പാദബലവും നാദബലവും നല്കിയ അയ്യപ്പസ്വാമി -കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൂജാമുറിയില്‍ സൂക്ഷിക്കുന്ന പുരസ്ക്കാരമാണ് 'ഹരിവരാസന' പുരസ്ക്കാരം. ഈ പുരസ്ക്കാരം ഭഗവാനുവേണ്ടി രാവും പകലും അദ്ധ്വാനിക്കുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. വര്‍ഷങ്ങളോളം ദേവസ്വത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും മുന്‍ജീവനക്കാരനായ ഒരാള്‍ക്ക് ദേവസ്വം പുരസ്ക്കാരം നല്‍കുന്നത്. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നിരിക്കെ പുരസ്ക്കാരം വാങ്ങാന്‍ സന്നിധാനത്ത് എത്താനാകുമോ എന്ന് ദേവസ്വം അധികാരികള്‍ ചോദിച്ചിരുന്നു. 'തീര്‍ച്ചയായും അയ്യപ്പസന്നിധിയിലേക്ക് വരുക തന്നെ ചെയ്യും' എന്നായിരുന്നു ഉടന്‍തന്നെ നല്കിയ മറുപടി. 'അയ്യപ്പന് പാദബലവും, നാദബലവും നല്‍കും എന്ന ഉറച്ച വിശ്വാസം' ഉള്ളതിനാലായിരുന്നു ഇത്തരമൊരു മറുപടി നല്കാന് ആത്മധൈര്യം നല്‍കിയത്.
ഹരിവരാസനപുരസ്ക്കാരം ലഭിച്ച പ്രശസ്ത സംഗീതജ്ഞന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ജ്യോതിഷരത്നത്തോട് സംസാരിച്ചത്.
പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൂജാമുറിയില്‍ സൂക്ഷിക്കുന്ന പുരസ്ക്കാരമാണ് 'ഹരിവരാസന' പുരസ്ക്കാരം. ഈ പുരസ്ക്കാരം ഭഗവാനുവേണ്ടി രാവും പകലും അദ്ധ്വാനിക്കുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. വര്‍ഷങ്ങളോളം ദേവസ്വത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും മുന്‍ജീവനക്കാരനായ ഒരാള്‍ക്ക് ദേവസ്വം പുരസ്ക്കാരം നല്‍കുന്നത്. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നിരിക്കെ പുരസ്ക്കാരം വാങ്ങാന്‍ സന്നിധാനത്ത് എത്താനാകുമോ എന്ന് ദേവസ്വം അധികാരികള്‍ ചോദിച്ചിരുന്നു. 'തീര്‍ച്ചയായും അയ്യപ്പസന്നിധിയിലേക്ക് വരുക തന്നെ ചെയ്യും' എന്നായിരുന്നു ഉടന്‍തന്നെ നല്കിയ മറുപടി. 'അയ്യപ്പന് പാദബലവും, നാദബലവും നല്‍കും എന്ന ഉറച്ച വിശ്വാസം' ഉള്ളതിനാലായിരുന്നു ഇത്തരമൊരു മറുപടി നല്കാന് ആത്മധൈര്യം നല്‍കിയത്.
കഴിഞ്ഞ മകരവിളക്ക് ദിവസം രാവിലെ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു ഹരിവരാസന പുരസ്ക്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവനാണ് പുരസ്ക്കാരം നല്‍കിയത്. ദേവസ്വം പ്രസിഡന്റ് പി.എന്‍. പ്രശാന്ത്, തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ബാബു എന്നിവരും അന്നവിടെ സന്നിഹിതരായിരുന്നു. പുരസ്ക്കാരം ലഭിച്ച് അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ചോദ്യം സ്വയം ചോദിച്ചു. 'ഈ പുരസ്ക്കാരം കിട്ടാന്‍ തനിക്കുള്ള യോഗ്യത എന്താണ്? അതിന് മറുപടിയായി ചില പഴയ സംഭവങ്ങള്‍ ഓര്‍മ്മയിലെത്തി.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇടപ്പഴഞ്ഞി പാലോട് ശാസ്താക്ഷേത്രത്തില്‍ ഏഴ് വര്‍ഷത്തോളം ശാന്തിയായിട്ടുണ്ട്. ക്ഷേത്രത്തിനരികെയുള്ള പുഴയുടെ തീരത്ത് കുറച്ച് ആള്‍ക്കാരുണ്ട്. അവരുടെ വീടുകളില്‍ നിരവധി തവണ പൂജകള്‍ ചെയ്യാന്‍ പോയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുണ്ട്. അവരെ പേരെടുത്ത് വിളിക്കാന്‍ തക്ക പരിചയവും ബന്ധവുമായി. പൂഞ്ഞാറില്‍ ശാന്തിയായിരുന്ന കാലത്തും ഇതേകാര്യങ്ങള്‍ തന്നെ അവിടേയും. ക്ഷേത്രത്തിനരികിലുള്ള വേലന്‍ സമുദായത്തില്‍ ഉള്ളവരുമായി വളരെ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആരോടും ദക്ഷിണ വാങ്ങിയിട്ടേയില്ല. ശമ്പളവും വാങ്ങിയിരുന്നില്ല. തനിക്കുള്ള രാവിലത്തെ നിവേദ്യച്ചോറ് അവര്‍ക്കായി ക്ഷേത്രമുറ്റത്ത് ഇലയിട്ട് വിളമ്പി നല്കി. അവരുടെ ക്ഷേത്രത്തിലെത്തി അവരോടൊപ്പം നിരവധിതവണ പാടിയിട്ടുണ്ട്.
