വപ്നദര്‍ശനം ഉണ്ടായതായും അത് നിമിത്തമാണ് പത്മനാഭനെ ഇ.പി ഗ്രൂപ്പിന് നല്‍കിയതെന്ന് ആലത്തൂര്‍ സ്വാമിയുടെ പിന്‍ഗാമികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

1954 ജനുവരി 14 ന് പത്മനാഭന്‍ ഗുരുവായൂരപ്പന്‍റെ സ്വന്തമായി. അങ്ങനെ അവന്‍ ഗുരുവായൂര്‍ പത്മനാഭനായി. ശാന്തശീലസ്വഭാവമുള്ള ഗജവീരനായിരുന്നിവന്‍. കണ്ണില്‍ ഒളിച്ചുവച്ച കുസൃതികള്‍ ഏവരും ഏറെ ആസ്വദിച്ചിരുന്നു. ജനക്കൂട്ടത്തെ കണ്ടാല്‍ പത്മനാഭന്‍ ചെവിയാട്ടി സന്തോഷം പ്രകടിപ്പിക്കും. പത്മനാഭന്‍ ഉത്സവസ്ഥലത്ത് എത്തിയാല്‍ കൃഷ്ണപ്പരുന്ത് അവന് മേല്‍ വട്ടമിട്ട്  പറക്കുമത്രെ. ഈശ്വരസ്പര്‍ശമേറ്റ ഗജവീരനായതിനാല്‍ ഭക്തര്‍ ഇവനെ തൊട്ട് തൊഴുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം എഴുന്നെള്ളത്തിനും ഉത്സവ ആറാട്ടിനും പത്മനാഭന്‍റെ സാന്നിധ്യം ഉണ്ടാവും.

ഒറ്റപ്പാലം വഴി പത്മനാഭന്‍ യാത്ര ചെയ്താല്‍ പാപ്പാന്മാരുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ അവന്‍ എരാണ്ടത്ത് പുത്തന്‍വീടിന്‍റെ മുറ്റത്തേയ്ക്ക് കയറിച്ചെല്ലും. എരാണ്ടത്തുകാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയാല്‍ പത്മനാഭനെ കാണാതെ മടക്കയാത്രയില്ല. ഇവരെ കണ്ടാല്‍ പത്മനാഭന്‍ തലകുലുക്കി തുമ്പിക്കൈ നീട്ടി ഇവരെ തൊട്ട് സ്നേഹപ്രകടനം കാണിക്കും.

2004 ല്‍ പാലക്കാട് നെന്മാറ വല്ലങ്ങിവേലയ്ക്ക് എഴുന്നെള്ളിപ്പിനായി ഗജരത്നം പത്മനാഭന്‍ 2,22,222,22 രൂപ എന്ന റെക്കോര്‍ഡ് തുക നേടിയത് വലിയ വാര്‍ത്തയായിരുന്നു. 66 വര്‍ഷത്തോളം പത്മനാഭന്‍ ഗുരുവായൂരപ്പന്‍റെ തിടമ്പ് എഴുന്നെള്ളിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ട മത്സരത്തില്‍ സ്ഥിരമായി വിജയിയായിട്ടുണ്ട്.

2007 ല്‍ പാലാ മേലേപ്പാറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വച്ച് വീരശൃംഖല നല്‍കി പത്മനാഭനെ ആദരിച്ചിരുന്നു. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പത്മനാഭന് സ്വര്‍ണ്ണപ്പതക്കം നല്‍കി ആദരിച്ചിരുന്നു. 2008 ല്‍ വൈക്കം അഷ്ടമിവിളക്കിന് വൈക്കത്തപ്പന്‍റെ തിടമ്പും പത്മനാഭന്‍ എഴുന്നെള്ളിച്ചിട്ടുണ്ട്. 1990 കളില്‍ തിരുവമ്പാടിക്ക് വേണ്ടിയും, 2011 ല്‍ ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരിക്ക് വേണ്ടിയും പത്മനാഭന്‍ തിടമ്പ് എഴുന്നെള്ളിച്ചിരുന്നു. ഗുരുവായൂര്‍ കേശവപ്രതിമയില്‍ ദശമിദിനം ഹാരാര്‍പ്പണം നടത്തിയിരുന്നതും പത്മനാഭനാണ്. ഭക്തമനസ്സുകളില്‍ ഗുരുവായൂര്‍ പത്മനാഭ സ്മരണ തിലകം ചാര്‍ത്തി തലയെടുപ്പോടെ നിലനില്‍ക്കും.

പുന്നത്തൂര്‍ കോട്ടയില്‍ വച്ച് 2020 ഫെബ്രുവരി 26 ഉച്ചയ്ക്ക് 2.10 നായിരുന്നു പത്മനാഭന്‍റെ അന്ത്യം. പിറ്റേന്ന് രാവിലെ 9 മണിവരെ പൊതുദര്‍ശനം. പിന്നീട് കൊടനാട്ടേക്ക് കൊണ്ടുപോയി.

