ഹനുമാന്‍ ചാലിസയും രാമായണവും

ഹനുമാന്‍ ചാലിസയും രാമായണവും

HIGHLIGHTS

സംഗീതത്തോടൊപ്പം പാടിയാലോ, പാരായണം ചെയ്താലോ അഞ്ചു മുതല്‍ എട്ടുമിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കാവുന്ന വളരെ ലളിതമായ പാട്ടാണ് ഹനുമാന്‍ ചാലിസ. ഇത് ശ്രവിച്ചാല്‍തന്നെ നവോന്മേഷം ലഭിക്കും എന്നാണ് പറയാറ്. മനസില്‍ ഭയമുളളവര്‍, ശത്രുക്കളുടെ ശല്യത്താല്‍ ബുദ്ധിമുട്ടുന്നവര്‍, കാര്യതടസ്സങ്ങളാല്‍ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍, ഗ്രഹദോഷങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇവരൊക്കെ ഹനുമാന്‍ ചാലിസ പാരായണം ചെയ്തുപോന്നാല്‍ അവയില്‍ നിന്നും മോചനം ലഭിക്കും. പ്രത്യേകിച്ച് ശനി ദോഷം, ഏഴരശനി, അഷ്ടമശനി, കണ്ടകശനി എന്നിവയുളളവര്‍ മുടങ്ങാതെ ഹനുമാനെ സ്തുതിച്ചുപോന്നാല്‍ ദുഃഖങ്ങളും ദുരിതങ്ങളും മാറി അവര്‍ക്ക് മനസിന് സ്വസ്ഥതയും സന്തോഷവും ലഭിക്കും എന്നാണ് വിശ്വാസം. 

 

പ്രപഞ്ചമുളളിടത്തോളം രാമായണം എന്ന ഇതിഹാസ മഹാകാവ്യം നിലനില്‍ക്കും. രാമായണത്തെ ആദ്യകാവ്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എത്രനാള്‍ നില്‍ക്കുമോ പര്‍വ്വതങ്ങളും സാഗരങ്ങളും അത്രയുംനാള്‍ രാമകഥയും ലോകത്ത് പ്രചരിച്ചിടും എന്നാണ് പറയാറ്. ഈ ആദ്യ കാവ്യത്തെ അടിസ്ഥാനമാക്കി കവികള്‍ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവ ഓരോന്നിനും ഓരോരോ സവിശേഷതകളുമുണ്ട്. അതിലൊരു മഹദ്ഗ്രന്ഥമാണ് തുളസിദാസന്‍ എന്ന മഹാന്‍ രചിച്ച തുളസി രാമായണം. 


സദാസമയവും രാമനാമം ജപിച്ച് പോന്ന തുളസിദാസന്‍റെ ജീവിതത്തില്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഉറങ്ങിക്കിടക്കവെ അദ്ദേഹത്തിന്‍റെ സ്വപ്നത്തില്‍ കലിപുരുഷന്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് തുളസിദാസാ, നീ രാമനാമജപ ഉപദേശത്തിലൂടെ ജനങ്ങളെ എല്ലാം പുണ്യാത്മാക്കളായി മാറ്റിക്കൊണ്ടിരിക്കയാണ്.  കലിയുഗധര്‍മ്മത്തിന് വിരുദ്ധമാണ് നിങ്ങളുടെ ഈ പ്രവൃത്തി. ഇത് തുടര്‍ന്നാല്‍ ഞാന്‍ ആരെയാണ് പിടിക്കുക. അതുകൊണ്ട് നിങ്ങളിത് നിറുത്തണം. അല്ലെങ്കില്‍ നിങ്ങളെ എനിക്ക് കൊല്ലേണ്ടിവരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഉടന്‍തന്നെ ഭയചകിതനായി ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു.
 
രാമഭക്തനായ തന്നെത്തന്നെ കലി പുരുഷന്‍ ഭീഷണിപ്പെടുത്തുന്നുവെങ്കില്‍ സാധാരണക്കാരായ ഭക്തരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കവേ അദ്ദേഹത്തിന് ഭയം ഏറി. രാമഭക്തന് ഒരു വിഷമം വന്നാല്‍ ഉടന്‍ ഓടിയെത്തുന്ന രക്ഷകന്‍ ഹനുമാനാണല്ലോ. അതുകൊണ്ട് ഹനുമാനെ സ്തുതിക്കയെന്നതാണ് ഭയം അകറ്റുവാനുളള ഏകമാര്‍ഗ്ഗം എന്ന് കരുതി തുളസിദാസന്‍ ദുഃഖങ്ങള്‍ക്ക് അറുതിയുണ്ടാകുവാന്‍ വേണ്ടി ഹനുമാനെ സ്തുതിച്ച് പാടാന്‍ തുടങ്ങി. ആ സ്തുതി ഹനുമാന്‍റെ വീരധീരപരാക്രമങ്ങളെ വര്‍ണ്ണിച്ചു വിവരിക്കുന്ന ഒരു പാട്ടായി മാറി. അതാണ് തുളസിദാസന്‍ അരുളിയ ഹനുമാന്‍ ചാലിസാ. അതില്‍ അദ്ദേഹം വിവരിക്കുന്ന 
ഹനുമാന്‍റെ മഹിമകളില്‍ ചിലത് ഇങ്ങനെയാണ്. 

