മഹാഭാരതത്തിലും ഹനുമാന്!
രണ്ട് ഇതിഹാസങ്ങളിലും പങ്കെടുത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഹനുമാന്
ഹനുമാന് എന്ന പേര് പറയുമ്പോള്‍ രാമായണമാണ് നമുക്ക് ഓര്‍മ്മയിലെത്തുക. എന്നാല്‍ മഹാഭാരതത്തിലും ഹനുമാന് പ്രധാന പങ്കുണ്ട്. ഈ രണ്ട് ഇതിഹാസങ്ങളിലും പങ്കെടുത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഹനുമാന്. ഹനുമാന് ശിശുവായിരിക്കുമ്പോള്‍ സൂര്യദേവന് മാമ്പഴത്തിന്റെ രൂപത്തില്‍ ദര്‍ശനമരുളി. അല്ലെങ്കില്‍ ഹനുമാന്റെ കണ്ണില്‍ സൂര്യദേവന് മാമ്പഴമായി തോന്നി. പഴം എന്തുകൊണ്ടാണ് അത്രയും അകലെ ഇരിക്കുന്നത് എന്നൊന്നും ഹനുമാന് ചിന്തിച്ചില്ല. അദ്ദേഹം അത് കൈക്കലാക്കുവാനായി ആകാശത്തേയ്ക്ക് പറക്കാന്‍ തുടങ്ങി. താന്‍ പറക്കുകയാണ് എന്നൊന്നും ശിശുവായ ഹനുമാന് മനസ്സിലാക്കാനായില്ല. അതിനൊക്കെശേഷം സൂര്യദേവനെ ഹനുമാന് ജ്ഞാനഗുരുവായി സ്വീകരിച്ചുകൊണ്ട് പ്രദക്ഷിണം വെച്ചു. ഹനുമാന് സൂര്യന് ജ്ഞാനം മാത്രമല്ല, രണ്ട് സിദ്ധികളും നല്കി അനുഗ്രഹിച്ചു. അതായത് മികച്ച പ്രവൃത്തികള്‍ ശക്തിയോടെയും ഊര്‍ജ്ജസ്വലതയോടെയും ചെയ്യുവാനുള്ള രണ്ടുമന്ത്രങ്ങള് അരുളിചെയ്തു. ആ മന്ത്രം ഉപയോഗിക്കുന്നതിലൂടെ ഹനുമാന് ഏറ്റവും ചെറിയ രൂപം സ്വീകരിക്കാനാവും. മറ്റൊരു മന്ത്രം ജപിച്ചാല്‍ വിശ്വരൂപിയാവാന് കഴിയും.
ഒരു സന്ദര്‍ഭത്തില്‍ മഹാഭാരതയുദ്ധം നടന്നേ തീരൂ എന്ന് കരുതിയ കൃഷ്ണന് പാണ്ഡവരോട് യുദ്ധത്തിനായി സജ്ജമാവാന് നിര്‍ദ്ദേശിച്ചു. അതിനായി അവര്‍ വനത്തില്‍ ചെന്ന് തപസ്സ് അനുഷ്ഠിച്ചു. ഒരു ദിവസം കാറ്റിലൂടെ ഒഴുകിവന്ന ഒരു സുഗന്ധം ദ്രൗപതിയെ പരവശയാക്കി. അവള് ഭീമനോട് തന്നെ ആകര്‍ഷിച്ച അത്ഭുത സുഗന്ധവാഹിനിയായ ആ പൂച്ചെടിയുടെ ഒരു തൈ എങ്കിലും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. സൗഗന്ധികം എന്ന ആ പൂവിന്റെ ഗന്ധം വന്ന ദിശയെ നോക്കി ഭീമന് നടന്നു. ഇഃ് ഭീമന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ മറ്റൊരു തടസ്സമുണ്ടായി. അത് ഹനുമാനായിരുന്നു. കുറുകിയ ഒരു പാതയിലൂടെ ഭീമന് നടന്നുവന്നുകൊണ്ടിരിക്കേ ആ പാതയില്‍ ഹനുമാന് കിടക്കുകയായിരുന്നു. ഭീമന് ഹനുമാനെ പേടിപ്പിക്കാന്‍ വേണ്ടി ഭീകരശബ്ദമുണ്ടാക്കി. എന്നാല്‍ ഹനുമാന് അതുകൊണ്ടൊന്നും ഭയന്നില്ല. തന്റെ ഒളികണ്ണുകൊണ്ട് ഭീമനെ നോക്കുകമാത്രം ചെയ്തു. എന്നാല്‍ ഹനുമാന് ഭീമനെ കണ്ടപ്പോള്‍ അഭിമാനം തോന്നി. തന്റെ അനുജന് എത്ര ദൃഢഗാത്രനാണ് ഞങ്ങള്‍ രണ്ടുപേരും വായുപുത്രന്മാരല്ലേ? ഹനുമാന് സ്വാതന്ത്ര്യത്തോടെ ഭീമനോട് സംസാരിക്കാന്‍ തുടങ്ങി.
