ഹനുമദ് ശ്ലോകവും ഫലങ്ങളും
ഈ ഹനുമദ് ശ്ലോകം ദിവസവും ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ബുദ്ധിവര്‍ദ്ധന, ശക്തി, മനോബലം, ധൈര്യം, മനസ്സിന് തെളിമ, വാക്ചാതുരി, ബുദ്ധിബലം, കീര്‍ത്തി എന്നിവയെല്ലാം സിദ്ധിക്കുന്നു. രോഗങ്ങള്‍ ശമിച്ച് ആരോഗ്യവും ആയുസും വര്‍ദ്ധിക്കും. ഹനുമാനെ ഭജിച്ചാല്‍ സര്‍വ്വ ഐശ്വര്യസിദ്ധിയുണ്ടാവും എന്നാണിതിന്‍റെ പൊരുള്‍.
ശ്രീരാമന്‍റെ ശ്രേഷ്ഠനായ അനുയായിയായി പാദസേവകനായ പരമഭക്തനായി വിളങ്ങുന്നു അഞ്ജനാപുത്രനായ ആഞ്ജനേയന്‍ എന്ന ഹനുമാന്‍. ഹനുമാനെ അദ്ദേഹത്തിന്‍റെ അവതാരദിനമായ ഹനുമദ്ജയന്തി സുദിനത്തില്‍ പൂജിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദുഃഖ-ദുരിതങ്ങള്‍ മാറി ജീവിതത്തില്‍ സുഖവും സന്തോഷവും സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം.
ശ്രീരാമനവമി, സീതാകല്യാണം, ശ്രീരാമപട്ടാഭിഷേകം എന്നിങ്ങനെ രാമനാമം ചൊല്ലുന്നിടങ്ങളിലെല്ലാം ഹനുമാന്‍ നേരിട്ട് എത്തി അവിടെ ഭക്തര്‍ക്കൊപ്പം ഭക്തരില്‍ ഒരാളായി ഇരുന്ന് ശ്രവിച്ച് ആസ്വദിച്ച് അവിടെയുള്ള ഭക്തര്‍ക്കെല്ലാം ഐശ്വര്യം വര്‍ഷിക്കുന്നു എന്നാണ് പറയുന്നത്. ജനക്കൂട്ടത്തിനിടയില്‍ ഭക്തനായി മാരുതിയും ആസനസ്ഥനായിട്ടുണ്ടാവും എന്നതിനാല്‍ തുളസീദാസന്‍ രാമായണ പ്രഭാഷണം തുടങ്ങുന്നതിന് മുമ്പായി ഭക്തരെ വലംവയ്ക്കുമായിരുന്നു.
ഹനുമദ്ജയന്തി ദിവസം ഹനുമാന്‍റെ ഒറ്റയ്ക്കുള്ള ഫോട്ടോയോ, ശ്രീരാമപട്ടാഭിഷേക ഫോട്ടോയോ വൃത്തിയാക്കിയെടുത്ത് അതിന് ചന്ദനവും കുങ്കുമവും തൊടുവിച്ച് പുഷ്പഹാരമണിയിച്ച് ഹനുമാന്‍ കവചം, ഹനുമാന്‍ ചാലീസാ, വിഷ്ണു സഹസ്രനാമം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യാം.
ഇതൊന്നും അറിയുമെങ്കിലും അറിയില്ലെങ്കിലും 'ശ്രീരാമ ജയ ജയ രാമാ ജയ ജയ രാമാ'എന്ന രാമനാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിച്ചാലും മതി. ഹനുമാന്‍റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ ആനന്ദം പെരുകും. നിവേദ്യമായി വട, അവല്‍, ശര്‍ക്കര, തേന്‍, പാനകം, മോര്, വെള്ളം, വാഴപ്പഴം, ചെറുകടല, പഴവര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ സമര്‍പ്പിച്ച് ദീപധൂപ ആരാധനചെയ്ത് പ്രാര്‍ത്ഥിക്കണം.
ഹനുമാനെ പൂജിച്ചു പ്രാര്‍ത്ഥിച്ചാല്‍ എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് ഇനി പറയുന്ന ശ്ലോകം വ്യക്തമാക്കുന്നു.
'ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമരോഗതാ
അജാട്യം വാക്ക് പടുത്വം ച
ഹനുമത് സ്മരണാദ്ഭവേത്.'
