നിറങ്ങളുടെ  ഉത്സവം

നിറങ്ങളുടെ ഉത്സവം

HIGHLIGHTS

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. ഹിന്ദുപുരാണത്തിലെ പ്രഹ്ലാദന്‍റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകള്‍. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്‍റെ ത്യാഗത്തിന്‍റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഓരോ കഥയ്ക്കും ബന്ധമുണ്ടുതാനും.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്നുപറയാം. ജാതിമതഭേദമെന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ത്ഥ ഹോളിദിവസം.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കാനുമായി തുടങ്ങിയ ആഘോഷം.

ഐതിഹ്യങ്ങള്‍

ഹിന്ദുപുരാണത്തിലെ പ്രഹ്ലാദന്‍റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകള്‍. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്‍റെ ത്യാഗത്തിന്‍റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഓരോ കഥയ്ക്കും ബന്ധമുണ്ടുതാനും.

എങ്കിലും കൂടുതല്‍ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിശ്വസിക്കുന്നു. പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായ ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരുതന്നെ കിട്ടിയതത്രേ.

ഹോളിഗയുടെ കഥ

പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്ന ഹോളിഗ. മൂന്ന് ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടുനിറഞ്ഞു. ഭഗവാന്‍ വിഷ്ണുവിനെവരെ തനിക്ക് കീഴടക്കാനാകുമെന്ന് വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്ന് ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ തന്‍റെ അഞ്ചുവയസ്സുകാരനായ മകന്‍ പ്രഹ്ലാദനെമാത്രം അയാള്‍ക്ക് ഭയപ്പെടുത്താനായില്ല.

തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദന്‍. വിഷ്ണുവിന്‍റെ ഉത്തമഭക്തന്‍. അച്ഛന്‍റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്‍റെ ശക്തിയാല്‍ ആര്‍ക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവില്‍, ഹിരണ്യകശിപു തന്‍റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഗ്നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്ക് കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാല്‍, ഒറ്റയ്ക്ക് തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിന് ശക്തിയുണ്ടാവൂ എന്നവര്‍ മനസ്സിലാക്കിയിരുന്നില്ല.

വിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശിപുവിനെ പിന്നീട് വിഷ്ണുവിന്‍റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി, തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ട് ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്ന് രാത്രിയാണ് ഈ ചടങ്ങ്.

കാമദേവന്‍റെ ത്യാഗം

പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിന്‍റെ മകനായിരുന്ന ദക്ഷന്‍റെ മകളായ സതി ശിവന്‍റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ദക്ഷന്‍ തന്‍റെ കൊട്ടാരത്തില്‍ വലിയൊരു യാഗം നടത്തി. എന്നാല്‍ മക്കളെയും ഭര്‍ത്താവായ ശിവനെയും യാഗത്തെപ്പറ്റി അറിയിച്ചില്ല. തന്‍റെ അച്ഛന്‍റെ കൊട്ടാരത്തില്‍ നടക്കുന്ന യാഗത്തെക്കുറിച്ച് കേട്ടറിഞ്ഞ് സതി ശിവന്‍റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാല്‍ അവിടെ തന്‍റെ ഭര്‍ത്താവിനെ അപമാനിക്കുന്നതായി സതിക്ക് തോന്നി. ശിവന്‍റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതില്‍ മനം നൊന്ത് സതി യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന്‍ കോപത്താല്‍ വിറച്ച് തന്‍റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവന്‍ നശിപ്പിച്ചു.

എന്നിട്ടും കോപം തീരാതെ ശിവന്‍ കഠിനമായ തപസ്സ് ആരംഭിച്ചു. തപസ്സിന്‍റെ ശക്തിയാല്‍ ലോകം തന്നെ നശിക്കുമെന്ന് മനസ്സിലാക്കിയ ദേവന്മാര്‍ കാമദേവനെ സമീപിച്ചു. ശിവന്‍റെ തപസ്സ് മുടക്കാന്‍ അപേക്ഷിച്ചു. സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂഷിച്ചുവരികയായിരുന്നു. ശിവന്‍റെ തപസ്സ് നടക്കുന്ന സ്ഥലത്ത് എത്തിമറഞ്ഞിരുന്ന് കാമദേവന്‍ കാമാസ്ത്രം ശിവന്‍റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന്‍ തന്‍റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റ് മനസ്സിലാക്കിയ ശിവന്‍ കാമദേവന് അനശ്വരത്വം നല്‍കുകയും ചെയ്തു. ലോകത്തിന്‍റെ രക്ഷയ്ക്ക് വേണ്ടി തന്‍റെ തന്നെ ജീവിതം സമര്‍പ്പിച്ച കാമദേവന്‍റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

രാധാ-കൃഷ്ണ പ്രണയകാലം

കൃഷ്ണന്‍റെ അമ്പാടി ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണന്‍ തനിക്ക് മാത്രം കാര്‍മേഘത്തിന്‍റെ നിറം എങ്ങനെ ലഭിച്ചുവെന്ന് വളര്‍ത്തമ്മയായ യശോദയോട് ചോദിച്ചു. രാധയും മറ്റ് ഗോപസ്ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തുകൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണന് ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണന് ഇഷ്ടമുള്ള നിറങ്ങള്‍ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണന്‍ അങ്ങനെ ചെയ്തു. ഹോളിയില്‍ നിറങ്ങള്‍ വാരിവിതറുന്നത് കൃഷ്ണന്‍റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.

Photo Courtesy - Google