'നീയല്ലേ ശബ്ദമുണ്ടാക്കിയത്' എന്ന് ചോദിച്ചു. ഭീമന് 'അതെ' എന്ന മട്ടില്‍ തലയാട്ടിയതോടൊപ്പം ഹനുമാനോട് വഴി മാറാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഹനുമാന് നീയോ ദൃഢഗാത്രന്, ആരോഗ്യവാന്‍, ഞാന്‍ ആരോഗ്യമില്ലാത്ത ഒരു വാനരന്. അതുകൊണ്ട് എന്നെ ശല്യപ്പെടുത്തരുത്. മാത്രമല്ല ഈ പാതയില്‍ നീ തുടര്‍ന്ന് സഞ്ചരിച്ചാല്‍ കുറേയേറെ അപകടങ്ങളെ തരണം ചെയ്യേണ്ടി വരും. അതുകൊണ്ട് മടങ്ങിപ്പോകുന്നതാണ് നല്ലത് എന്നുപറഞ്ഞു. ഇതുകേട്ട ഭീമന് കോപം ശിരസ്സില്‍ ഇരച്ചുകയറി. 'ഞാന്‍ ആരാണെന്നാണ് നീ കരുതിയത്. കുരുവംശത്തില്‍ പിറന്നവനാണ് ഞാന്‍...' ബലത്തിന്റെ കാര്യത്തില്‍ എന്നെ വെല്ലാന്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ആരുമില്ല. ഞാന്‍ വായുദേവന്റെ പുത്രനാണ്. ഇതിനേക്കാള്‍ എനിക്ക് മറ്റെന്തു യോഗ്യതയാണ് വേണ്ടത്. അതുകൊണ്ട് എല്ലാ ആപത്തും എനിക്ക് പൊടിപോലെയാണ് എന്ന് ഗര്‍ജ്ജിച്ചു ഭീമന്.
'നീ വായു പുത്രനെങ്കില്‍ ഞാന്‍ ആരാണെന്ന് നിനക്ക് അറിയാമോ' എന്നുപറഞ്ഞ് ഹനുമാന് മനസ്സില്‍ ചിരിച്ചു.
സത്യം അറിയാത്ത ഭീമന് ദേഷ്യം വര്‍ദ്ധിച്ചു. 'മാറു വാനരമേ' എന്നു പറഞ്ഞ് ഭീമന് അലറി.
'എനിക്ക് എഴുന്നേല്ക്കാന് കഴിയില്ല. വേണമെങ്കില്‍ എന്നെ താണ്ടി പൊയ്ക്കോളൂ.' എന്നായി ഹനുമാന്.
'നിന്നെ താണ്ടുമെങ്കില് എപ്പോഴേ ഞാന്‍ താണ്ടിപോകുമായിരുന്നു. അങ്ങനെ ഒരാളെ മറികടന്നു പോകരുത് എന്ന് ശാസ്ത്രങ്ങള്‍ നിഷ്കര്ഷിക്കുന്നതുകൊണ്ടാണ് ഞാന്‍ നിന്നോട് മാറാന്‍ പറയുന്നത്. അല്ലെങ്കില്‍ ആ ഭക്ത ഹനുമാന് കടല്‍ താണ്ടിയപോലെ വെറും വാനരനായ നിന്നെ ഞാന്‍ എപ്പോഴേ താണ്ടുമായിരുന്നു' എന്നുപറഞ്ഞു.
താന്‍ തന്നെയാണ് ഹനുമാന് എന്ന് അറിയാതെ തന്നെക്കുറിച്ച് തന്നേയല്ലേ ഭീമന് പറയുന്നത്. അതുകൊണ്ട് അവനെ ഒന്ന് കളിപ്പിക്കാം എന്ന് തീരുമാനിച്ചു ഹനുമാന്.
'ഹനുമാനോ.. ആരാണവന്. അവനെക്കുറിച്ച് എന്നോട് കഥ പറയാന്‍ പോകയാണോ...' എന്ന് ചോദിച്ചു ഹനുമാന്.
