ഗുരുപവനപുരിയിലെ വിശേഷദിനങ്ങള്‍
ഐതിഹ്യമാഹാത്മ്യം, ചരിത്രമാഹാത്മ്യം, ബിംബമാഹാത്മ്യം, പ്രതിഷ്ഠാമാഹാത്മ്യം, സ്ഥല മാഹാത്മ്യം, നാമമാഹാത്മ്യം എന്നിങ്ങനെ ഏറെ സവിശേഷതകള്‍ ഉള്ള ദിവ്യസന്നിധിയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി സന്നിധി. ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്ന ഇവിടുത്തെ വ്യത്യസ്ത ആചാര, പൂജാവിധികളും ഏറെ ശ്രദ്ധേയം.
പുണ്യസന്നിധിയിലെ വിശേഷ ദിനങ്ങള്‍
സംക്രമസന്ധ്യ
മലയാളമാസങ്ങളിലെ എല്ലാ സംക്രമദിവസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷിക്കുന്നുണ്ട്. അന്നേദിനം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആധ്യാത്മിക പ്രഭാഷണവും, കലാപരിപാടികളും ഉണ്ടാകും. 'സംക്രമസന്ധ്യ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
പൂന്താനദിനം
'കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി താനെന്നും' -ജ്ഞാനപ്പാനയിലെ ഈ ഈരടികളുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുംഭത്തിലെ അശ്വതി 'പൂന്താനദിന'മായി ആഘോഷിക്കുന്നു. കുട്ടികള്‍ക്കായി പൂന്താനം കൃതികളുടെ ഉപന്യാസ, കാവ്യോച്ചാരണ, പാരായണ മത്സരങ്ങള്‍ ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നു. ഭഗവാന്‍റെ ഭക്തവത്സലനും, ഭക്തകവിയുമായ പൂന്താനത്തിന്‍റെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ഈ പരിപാടിയിലെ സാംസ്ക്കാരിക സമ്മേളനവും, ജ്ഞാനപ്പാനപുരസ്ക്കാരവും ഏറെ ശ്രദ്ധേയം.

നാരായണീയ ദിനം ഡിസംബര്‍ 14
മഹാകവി നാരായണഭട്ടതിരിപ്പാട് 16-ാം നൂറ്റാണ്ടില്‍ രചിച്ച ഭക്തിസാന്ദ്രമായ സംസ്കൃത കാവ്യമാണ് നാരായണീയം. ഗുരുവായൂരപ്പസ്തുതിയായ നാരായണീയം വൃശ്ചികം 28 നാണ് ഭഗവാന് സമര്‍പ്പിച്ചത്. ഈ ദിനം വര്‍ഷം തോറും നാരായണീയ ദിനമായി ഗുരുവായൂരില്‍ ആഘോഷിക്കപ്പെടുന്നു. ഗായിക പി.ലീലയുടെ ശബ്ദത്തില്‍ പുലര്‍ച്ചെ നാരായണീയം ഉച്ചഭാഷിണിയിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേള്‍പ്പിച്ചത് നാരായണീയത്തിന്‍റെ പ്രശസ്തി വാനോളമുയര്‍ത്തി. അന്നേദിനം വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരശ്ലോക മത്സരം, ഉപന്യാസ മത്സരം, നാരായണീയം ദശപാഠ മത്സരം, നാരായണീയം സപ്താഹം, നാരായണീയ സമ്പൂര്‍ണ്ണ പാരായണം എന്നിവയും സാംസ്ക്കാരിക സമ്മേളനവും ഉണ്ടാകും.
കൃഷ്ണഗീതി ദിനം നവംബര്‍ 16
സാമൂതിരി രാജാവായിരുന്ന മാനദേവന്‍ ഗുരുവായൂരപ്പനെ ദര്‍ശിച്ചതിന്‍റെ അത്യാഹ്ലാദത്തില്‍ രചിച്ച സംസ്കൃത കാവ്യമാണ് കൃഷ്ണഗീതി. ഭാഗവതത്തിലെ 11, 12 സ്ക്കന്ദങ്ങളെ ആധാരമാക്കി രചിച്ച കൃഷ്ണഗീതിയില്‍ നിന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സവിശേഷ വഴിപാടായ കൃഷ്ണനാട്ടത്തിന്‍റെ ഉത്ഭവം. കൃഷ്ണനാട്ടം അരങ്ങേറുമ്പോള്‍ സാക്ഷാല്‍ ഗുരുവായൂരപ്പനും കാഴ്ചക്കാരില്‍ ഒരാളായി സന്നിഹിതനാകുമെന്നാണ് വിശ്വാസം. തുലാമാസം 30-ാം തീയതിയാണ് കൃഷ്ണഗീതി ഭഗവാന് സമര്‍പ്പിക്കപ്പെടുന്നത്. എല്ലാ വര്‍ഷവും ഇതേദിനം 'കൃഷ്ണഗീതി' ദിനമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്നു. മാനദേവന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയില്‍ പാഞ്ചജന്യം ആഡിറ്റോറിയത്തിലുള്ള മാനദേവ സമാധിയില്‍ പ്രഭാതഭേദിയും തുടര്‍ന്ന് സാംസ്ക്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും. കൃഷ്ണനാട്ടത്തിലെ തിരഞ്ഞെടുക്കുന്ന മികച്ച ഒരു കലാകാരന് വര്‍ഷംതോറും മാനദേവ സുവര്‍ണ്ണമുദ്ര നല്‍കുന്നു. 1 പവന്‍ സ്വര്‍ണ്ണപ്പതക്കം ഉള്‍പ്പെടുന്നതാണ് മാനദേവ സുവര്‍ണ്ണമുദ്ര. വാസു നെടുങ്ങാടി സ്മാരക സുവര്‍ണ്ണമുദ്ര നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് കലാകാരന്മാര്‍ക്ക് പ്രോത്സാഹനസമ്മാനവും നല്‍കുന്നുണ്ട്.