ഇന്ദ്രസെന്‍

ആനയഴകിലും തലയെടുപ്പിലും ഗാംഭീര്യത്തിലും ഗുരുവായൂര്‍ കേശവനും പത്മനാഭനുമൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണത്രേ ഇന്ദ്രസെന്‍. 1972 ലാണ് ഇവന്‍റെ ജനനം. ഇപ്പോള്‍ പ്രായം 54 തിളങ്ങുന്ന തേന്‍നിറമുള്ള കണ്ണുകളും വലിയ ചെവിയും നീളമുള്ള വാലും ഇവന്‍റെ പ്രത്യേകതയാണ്. 303 സെന്‍റീമീറ്റര്‍ ഉയരവും 5.8 ടണ്‍ തൂക്കവുമുള്ള ഇന്ദ്രസെന്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കേരളത്തിലെത്തിയതാണ്. 1979 സെപ്തംബര്‍ 24 നാണ് ഇവനെ ഗുരുവായൂരപ്പസന്നിധിയില്‍ നടയിരുത്തിയത്. 

മുംബൈയിലെ വ്യവസായി ഇന്ദര്‍സെന്‍ മിര്‍ച്ചന്താനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരാനയെ നടക്കിരുത്താന്‍ ആഗ്രഹം. ഇതിനുവേണ്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ മിര്‍ച്ചന്താനി മലയാളിയായ ഒരു പത്രപ്രവര്‍ത്തകനെ ഏല്‍പ്പിക്കുന്നു. ഈ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരന്‍ എം.ടി.  വാസുദേവന്‍ നായരുമായി സഹോദരതുല്യമായ ബന്ധമാണുണ്ടായിരുന്നത്. എം.ടി. വാസുദേവന്‍നായരും ഡോ. കെ.സി. പണിക്കരും ചേര്‍ന്നാണ് കൂടല്ലൂരില്‍ നിന്നും ഇവനെ കണ്ടെത്തുന്നത്. മികച്ച ഓര്‍മ്മശക്തിയും സല്‍സ്വഭാവവുമാണ് ഇവന്‍റേത്. പുന്നത്തൂര്‍ കോട്ടയില്‍ ഒന്നാം പാപ്പാന്‍ കൃഷ്ണമൂര്‍ത്തിയും രണ്ടാം പാപ്പാന്‍ സന്തോഷുമാണ് ഇന്ദ്രനെന്നിനെ പരിപാലിക്കുന്നത്.

എം.ടി. വാസുദേവന്‍ നായര്‍ ഇന്ദ്രസെന്നിനെ കാണാന്‍ പുന്നത്തൂര്‍ കോട്ടയില്‍ നിരവധിതവണ എത്തിയിട്ടുണ്ട്. മുളങ്കുന്നത്തുകാവ് വടക്കുറുമ്പക്കാവില്‍ കുംഭഭരണിക്ക് എഴുന്നെള്ളിക്കാന്‍ ഭരണിവേലസമിതി 2.72 ലക്ഷം രൂപ ഇന്ദ്രസെന്നിന് നല്‍കിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നന്ദന്‍

ഗുരുവായൂര്‍ കേശവനും പത്മനാഭനും അരങ്ങൊഴിഞ്ഞതോടെ ഇന്ദ്രസെന്നിനോടൊപ്പം ഭക്തരുടെയും ആനപ്രേമികളുടെയും ഹീറോയായി മാറിയവനാണ് നന്ദന്‍. 1972 ല്‍ മൈസൂര്‍ കാടുകളില്‍ പിറവിയെടുത്ത ഇവനെ കര്‍ണ്ണാടകയിലെ മുഡഗരി ക്യാംപില്‍ നിന്ന് എസ്.ബി.റ്റി ജനറല്‍ മാനേജര്‍ നന്ദകുമാര്‍ 1996 മേയ് 23 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തി. നമ്പര്‍ 6 എന്നായിരുന്നു അന്നിവന്‍റെ പേര്. നടക്കിരുത്തിയ ശേഷം 'ഗുരുവായൂര്‍ നന്ദന്‍' എന്ന പേരിട്ടു. ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ ആന എന്ന ഖ്യാതിയും ഇവന്‍ നേടിയിട്ടുണ്ട്. 7.50 ടണ്‍ ഭാരമാണിവന് ഉണ്ടായിരുന്നത്. ഉയരം 306 സെ.മീറ്ററും. ഉണ്ടപോലെയിരിക്കുന്ന ആന എന്ന പേരുദോഷം പണ്ട് ഉണ്ടായിരുന്നെങ്കിലും അതൊക്കെ പഴങ്കഥ മാത്രമായി. 

