ഈ ഹനുമാന്‍ ശ്ലോകത്താല്‍ എട്ട് ഐശ്വര്യങ്ങള്‍ സിദ്ധിക്കാം

ഈ ഹനുമാന്‍ ശ്ലോകത്താല്‍ എട്ട് ഐശ്വര്യങ്ങള്‍ സിദ്ധിക്കാം

HIGHLIGHTS

ബുദ്ധി, ബലം, കീര്‍ത്തി, ധൈര്യം, ഭയമില്ലായ്മ, രോഗമില്ലായ്മ, ചുറുചുറുക്ക്, വാക്ചാതുരി എന്നീ എട്ട് ഐശ്വര്യങ്ങളും ഈ ഹനുമാന്‍ ശ്ലോകം നിത്യം ധ്യാനിക്കുന്നതിലൂടെ നമുക്ക് കരഗതമാവുന്നു.

ദാ ശ്രീരാമനെത്തന്നെ സ്മരിച്ച് തന്‍റെ ബുദ്ധിയും ബലവും അവന് തന്നെ അര്‍പ്പിച്ചവനാണ് ഹനുമാന്‍. കായ(ശരീരം) ബലം മാത്രം പോരാ. ആ ബലം മികച്ച രീതിയില്‍ ഉപയോഗിച്ച് സേവനം ചെയ്യാന്‍ നല്ല ബുദ്ധികൂര്‍മ്മതയും വേണം. ഹനുമാന് ബുദ്ധിയും ഉണ്ടായിരുന്നു. ദേഹബലവും ഉണ്ടായിരുന്നു. ഹനുമാനെ ധ്യാനിച്ചുകൊണ്ട് ഭക്തര്‍ എല്ലാ തേജസും ഐശ്വര്യങ്ങളും നേടണം എന്നതിനായിട്ടാണ് നമ്മുടെ പൂര്‍വ്വികര്‍ ധ്യാനശ്ലോകങ്ങള്‍ രചിച്ച് നമുക്ക് നല്‍കിയത്.

'ബുദ്ധിര്‍ബലം യശോധൈര്യം
നിര്‍ഭയത്വമേ രോഗതാ
അജാട്യം വാക്ക് പടുത്വം ച
ഹനുമത് സ്മരണാദ്ഭവത്.'

ഹനുമാനെ സ്മരിച്ചാല്‍ തന്നെ നമുക്ക് എട്ടുതരത്തിലുള്ള ഫലങ്ങള്‍(ഐശ്വര്യങ്ങള്‍) ലഭിക്കുമെന്ന് പറയുന്നു മേല്‍പ്പറഞ്ഞ ശ്ലോകം. ബുദ്ധിയോട് ചേര്‍ന്ന ബലമാണ് ശ്രേഷ്ഠം എന്നതിനാല്‍ ബുദ്ധിയെ ആദ്യപദമായി വച്ചിരിക്കുന്നു. 'യശ' എന്നാല്‍ കീര്‍ത്തി. ബുദ്ധിയും ബലവും പ്രയോഗിച്ച് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ കീര്‍ത്തി താനെ ലഭിക്കും. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ പല തടസങ്ങളും ഉണ്ടാവാം. എതിര്‍പ്പുകള്‍ ഉണ്ടാവാം. അതുകൊണ്ട് ഒക്കെ നേരിടാന്‍ മനോധൈര്യം വേണം. അല്ലെങ്കില്‍ കാര്യങ്ങള്‍ തടസ്സപ്പെടും. തോല്‍വിയുണ്ടാവും. മനസ്സില്‍ ഭയം ഉടലെടുക്കാന്‍ പാടില്ല. യശോധൈര്യം എന്നത് ഇതിനെ വെളിപ്പെടുത്തുന്നു.

ഹനുമാനെ സ്മരിക്കുന്നതിലൂടെ, ഹനുമാന്‍റെ ബുദ്ധിയും ബലവും കീര്‍ത്തിയും തുനിവും ഭയമില്ലായ്മയും നമുക്കുണ്ടാവുന്നു. അതുമാത്രമല്ല അരോഗതാ, അജാട്യം എന്ന രണ്ട് സമ്പത്തും ലഭിക്കുന്നു. അരോഗം എന്നാല്‍ രോഗരഹിതം. രോഗരഹിതമായ ജീവിതമാണ് കുറവില്ലാത്ത സമ്പത്ത്. അജാട്യം എന്നാല്‍ അലസത. രോഗത്തിന്‍റെ കൂടപ്പിറപ്പാണ് ഈ അലസത. വ്യാധികള്‍ക്ക് അലസത കാരണമായി ഭവിക്കുന്നു. ചുറുചുറുക്കും(ഉന്മേഷം) വേഗതയും രക്തയോട്ടത്തില്‍ ഉണ്ടായിരിക്കണം.

ഹനുമാന്‍ മികച്ച മന്ത്രിയായി വാനരസാമ്രാജ്യത്തില്‍ തിളങ്ങി. മികച്ച മന്ത്രിക്ക് വാക്ക്ചാതുരി, ബുദ്ധി. ചാതുര്യം എന്നിവ വേണം. ഈ രണ്ട് അംശങ്ങളും ഹനുമാനില്‍ ഉണ്ടായിരുന്നു. സീതയെ ലങ്കയില്‍ ചെന്നുകണ്ട് ചൂടാമണി(മുദ്രമോതിരം) വാങ്ങി തിരിച്ചെത്തിയ ഹനുമാന്‍ ശ്രീരാമന്‍റെ അടുത്തെത്തി സീതയുടെ അവസ്ഥയെക്കുറിച്ച് പറയുന്നു.സീത തന്‍റെ ദൈവമാണെന്നും സീതയുടെ മഹനീയതയെക്കുറിച്ചും കവിതാത്മകമായി വിവരിക്കുന്നു.

അതിലൂടെ താനൊരു വാഗ്മിയാണെന്നും നിരൂപിക്കുന്നു. സുന്ദരകാണ്ഡത്തില്‍ മുഴുവന്‍ ഹനുമാന്‍റെ പ്രഭാവമാണ്. നമ്മുടെ ജീവിതവും സുന്ദരമാവാന്‍ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ കാരണവന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഇങ്ങനെ ബുദ്ധി, ബലം, കീര്‍ത്തി, ധൈര്യം, ഭയമില്ലായ്മ, രോഗമില്ലായ്മ, ചുറുചുറുക്ക്, വാക്ചാതുരി എന്നീ എട്ട് ഐശ്വര്യങ്ങളും ഹനുമാനെ നിത്യം ധ്യാനിക്കുന്നതിലൂടെ നമുക്ക് കരഗതമാവുന്നു.

Photo Courtesy - Google