ഗുരുവായൂരിലെ മണ്ഡലകാലം നവംബര്‍ 17
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണ്ഡലകാലം തുടങ്ങുന്നതോടെ വന്‍ ഭക്തജനത്തിരക്ക് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 41 ദിവസം നീണ്ടുനില്‍ക്കുന്ന ഇക്കാലയളവില്‍ ആദ്യത്തെ 40 ദിവസം ഭഗവാന് പഞ്ചഗവ്യാഭിഷേകവും അവസാനദിനം കളഭാട്ടവുമാണ്. പന്തീരടിപൂജയ്ക്കുശേഷമാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. മണ്ഡലകാലത്തെ ശീവേലിയില്‍ ആദ്യത്തെ 30 ദിനങ്ങളില്‍ രാവിലെയുള്ള ശീവേലിക്ക് 3 ആനകളെ എഴുന്നെള്ളിപ്പിക്കുന്നു. ഇതില്‍ മദ്ധ്യത്തുള്ള ആനയുടെ നെറുകയില്‍ വെള്ളിനെറ്റിപ്പട്ടം ഉണ്ടാവും. ഇരുവശങ്ങളിലുള്ള ആനകള്‍ക്ക് നെറ്റിപ്പട്ടം ഉണ്ടാകാറില്ല. ഇടുതുടി, വീരാണം എന്നീ വാദ്യങ്ങള്‍ ശീവേലിക്ക് അകമ്പടിയായി സേവിക്കുന്നു. ശീവേലിക്ക് സാധാരണയായി 3 പ്രദക്ഷിണമാണ് ഉള്ളത്. ഇക്കാലയളവില്‍ 5 പ്രദക്ഷിണമാണുള്ളത്. മണ്ഡലകാലത്ത് അഭിഷേകം ചെയ്യുന്ന പഞ്ചഗവ്യ തീര്‍ത്ഥം ഔഷധഗുണമുള്ളതാണ്.

കളഭാട്ടം ഡിസംബര്‍ 28
വര്‍ഷം മുഴുവന്‍ ഭക്തരുടെ പരാതികള്‍ കേട്ട് ഉഷ്ണം വര്‍ദ്ധിച്ച ഭഗവാന് തണുപ്പ് നല്‍കാനായിട്ടാണ് സുഗന്ധവും കുളിരും ലഭിക്കുന്ന കളഭാഭിഷേകം നടത്തുന്നത്. മൈസൂര്‍ ചന്ദനവും കാശ്മീര്‍ കുങ്കുമവും ചേര്‍ത്തരച്ച് പനിനീരില്‍ ചാലിച്ച് കസ്തൂരിയും, പച്ചക്കര്‍പ്പൂരവും ചേര്‍ത്തരച്ച് പ്രത്യേക അനുപാതത്തിലാണ് കളഭം തയ്യാറാക്കുന്നത്. ഇത് സ്വര്‍ണ്ണക്കുടത്തിലാക്കി പൂജകള്‍ ചെയ്തതിനുശേഷം ഉച്ചപൂജയ്ക്കു മുമ്പായി തന്ത്രി ഭഗവാന്‍റെ വിഗ്രഹത്തില്‍ കളഭാഭിഷേകം നടത്തുന്നു. അടുത്തദിനം നിര്‍മ്മാല്യത്തിന് നട തുറക്കുന്നതുവരെ മറ്റ് അലങ്കാരങ്ങളോ അഭിഷേകങ്ങളോ ഉണ്ടാകില്ല.
കുചേലദിനം ഡിസംബര്‍ 22
ദാരിദ്ര്യശമനത്തിനായി ഭക്തര്‍ ഗുരുവായൂരപ്പനെ ദര്‍ശിച്ച് ഇന്നേദിനം അനുഗ്രഹം നേടുന്നു. അവല്‍ നിവേദ്യം കുചേലദിനത്തില്‍ ഗുരുവായൂരിലെ വിശേഷവഴിപാടാണ്. അവല്‍, നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്താണ് അവല്‍ നിവേദ്യം തയ്യാറാക്കുന്നത്.
പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്ക് കുചേലദിനത്തില്‍ അവല്‍ നിവേദിക്കുന്നു. അന്നേദിനം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം കഥകളിലും വഴിപാടായി ഭക്തര്‍ നടത്താറുണ്ട്. ഭഗവാനെ ദര്‍ശിച്ച കുചേലന്‍ സന്തോഷത്താല്‍ സര്‍വ്വതും മറന്ന് സഹായം ചോദിക്കാതെ മടങ്ങി. ഇഹലോക ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഭഗവാന്‍ കുചേലന് നല്‍കി കുചേലന് സദ്ഗതി ലഭിക്കുന്നു. ഈ കഥയാണ് കുചേല ദിനാചരണത്തിന് പിന്നില്‍. കുചേലവേഷധാരികളായ നിരവധി ഭക്തര്‍ അന്നേദിനം ക്ഷേത്രത്തിലെത്തും.
ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 1
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും അധികം ഭക്തര്‍ എത്തിച്ചേരുന്ന ദിനമാണിത്. സ്വര്‍ണ്ണശ്രീലകവാതില്‍ തുറന്നിട്ട് ഭഗവാന്‍ ഭക്തരെ കാത്തിരിക്കുന്ന സുദിനം. ദശമിദിനം പുലര്‍ച്ചെ മൂന്നിന് നടതുറന്നാല്‍ ഏകാദശിക്ക് ശേഷം ദ്വാദശിദിനം രാവിലെ ഒമ്പത് മണിക്കാണ് നട അടയ് ക്കുന്നത്. തുടര്‍ച്ചയായി 54 മണിക്കൂര്‍ ഭഗവത്ദര്‍ശനം സാധ്യമാകുന്നത് ഏകാദശിയുടെ പ്രത്യേകതയാണ്. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. സര്‍വ്വദേവീദേവന്മാരും പരിവാരങ്ങളും ഭഗവാനെ നമസ്ക്കരിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തുമെന്നാണ് വിശ്വാസം.
മുരാസുരനെ വധിക്കാന്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ ചൈതന്യത്തില്‍ നിന്ന് ഉഗ്രതേജസ്സും സൗന്ദര്യവും ബലപരാക്രവുമായി പിറവിയെടുത്ത കന്യകയാണ് ഏകാദശി.

ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം
1976 ഏകാദശി പുലര്‍ച്ചെയാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഭഗവാനില്‍ വിലയം പ്രാപിക്കുന്നത്. ഏകാദശിയുടെ തലേന്ന് ദശമിദിനം രാവിലെയാണ് ഗുരുവായൂര്‍ കേശവന്‍റെ അനുസ്മരണച്ചടങ്ങ്. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഗജഘോഷയാത്ര തെക്കേനടയിലുള്ള ഗുരുവായൂര്‍ കേശവന്‍റെ പ്രതിമയ്ക്കരികില്‍ എത്തുന്നു. ഗജനിരയിലെ മുതിര്‍ന്ന ആന കേശവപ്രതിമയെ വണങ്ങി പുഷ്പചക്രം അര്‍പ്പിക്കുന്നു. പ്രതിമയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന മറ്റ് ആനകള്‍ തുമ്പിക്കൈ ഉയര്‍ത്തി കേശവപ്രതിമയെ അഭിവാദ്യം ചെയ്യും. അന്നേദിനം ആനയൂട്ടും ദേവസ്വം സംഘടിപ്പിക്കുന്നുണ്ട്.

ചെമ്പൈ സംഗീതോത്സവം
സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സംഗീതോത്സവമാണിത്. 1974 ലാണ് സംഗീതോത്സവത്തിന്‍റെ സമാരംഭം. ഏകാദശിക്ക് 15 ദിനം മുമ്പാണ് ചെമ്പൈ സംഗീതോത്സവം ആരംഭിക്കുന്നത്. 50,001 രൂപയും ഒരു പവന്‍ സ്വര്‍ണ്ണപ്പതക്കവും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്ക്കാരവും ജേതാവിന് നല്‍കുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ നടക്കുന്ന സംഗീതോത്സവത്തില്‍ 3,000 ത്തിലധികം ഗായകര്‍ പങ്കാളികളാകും. ദശമിദിനം രാവിലെ 9 ന് നൂറിലധികം ഗായകര്‍ പങ്കെടുക്കുന്ന പഞ്ചരത്നകീര്‍ത്തനാലാപനം ഏറെ ശ്രദ്ധേയം. ഏകാദശി രാത്രി പത്തോടെ സംഗീതോത്സവത്തിന് സമാപനമാകും.
നിത്യോത്സവം നടക്കുന്ന ക്ഷേത്രസന്നിധിയാണ് ഗുരുവായൂര്‍. കുംഭമാസത്തില്‍ 10 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ക്ഷേത്രോത്സവം ഏറെ പ്രശസ്തം. ഗുരുവായൂരിലെ വിഷുക്കണി ദര്‍ശനവും ഏറെ മഹത്വം. ഉത്രാടക്കുല സമര്‍പ്പണം, തൃപ്പുത്തരി, ഇല്ലംനിറ, അഷ്ടമിരോഹിണി എന്നീ ദിനങ്ങളും ഗുരുവായൂരില്‍ പ്രശസ്തം.
