ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഹിരണ്യഗര്‍ഭധാരണവും തുലാപുരുഷദാനവും മുറജപവും
ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ള ബന്ധം സുവിധിതമാണല്ലോ. അതുകൊണ്ടുതന്നെ രാജകുടുംബവുമായി ബന്ധപ്പെട്ട്, മറ്റ് ക്ഷേത്രങ്ങളിലെങ്ങും ഇല്ലാത്ത ചില വിശേഷചടങ്ങുകളും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ചിലതാണ് ഹിരണ്യഗര്‍ഭധാരണവും തുലാപുരുഷദാനവും മുറജപവും മറ്റും.
തിരുവിതാംകൂര്‍ രാജ്യത്തെ കിരീടാവകാശികളായ രാജശിശുക്കളെ അവരുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കൊണ്ടുവന്ന് പത്മനാഭദാസനായി അര്‍പ്പിക്കുന്ന ചടങ്ങിന് വിധേയമാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പിന്നീട് രാജകുമാരന് വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോള്‍ നടത്തുന്ന രണ്ട് ദാനധര്മ്മചടങ്ങുകളാണ് ഹിരണ്യഗര്‍ഭവും തുലാപൂജദാനവും. ഇതില്‍ ഹിരണ്യഗര്‍ഭം എന്ന ചടങ്ങ് നടത്തിയിരുന്നത് കിരീടധാരണത്തോടോടനുബന്ധിച്ചായിരുന്നു.

സാമന്തനായ കീരിടാവകാശിയെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങാണ് ഹിരണ്യഗര്‍ഭം. ഈ ചടങ്ങിനുശേഷമാണ് രാജാവായി പട്ടാഭിഷേകം നടത്തുന്നത്. ഹിരണ്യ ഗര്‍ഭം എന്നാല്‍ സ്വര്‍ണ്ണ ഗര്‍ഭപാത്രം എന്നാണ് അര്‍ത്ഥം. ബ്രാഹ്മണന്റെ ദൈവികമൃഗമായ പശുവിന്റെ ഗര്‍ഭത്തില്‍ പ്രതീകാത്മകമായി ജനിപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യഗര്‍ഭ ചടങ്ങ്. രാജാവിന് ക്ഷത്രിയനാകാന്‍ വേണ്ടിയാണ് ഈ ചടങ്ങ്.
അതുപ്രകാരം പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണ്ണപാത്രം നിര്‍മ്മിക്കുന്നു. അടപ്പുള്ളതും താമരപ്പൂവിന്റെ ആകൃതിയിലുള്ളതുമായ ഈ പാത്രത്തിന്റെ പകുതിഭാഗം പശുവില്‍ നിന്ന് ലഭിക്കുന്ന പാല്, തൈര്, നെയ്യ്, ചാണകം, മൂത്രം എന്നീ അഞ്ചുവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന 'പഞ്ചഗവ്യം' എന്ന 'കൂട്ടുകറി' ദ്രാവകം നിറയ്ക്കുന്നു.
രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന് പുരോഹിതരുടേയും പണ്ഡിതരുടെയും, ക്ഷണിക്കപ്പെട്ട പ്രധാനികളുടെയും സാന്നിധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഏണിപ്പടിയിലൂടെ പാത്രത്തില്‍ ഇറങ്ങുന്നു. അപ്പോള്‍ പൂജാരികള്‍ സ്വര്‍ണ്ണത്തിന്റെ അടപ്പുകൊണ്ട് പാത്രം അടയ്ക്കും.
ഈ സമയം ബ്രാഹ്മണമന്ത്രങ്ങള്കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പ്രാര്‍ത്ഥനാനിര്‍ഭരനായി അഞ്ചുതവണ, പത്തുമിനിറ്റോളം പഞ്ചഗവ്യത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്യും.
