ഹരിവരാസന ചരിത്രം
അസ്വസ്ഥ മനസ്സുകളെ സ്വസ്ഥതയുടെ മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ ഹരിവരാസനത്തിന് കഴിയുമെന്നാണത്രേ അയ്യപ്പഭക്തരുടെ വിശ്വാസം.
ശബരിമല അയ്യപ്പന്‍റെ ഉറക്കുപാട്ട് എന്ന നിലയില്‍ പ്രശസ്തമായ ഹരിവരാസനം കീര്‍ത്തനത്തിന്‍റെ രചയിതാവ് തമിഴ്നാട്ടിലെ കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണ് എന്നാണ് നിഗമനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിവരാസനത്തിന്‍റെ രചയിതാവ് ആലപ്പുഴ പുറക്കാട്ട് കോന്നകത്ത് ജാനകിയമ്മയാണെന്നുള്ള അഭിപ്രായവും ഉയര്‍ന്നിരുന്നു. അയ്യപ്പഭക്തയായിരുന്ന ജാനകിയമ്മ ഗര്‍ഭിണിയായിരിക്കെ മുപ്പതാം വയസസ്സില്‍ രചിച്ച 'ഹരിവരാസനം വിശ്വമോഹനം' എന്നുതുടങ്ങുന്ന കീര്‍ത്തനം കാണിക്കയായി ശബരിമല നടയ്ക്കു വയ്ക്കാന്‍ അച്ഛന്‍റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നത്രേ.
കാണിക്കയായതിനാല്‍ സ്വന്തം പേര് അതില്‍ എഴുതിച്ചേര്‍ത്തിരുന്നില്ലത്രേ. തനിക്ക് പിറന്ന കുഞ്ഞിന് അവര്‍ 'അയ്യപ്പന്‍' എന്ന് പേരിടുകയും ചെയ്തിരുന്നു. പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘം ഈ കീര്‍ത്തനം ജാനകിയമ്മയില്‍ നിന്ന് പകര്‍ത്തിയെടുത്ത് വിവിധ താളത്തില്‍ ഭജനവേദിയില്‍ പാടിയിരുന്നത്രേ. 1930 മുതല്‍ തന്നെ ഭജനസംഘക്കാര്‍ ഈ കീര്‍ത്തനം പാടി മലകയറിയിരുന്നതായും പറയപ്പെടുന്നു.
1940 കാലഘട്ടത്തില്‍ ശബരിമല കൊടുംവനമായിരുന്നു. അയ്യപ്പസന്നിധിയില്‍ എത്തിയിരുന്ന ഭക്തരുടെ എണ്ണം തുലോം കുറവ്. ആലപ്പുഴക്കാരനായിരുന്ന വി.ആര്‍. ഗോപാലമേനോന്‍ എന്നൊരു അയ്യപ്പഭക്തന്‍ ശബരിമലയില്‍ ചെറിയ കുടില്‍കെട്ടി താമസിച്ചിരുന്നു.
ശബരിമലയിലെ അന്നത്തെ പുറപ്പെടാ ശാന്തിയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോനായിരുന്നു. ദീപാരാധനസമയത്ത് മേനോന്‍ ഹരിവരാസനം ഭക്തിപൂര്‍വ്വം പാടിയിരുന്നു. ശബരിമല ദേവസ്വം ബോര്‍ഡിന്‍റെ ഭരണത്തിന്‍ കീഴിലായതോടെ മേനോന്‍ ശബരിമലയില്‍ നിന്നും പുറത്തായി. വണ്ടിപ്പെരിയാറിലുള്ള മൗണ്ട് എസ്റ്റേറ്റില്‍ മേനോന്‍ തുടര്‍ന്നുള്ള കാലം തൊഴിലാളിയായി. അധികം വൈകാതെ മേനോന്‍ മരിക്കുകയും ചെയ്തു. സുഹൃത്തിന്‍റെ വിയോഗം അറിഞ്ഞ് ഏറെ സങ്കടത്തിലായ ഈശ്വരന്‍ നമ്പൂതിരി നടയടയ്ക്കും മുമ്പ് സുഹൃത്തിനെ സ്മരിച്ച് ഹരിവരാസനം ആലപിക്കുന്നത്, പതിവാക്കിയത്രേ. അത്താഴപൂജയ്ക്കുശേഷം നട അടയ്ക്കുന്നതിന് മുമ്പായിട്ടായിരുന്നു ശാന്തിയുടെ ഹരിവരാസനാലാപനം.
