ഹനുമാന്‍ രചിച്ച  രാമായണം

ഹനുമാന്‍ രചിച്ച രാമായണം

HIGHLIGHTS

'ഹനുമാനേ, നീ എഴുതിയ രാമായണവരികള്‍ നീ മായ്ച്ചുകളഞ്ഞു. പക്ഷെ അതിലെ ആശയങ്ങള്‍ എന്‍റെ മനസ്സില്‍ വളരെ ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞു. എന്‍റെ രാമായണത്തില്‍ നീ രചിച്ച രാമായണകഥയും സ്ഥാനംപിടിക്കും' അതുപ്രകാരം വാല്‍മീകിരാമായണത്തിന്‍റെ ഒരു ഭാഗമായുണ്ടായതാണ് ഹനുമദ്രാമായണം.

രാമായണത്തില്‍ ശ്രീരാമന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം വര്‍ണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാല്‍മീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരിതമാനസ്, ഹനുമദ്രാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 'ഹനുമദ്രാമായണം' ഹനുമാന്‍തന്നെ രചിച്ചതാണെന്നും പറയപ്പെടുന്നു. അതിന് ഉപോല്‍ബലകമായി ഒരു സംഭവവും പറയപ്പെടുന്നു.

ശ്രീരാമപട്ടാഭിഷേകശേഷം ഒരുദിവസം ഹിമാലയസാനുക്കളിലൂടെ സഞ്ചരിക്കുകയായിരുന്നു വാല്‍മീകി. അപ്പോള്‍ പോകുന്ന വഴികളില്‍ കണ്ട പാറകളിലും കല്ലുകളിലും ചില വാചകങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് അദ്ദേഹം കണ്ടു.  അവയൊക്കെ വായിക്കാന്‍ തുടങ്ങി. എല്ലാം ശ്രീരാമന്‍റെ ജീവിതസംഭവങ്ങളെ ചിത്രീകരിക്കും വിധമായിരുന്നു എഴുതപ്പെട്ടിരുന്നത്. അതിലെ വരികളില്‍ താന്‍ എഴുതിയ രാമായണത്തിലെ വരികളെക്കാള്‍, കാവ്യാത്മകതയും അര്‍ത്ഥസമ്പുഷ്ടയുമുള്ളതാണെന്ന് വാല്‍മീകിക്ക് തോന്നി. ആരായിരിക്കും ഇതെഴുതി വച്ചിരിക്കുന്നത് എന്ത് ചിന്തിച്ചുകൊണ്ട് മുന്നോട്ടു നടക്കവേ അവിടെ ഒരു അത്ഭുതം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഹനുമാന്‍ യോഗനിഷ്ഠയില്‍ ആസനസ്ഥനായി രാമനാമം ജപിച്ചുകൊണ്ടിരിക്കയായിരുന്നു.  ഹനുമാന്‍റെ ഏകാഗ്രതയെ നശിപ്പിക്കരുതെന്ന് കരുതി വാല്‍മീകിയും അദ്ദേഹത്തോടൊപ്പം രാമനാമജപം തുടങ്ങി. രാമനാമജപം കേട്ട ഹനുമാന്‍ നിഷ്ഠയില്‍ നിന്ന് ഉണര്‍ന്ന് വാല്‍മീകിയെ തൊഴുതുനിന്നു. വാല്‍മീകി ഹനുമാനോട് രാമകാവ്യം എങ്ങനെ ശിലാഫലകങ്ങളായി ഇവിടെയുണ്ടായി എന്നാരാഞ്ഞു. അപ്പോള്‍ ഹനുമാന്‍ വിനയപൂര്‍വ്വം വാല്‍മീകി മഹര്‍ഷിയോട് ഈവിധം വിവരിച്ചു.

'ശ്രീരാമന്‍റെ സ്വഭാവസവിശേഷതകളും മഹത്വങ്ങളും ഞാന്‍തന്നെയാണ് എന്‍റെ നഖങ്ങള്‍ കൊണ്ട് ഈ കല്ലുകളിലും പാറകളിലുമൊക്കെ എഴുതിവച്ചത്. യുഗങ്ങള്‍ക്കപ്പുറവും ശ്രീരാമന്‍റെ മഹത്വം പറയപ്പെടണം എന്നതിനുവേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത്. ശ്രീരാമനെ ഋഷ്യമൂകപര്‍വ്വതത്തില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടിയത് മുതല്‍ പട്ടാഭിഷേകം വരെ എനിക്കറിയാവുന്ന രാമകഥ ഞാന്‍ എഴുതി. എന്നിരിക്കിലും താങ്കളുടെ രാമായണത്തിന്‍റെ അടുത്തെത്തിയില്ലാ ഇത്.'

ഇത് കേട്ടുകൊണ്ടിരുന്ന വാല്‍മീകിയുടെ കണ്ണുകള്‍ നിറയുന്നത് ഹനുമാന്‍ ശ്രദ്ധിച്ചു. എന്താണ് കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ കാരണമെന്ന് ഹനുമാന്‍ മഹര്‍ഷിയോടാരാഞ്ഞു. മാത്രമല്ല താന്‍ എഴുതിയതില്‍ പിഴവ് വല്ലതുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കണമെന്നും ഹനുമാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും വാല്‍മീകിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്ര മനോഹരമായ ഒരു പ്രവൃത്തി ചെയ്തിട്ട് ഹനുമാന്‍ എത്രമാത്രം വിനയാന്വിതനായിരിക്കുന്നു എന്നോര്‍ത്ത് വാല്‍മീകി അഭിമാനംകൊണ്ടു. എന്നിട്ട് അദ്ദേഹം പറഞ്ഞു...