ഹിരണ്യം എന്നു പറയുന്നത് സ്വര്ണ്ണപാത്രത്തിനെയാണ്. അതിനകത്തുള്ള പാത്രത്തില്‍ മുങ്ങിനിവരുന്നതോടെ ക്ഷത്രിയനായി മാറുന്നു എന്നാണ് വിശ്വാസം. ഹിരണ്യഗര്ഭത്തില് നിന്ന് പുനര്ജനിച്ചതിനാലാണ് തിരുവിതാംകൂര്‍ രാജാക്കന്മാരെ പൊന്നുതമ്പുരാന് എന്നുവിളിക്കുന്നത്. പിന്നീട് യുവരാജന് അതില്‍ നിന്ന് പുറത്തേക്ക് വന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു.
അവിടെ വച്ച് ശ്രീപത്മനാഭനെ നമസ്ക്കരിച്ച് തൊഴുകൈകളോടെ നില്‍ക്കുകയും, ക്ഷേത്രതന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം രാജാവിനെ കിരീടധാരണം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അദ്ദേഹം കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായി തീരുന്നു. ശ്രീപത്മനാഭന്റെ മുമ്പില്‍ വച്ച് നമസ്ക്കരിച്ച് തന്റെ ഉടവാള് സ്വീകരിക്കുന്നു. ഇതോടെയാണ് രാജാവ് പൊന്നുതമ്പുരാന് ആകുന്നത്. രാജ്യം ശ്രീപത്മനാഭന്റെ വക ആയതിനാല്‍ രാജാവ് മാത്രമേ കിരീടം തലയില്‍ വയ്ക്കൂ. പിന്നീട് അദ്ദേഹം അത് മാറ്റും.
.jpg)
തിരുവിതാംകൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്ഭചടങ്ങ് പൂര്‍ത്തിയായാല്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണപാത്രം ചെറിയ കഷണങ്ങളായി ആയിരക്കണക്കിന് വരുന്ന ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യും. അതോടെ ഹിരണ്യഗര്‍ഭ ചടങ്ങ് അവസാനിക്കുന്നു.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീമൂലം രാജാവുവരെ തിരുകൊച്ചി(1924)യിലുള്ള രാജാക്കന്മാരെല്ലാം ഹിരണ്യഗര്‍ഭ ചടങ്ങ് നടത്തിയിട്ടുണ്ട്. എന്നാല്‍ വന്‍തുക ചെലവാക്കേണ്ടെന്ന് കരുതി അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ഈ ചടങ്ങ് നടത്തിയില്ല.
അടുത്തതായി, രാജാവായി ഏല്‍ക്കുന്നതിന്റെ രണ്ടാം ഘട്ട ചടങ്ങ് ആരംഭിക്കുന്നതാണ് തുലാപുരുഷദാനം. കുലശേഖര പ്പെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായിട്ടാണ് തുലാപുരുഷദാനം നടത്തുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിങ്കല്‍തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. അതിന്റെ ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പല വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണനാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമാക്കും. ഇങ്ങനെ ലഭിക്കുന്ന, രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ സാധാരണ പൂജാരിമാര്‍ക്കും ബ്രാഹ്മണര്‍ക്കും ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നുപറയുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മറ്റൊരു ചടങ്ങാണ് മുറജപവും ലക്ഷദീപവും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന ചടങ്ങാണ് മുറജപം. മുറയ്ക്കുള്ള ജപം എന്നാണ് ഇതിന്റെ അര്‍ത്ഥം. ആറുമാസം തോറും ഭദ്രദീപം കത്തിക്കുകയും, പന്ത്രണ്ട് ഭദ്രദീപം കഴിയുമ്പോള്‍ മുറജപം നടത്തുകയുമാണ് പതിവ്. 56 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം ബ്രാഹ്മണര്‍ എത്തും. രാവിലേയും വൈകുന്നേരവും പത്മതീര്ത്ഥത്തിലിരുന്നാണ് വേദപാരായണവും ജപവും നടത്തിയിരുന്നത്. 56-ാം ദിവസമാണ് ലക്ഷദീപം. അന്ന് ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഒരു ലക്ഷം വിളക്കുകള്‍ കത്തിക്കുമായിരുന്നു. ആര്ഭാടപൂര്വ്വമെങ്കിലും ഇപ്പോഴും ക്ഷേത്രത്തില്‍ മുറജപവും ലക്ഷദീപവും നടത്താറുണ്ട്.