വീരധീര പരാക്രമിയാണ് ഹനുമാന്‍. സൂര്യഭഗവാന്‍റെ അനുഗ്രഹത്താല്‍ ഹനുമാന്‍റെ ജ്ഞാനം പ്രകാശിച്ചു. അതുകൊണ്ട് ഹനുമാന് നവവ്യാകരണ പണ്ഡിതന്‍ എന്നൊരു പദവിയുമുണ്ട്. ഈ പദവി ഹനുമാന് നല്‍കിയത് സാക്ഷാല്‍ ശ്രീരാമനാണ്. ഹനുമാന്‍ മനസിനെ നിയന്ത്രിക്കാന്‍ അറിയുന്നവനാണ്. ശിവന്‍ ത്രിപുരത്തെ എരിച്ചുവെങ്കില്‍ ഹനുമാന്‍ ലങ്കയെ ദഹിപ്പിച്ചു. അതുകൊണ്ട് ഹനുമാനെ സ്തുതിച്ചാല്‍ ശിവന്‍റെ അനുഗ്രഹവും കിട്ടും. രാമചന്ദ്രമൂര്‍ത്തിക്ക് ഹനുമാന്‍റെ മഹിമകള്‍ അറിയാം. 

അതുകൊണ്ടാണ് അദ്ദേഹം ഹനുമാനെ ആലിംഗനം ചെയ്ത് തലോടി ക്കൊണ്ട് നീ എനിക്ക് ഭരതനെപ്പോലെ പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞ് പുകഴ്ത്തിയത്. ദേവന്മാര്‍ക്കും ഋഷിമാര്‍ക്കും നേടാനാവാത്ത ഈ മഹാഭാഗ്യം ലഭിച്ചവനാണ് ഹനുമാന്‍ എന്ന് തുളസിദാസന്‍ ഹനുമാനെ പ്രകീര്‍ത്തിക്കുന്നു. ഹനുമാന്‍റെ ബലം രാമഭക്തിയാണ്. ഹനുമാനെ വശപ്പെടുത്താന്‍ നമ്മള്‍ ചൊല്ലേണ്ടതും രാമനാമമാണ്. രാമ എന്ന അത്യുന്നത മഹാ ഔഷധം ഈ ലോകത്തുണ്ട്. അത് ചൊല്ലി പോന്നാല്‍ തന്നെ അഷ്ടസിദ്ധികളും നവനിധികളും കുന്നുകൂടും. പിറവിതോറും ചെയ്ത പാപങ്ങള്‍ അകലും. അതുകൊണ്ടാണ് രാമനാമം കേള്‍ക്കുന്നിടത്തെല്ലാം ഹനുമാന്‍ കൈകൂപ്പി ആനന്ദക്കണ്ണീരുമായി നില്‍ക്കുന്നത്.

മേല്‍ വിവരിച്ച വിധം പാടി ആഹ്ലാദിക്കുന്ന തുളസിദാസന്‍ ഹനുമാന്‍റെ പരാക്രമങ്ങളേയും കുറിച്ച് വിവരിക്കുന്നു. 

ഹനുമാന്‍ ചെറിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ബ്രഹ്മാണ്ഡ വിശ്വരൂപമെടുത്ത്, ഭംഗിയാര്‍ന്ന ലങ്കയെ നശിപ്പിച്ച്, അസുരരെ വധിച്ച്, രാമകൃത്യം നിറവേറ്റി. രാമ - ലക്ഷ്മണന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ മൃതസഞ്ജീവിനി മലയെ പിഴുതെടുത്ത് ചുമന്നുകൊണ്ടുവന്നു എന്നിങ്ങനെ രാമഗാഥയിലുളള അനേകം സംഭവങ്ങളെ ഹനുമാന്‍ ചാലിസയിലൂടെ പാടുന്നു തുളസിദാസന്‍. മഹത്തരമായ ഈ ഹനുമാന്‍ ചാലിസാ പാടുന്നവര്‍ക്ക് ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു പാടുന്നു. 

സംഗീതത്തോടൊപ്പം പാടിയാലോ, പാരായണം ചെയ്താലോ അഞ്ചു മുതല്‍ എട്ടുമിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കാവുന്ന വളരെ ലളിതമായ പാട്ടാണ് ഹനുമാന്‍ ചാലിസ. ഇത് ശ്രവിച്ചാല്‍തന്നെ നവോന്മേഷം ലഭിക്കും എന്നാണ് പറയാറ്. മനസില്‍ ഭയമുളളവര്‍, ശത്രുക്കളുടെ ശല്യത്താല്‍ ബുദ്ധിമുട്ടുന്നവര്‍, കാര്യതടസ്സങ്ങളാല്‍ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍, ഗ്രഹദോഷങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇവരൊക്കെ ഹനുമാന്‍ ചാലിസ പാരായണം ചെയ്തുപോന്നാല്‍ അവയില്‍ നിന്നും മോചനം ലഭിക്കും. പ്രത്യേകിച്ച് ശനി ദോഷം, ഏഴരശനി, അഷ്ടമശനി, കണ്ടകശനി എന്നിവയുളളവര്‍ മുടങ്ങാതെ ഹനുമാനെ സ്തുതിച്ചുപോന്നാല്‍ ദുഃഖങ്ങളും ദുരിതങ്ങളും മാറി അവര്‍ക്ക് മനസിന് സ്വസ്ഥതയും സന്തോഷവും ലഭിക്കും എന്നാണ് വിശ്വാസം. 

 

Photo Courtesy - Google