മൈസൂര്‍ വനം കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തി വിളയാട്ടം നടത്തിയ കുട്ടിക്കാലത്ത് വാരിയെല്ലിന്‍റെ ഭാഗത്ത് 3 വെടിയുണ്ടകളും കാലില്‍ ഒരു വെടിയുണ്ടയും ഇവനേറ്റിരുന്നത്രേ. പുന്നത്തൂര്‍ കോട്ടയില്‍ വച്ച് ഡോ. കെ. രാധാകൃഷ്ണ കൈമളാണ് ഈ വെടിയുണ്ടകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത്. 1999 ലായിരുന്നു ശസ്ത്രക്രിയ നടക്കുന്നത്. 50-ാമത്തെ വയസ്സിലാണ് നന്ദന്‍ പാറമേക്കാവിലമ്മയുടെ തിടമ്പ് എഴുന്നേള്ളിക്കുന്നത്. പത്മനാഭന്‍റെ അഭാവം മൂലം ഗുരുവായൂര്‍ ആറാട്ട് ദിനം സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍റെ തിടമ്പ് വഹിക്കാനുള്ള ഭാഗ്യവും നന്ദനുണ്ടായിട്ടുണ്ടത്രേ. 

തൃശൂര്‍പൂരം, നെന്മാറ വല്ലങ്ങിവേല, തിരുനക്കര ഉത്സവം, ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന, ഉത്രാളിക്കാവ് പൂരം, തിരുമാന്ധാംകുന്ന് പൂരം എന്നിവക്കെല്ലാം ഗുരുവായൂര്‍ നന്ദന്‍ കോലമെഴുന്നേള്ളിച്ചിട്ടുണ്ട്.

നന്ദിനി

ഗജവീരന്മാരുടെ കളിക്കൂട്ടുകാരനായ ഗുരുവായൂരപ്പന് മാത്രമല്ല ഭക്തര്‍ക്കും ആനപ്രേമികളുടെയും ഇഷ്ടക്കാരായ ആനകള്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഇനിയുമുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 12 ന് പുന്നത്തൂര്‍ കോട്ടയില്‍ വച്ച് ചരിഞ്ഞ ദേവസ്വത്തിന്‍റെ പിടിയാന നന്ദിനി ഇക്കൂട്ടത്തിലുള്ള ഒരു പിടിയാനയാണ്. ചിട്ടയുള്ള 'ഓട്ടക്കാരി' എന്നാണ് നന്ദിനി അറിയപ്പെട്ടിരുന്നത്. ചരിയുമ്പോള്‍ 65 വയസ്സ് പ്രായം. 30 വര്‍ഷത്തോളം പള്ളിവേട്ടയ്ക്ക് ഒമ്പതും, ആറാട്ടിന് പതിനൊന്നും പ്രദക്ഷിണം ഭക്തജനങ്ങള്‍ക്കൊപ്പം ഓടിയിട്ടുണ്ട്. 2020 ലാണ് നന്ദിനിക്ക് പാദരോഗം പിടിപെടുന്നത്. 1964 മെയ് 9 ന് നിലമ്പൂര്‍ സ്വദേശി പള്ളിയാലില്‍ പി. നാരായണന്‍ നായരാണ് നന്ദിനിയെ നടക്കിരുത്തിയത്. 

പിടിയാന ലക്ഷ്മിക്കുട്ടി ചരിഞ്ഞതോടെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകള്‍ക്ക് നന്ദിനി ഓടിയിട്ടുണ്ട്. കൊടനാട് വനത്തിലാണ് നന്ദിനിയുടെ സംസ്ക്കാരം നടന്നത്.

ഗുരുവായൂരിലെ ദേവദാസ് നമ്പൂതിരി 1999 ല്‍ നടക്കിരുത്തിയ ദാമോദര്‍ദാസ്, വടഞ്ചേരിയിലെ യൂണിയന്‍ ടിംബര്‍ ട്രേഡേഴ്സ് 1961 ല്‍ നടക്കിരുത്തിയ രാധാകൃഷ്ണന്‍, വെട്ടിയാട്ടില്‍ ഉണ്ണികൃഷ്ണന്‍ കരുവന്നൂര്‍ നടക്കിരുത്തിയ ബലറാം, പറവൂരിലെ ലക്ഷ്മണവിശ്വനാഥയ്യര്‍ 1996 ല്‍ നടക്കിരുത്തിയ ശ്രീധര്‍, തൃശൂര്‍ ഒ.വി. ബാബു നടക്കിരുത്തിയ അനന്തനാരായണന്‍, വി.എസ്. ബാലകൃഷ്ണന്‍ ഒരുമനയൂര്‍ നടക്കിരുത്തിയ ബാലു, കോഴിക്കോട് കെ.ജി. രാധാകൃഷ്ണന്‍ നടക്കിരുത്തിയ ബാലകൃഷ്ണന്‍, എന്‍.ജി.  ഗോപാലക്കുറുപ്പ് 1997 ല്‍ നടക്കിരുത്തിയ ഗോപാലകൃഷ്ണന്‍, മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജെ. ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്നിങ്ങനെ നിരവധി ആനകള്‍ കണ്ണന്‍റെ ആത്മമിത്രങ്ങളായി പുന്നത്തൂര്‍ കോട്ടയില്‍ സസുഖം വാഴുന്നു.