രാജ്യത്തിന്റെ ഐശ്വര്യത്തിനായി 56 ദിവസം തുടര്‍ച്ചയായി നടത്തിപ്പോന്ന മന്ത്രോച്ചാരണമാണ് മുറജപം. മുറ തോറും ഉള്ള ജപം എന്നാണ് മുറജപം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും മുറ എന്നാല്‍ വീട് എന്ന ഒരു അര്‍ത്ഥമുണ്ട്. അങ്ങനെ ഏഴുമുറയാണ് ജപം നടക്കുന്നത്. ഒരു തരത്തില്‍ വേദ പാരായണം തന്നെയാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഋഗ്വേദവും യജുര്‍ വേദവും, സാമവേദവും ജപിക്കുകയും കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഏഴുദിവസം കഴിഞ്ഞ് എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവില്‍ ഭഗവാനെ പ്രത്യേക വാഹനത്തില്‍ എഴുന്നെള്ളിക്കും. മുറശീവേലി എന്നാണ് ആ ചടങ്ങ് അറിയപ്പെടുന്നത്.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് മുറജപത്തിന് തുടക്കമിട്ടത്. രാജ്യഭരണത്തില്‍ നീതി നടപ്പാക്കുമ്പോഴും യുദ്ധക്കളങ്ങളിലും രാജ്യവിസ്തീര്ണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂര്‍വ്വമല്ലാതെ ഉണ്ടാക്കപ്പെടുന്ന പാപങ്ങളുടെ പരിഹാരക്രിയ എന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. ഇതിന്റെ കാര്‍മ്മികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓണന്മാര്(വേദപാണ്ഡിത്യമുള്ള ബ്രാഹ്മണര്‍) ഒത്തുചേരുന്നു. ധാരാളം ഓണന്മാര് ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുമുണ്ട്. മുറജപത്തില്‍ വരുന്ന ബ്രാഹ്മണരുടെ ഭക്ഷണം മുതലായുള്ള നിത്യച്ചെലവുകള്‍ക്ക് പടിത്തരം എന്നാണ് പറയുന്നത്.

അതുപോലെ രണ്ട് ഉത്സവങ്ങളായ അല്‍പ്പശി(തുലാം) പൈങ്കുനിയും(മീനം) ഇപ്പോഴും ആര്‍ഭാട പൂര്‍വ്വം തുടരുന്നു. രണ്ട് ഉത്സവങ്ങളും ആറോട്ടോടുകൂടിയാണ് സമാപിക്കുന്നത്. അന്ന് നഗ്നപാദനായി ഉടവാളുമേന്തി മഹാരാജാവ് പത്മനാഭസ്വാമിക്ക് അകമ്പടി സേവിക്കും. ആറാട്ടിന് തലേന്നാള്‍ നടക്കുന്ന പള്ളിവേട്ടയിലും മഹാരാജാവ് പങ്കെടുക്കുമായിരുന്നു. ചിത്തിര തിരുനാള്‍ മഹാരാജാവ് അവസാനനിമിഷം വരെ ഈ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം രാജകുടുംബത്തിലെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മയായിരുന്നു പങ്കെടുത്തിരുന്നത്.
അതുപോലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പത്മനാഭപുരത്ത് നിന്ന് സരസ്വതിദേവിയേയും, വേളിമലയില്‍ നിന്ന് മുരുകനേയും ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിതങ്കയേയും കൊണ്ടുവരുന്ന വിഗ്രഹഘോഷയാത്രയും നവരാത്രിപൂജയും ഇന്നും തുടരുന്നു. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കിഴക്കേനടയില്‍ പഞ്ചപാണ്ഡവരെ ഉയര്‍ത്തുന്ന ചടങ്ങുമുണ്ട്.
