ഗുരുവായൂര്‍ ക്ഷേത്രവും പൂന്താനവും
ജ്ഞാനപ്പാന എന്ന പ്രശസ്ത കൃതി മലയാള സാഹിത്യത്തിന് നല്കിയ ഭക്തകവി പൂന്താനത്തിന്റെ സ്മരണ നിലനിറുത്താനായി കുംഭമാസത്തിലെ അശ്വതിനാളില്‍ പൂന്താനം ദിനമായി ആചരിക്കുന്നു. ഇക്കൊല്ലത്തെ പൂന്താനം ദിനം ഫെബ്രുവരി 22 ഞായറാഴ്ചയാണ്. ഗുരുവായൂര്‍ ക്ഷേത്ര ദേവസ്വമാണ് പൂന്താനംദിനം ആചരിച്ചുവരുന്നത്. ജ്ഞാനപ്പാനപുരസ്ക്കാര വിതരണം, സാംസ്കാരികോത്സവം, കുട്ടികള്‍ക്കായി ജ്ഞാനപ്പാന ആലാപനമത്സരം തുടങ്ങിയവ ഈ ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
50000 രൂപയാണ് പുരസ്കാരം. പൂന്താനത്ത് നമ്പൂതിരി വേദാര്‍ഹനല്ലാത്ത ഒരു ബ്രാഹ്മണനായിരുന്നുവെന്നാണ് കേട്ടിരിക്കുന്നതെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്നു. എ.ഡി. 1547 നും 1640 നും മദ്ധ്യേ വള്ളുവനാട്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയും മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയും ജീവിച്ചിരുന്നത് ഒരേ കാലഘട്ടത്തില്‍ തന്നെയായിരുന്നു. ഭട്ടതിരി നാരായണീയവും പൂന്താനം ജ്ഞാനപ്പാനയും ഗുരുവായൂരപ്പന് സമ്മാനിച്ചു.

ദീര്‍ഘകാലം സന്താനമില്ലാതെ ദുഃഖിച്ചിരുന്ന പൂന്താനത്തിന് സീമന്തപുത്രനായി ഒരുണ്ണിയുണ്ടായി. ആ ഉണ്ണിയുടെ അന്നപ്രശാനമടിയന്തിരച്ചടങ്ങ് രാത്രിയിലായിരുന്നു. ക്ഷണപ്രകാരം എത്തിച്ചേര്‍ന്ന അന്തര്‍ജനങ്ങള്‍ അവരുടെ വസ്ത്രഭാണ്ഡങ്ങള്‍ അവിടെയൊരു സ്ഥലത്ത് ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെ അറിയാതെ കൊണ്ടുചെന്നിട്ടു. ചോറൂണിന് മുഹൂര്‍ത്തമടുത്തപ്പോള്‍ കുളിപ്പിക്കാനായി. എടുത്ത കുഞ്ഞ് ശ്വാസം മുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. വിഷ്ണുഭക്തനും സാധുവുമായിരുന്ന പൂന്താനത്ത് നമ്പൂതിരി ഉണ്ണിയുടെ മരണത്തോടെ ഏറെ ദുഃഖിതനും വിരക്തനുമായി. അതിനുശേഷം അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ഭഗവത്ഭക്തിക്കും കാവ്യരചനയ്ക്കുമായാണ് സമര്‍പ്പിച്ചത്.
അങ്ങനെ പുത്രദുഃഖത്താല്‍ വ്യസനത്തോടെ രചിച്ച കൃതിയാണ് ജ്ഞാനപ്പാന.
ഉണ്ണിയുടെ മരണശേഷം പൂന്താനം കുളിയും ജപവും പ്രദക്ഷിണവും നമസ്കാരവുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടി. അക്കാലത്ത് അവിടെ എത്തിച്ചേര്‍ന്ന മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ശ്രീകൃഷ്ണഭഗവാനെക്കുറിച്ച് നാരായണീയവും പൂന്താനം രചിച്ച ജ്ഞാനപ്പാനയും പൂന്താനം ജ്ഞാനപ്പാന പൂര്‍ത്തിയാക്കിയശേഷം അതില്‍ തെറ്റുകള്‍ തിരുത്താന്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിയോടപേക്ഷിച്ചു.
