ഗുരുവായൂരിലെ പിളേളര് താലപ്പൊലിക്ക് അറുപത് വയസ്സ്

ഗുരുവായൂരിലെ പിളേളര് താലപ്പൊലിക്ക് അറുപത് വയസ്സ്

HIGHLIGHTS

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്തുകാവില്‍ ഭഗവതി. ക്ഷേത്രത്തിനുള്ളില്‍ വടക്കു കിഴക്കായി അശോക മരത്തിന്‍റെയും പ്ലാവിന്‍റെയും തണലില്‍ തുറന്ന മേല്‍പ്പുരയുള്ള ശ്രീകോവിലാണ് ഭഗവതിയുടെ ഇരിപ്പിടം. ഇവിടെ ഉപവിഷ്ടയായി ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കിവരുന്നു. ഇവിടെ വര്‍ഷംതോറും നടത്തിവരുന്ന താലപ്പൊലിക്ക് പിള്ളേര് താലപ്പൊലി എന്നാണ് പേര്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാട്ടുകാര്‍ നേരിട്ടുനടത്തുന്ന ഏക ആഘോഷമാണ് പിള്ളേര് താലപ്പൊലി. 

 

 തന്ത്രികവും മാന്ത്രികവുമായ അനവധി ആചാരാനുഷ്ഠാനങ്ങള്‍, അത്യസാധരണവും ഭക്തിനിര്‍ഭരവുമായ ഒട്ടേറെ ചടങ്ങുകള്‍. ഓരോ ചടങ്ങിനും സവിശേഷ പരിവേഷം ചാര്‍ത്തുന്ന ഐതിഹ്യങ്ങളും വിശ്വാസ സങ്കല്‍പ്പങ്ങളും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്യ നഗരിയിലേക്ക്.

ക്ഷേത്രത്തിനു പുറത്ത് കിഴക്കേനടപ്പുരയിലെ ക്യൂ പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേക്ക് പോകുന്നത്. നാലമ്പലത്തിന്‍റെ കവാടം കയറുമ്പോള്‍ തന്നെ എത്തിനോക്കിയാല്‍ ഭഗവാനെ കണ്‍നിറയെ കാണാം. തൊട്ടു തെക്കുഭാഗത്ത് ഗണപതിയുണ്ട്. കുമ്പിട്ട് വണങ്ങിയ ശേഷം എതിര്‍വശത്തുള്ള സരസ്വതി ദേവിയെയും തൊഴാം. പ്രദക്ഷിണവഴിയുടെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയുണ്ട്. അവിടെ തൊഴുത് പ്രദക്ഷിണം പൂര്‍ത്തിയാക്കി വടക്കുകിഴക്കേ മൂലയില്‍ ഇടത്തരികത്തു കാവിലമ്മയെ തൊഴുത് പുറത്തേക്ക് കടക്കാം...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്തുകാവില്‍ ഭഗവതി. ക്ഷേത്രത്തിനുള്ളില്‍ വടക്കു കിഴക്കായി അശോക മരത്തിന്‍റെയും പ്ലാവിന്‍റെയും തണലില്‍ തുറന്ന മേല്‍പ്പുരയുള്ള ശ്രീകോവിലാണ് ഭഗവതിയുടെ ഇരിപ്പിടം. ഇവിടെ ഉപവിഷ്ടയായി ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കിവരുന്നു. ഇവിടെ വര്‍ഷംതോറും നടത്തിവരുന്ന താലപ്പൊലിക്ക് പിള്ളേര് താലപ്പൊലി എന്നാണ് പേര്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാട്ടുകാര്‍ നേരിട്ടുനടത്തുന്ന ഏക ആഘോഷമാണ് പിള്ളേര് താലപ്പൊലി. ധനു ഒന്നിന് ഭഗവതിക്ക് അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന കളംപാട്ട്  ആരംഭിക്കും. ഇരുപത്തൊന്നാം ദിവസമാണ് (ധനു 21) പിളേളര് താലപ്പൊലി. പാട്ട് കലാശിക്കുന്ന ദിവസമാണ് (മകരം 25) ദേവസ്വം താലപ്പൊലിയും പതിവാണ്.
 ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഇവിടുത്തെ താലപ്പൊലിക്ക്. നാട്ടുകാരുടെ കൂട്ടായ്മയായ താലപ്പൊലി സംഘമാണ് ആഘോഷം നടത്തുന്നത്. ദേശത്തെ പിള്ളേര് (യുവാക്കള്‍) മുന്‍കൈയെടുത്ത് അന്നത്തെ ക്ഷേത്രം ഉടമസ്ഥരായ സാമൂതിരിയുടെയും മല്ലിശ്ശേരിയുടെയും അനുമതിയോടെ താലപ്പൊലി തുടങ്ങി. അതിനെ നാട്ടുകാര്‍ പിള്ളേര് താലപ്പൊലി എന്ന് വിളിച്ചു. യുവാക്കള്‍ മുന്‍കയ്യെടുത്ത് നടത്തി ത്തുടങ്ങിയിട്ട് അറുപതാണ്ടുകളായി.