സര്‍വ്വരേയും സമന്മാരായി കാണുന്ന അയ്യപ്പസ്വാമിക്ക് തന്നില്‍ പ്രിയം തോന്നാന്‍ ഇതൊക്കെ കാരണമായി എന്നാണ് വിശ്വാസം. സമഭാവനയുടെ ഈശ്വരനായിട്ടാണ് ഭക്തരുടെ മനസ്സില്‍ അയ്യപ്പന് വാണരുളുന്നത്. എല്ലാവരേയും സമന്മാരായിട്ടാണ് പ്രകൃതിയും കാണുന്നത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പ്രകൃതി മഞ്ഞോ, മഴയോ, വെള്ളമോ, വെളിച്ചമോ നല്‍കിയതായി കേട്ടിട്ടില്ല.
ശബരിമലയും മൂകാംബിക ക്ഷേത്രവും തമ്മില്‍ ഏറെ സാമ്യം ഉള്ളതായി തോന്നിയിട്ടുണ്ട്. രണ്ടിടങ്ങളും ഏറെ പുണ്യസ്ഥലമെന്നും തോന്നിയിട്ടുണ്ട്. മൂകാംബികയില്‍ പുണ്യമായി സൗപര്ണ്ണികയുണ്ട്. ഇവിടെ പമ്പാനദി പുണ്യനദിയായി ശാന്തമായി ഒഴുകുന്നു.
തരംഗിണി കാസറ്റിനായി ആദ്യം നാടോടി ഗാനമാണ് രചിച്ചത്. അത് ഏറെ ഇഷ്ടപ്പെട്ട യേശുദാസ് തരംഗിണിയുടെ അഞ്ചാം ഭാഗം അയ്യപ്പഭക്തിഗാനക്കാസറ്റിനായി ക്ഷണിച്ചു. 'അയ്യപ്പന്' എന്ന കാസറ്റിനായി വിജയ് യേശുദാസിനായി. 'പാദബലം തരണം അടിയന് ദേഹബലം തരണം' എന്ന ഗാനമെഴുതി നല്കി. അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നത്. എല്‍. വൈദ്യനാഥനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. 'പാദാരവിന്ദം ഞാന്‍ കണ്ടുനിന്നു എന്‍ ആത്മഭാവം മിഴിനീരണിഞ്ഞു....', ഗജമുഖ ഗണപതേ തുയിലുണരുക സുരപതേ...' 'വേനലില്‍ വറ്റാത്ത പുണ്യതീര്‍ത്ഥം.' 'ഹരിശങ്കര നന്ദനമന്ത്രവുമായി തിരുസന്നിധിയണയും ദിനം വരവായ്....', 'സംക്രമദീപപ്രപഞ്ചം മണികണ്ഠമംഗള പ്രപഞ്ചം...' എന്നീ ഗാനങ്ങള്‍ അയ്യപ്പരൂപത്തോടൊപ്പം ഓര്‍മ്മയിലെത്തുന്ന ഗാനങ്ങളാണ്.
ആത്മീയ തീര്‍ത്ഥാടനങ്ങളില്‍ ഏറെ പ്രാധാന്യമാണ് ശബരിമലയ്ക്കുള്ളത്. തിരുസന്നിധിയുടെ പ്രശസ്തിയും, പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കാനനദേവനാണ് അയ്യപ്പസ്വാമി. പൂങ്കാവനം കാണുമ്പോള്‍ നമ്മില്‍ അവാച്യമായൊരു ഭക്തിയും ആനന്ദവും ഉണ്ടാവും. അയ്യപ്പന് കാടിനേയും, കാട്ടാറിനേയും, കാട്ടുജീവികളേയും തന്റേതെന്ന ഭാവത്തില്‍ കരുതുന്നു... സ്നേഹിക്കുന്നു.. സംരക്ഷിക്കുന്നു. ഒപ്പം ചിന്മുമുദ്ര നെഞ്ചിനുള്ളില്‍ കുടിയിരുത്തി ഭക്തനേയും.
എസ്.പി.ജെ