'ഭാഷാ കവിതയില്‍ നോക്കാനെന്തിരിക്കുന്നു, അതില്‍ അബദ്ധമല്ലാതെ വല്ലതും കാണുമോ' എന്ന് ഭട്ടതിരി പറഞ്ഞപ്പോള്‍ ശ്രീകോവിലില്‍ നിന്നും പൂന്താനത്തിനു ഭട്ടതിരിയോളം വിഭക്തി ഉറച്ചിട്ടില്ലെങ്കിലും ഭട്ടതിരിയെക്കാള്‍ ഭക്തിയുറച്ചിട്ടുണ്ട്' എന്ന് ഭഗവാന് ശ്രീകൃഷ്ണന്റെ അശരീരി തന്നെ അവിടെ ഉണ്ടായി എന്നും ഇതുകേട്ട ഭട്ടതിരി പൂന്താനത്തിന്റെ രചനയില്‍ വേണ്ട തിരുത്തലുകള്‍ നടത്തിക്കൊടുത്തു എന്നും പറയപ്പെടുന്നു.
ഏറെക്കാലത്തോളം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ പൂന്താനത്തെ നമസ്ക്കാര ഭക്ഷണത്തിരിക്കുമ്പോള് വേദജ്ഞന്മാരും വിദ്വാന്മാരുമായ ബ്രാഹ്മണന് എത്രയുണ്ടായിരുന്നാലും മാന്യസ്ഥാനത്ത് ഒന്നാമനായിട്ടിരുത്തുക പതിവായി. എന്നാല്‍ ഒരു ദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ മറ്റൊരു നമ്പൂതിരിക്ക് വേണ്ടി ക്ഷേത്രഭരണാധികാരി പൂന്താനത്തിനെ ഒന്നാമന് സ്ഥാനത്തുനിന്ന് മാറ്റിനിറുത്തി. അപമാനിതനും ദുഃഖിതനുമായ പൂന്താനം കരഞ്ഞുകൊണ്ട് പുറത്തിറങ്ങി.

'പൂന്താനം ഇനി ദുഷ്ടന്മാരുടെ അടുക്കല്‍ താമസിക്കുകയും ഇവിടെ വരികയും വേണ്ട.. പൂന്താനത്തിന് എന്നെ കാണണമെങ്കില്‍ ഞാന്‍ പൂന്താനത്തിന്റെ ഇല്ലത്തുവന്നുകൊള്ളാം' എന്നൊരു അശരീരി വാക്ക് ശ്രീകോവിലിനുള്ളില്‍ നിന്നുണ്ടായതിനെതുടര്ന്ന് പൂന്താനം നമ്പൂതിരി ഇല്ലത്തേയ്ക്ക് മടങ്ങി. എന്നാല്‍ ഇല്ലത്തെത്തിയ പൂന്താനം ഭഗവാന് തന്നെ വന്നുകാണാതെ ഭക്ഷണം കഴിക്കില്ലെന്നു തീരുമാനിച്ചതിനെതുടര്‍ന്ന് ഭഗവാന് ഇല്ലത്തെത്തിയെന്നും പൂന്താനം ഭഗവാനെതന്റെ വാമ(ഇടത്) ഭാഗത്ത് പ്രത്യക്ഷമായി കണ്ടു എന്നും ഐതിഹ്യമുണ്ട്.
ഭഗവാനെക്കണ്ട സ്ഥലത്ത് ഒരു ശ്രീകോവില്‍ പണിഞ്ഞ് അവിടെ ശ്രീകൃഷ്ണവിഗ്രഹം സ്ഥാപിച്ചു പൂജ നടത്തി ശിഷ്ടകാലം കഴിഞ്ഞു എന്നതും ചരിത്രം. അനുവാചകരിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാര്‍ശനിക കാവ്യമെന്ന നിലയില്‍ പ്രശസ്തമായ കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. 'കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്, രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്, മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്.' ജ്ഞാനപ്പാനയിലെ ഈ വരികള്‍ മലയാളികള്‍ക്ക് മനഃപാഠമാണ്.
