ഹനുമാന്‍ രണ്ടുഭാവത്തില്‍...

ഹനുമാന്‍ രണ്ടുഭാവത്തില്‍...

HIGHLIGHTS

വര്‍ക്കല ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മാരക ശ്രീരാമ- ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ ഹനുമാന് ഭാവങ്ങള്‍ രണ്ടാണ്. ഒന്ന് രൗദ്രഭാവത്തിലുള്ള വീരഹനുമാനും രണ്ട് ശ്രീരാമദാസനായി വര്‍ത്തിക്കുന്ന ഭക്തഹനുമാനും. ഇവിടെ ശ്രീരാമദര്‍ശനത്തോടൊപ്പം ഇരുഭാവങ്ങളിലായി കുടികൊള്ളുന്ന ഹനുമാന്‍സ്വാമിയേയും കുമ്പിട്ട് വണങ്ങുന്നത് ഒരു പ്രത്യേക നിര്‍വൃതി പകരുന്ന അനുഭവം തന്നെയാണ്.

 

രാമക്ഷേത്രം എവിടുണ്ടോ അവിടെ പരമഭക്തന്‍ ഹനുമാനും ഇടമുണ്ടാകും. മിക്കയിടങ്ങളിലും രാമസീതമാര്‍ക്കൊപ്പം കുടികൊള്ളുന്ന ഭക്തസ്വരൂപിയായ ഹനുമാനെ മാത്രമാകും ദര്‍ശിക്കാന്‍ സാധിക്കുക. എന്നാല്‍ ഇങ്ങ് തെക്ക് വര്‍ക്കല ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മാരക ശ്രീരാമ- ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ ഹനുമാന് ഭാവങ്ങള്‍ രണ്ടാണ്. ഒന്ന് രൗദ്രഭാവത്തിലുള്ള വീരഹനുമാനും രണ്ട് ശ്രീരാമദാസനായി വര്‍ത്തിക്കുന്ന ഭക്തഹനുമാനും. ഇവിടെ ശ്രീരാമദര്‍ശനത്തോടൊപ്പം ഇരുഭാവങ്ങളിലായി കുടികൊള്ളുന്ന ഹനുമാന്‍സ്വാമിയേയും കുമ്പിട്ട് വണങ്ങുന്നത് ഒരു പ്രത്യേക നിര്‍വൃതി പകരുന്ന അനുഭവം തന്നെയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രത്തിന് സമീപത്ത് ക്ഷേത്രക്കുളത്തിനോട് ചേര്‍ന്നാണ് പ്രസ്തുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ക്കല- ഇടവ റോഡില്‍ നിന്നും തിരിഞ്ഞ് ബീച്ചിലേക്കുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം വളരെ ചെറുതാണ്. പരിമിതമായ സ്ഥലസൗകര്യം മാത്രമുള്ള ഈ ക്ഷേത്രത്തിന്‍റെ ചരിത്രം ജനാര്‍ദ്ദനസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ്.

കൊല്ലങ്ങള്‍ക്ക് മുമ്പ് രാജഭരണകാലത്ത് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ പൂജകള്‍ക്കും ഇതര ചിട്ടവട്ടങ്ങള്‍ക്കുമായി അന്യനാടുകളില്‍ നിന്നും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ എത്തുമായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും പല പശ്ചാത്തലങ്ങളിലുള്ളവര്‍ അക്കൂട്ടത്തില്‍ വരുമായിരുന്നു. ഓരോ ദേശക്കാര്‍ക്കും തങ്ങാന്‍ അന്ന് രാജാവ് തന്നെ ഓരോ ഇടങ്ങള്‍ കല്‍പ്പിച്ച് നല്‍കുമായിരുന്നു. അത്തരത്തില്‍, മഹാരാഷ്ട്രയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നും എത്തിയ റായര്‍ ബ്രാഹ്മണന്മാര്‍ക്ക് തങ്ങാന്‍ രാജാവ് അനുവദിച്ച് നല്‍കിയ സത്രം കുടികൊണ്ട ഇടത്താണ് ഇപ്പോള്‍ ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാസ്തവത്തില്‍ ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം മുമ്പ് സത്രമായിരുന്നു എന്ന് സാരം. പ്രസ്തുത സത്രത്തിനുള്ളില്‍ അവിടത്തെ അന്തേവാസികളായ റായര്‍ ബ്രാഹ്മണന്‍മാര്‍ വെച്ചാരാധനനടത്തിയ ശ്രീരാമമൂര്‍ത്തി തന്നെയാണ് ഇപ്പോഴും ഇവിടെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്.

വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം കീര്‍ത്തി കേട്ടതാണ്. അവിടെ ആരാധനയ്ക്കും പൂജാവഴിപാടുകള്‍ക്കുമായി വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ഭക്തര്‍ എത്താറുണ്ട്. അവരില്‍ പലരും ശ്രീരാമനേയും രാമദാസനായ ഹനുമാന്‍സ്വാമിയേയും കണ്ടുവണങ്ങിയിട്ടേ മടങ്ങാറുള്ളൂ. സ്ഥലപരിമിതി ഉണ്ടെങ്കിലും, ഇവിടെ ഒരിക്കല്‍ വന്നുകണ്ട് തൊഴുതാല്‍ പിന്നെയും പിന്നെയും വരാന്‍ തോന്നും എന്നതാണ് എടുത്തുപറയേണ്ട സംഗതി. വര്‍ക്കല ബീച്ചിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ മിക്കപ്പോഴും ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം വര്‍ക്കലപ്രദേശത്ത് തങ്ങാറുണ്ട്. അതില്‍ പലരും ശ്രീരാമനെ കണ്ടുവണങ്ങാന്‍ പതിവായി ഇവിടെത്തുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

ശ്രീരാമഹനുമാന്‍സ്വാമി ക്ഷേത്രം എന്നാണ് പേരെങ്കിലും ശ്രീരാമന്‍ തന്നെയാണ് മുഖ്യപ്രതിഷ്ഠ. ഇവിടെ രൗദ്രഭാവത്തില്‍ കുടികൊള്ളുന്ന ഹനുമാന്‍സ്വാമി തെക്കോട്ടാണ് ദര്‍ശനം അരുളുന്നത്. ഇത് അപൂര്‍വ്വമാണെന്ന് ക്ഷേത്രസമിതിക്കാര്‍ പറയുന്നു. ഭക്തഹനുമാനും സീതാദേവിയും ഗണേശഭഗവാനും നാഗദൈവങ്ങളും കുടികൊള്ളുന്ന ഈ ക്ഷേത്രത്തില്‍ തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷം തന്നെയാണുള്ളത്. 2020 ല്‍ ഇവിടെ ക്ഷേത്രപുനരുദ്ധാരണവും നടത്തിയിട്ടുണ്ട്.

കുംഭമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് ഇവിടെ പുനഃപ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും സംഘടിപ്പിക്കുന്നത്. മീനമാസത്തിലെ ശ്രീരാമനവമി ഏറെ വിശേഷപ്പെട്ടതാണ്. അതുപോലെ ചിത്രാപൂര്‍ണ്ണിമ നാളില്‍ ഹനുമാന്‍ജയന്തി ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. വിനായകചതുര്‍ത്ഥി നാളില്‍ വിഘ്നേശ്വരനായി പ്രത്യേക പൂജകളും നടത്തപ്പെടുന്നു.

ഏതൊരു ശ്രീരാമക്ഷേത്രത്തിലേയും പോലെ ഇവിടെയും രാമായണമാസം വിശേഷാല്‍ പൂജകളും വഴിപാടുകളും ഹോമങ്ങളുമൊക്കെ നടത്തപ്പെടാറുണ്ട്. 30 ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിക്കുന്ന നാളില്‍ ശ്രീരാമപട്ടാഭിഷേകപൂജയും പതിവുള്ളതാണ്. വൃശ്ചികമാസക്കാലം 41 നാള്‍ നീളുന്ന ചിറപ്പും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

ശ്രീരാമസ്വാമിക്ക് തുളസീമാല സമര്‍പ്പിക്കുന്നത് ഇവിടെ ഏറെ പ്രാധാന്യമുള്ള വഴിപാടാണ്. കൂടാതെ ഭഗവാന് പാല്‍പ്പായസവും നെയ്വിളക്കും മുഖത്ത് ചന്ദനച്ചാര്‍ത്തും വഴിപാടായി അര്‍പ്പിക്കാം. ഇഷ്ടകാര്യസിദ്ധിക്കായി ഹനുമാന്‍സ്വാമിക്ക് വടമാല ചാര്‍ത്താന്‍ നിരവധി ഭക്തരാണ് ഇവിടെ എത്താറുള്ളത്.

കാര്യസിദ്ധിക്കായി സീതാദേവിക്ക് മുന്നില്‍ സൗഭാഗ്യവിളക്ക് കത്തിക്കുന്നത് ഇവിടത്തെ മറ്റൊരു പ്രധാന വഴിപാടാണ്.