അതായത് ബുദ്ധിവര്‍ദ്ധന, ശക്തി, മനോബലം, ധൈര്യം, മനസ്സിന് തെളിമ, വാക്ചാതുരി, ബുദ്ധിബലം, കീര്‍ത്തി എന്നിവയെല്ലാം സിദ്ധിക്കുന്നു. രോഗങ്ങള്‍ ശമിച്ച് ആരോഗ്യവും ആയുസും വര്‍ദ്ധിക്കും. ഹനുമാനെ ഭജിച്ചാല്‍ സര്‍വ്വ ഐശ്വര്യസിദ്ധിയുണ്ടാവും എന്നാണിതിന്‍റെ പൊരുള്‍. ഹനുമദ്ജയന്തിക്ക് മാത്രമല്ല നമ്മുടെ പ്രാര്‍ത്ഥനകള്‍ നിറവേറാന്‍ എല്ലാദിവസവും ഇങ്ങനെ പ്രാര്‍ത്ഥിക്കാം. നിത്യവും അതിന് കഴിയാത്തവര്‍ക്ക് ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ചെന്ന് ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചുകൊണ്ടോ അല്ലെങ്കില്‍ അവരവരുടെ ഇഷ്ടാനുസരണം വ്രതമനുഷ്ഠിച്ചുകൊണ്ടോ പ്രാര്‍ത്ഥിക്കാം.
ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ വെവ്വേറെ രീതികള്‍ അതാത് ക്ഷേത്രങ്ങളിലെ ആചാരമനുസരിച്ച് ഭക്തര്‍ സ്വീകരിക്കുന്നു. വെറ്റിലമാല, വെണ്ണ, കാപ്പ്, വടമാല എന്നിവ വഴിപാടായി അണിയിക്കല്‍, സിന്ദൂരം അണിയിക്കല്‍, കടലാസില്‍ ശ്രീരാമജയം എഴുതി 54, 108 എന്നീ എണ്ണത്തില്‍ കോര്‍ത്ത് രാമനാമലിഖിത ഹാരമിട ല്‍, അടിപ്രദക്ഷിണം എന്നിങ്ങനെ പലതരം വഴിപാട് രീതികളുണ്ട്. രാമഭക്തഹനുമാന്‍ തനിക്ക് വെണ്ണക്കാപ്പിട്ട് തൊഴുത് പ്രാര്‍ത്ഥിക്കുന്ന ഭക്തരുടെ പ്രാര്‍ത്ഥനകള്‍ക്ക് വെണ്ണപോലെ ഉരുകി സദ്ഫലങ്ങള്‍ നല്‍കുമത്രേ. അങ്ങനെ ഹനുമാന്‍റെ അനുഗ്രഹത്താല്‍ മനസ്സിലെ ദുഃഖങ്ങള്‍ സകലതും വെണ്ണപോലെ അലിഞ്ഞുതീരും എന്നാണ് ഭക്തവിശ്വാസം.
ഹനുമാന്‍ ആരാധന(വഴിപാട്)യിലെ മറ്റൊരു രീതി അദ്ദേഹത്തിന്‍റെ ഫോട്ടോയില്‍ വരിയായി പൊട്ട് തൊടുവിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്. മിക്കവരും ഹനുമാന്‍റെ വാലില്‍ പൊട്ടുവെച്ചാണ് പൂജിക്കുക. കാരണം ആഞ്ജനേയന്‍റെ വാലിന് അത്രയേറെ പ്രത്യേകതയും മഹത്വവുമുള്ളതിനാലാണ്.
ഹനുമാന്‍റെ വാലില്‍ നവഗ്രഹങ്ങള്‍ വസിക്കുന്നതായിട്ടാണ് ഐതിഹ്യം.
വാലില്‍ കുങ്കുമം തൊടുവിച്ച് പൂജിക്കുമ്പോള്‍, വാല്‍ തുടങ്ങുന്ന(അര) ഭാഗം മുതല്‍ വാലിന്‍റെ അഗ്രം വരെ എത്തിയാല്‍ അടുത്ത ദിവസം അത് മായ്ച്ച് വീണ്ടും കഴിഞ്ഞദിവസത്തേതുപോലെ പൊട്ടുവയ്ക്കണം. ഇങ്ങനെ നാല്‍പ്പത്തിയെട്ട് ദിവസമോ അല്ലെങ്കില്‍ മനസ്സില്‍ ആഗ്രഹിച്ച കാര്യം നടക്കുന്നതുവരെയോ പൊട്ടുവച്ച് ഈ പൂജ പൂര്‍ത്തീകരിക്കുന്ന ദിവസം വടമാല അണിയിച്ച് ഉപ്പില്ലാത്ത തൈര് അന്നം നേദിച്ച് വേണം ഇത് പൂര്‍ത്തിയാക്കാന്‍.
താരകമന്ത്രമായ രാമനാമം ജപിച്ച് ആനന്ദിക്കുവാനായി മഹേശ്വരന്‍ ശിവന്‍തന്നെ മാരുതിയായി അവതരിച്ചുവെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അത്രയും ഉന്നതമായ രാമനാമം ജപിച്ചുകൊണ്ട് ഭഗവാന്‍ ഹനുമാന്‍റെ അവതാരദിനത്തില്‍ പൂജിച്ചുപ്രാര്‍ത്ഥിക്കാം. ഹനുമാന്‍ രാമനാമജപം കേട്ട് ആനന്ദചിത്തനായി ഭക്തര്‍ക്ക് ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യും.
Photo Courtesy - Google