'കഥ പറയാനുള്ള സമയമാണോ ഇത്. ഹനുമാന് വലിയ ബലശാലിയാണ്. എന്നേക്കാള്‍ കുറച്ച് ബലം കുറവാണെന്നേയുള്ളു' എന്ന് ഭീമന്.
ഭീമനില്‍ പാടില്ലാത്ത ഒരു തലക്കനം ഹനുമാന് കണ്ടു. അനുജനെ ഒന്ന് പഠിപ്പിച്ചാല്‍ അവന്റെ ഗര്‍വ് കുറയും എന്ന് നിശ്ചയിച്ച ഹനുമാന്' എന്റെ വാലുമാത്രം ഒന്ന് നീക്കിവെച്ചിട്ട് നീ ആ വഴിയിലൂടെ പൊയ്ക്കൊള്ളൂ എന്നുപറഞ്ഞു.
ഈ ലളിതമായ മാര്‍ഗ്ഗം തനിക്ക് മുമ്പേ തോന്നിയില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് തന്റെ ഒരു വിരല്‍ കൊണ്ട് വാലുമാറ്റാന് ശ്രമിച്ചു ഭീമന്. പക്ഷേ കഴിഞ്ഞില്ല. ഒരു കൈകൊണ്ട് അത് മാറ്റിവയ്ക്കാന്‍ ശ്രമിച്ചു. അതും വിഫലം! ഹനുമാന്റെ വാല് വഴങ്ങി കൊടുത്തില്ല. ശ്രീരാമന്റെ അനുഗ്രഹത്താല്‍ രാവണന്റെ സഭയില്‍ നീണ്ടുനീണ്ട് വളര്‍ന്ന് ആസനം സൃഷ്ടിച്ച വാലല്ലേ അത്! ഭീമന് രണ്ടുകൈ കൊണ്ടും വാല് എടുത്തുമാറ്റാന്‍ ശ്രമിച്ചുനോക്കി. അതും പരാജയത്തില്‍ കലാശിച്ചു. അമ്പരപ്പോടെ ഭീമന് വാനരന്റെ മുഖത്തേയ്ക്ക് നോക്കി. താന്‍ കരുതുന്നതുപോലെ ഒരു നിസ്സാരക്കാരനല്ല ഈ വാനരന്. വളരെ ശക്തനായ ഒരു മഹാന് തന്നെയാവണം എന്നുകരുതിയ ഭീമന് വാനരത്തോട് കരം കൂപ്പിക്കൊണ്ട് 'നിങ്ങള്‍ ആരാണ്...?' എന്ന് ആരാഞ്ഞു.
'ചേട്ടനോട് നീ ആരാണ് എന്ന് ചോദിക്കുന്ന അനുജനെ ഞാനിപ്പോഴാണ് കാണുന്നത്' എന്ന് പറഞ്ഞ് ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു ഹനുമാന്. ഭീമന്റെ മനസ്സ് അളവറ്റ ആനന്ദം കൊണ്ട് തുളുമ്പി. ഇരുവരും പരസ്പരം സ്നേഹത്തോടെ ആശ്ലേഷിച്ചു. അതിനുശേഷം ഭീമന് അന്വേഷിച്ചു വന്ന സുഗന്ധപ്പൂക്കള്‍ ഉള്ളിടം കാണിച്ചുകൊടുത്തു ഹനുമാന്. മാത്രമല്ല 'വ്യസനിക്കേണ്ട... പാണ്ഡവരുടെ ദുഃഖങ്ങളെല്ലാം വേഗം തന്നെ മാറും. അതിനായി ഞാനും ശ്രീരാമചന്ദ്ര മൂര്‍ത്തിയോട് പ്രാര്‍ത്ഥിക്കാം' എന്നുപറഞ്ഞു ഹനുമാന് ഭീമനില്‍ നിന്നു വിടവാങ്ങി. ആ സമയത്ത് ഹനുമാന്റെ വിശ്വരൂപം കാണാന്‍ ഭീമന് ആഗ്രഹം പ്രകടിപ്പിച്ചു. ഹനുമാന് സൂര്യനെതൊഴുത്, സൂര്യദേവന് തനിക്ക് ഉപദേശിച്ചുതന്ന മന്ത്രം ജപിച്ച് രൂപം വലുതാക്കി കാണിച്ചുകൊടുത്തു.