ഭഗവതിക്കും ഗുരുവായൂരപ്പനും എല്ലാ വഴിപാടുകളും താലപ്പൊലിസംഘം നടത്തും. ഗുരുവായൂരപ്പന് വിളക്കുവെപ്പ്, നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളാണ് നടത്തുക. താലപ്പൊലി ചടങ്ങുകള്‍ക്ക് ദേവസ്വത്തില്‍ നിന്നും ഒരു രൂപ പോലും വാങ്ങാതെ നേരിട്ടു നടത്തുന്നത് പ്രത്യേകതയാണ്.  ദേശത്തിന്‍റെ ആഘോഷമാണിത്.  പിളേളര് താലപ്പൊലിയുടെ തലേന്ന് തട്ടകത്തെ പതിനാല് ക്ഷേത്രങ്ങളില്‍ എണ്ണയും കാണിക്കയും അര്‍പ്പിച്ച് അതാത് ദേവിദേവന്മാരുടെ അനുമതി തേടും. കൂടാതെ ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കും വഴിപാടുകള്‍ ചെയ്യും. 

1971 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് താലപ്പൊലിക്ക് സംഭാവനപിരിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെടിക്കെട്ടും നടത്തിയിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. അടുത്ത പറമ്പുകളില്‍ നിന്നും ഇളനീരും കുരുത്തോലയും വെട്ടാന്‍ അനുമതി പോലും വേണ്ടായിരുന്നു. 

ഗുരുവായൂരപ്പന് തത്തുല്യമായ പ്രാധാന്യമാണ് ഭഗവതിക്കുള്ളത്. ഗുരുവായൂരപ്പന്‍റെ ഇടതുഭാഗത്ത് അരികിലായി ഇരിക്കുന്നതിനാല്‍ ഇടത്തരികത്തുകാവ് ഭഗവതി എന്ന പേരിലറിയപ്പെടുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ കാവല്‍ദൈവമാണ് ഉഗ്രമൂര്‍ത്തിയായ ഈ ഭഗവതി എന്നാണ് വിശ്വാസം. ശ്രീകൃഷ്ണാവതാരം നടന്ന അതേ സമയത്ത് നന്ദഗോപനും യശോദയ്ക്കും മകളായി അവതരിച്ച കാളിയാണ് ഈ ഭഗവതി എന്നും പറയുന്നു. അതിനാല്‍ ഭഗവാന്‍റെ സഹോദരിയുടെ സ്ഥാനമാണ് ഭഗവതിക്ക്. 

കുറുംബയൂര്‍, കുരുംബയൂര്‍ എന്നും കാളിയുടെ നാമധേയത്തിലാണ് ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നതെന്നും പറയുന്നു. മഹാദേവി, മഹാകാളി, മഹാസരസ്വതി തുടങ്ങിയ മൂന്നു ഭാവങ്ങളിലും ദേവിയെ ആരാധിക്കുന്നു.

ഇവിടെ പരാശക്തി ഭഗവാന് മുമ്പെ കുടികൊണ്ടിരുന്നതായി പറയപ്പെടുന്നു. ശ്രീ ഗുരുവായൂരപ്പന് ഇരിക്കുവാന്‍ ഇടം നല്‍കി ദേവി ഇടതുഭാഗത്ത് അരികിലേക്കും മഹാദേവന്‍ മമ്മിയൂരിലും മാറിക്കൊടുത്തു എന്ന ഒരു ഐതിഹ്യവും കൂടിയുണ്ട്. ഗുരുവായൂരപ്പന്  രുദ്രതീര്‍ത്ഥത്തിലെ ഭഗവതി ക്കെട്ടിലെ കടവിലാണ് ആറാട്ട് നടക്കുന്നത്. അതിനുശേഷം ഭഗവാന്‍ എഴുന്നെള്ളിയിരുന്ന് ഭഗവതിക്കൊപ്പം ഒരുമിച്ച് അമൃതേത്ത് കഴിക്കുന്നു. ഈ നേദ്യം അല്ലാതെ നിത്യം വെച്ചു നേദ്യമില്ല ഇവിടെ. വര്‍ഷത്തിലൊരിക്കലുള്ള    നേദ്യമാണിത.് 

