ഹരിവരാസനം പിറവികൊള്ളുന്നത്
ഹരിവരാസനം എന്ന കീര്‍ത്തനത്തിന്‍റെ രചന നിര്‍വ്വഹിച്ചത് കോന്നകത്ത് ജാനകിയമ്മയാണ് എന്ന് അവരുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണ് ലോകത്തെ അറിയിക്കുന്നത്. അതിനുമുമ്പ് രാമനാഥപുരം കുമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ എന്ന കളത്തൂര്‍ അയ്യര്‍ രചിച്ച കീര്‍ത്തനമാണിതെന്നാണ് വിശ്വസിച്ചിരുന്നത്.
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ശ്രീ ശബരിഗിരീശന്‍റെ ദിവ്യസന്നിധാനത്ത് അയ്യപ്പന്‍റെ ഉറക്കുപാട്ടായും ലോമെമ്പാടുമുള്ള ഭക്തകോടികള്‍ക്ക് 'ഉണര്‍ത്തുപാട്ടാ'യും ഹരിവരാസനം എന്ന ദിവ്യ മന്ത്രാക്ഷരി പ്രകീര്‍ത്തിക്കപ്പെടുകയാണ്. ശബരിമലയില്‍ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയം അന്തരീക്ഷത്തില മുഴങ്ങുന്ന 'ഹരിവരാസനം' എത്ര കഠിനഹൃദയനേയും ഭക്തിയുടെ ഉന്നതിയിലെത്തിക്കുന്നു. പ്രകൃതിപോലും നിശ്ശബ്ദമാകുന്ന ആ അന്തരീക്ഷത്തില്‍ ഹരിവരാസനം മലമുകളില്‍ മുഴങ്ങുമ്പോള്‍ നമ്മുടെ എല്ലാ ദുഃഖങ്ങളും അലിഞ്ഞുപോകുന്ന അനുഭവം ആ ദിവ്യസന്നിധിയില്‍ നിന്നുമാത്രം ലഭിക്കുന്ന ഒരനുഭൂതിയാണ്.
1923 ല്‍ അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് വീട്ടില്‍ ജാനകി അമ്മയാണ് ഈ മന്ത്രാക്ഷരി എഴുതിയത്. 1893 ല്‍ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് കോന്നകത്ത് വീട്ടില്‍ അനന്തകൃഷ്ണ അയ്യര്‍- കല്യാണിക്കുട്ടിയമ്മ ദമ്പതികളുടെ മകളായി ജാനകിഅമ്മ ജനിച്ചത്. ശബരിമലയിലെ പൂജ നടത്താന്‍ അധികാരമുള്ള വെളിച്ചപ്പാടും പെരുമ്പാവൂര്‍ സ്വദേശിയുമായിരുന്ന പിതാവ് അനന്തകൃഷ്ണ അയ്യര്‍ക്ക് സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യം ആയിരുന്നു. ജാനകി അമ്മ സംസ്കൃത വിദ്യാഭ്യാസവും ഒറ്റമൂലി ഔഷധചികിത്സയും പുരാണങ്ങളും മന്ത്രവിദ്യകളും പിതാവില്‍ നിന്നും പഠിച്ചു.
ജാനകി അമ്മയെ കുട്ടനാട്ടിലെ കര്‍ഷകകുടുംബത്തില്‍പ്പെട്ട ശങ്കരപ്പണിക്കര്‍ വേളി കഴിച്ചു. പിതാവില്‍ നിന്നും അയ്യപ്പനെക്കുറിച്ച് കൂടുതല്‍ ഐതിഹ്യങ്ങളും വരദാനകഥകളും സ്വന്തമാക്കി. 30 വയസ്സ് പ്രായമുള്ളപ്പോള്‍ ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ജാനകി അമ്മയില്‍ നിന്നും ഹരിവരാസനം എന്ന ദിവ്യമന്ത്രാക്ഷരി പിറവിയെടുക്കുന്നത്. അന്ന് പിറന്ന ആണ്‍കുട്ടിക്ക് 'അയ്യപ്പന്‍' എന്ന് നാമകരണം ചെയ്തു.