ഹനുമാനുമായി ബന്ധപ്പെട്ട മറ്റൊരു മഹാഭാരത സംഭവവുമുണ്ട്. ഒരിക്കല്‍ രാമായണത്തെക്കുറിച്ച് അറിഞ്ഞ അര്ജ്ജുനന് ഹനുമാനോട് 'ലങ്കയിലേക്ക് പോകാനുള്ള പാലം പണിയുവാന്‍ വളരെയധികം ബുദ്ധിമുട്ടിയില്ലേ. ഞാനായിരുന്നെങ്കില്‍ അമ്പുകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ പാലം പണിതേനേ' എന്നുപറഞ്ഞു. അര്‍ജ്ജുനന്റെ തലക്കനം ഹനുമാന് അത്ര രസിച്ചില്ല. 'നോക്കട്ടെ അമ്പുകൊണ്ട് ഒരു പാലം പണിയൂ. ഞങ്ങള്‍ രാമന്റെ അനുഗ്രഹത്താല്‍ പണിത പാലത്തിലൂടെ എല്ലാ വാനരസേനയ്ക്കും ഒന്നിച്ചു നടക്കാന്‍ കഴിഞ്ഞു. നീ പണിയുന്ന പാലം ഒരാളെയെങ്കിലും താങ്ങുമോ എന്ന് കാണട്ടെ...' ഹനുമാന് പറഞ്ഞു. ഗര്‍വോടു കൂടിയുള്ള പുഞ്ചിരിയോടെ അര്ജ്ജുനന് അമ്പുകൊണ്ടുള്ള പാലം നിര്‍മ്മിച്ചു. ഹനുമാന് അതിനുമീതെ ഒരടി എടുത്തുവെച്ചപ്പോള്‍ തന്നെ അത് തകര്‍ന്ന് തരിപ്പണമായി. അതുകണ്ട് അര്ജ്ജുനന് മൃതപ്രജ്ഞനായി നിന്നു. തന്റെ തെറ്റ് അര്ജ്ജുനന് ബോധ്യമായി. തന്റെ അസ്ത്രവിദ്യയും, കഴിവും ഫലം നല്‍കിയില്ല എന്നറിഞ്ഞ് അര്ജ്ജുനന് വിഷമിച്ചുനില്ക്കുന്നത് കണ്ട കൃഷ്ണന് അവനോട് സഹതാപം തോന്നി. ഒരിക്കല്‍കൂടി അമ്പുകൊണ്ടാ പാലം പണിയാന്‍ കൃഷ്ണന് അര്‍ജ്ജുനനോട് ആവശ്യപ്പെട്ടു. അര്ജ്ജുനന് കൃഷ്ണനെ തൊഴുതുകൊണ്ട് വീണ്ടും അമ്പുകളാല്‍ പാലം പണിതു. അതിനുമീതെ ഹനുമാന് നടന്നപ്പോള്‍ ഇക്കുറി അമ്പുപാലം തെല്ലും വളഞ്ഞുകൊടുത്തില്ല. കാരണം കൃഷ്ണന് തന്റെ മുതുകിനെ വില്ലനാക്കി ആ പാലത്തെ താങ്ങുകയായിരുന്നു.
മഹാഭാരത യുദ്ധത്തിന്റെ അവസാനദിവസം യുദ്ധം കഴിഞ്ഞ ശേഷം അര്‍ജ്ജുനനെ ആദ്യം തേരില്‍ നിന്നും ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. അര്ജ്ജുനന് ഇറങ്ങിയശേഷം ഹനുമാനോട് കൃഷ്ണന് നന്ദി പറഞ്ഞു. ഹനുമാന് കൃഷ്ണനെ നമസ്ക്കരിച്ചുകൊണ്ട് തേരില്‍ നിന്നും ഇറങ്ങി. ഉടന്‍തന്നെ ആ തേര് കത്തിയെരിഞ്ഞു. അര്ജ്ജുനന് ഈ കാഴ്ച കണ്ട് അമ്പരന്നുനിന്നു. അപ്പോള്‍ കൃഷ്ണന് പറഞ്ഞു. 'അര്‍ജ്ജുനാ, യുദ്ധവേളയില്‍ ഹനുമാനാണ് ദൈവിക ആയുധങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ഈ തേരിനെ കാത്തുരക്ഷിച്ചത്' എന്നുപറഞ്ഞു. ആ സമയത്ത് ഭഗവാന് തന്നെ പ്രശംസിക്കുമ്പോഴും 'ഞാനാണോ ഇത് ചെയ്തത്? എന്റെ ഉള്ളിലുള്ള രാമന്റെ അനുഗ്രഹമല്ലേ അത്' എന്ന് മനസ്സില്‍ സ്മരിക്കയായിരുന്നു ഹനുമാന്. അത്രത്തോളം മഹിമയുണ്ട് 'രാമാ' എന്ന നാമത്തിന്.