1975 ല്‍ മെരിലാന്‍റ് സുബ്രഹ്മണ്യം പുറത്തിറക്കിയ 'സ്വാമി അയ്യപ്പന്‍' എന്ന സിനിമയില്‍ ഹരിവരാസനം കേട്ടതോടെയാണ് ഗാനത്തിന് ആസ്വാദക ശ്രദ്ധ ലഭിക്കുന്നത്. ശബരിമലയില്‍ കേള്‍പ്പിക്കുന്നതിനായി ഹരിവരാസനം യേശുദാസ് അല്‍പ്പം കൂടി സാവധാനത്തില്‍ പാടിയതാണ് നമ്മള്‍ ശബരിമലയില്‍ കേള്‍ക്കുന്നത്. ഹരിവരാസനത്തിന്‍റെ മൂലരൂപത്തിന് ഓരോ വരിയുടേയും അന്ത്യത്തില്‍ 'സ്വാമി' എന്ന് ഉണ്ടായിരുന്നത് സിനിമയില്‍ ഉപയോഗിച്ചതോടെ സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ ഒഴിവാക്കി, രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ അര്‍ത്ഥവ്യത്യാസവും ഉണ്ടായി.
അരി(ശത്രു)വിമര്‍ദ്ദനം(നിഗ്രഹം) എന്നീ രണ്ട് പദങ്ങള്‍ വെവ്വേറെ പാടുന്നതിന് പകരം 'അരിവിമര്‍ദ്ദനം' എന്നാണ് ഗാനത്തില്‍ ഇപ്പോഴുള്ളത്.
'ഹരിവരാസനത്തില്‍ 'അരിവിമര്‍ദ്ദനം' എന്നല്ല അരി, വിമര്‍ദ്ദനം എന്ന് വെവ്വേറെയാണ് പാടേണ്ടത്. അയ്യപ്പസ്വാമിയുടെ നിയോഗത്താല്‍ തെറ്റ് തിരുത്തി പാടാന്‍ അവസരം ലഭിക്കുമെങ്കില്‍ പാടുന്നതില്‍ സന്തോഷം-' ഇത് യേശുദാസിന്‍റെ വാക്കുകളാണ്.
2018 ല്‍ ഹരിവരാസനത്തിന്‍റെ തെറ്റുകള്‍ ഒഴിവാക്കി യേശുദാസിനെക്കൊണ്ട് പാടിച്ച് റിക്കോഡ് ചെയ്യാനുള്ള നടപടികള്‍ ദേവസ്വം എടുത്തിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് കേട്ടില്ല.
അവധൂതനായ ഒരു ആദിവാസി മൂപ്പന്‍ ഹരിവരാസനം എഴുതി ശബരിമല ക്ഷേത്ര നട അടയ്ക്കും മുമ്പ് തിരുനടയില്‍ നിന്ന് ആലപിച്ചിരുന്നതായും ഇത് സ്ഥിരമായി കേട്ടിരുന്ന ഒരാള്‍ തന്‍റെ മകള്‍ക്ക് ഹരിവരാസനം ചൊല്ലിക്കൊടുക്കുകയും, പകര്‍ത്തി എഴുതിവയ്ക്കുകയും ചെയ്തതായി പന്തളം ചരിത്രരേഖയിലുണ്ടത്രേ. ആദിവാസി മൂപ്പന്‍ സാക്ഷാല്‍ അയ്യപ്പസ്വാമി ആയിരുന്നതായും രേഖയിലുണ്ട്.
അസ്വസ്ഥ മനസ്സുകളെ സ്വസ്ഥതയുടെ മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ ഹരിവരാസനത്തിന് കഴിയുമെന്നാണത്രേ അയ്യപ്പഭക്തരുടെ വിശ്വാസം.
കടപ്പാട്: കെ.ജി. ജോണ്‍സണ്‍ പറക്കോട്(സംഗീതഗവേഷകന്‍)
തയ്യാറാക്കിയത്:-
എസ്.പി.ജെ