ഹനുമാനേ, നീ ശ്രീരാമന്‍റെ ശ്രേഷ്ഠനായ ഭക്തനാണ്. നീ കല്ലുകളില്‍ രചിച്ചുവെച്ചിരിക്കുന്ന രാമായണത്തില്‍ എങ്ങനെ തെറ്റുണ്ടാവാനാണ്? നീ എഴുതിയ കവിതാവരികളില്‍ കാണുന്ന ഭക്തിയുടെ പാരവശ്യം എന്നെ രോമാഞ്ചം കൊള്ളിക്കുന്നു. ഇത് എന്‍റെ ആനന്ദക്കണ്ണീരാണ്. ഞാന്‍ എഴുതിയ രാമായണം ഇതിന്‍റെ അടുത്തുപോലും എത്തുകയില്ല. നിന്‍റെ രാമായണം ലോകര്‍ വായിക്കുമ്പോള്‍ എന്‍റെ രാമായണത്തെ കാലപ്പോക്കില്‍ അവര്‍ മറക്കും.

വാല്‍മീകിയുടെ ഈ വാക്കുകള്‍ കേട്ട മാത്രയില്‍തന്നെ ഹനുമാന്‍റെ കണ്ണുകളില്‍ നിന്നും ധാരധാരയായി വെള്ളമൊഴുകി. വികാരപരവശനായ ഹനുമാന്‍, പാറകളില്‍ താന്‍ കൊത്തിവച്ച രാമായണ കാവ്യവരികളൊക്കെ ഒന്നൊന്നായി വാലുകൊണ്ട് തുടച്ച് മായ്ച്ചുകളഞ്ഞു. എന്നിട്ട് താങ്കള്‍ എഴുതിയ ശ്രീരാമകാവ്യമാണ് ഏറ്റവും മികച്ചത്. കാലം കാലമായി നശിക്കാത്തത്. ഞാന്‍ എഴുതിവച്ചത് വെറും വികാരങ്ങളുടെ പ്രതിഫലനം മാത്രമാണ്. താങ്കളുടേതാണ് ശ്രീരാമന്‍ തന്നെ പ്രശംസിച്ച മഹാകാവ്യം. അതിനോട് ഈടുനില്‍ക്കുന്ന ഒന്നും ഉണ്ടാവില്ല എന്നുപറഞ്ഞു.

ഹനുമാന്‍റെ ഭക്തിയെക്കുറിച്ച് വാല്‍മീകി നേരത്തെ മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ ഹനുമാന്‍റെ ത്യാഗത്തെക്കുറിച്ചും മനസ്സിലാക്കി. ഹനുമാനെ ആത്മാര്‍ത്ഥമായി പ്രശംസിച്ചുകൊണ്ട് വാല്‍മീകി പറഞ്ഞു.

'ഹനുമാനേ, നീ എഴുതിയ രാമായണവരികള്‍ നീ മായ്ച്ചുകളഞ്ഞു. പക്ഷെ അതിലെ ആശയങ്ങള്‍ എന്‍റെ മനസ്സില്‍ വളരെ ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞു. എന്‍റെ രാമായണത്തില്‍ നീ രചിച്ച രാമായണകഥയും സ്ഥാനംപിടിക്കും' എന്നുപറഞ്ഞു. 

അതുപ്രകാരം വാല്‍മീകിരാമായണത്തിന്‍റെ ഒരു ഭാഗമായുണ്ടായതാണ് ഹനുമദ്രാമായണം. ഹനുമാന്‍ കണ്ട രാമനെ ഈ കാവ്യവരികളില്‍ ഇന്നും നാം ദര്‍ശിക്കുന്നു. ഹനുമാന്‍ വായുപുത്രനും ശിവന്‍റെ അംശാവതാരവുമാണ്. സൂര്യനെ ഗുരുവാക്കി നാലുവേദങ്ങളും ശാസ്ത്രങ്ങളും പഠിച്ചയാള്‍. എളിമയുടെ ഉത്തമോദാഹരണം. വിനയാന്വിതന്‍. ഹനുമാന്‍റെ ശക്തിയും കഴിവും എന്താണെന്ന് ഹനുമാനുതന്നെ അറിഞ്ഞുകൂടാ. 

രാമായണകാവ്യത്തില്‍ എല്ലായിടത്തും എപ്പോഴും ദേഷ്യപ്പെടാത്ത ഏക കഥാപാത്രം ഹനുമാന്‍ മാത്രമാണ്. ലങ്കയെ ദഹിപ്പിച്ചത് ദേഷ്യം കൊണ്ടല്ല. രാവണനെ ഒരു പാഠം പഠിപ്പിക്കാനാണ്. സീതാദേവിയാല്‍ ചിരഞ്ജീവി എന്ന് അനുഗ്രഹിക്കപ്പെട്ട ഹനുമാന്‍, ഇന്നും ചിരഞ്ജീവിയായി നമ്മള്‍ക്കിടയില്‍ സഞ്ചരിക്കുന്നു. അറുപതടി വിഗ്രഹത്തില്‍ മാത്രമല്ല ശ്രീരാമനാമം കേള്‍ക്കുന്ന സ്ഥലത്തൊക്കെ ഹനുമാന്‍റെ സാന്നിദ്ധ്യമുണ്ട്.

Photo Courtesy - Google