നിഷ്കാമഭക്തി പ്രതീകം
ചിരഞ്ജീവിയായ ഹനുമാന്‍ ആശ്രിതവത്സലനാണ്. രാമഭക്തിയാല്‍ അമരത്വം നേടിയ ഹനുമാനെ നിത്യപൂജ ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതും ദുരിതനിവാരണമാര്‍ഗ്ഗമാണ്.
നിഷ്കാമഭക്തിയാല്‍ ഈശ്വരതുല്യനായ ഹനുമാന് തമിഴ്നാട്ടില്‍ വളരെ പ്രാധാന്യം നല്‍കി വരുന്നു. മിക്ക കോവിലുകളിലും ഹനുമാന്‍റെ ഒരു രൂപമെങ്കിലും കാണാന്‍ കഴിയും. അഞ്ജനാപുത്രനായ ഹനുമാനെ തമിഴകത്തില്‍ അധികവും അറിയപ്പെടുന്നത് ആഞ്ജനേയന്‍ എന്ന പേരിലാണ്. സവിശേഷതയാര്‍ന്ന വ്യത്യസ്ത രൂപങ്ങളിലുള്ള നിരവധി ആഞ്ജനേയര്‍ തമിഴ്നാട്ടിലുണ്ട്.
ചെന്നൈയിലെ നങ്കനെല്ലൂരില്‍ 32 അടി വലിപ്പത്തിലുള്ള ഒറ്റക്കല്ലില്‍ കൊത്തിയ വിഗ്രഹമാണുള്ളത്. ചെന്നൈയില്‍ തന്നെ കെ.കെ. നഗറിലുള്ള പ്രതിഷ്ഠയും ഭീമാകാരമാണ്.
വിഴിപ്പുറം പഞ്ചവടിയില്‍ 36 അടി ഉയരമുള്ള പഞ്ചമുഖ ഹനുമാനാണ് ദര്‍ശനമേകുന്നത്. ഇവിടെ രാമന്‍റെ കാല്‍പ്പാടുകളും കാണാം. ചെന്നൈയിലെ ഞായിറുകോവിലിന് പുറത്ത് അഞ്ചടി വലുപ്പത്തില്‍ സുദര്‍ശനചക്രത്തിലുള്ള സ്വര്‍ണ്ണഹനുമാനാണുള്ളത്.
രാമേശ്വരത്ത് ശിവലിംഗത്തെ വാലില്‍ ചുറ്റിയുള്ള ഹനുമാനെ കാണാം. ഇതിനൊരു കഥയുണ്ട്. സീതയെത്തേടി രാമേശ്വരത്തെത്തിയ ശ്രീരാമന് പൂജിക്കാന്‍ വേണ്ടി കാശിയില്‍ നിന്നൊരു ശിവലിംഗത്തെ കൊണ്ടുവരുവാനായി ഹനുമാന്‍ പോയി. എന്നാല്‍ ഹനുമാന്‍ വരാന്‍ വൈകിയപ്പോള്‍ ശ്രീരാമന്‍ സീത പൂജിച്ചിരുന്ന മണ്ണ് കൊണ്ടുള്ള ലിംഗത്തെ പൂജിക്കുവാന്‍ ആരംഭിച്ചു. ഹനുമാന്‍ കാശിയില്‍ നിന്ന് ശിവലിംഗത്തെ കൊണ്ടുവന്നപ്പോള്‍ രാമന്‍ പൂജിച്ചുകൊണ്ടിരിക്കുന്ന ശിവരൂപം കണ്ടു. ഉടനെ അത് വാലുകൊണ്ട് അടിച്ചുമാറ്റുകയും ചെയ്തു. ആ രൂപമാണ് വാലില്‍ ചുറ്റിയ ശിവലിംഗത്തോടു കൂടിയ ഹനുമാന്‍വിഗ്രഹം.
ഈറോഡ് ചെന്നിമലയില്‍ 650 കിലോ തൂക്കമുള്ള തടിയന്‍ ഹനുമാന്‍രൂപമാണുള്ളത്.
