ഗുരുവായൂരിൽ ഇല്ലംനിറ ആഗസ്റ്റ് 18ന്; തൃപ്പുത്തരി ആഗസ്റ്റ് 30, 1200 ലിറ്റർ പുത്തരി പായസം ഒരുക്കും
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ ചടങ്ങ് ആഗസ്റ്റ് 18-ന് നടക്കും. രാവിലെ 8.30 മുതൽ 9.30 വരെ നിശ്ചയിച്ചിരിക്കുന്ന ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾക്ക് തുടക്കമാകുക.
ഇല്ലംനിറയുടെ തലേദിവസം കതിർകറ്റകൾ വയ്ക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രത്യേക താത്കാലിക വേദി ഒരുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
വിളവെടുപ്പ് ഉത്സവമായ തൃപ്പുത്തരി ഈ വർഷം ആഗസ്റ്റ് 30-നാണ് ആഘോഷിക്കുന്നത്. അന്നും രാവിലെ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുക.
തൃപ്പുത്തരി ദിനത്തിൽ ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്റർ പായസത്തിന് 240 രൂപയും, കുറഞ്ഞത് കാൽ ലിറ്റർ പായസത്തിന് 60 രൂപയുമാണ് നിരക്ക്. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ.
പായസത്തിന് കൂടുതൽ രുചിയും ഗുണമേന്മയും ഉറപ്പാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചായിരിക്കും പാചകം നടത്തുക.
