കൃഷ്ണനാട്ടം കാണാന്‍ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പന്‍ - രുദ്രന്‍ നമ്പൂതിരി (ഗുരുവായൂര്‍)
എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം, എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികള്‍, എട്ടുനാഴിക നേരത്തെ കളി, എട്ട് അരങ്ങുപണം എന്നിങ്ങനെ എട്ടുചേര്‍ത്ത കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്. എട്ടുദിവസം തുടര്‍ച്ചയായി ഒരുദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്. ഭഗവാന്‍റെ ഇഷ്ടവഴിപാടായതുകൊണ്ട് ഫലം പെട്ടെന്ന് ലഭിക്കും. എട്ടുകഥകളില്‍ ഓരോന്നും വഴിപാടായി നടത്തിയാല്‍ ഓരോ ഫലങ്ങളാണ് ലഭിക്കുക.
കേരളത്തിന്‍റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നുപറയും പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂരപ്പന്‍റെ ഇഷ്ടവഴിപാട് എന്ന നിലയില്‍ ക്ഷേത്രത്തില്‍ ഈ വഴിപാട് നടത്തിവരുന്നു. മറ്റുള്ള വഴിപാടുകള്‍ പലതും നടതുറന്നിരിക്കുമ്പോള്‍ പൂജയായും, അര്‍ച്ചനയായുമൊക്കെ ഭഗവാന് മുന്നിലാണ് നടത്തുന്നതെങ്കിലും കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോള്‍ നടത്താറില്ല. കാരണം, ഭക്തര്‍ തൊഴാന്‍വരുന്ന സമയത്ത് ഭഗവാന്‍ ശ്രീലകത്ത് നിന്നിറങ്ങി കൃഷ്ണനാട്ടം കാണാന്‍ പോകും എന്നതിനാലാണ് നടയടച്ചു കഴിഞ്ഞ് രാത്രി 10 മണിക്ക് ശേഷം വെളുപ്പിന് നട തുറക്കും മുന്‍പായി ഈ വഴിപാട് നടത്തുന്നത്.
എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം, എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികള്‍, എട്ടുനാഴിക നേരത്തെ കളി, എട്ട് അരങ്ങുപണം എന്നിങ്ങനെ എട്ടുചേര്‍ത്ത കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്. എട്ടുദിവസം തുടര്‍ച്ചയായി ഒരുദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്. ഭഗവാന്‍റെ ഇഷ്ടവഴിപാടായതുകൊണ്ട് ഫലം പെട്ടെന്ന് ലഭിക്കും. എട്ടുകഥകളില്‍ ഓരോന്നും വഴിപാടായി നടത്തിയാല്‍ ഓരോ ഫലങ്ങളാണ് ലഭിക്കുക.
ശ്രീകൃഷ്ണന്‍റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ലീലകള്‍ എട്ടുകഥകളായിട്ടാണ് അവതരിപ്പിച്ചു വരുന്നത്. എട്ട് രാത്രികള്‍ കൊണ്ട് ആടിത്തീര്‍ക്കാവുന്ന രീതിയില്‍ രൂപകല്‍പ്പനചെയ്തിട്ടുള്ള കൃഷ്ണനാട്ടത്തില്‍ അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗ്ഗാരോഹണം എന്നീ ഭാഗങ്ങളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ശുഭസൂചകമല്ലാത്തതുകാരണം എല്ലായ്പ്പോഴും സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവതാരം കൂടി ആടാറുണ്ട്.
ഓരോരോ കാര്യസാധ്യത്തിനായി ഓരോരോ കഥകളാണ് ഭക്തര്‍ നേര്‍ച്ചയായി ആടിക്കാറുള്ളതെങ്കിലും എട്ട് കഥകളും നേരുന്നവരും ധാരാളമാണ്.
1. അവതാരം: ഇഷ്ടസന്താനലബ്ധി, പ്രണയലാഭം, സൗഭാഗ്യദാമ്പത്യം.
2. കാളിയമര്‍ദ്ദനം: വിഷബാധാശമനം, ശത്രുപീഡാശമനം, സര്‍പ്പദോഷ നിവാരണം, രോഗശമനം.
3. രാസക്രീഡ: വിവാഹലബ്ധി, പ്രണയലാഭം, സൗഭാഗ്യ ദാമ്പത്യം
4. കംസവധം: ശത്രുതാനിവാരണം, കീര്‍ത്തി.