ധനു, മകരം മാസങ്ങളിലായി രണ്ടു താലപ്പൊലിയുണ്ട്. രണ്ട് താലപ്പൊലിക്കും  തുല്യപ്രാധാന്യമാണുള്ളതെങ്കിലും പകിട്ടും പ്രൗഢിയും പിള്ളേര് താലപ്പൊലിക്കാണ്.
 ഗുരുവായൂരെത്തുന്ന ഭക്തരുടെ അഴല്‍ (ദുഃഖം) ദേവി ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. അഴല്‍ എന്ന് പേരുള്ള പ്രത്യേക വഴിപാടുണ്ട് ഇവിടെ. വെള്ളരി, നെല്ലരി, ശര്‍ക്കര, നാളികേരം എന്നിവ തുണിയില്‍ ചുറ്റി വാഴ ത്തണ്ടില്‍ കെട്ടിവെച്ച ശേഷം അഗ്നി കൊളുത്തുന്നു. ഭക്തരുടെ അഴലുകള്‍ ഭദ്രകാളി അഗ്നിയില്‍ ദഹിപ്പിച്ചു ഇല്ലാതാക്കുന്നു എന്നാണ് ഇതിന്‍റെ സങ്കല്‍പ്പം.

താലപ്പൊലി ദിവസം പുലര്‍ച്ചെ 3 ന് ഭഗവതി നടയ്ക്കല്‍ സംഘാടകര്‍ പളളിവാളും പൂജാദ്രവ്യങ്ങളും സമര്‍പ്പിക്കും. രാവിലെയുളള ശീവേലി കഴിഞ്ഞാല്‍ ഗുരുവായൂരപ്പന് കദളിക്കുലയും എണ്ണയും പണവും വച്ചു പ്രാര്‍ത്ഥിക്കും. താലപ്പൊലി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉച്ചപൂജ 10.30 ഓടെ കഴിയും. വൈകിട്ടത്തെ ശീവേലി ഉച്ചയ്ക്ക് നടത്തി 11.30ന് നട അടയ്ക്കും. ഗുരുവായൂരപ്പനും താലപ്പൊലിയ്ക്ക് തയ്യാറാകും എന്നാണിതിന്‍റെ ഐതിഹ്യം. രാത്രി ഗുരുവായൂരപ്പന് വിളക്കെഴുന്നളളിപ്പില്ല. ശീവേലി മാത്രം. പണ്ട് ഗുരുവായൂര്‍ കേശവന്‍ (1956 ജനുവരി 5ന്) സ്വര്‍ണ്ണക്കോലം എഴുന്നെളളിച്ച് ഏഴു ആനകളെ എഴുന്നെളളിച്ചിരുന്നു. 

പ്രൗഢിയോടെയാണ് ഇടത്തരികത്തുകാവിലെ ദേവി ഭക്തജനമദ്ധ്യത്തിലേക്ക് കാവിറങ്ങി വരിക. ഈ സമയം മഞ്ഞളും കുങ്കുമവും നെല്ലും മലരും ഉള്‍പ്പെടെയുളള 1200 ഓളം പറകളുമായി ഭക്തര്‍ കാത്തുനില്‍പുണ്ടാകും. കാവിലമ്മ മഞ്ഞളില്‍ ആറാടിയതോടെ ഗുരുവായൂര്‍ താലപ്പൊലി സംഘത്തിന്‍റെ അറുപതാമത് പിളേളര് താലപ്പൊലി ഭക്തിനിര്‍ഭരമായ അനുഭവമായി. ക്ഷേത്രമുറ്റമാകെ മഞ്ഞള്‍ കുങ്കുമപ്പൊടികളുടെ നിറവും മണവും നിറഞ്ഞു. 

ഗുരുവായൂരപ്പന്‍റെ ശ്രീലകം അടച്ചശേഷം 12 ന് ഭഗവതിയുടെ പുറപ്പാട് തുടങ്ങി. വാതില്‍മാടത്തില്‍ കയറി ഭഗവതിയുടെ കോമരമായ സുരേന്ദ്രന്‍ വെളിച്ചപ്പാട് പട്ടുചുറ്റി അരമണി കെട്ടിയശേഷം ദേവീ സന്നിധിയില്‍ നിന്ന് പളളിവാള്‍ ഏറ്റു വാങ്ങി. കീഴ്ശാന്തി തിരുവാലൂര്‍ ശരത് നമ്പൂതിരി ഭഗവതിയുടെ തിടമ്പ് വഹിച്ച് ആനപ്പുറത്ത് കയറി. തുടര്‍ന്ന് പഞ്ചവാദ്യം നിരന്നു. കുളം പ്രദക്ഷിണം ചെയ്ത് എഴുന്നെളളിച്ച് ഭഗവതിക്കെട്ടിലേക്ക് തിരിച്ചെഴുന്നെളളി. കുറുപ്പ് ഭദ്രകാളിയുടെ കളം വരച്ച് നന്തുണിമീട്ടി ദാരികവധം പാടി. കളം മായിച്ച് ചടങ്ങ് അവസാനിപ്പിച്ചു.
 

ബാബുരാജ് പൊറത്തിശ്ശേരി
ഫോട്ടോസ് : സന ഫോട്ടോസ് ഗുരുവായൂര്‍