ശബരിമലയില്‍ പൂജയ്ക്കായി പോയ പിതാവ് വശം ജാനകിയമ്മ ഹരിവരാസനകീര്‍ത്തനം കൊടുത്തുവിട്ട് അയ്യപ്പന്‍റെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിച്ചു. സ്വന്തം പേര് വയ്ക്കാന്‍ പാടില്ല എന്ന അനന്തകൃഷ്ണയ്യരുടെ വാക്കുകള്‍ ജാനകിയമ്മ ശിരസ്സാവഹിക്കുകയാണ് ചെയ്തത്. വിമോചാനന്ദ സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഹരിവരാസനം നടയില്‍ ചൊല്ലിത്തുടങ്ങിയത്. ജയവിജയന്മാരാണ് ആദ്യമായി ഹരിവരാസനം പാടി റെക്കോര്‍ഡ് ചെയ്തത്.
ആണ്ടുതോറും ശബരിമലയ്ക്ക് കാല്‍നടയായി പോകുന്ന ഭക്തന്മാര്‍ ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ തങ്ങുക പതിവായിരുന്നു. കോന്നകത്ത് വീട്ടില്‍ നിന്നും അവര്‍ക്ക് വേണ്ട അന്നവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുത്തുവന്നിരുന്നു. അയ്യപ്പഭക്തന്മാര്‍ സന്ധ്യാസമയം ക്ഷേത്രമുറ്റത്ത് ഭജനപാടുന്ന വേളയില്‍ ഈ കീര്‍ത്തനം ജാനകിയമ്മ അവരുടെ മുന്നില്‍ ആലപിക്കുകയും അവരത് ഏറ്റുപാടി ക്ഷേത്രങ്ങള്‍ കടന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. കല്ലട ഭജനസംഘവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഹരിവരാസനം കൂടാതെ 'ഹരിഹരാത്മജാഷ്ടകം' എന്ന കീര്‍ത്തനസമാഹാരവും ജാനകി അമ്മയുടെ സംഭാവനയായിട്ടുണ്ട്.
ഹരിവരാസനം എന്ന കീര്‍ത്തനത്തിന്‍റെ രചന നിര്‍വ്വഹിച്ചത് കോന്നകത്ത് ജാനകിയമ്മയാണ് എന്ന് അവരുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണ് ലോകത്തെ അറിയിക്കുന്നത്. അതിനുമുമ്പ് രാമനാഥപുരം കുമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ എന്ന കളത്തൂര്‍ അയ്യര്‍ രചിച്ച കീര്‍ത്തനമാണിതെന്നാണ് വിശ്വസിച്ചിരുന്നത്. പില്‍ക്കാലത്ത് 'ഹരിവരാസനം വിശ്വമോഹനം' എന്ന കീര്‍ത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം രചയിതാവല്ല, സമ്പാദകന്‍ മാത്രമാണെന്നറിയുന്നത്. 1963 നവംബറില്‍ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ പുറത്തിറക്കിയ സമാഹാരത്തിന്‍റെ 78-ാം പേജില്‍ 'ഹരിഹരാത്മജാഷ്ടകം' എന്ന തലക്കെട്ടില്‍ കീര്‍ത്തനം അച്ചടിച്ചിട്ടുള്ളതിലാണ് 'സമ്പാദകന്‍' എന്ന് കുമ്പക്കുടി കുളത്തൂര്‍ അയ്യരുടെ പേര് ചേര്‍ത്തിരിക്കുന്നത്. ആ സമ്പാദകനെ രചയിതാവായി പിന്നീട് മാറ്റപ്പെടുകയുമായിരുന്നു.
1975 ല്‍ സ്വാമി അയ്യപ്പന്‍ സിനിമ വന്നതോടെ അതില്‍ ഹരിവരാസനം എന്ന കീര്‍ത്തനം ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ച ശേഷമാണ് ഈ ദിവ്യകീര്‍ത്തനം ഇത്രയും ജനകീയമായത്. ഭഗവാനെ യോഗനിദ്രയിലേക്ക് എത്തിക്കുന്ന ഹരിവരാസനം എന്ന മഹത്മന്ത്രകീര്‍ത്തനം രചിച്ചിട്ട് നൂറ് വര്‍ഷത്തിലേക്ക് അടുക്കുന്നതിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ഈ മണ്ഡലകാലത്തുണ്ട്.
സിനിമയിലൂടെ ഹരിവരാസനം കൂടുതല്‍ ജനകീയമാകുന്നതിന് മൂന്നുവര്‍ഷം മുമ്പ് 1972 ല്‍ ജാനകിയമ്മ അന്തരിച്ചു. മക്കള്‍ പറഞ്ഞ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ജാനകിയമ്മ തന്നെയാണ് ഹരിവരാസനത്തിന്‍റെ രചയിതാവെന്ന് വിശ്വസിച്ചുപോരുകയാണ് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍.