5. സ്വയംവരം: മംഗല്യഭാഗ്യം, ദാമ്പത്യസൗഖ്യം, അപവാദ മോചനം.
6. ബാണയുദ്ധം: മോഹസാഫല്യം, കേസുകളില്‍ വിജയം, കര്‍മ്മസിദ്ധി.
7. വിവിദവധം: ദാരിദ്ര്യമോചനം, ഉദ്ദിഷ്ടകാര്യലാഭം, കാര്‍ഷിക ലാഭം, വ്യാപാരലാഭം.
8. സ്വര്‍ഗ്ഗാരോഹണം: പിതൃക്കളുടെ മോക്ഷപ്രാപ്തി, സന്താനസൗഖ്യം, അനായാസമരണം, മോക്ഷം.
എന്നിങ്ങനെയാണ് ഓരോ കളിയാട്ടവഴിപാടിനും ലഭിക്കുമെന്ന് കരുതുന്ന ഫലസിദ്ധി.
ഐതിഹ്യം
കൃഷ്ണനാട്ടത്തിന്‍റെ തുടക്കത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
ശ്രീവൈകുണ്ഠനാഥനെ എപ്പോഴും നേരിട്ടു കാണുവാന്‍ കഴിഞ്ഞിരുന്ന ഒരേയൊരു യതിവര്യന്‍ വില്വമംഗലം സ്വാമിയാണ്. അദ്ദേഹം എപ്പോഴും ഭഗവാന്‍റെ ബാലലീലകള്‍ കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ചിരുന്നു.
ഒരിക്കല്‍ കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍, ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടില്‍, ഇപ്പോള്‍ കൂത്തമ്പലം നില്‍ക്കുന്ന സ്ഥലത്ത് ആനന്ദത്തില്‍ ആറാടി നില്‍ക്കുന്ന വില്വമംഗലം സ്വാമിയാരെയാണ് കണ്ടത്. ഒഴുകി വന്ന ആനന്ദാശ്രുക്കള്‍ ഉടച്ച വില്വമംഗലത്തോട് തമ്പുരാന്‍ ചോദിച്ചു: ഇവിടുന്നെന്താ, ഇന്നിങ്ങനെ.
'കണ്ടില്ലേ. കള്ളക്കണ്ണന്‍റെ കുസൃതികള്‍.' വില്വമംഗലം പറഞ്ഞു.
'ഉവ്വോ.. എനിക്ക് കാണാന്‍ സാധിക്കുന്നില്ലല്ലോ' എന്നുപറഞ്ഞ ശേഷം നാലുപാടും തിരഞ്ഞിട്ട് വില്വമംഗലത്തിന്‍റെ മുന്‍പില്‍ തമ്പുരാന്‍ മുട്ടുകുത്തി.
'ഒരു നോക്കുദര്‍ശനം തരായെങ്കില്‍'.. ഇത് പറയുമ്പോഴേക്കും തമ്പുരാന്‍റെ കണ്ഠം ഇടറിയിരുന്നു.
അതുകേട്ടപ്പോള്‍ വില്വമംഗലത്തിന്‍റെ മനസ്സിളകി. 'ഞാന്‍ ഭഗവാനോടൊന്ന് ചോദിക്കട്ടെ. തമ്പുരാന്‍ പോയിട്ട് നാളെ കാലത്തു വന്നാലും.'
വില്വമംഗലത്തിന്‍റെ മറുപടി കേട്ട് പ്രതീക്ഷയോടെ മാനവേദന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങി. പിറ്റേന്നുകാലത്ത് ക്ഷേത്രത്തിലെത്തി വില്വമംഗലത്തെ കണ്ടു. തമ്പുരാന് ഭാഗ്യമുണ്ട്. ഭഗവാന്‍ സമ്മതിച്ചിരിക്കുന്നു.
വില്വമംഗലം പറഞ്ഞുതീരും മുന്‍പേ തമ്പുരാന്‍ ചോദിച്ചു. 'എവിടെ.. എവിടെ നില്‍ക്കുന്നു എന്‍റെ ഭഗവാന്‍...?'