ചെന്നൈയിലെ വരദരാജപുരത്തിലുള്ള ഹനുമാന് നരസിംഹമുഖമാണുള്ളത്. ഹനുമാന്‍രൂപം കൊത്തുവാന്‍ ഏല്‍പ്പിച്ച ശില്‍പ്പി, മുഖഭാഗം കൊത്തുമ്പോള്‍ നരസിംഹരൂപമാണ് ദൃശ്യമായത്. കാശി മഠാധിപതി ആ രൂപത്തിന് നരസിംഹ ഹനുമാന്‍ എന്ന് പേരിടുകയും ചെയ്തു.
ചെന്നൈയില്‍തന്നെ ഗൗരിവക്കത്തില്‍ ഹനുമാന് നരസിംഹം, വരാഹി, ഹയഗ്രീവന്‍, ഗരുഡന്‍, ഹനുമാന്‍ എന്നിങ്ങനെയുള്ള പഞ്ചമുഖ രൂപമാണുള്ളത്.
തഞ്ചാവൂരിലെ മേഘരാജവീഥിയില്‍ അമ്മ അഞ്ജനയുടെ മടിയിലുള്ള ബാലഹനുമാനെ കാണാം.
കോയമ്പത്തൂരിലെ ഷണ്‍മുഖപുരത്ത് പാലാറ്റിന്‍റെ നടുവില്‍ സ്വഭൂവായ പാറയില്‍ ശയ്യാരൂപത്തിലുള്ള അഞ്ചടി നീളമുള്ള ഹനുമാന്‍ ഉണ്ട്.
തിരുവണ്ണാമലയിലെ കളമ്പൂരില്‍ 23 അടി വലിപ്പത്തില്‍ പ്രാര്‍ത്ഥനാരൂപത്തിലുള്ള ഹനുമാനാണുള്ളത്.
തിരുച്ചിയിലെ കല്ലുകുഴിയില്‍ ഒരടി വലിപ്പത്തില്‍ വ്യത്യസ്ത ചുവടോടെ കയ്യില്‍ പാരിജാതവും പിടിച്ചിരിക്കുന്ന ഹനുമാനെ കാണാം.
ദിണ്ഡിക്കലിലുള്ള അഭയവരത്ത് ഹനുമാന്‍രൂപത്തില്‍ ശിവലിംഗരൂപവും കാണാന്‍ കഴിയും.
സേലം ആത്തൂരില്‍ വീരഹനുമാന്‍ മഹാവിഷ്ണുവിന്‍റെ അവതാരമായ വരാഹരൂപത്തിലാണ് നിലകൊള്ളുന്നത്.
ദിണ്ഡിക്കല്ലിനടുത്തുള്ള ചിന്നാലംപടിയിലുള്ള 16 അടി വലിപ്പമുള്ള അഞ്ജിവര ഹനുമാന്‍ നൈമിഷാരണ്യത്തില്‍ നിന്ന് കൊണ്ടുവന്ന സാളഗ്രാമം കൊണ്ടുള്ളതാണ്.
വിഴിപ്പുറംമേല്‍ ഹനുമാന്‍ കോവില്‍തെരുവില്‍ ഇരട്ടഹനുമാനായി ദര്‍ശനം തരുന്നു.
ദിണ്ഡുക്കള്‍ രാമനഗറില്‍ നവമാരുതി കോവിലില്‍ നവഗ്രഹങ്ങള്‍ പോലെ മാരുതി ഒന്‍പത് രൂപത്തില്‍ ദര്‍ശനമേകുന്നു. ബാലമാരുതി, യോഗമാരുതി, ധീരമാരുതി, ഭജനമാരുതി, ധ്യാനമാരുതി, വീരമാരുതി, ഭക്തമാരുതി, ഭവ്യമാരുതി, ചിരഞ്ജീവി മാരുതി എന്നിങ്ങനെയാണ് ഒന്‍പത് രൂപങ്ങള്‍.