'എന്നെ തൊട്ടുകൊണ്ട് നോക്കൂ..' നിര്‍ദ്ദേശം കേട്ട തമ്പുരാന്‍ വില്വമംഗലത്തെയൊന്ന് തൊട്ടു. മണ്ണുവാരിക്കളിക്കുന്ന കണ്ണനതാ മുമ്പില്‍ നില്‍ക്കുന്നു. നിര്‍വൃതിയോടെ തമ്പുരാന്‍ ഭഗവാനെ നോക്കിനിന്നു. കരുണാവര്‍ഷം പൊഴിയുന്ന കള്ളക്കണ്ണുകൊണ്ട് വെണ്ണക്കണ്ണന്‍ തമ്പുരാനെ അടിമുടി നോക്കിച്ചിരിച്ചു. എല്ലാംമറന്ന തമ്പുരാന്‍ കണ്ണന് നേരെ ഓടിച്ചെന്ന് ഒന്ന് വാരിപ്പുണരാന്‍ ഇരുകൈകളും വിടര്‍ത്തി.
അപ്പോഴേക്കും 'ഇത് വില്വമംഗലം പറഞ്ഞിട്ടില്ലല്ലോ?' എന്നുപറഞ്ഞ് കണ്ണന്‍ തെന്നിമാറി.
അപ്പോള്‍ കണ്ണന്‍ തന്‍റെ കരവലയത്തിലൂടെ ഊര്‍ന്നിറങ്ങിയപോലെ തമ്പുരാന് തോന്നി. കണ്ണൊന്ന് ചിമ്മിയപ്പോഴേക്കും ഭഗവാന്‍ മറഞ്ഞുകളഞ്ഞു. കണ്ണുതുറന്നപ്പോള്‍ കണ്ടത്, കൈത്തണ്ടയില്‍ തങ്ങിക്കിടക്കുന്ന വര്‍ണ്ണമയില്‍പ്പീലിക്കതിര്‍ മാത്രമാണ്. ഭഗവാന്‍റെ ശിരസിലെ മയില്‍പ്പീലിത്തണ്ടായിരുന്നു അത്. പിന്നീടദ്ദേഹം മനോഹരമായ ഒരു കൃഷ്ണമുടി നിര്‍മ്മിച്ച് ആ പീലി അതിലുറപ്പിച്ചു. അത് ശിരസ്സിലണിഞ്ഞ് നൃത്തമാടുവാന്‍ തക്കവണ്ണം ഭാഗവതകഥകള്‍ കോര്‍ത്തിണക്കി ഒരു കാവ്യവും രചിച്ചു.
കൃഷ്ണഗീതി എന്ന പ്രസിദ്ധമായ ആ കാവ്യത്തിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണനാട്ടമായി മാറിയത്. 12-ാം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്‍റെ ഗീതാഗോവിന്ദത്തിന് ചുവടുപിടിച്ച് രചിക്കപ്പെട്ട കൃഷ്ണഗീതിയുടെ ദൃശ്യാവിഷ്ക്കാരം 300 ല്‍പ്പരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന കൃഷ്ണനാട്ടമായത്.
ഭഗവാന്‍ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്‍റെ കൊമ്പുയോഗിച്ച്, തമ്പുരാന്‍ സ്വന്തം കൈ കൊണ്ട് നിര്‍മ്മിച്ച ബാലഗോപാല വിഗ്രഹം മുന്‍പില്‍ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധനചെയ്ത് കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ്മുഖങ്ങളും ആഭരണങ്ങളുമെല്ലാം ആ ഇലഞ്ഞിമരം കൊണ്ട് നിര്‍മ്മിച്ചവയാണ്.
കൃഷ്ണനാട്ടം കൊച്ചിരാജ്യത്ത്
കൊച്ചി രാജാവും സാമൂതിരിയും തമ്മില്‍ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞ കാലത്ത്, അന്നത്തെ കൊച്ചി രാജാവ് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം 'കുവലയാപീഡം' രംഗത്ത് യഥാര്‍ത്ഥമായി ഒരു കൊമ്പനാനയെ നിര്‍ത്താന്‍ കൊച്ചി രാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയ കൊണ്ടും കൃഷ്ണനാട്ട കലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തില്‍ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണന്‍ കംസവധത്തിനായി രാജാവിന് നേരെ അടുത്തപ്പോള്‍, കളിയാശാന്‍ കൃഷ്ണന്‍റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചി രാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.
കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങള്‍ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയാരായിരുന്നു എന്നാണ് ഐതിഹ്യം. കൃഷണനാട്ടത്തെ അനുകരിച്ചുകൊണ്ട് രാമകഥയെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാന്‍ സൃഷ്ടിച്ച കലാരൂപമായിരുന്നു രാമനാട്ടം. രാമനാട്ടത്തില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തി ഇന്നത്തെ കഥകളി ഉത്ഭവിച്ചു.