ഗൃഹനിര്‍മ്മാണവും ചില വിശ്വാസങ്ങളും
ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ അടിസ്ഥാന അഭിലാഷമാണ് ഒരു വീടുവയ്ക്കുക എന്നത്. ഇതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും ആളുകള്‍ തയ്യാറാണ്.
ഇന്ന് വീടുവയ്ക്കുക എന്നത് തീവ്രവും ഏറെ പണച്ചെലവുള്ളതുമായ ഒരു യത്നമാണ്. ഭൂമിയുടെ കുതിച്ചുകയറുന്ന വിലയും ജോലിക്കൂലിയുമെല്ലാം കാരണം വീട് എന്നത് പലര്‍ക്കും വെറുമൊരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു.
ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച് കടവും ഇടവും വാങ്ങി വീടുവയ്ക്കുന്ന മിക്ക ആളുകളും വേണ്ടത്ര ശ്രദ്ധ അതില്‍ വയ്ക്കുന്നില്ല എന്നത് മറ്റൊരു കാര്യം. വീടിന് വേണ്ടത്ര ബലമുണ്ടാവുക, കാഴ്ചയ്ക്ക് ഭംഗിയുണ്ടാവുക, വേണ്ടത്ര സൗകര്യങ്ങളുണ്ടാകുക എന്നിവയില്‍ മാത്രമാണ് പലരും ശ്രദ്ധ വയ്ക്കുന്നത്. പലര്‍ക്കും വീടിനുള്ളിലെ സൗകര്യത്തേക്കാള്‍ പുറംഭാഗത്തെ ജാടയോടാണ് താല്‍പ്പര്യം കൂടുതല്‍. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തന്‍റെ പ്രൗഢിയും മഹത്വവും വീടിന്‍റെ പുറംമോടിയിലൂടെ വ്യക്തമാകണം എന്ന് മോഹിക്കുന്നവരും ചുരുക്കമല്ല.
എന്നാല്‍ വീടുവയ്ക്കുമ്പോള്‍ സൂക്ഷ്മതയോട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഴയ ആളുകള്‍ ഇതൊക്കെ ചെയ്തിരുന്നു. ഇതിനൊക്കെ അന്ധവിശ്വാസത്തിന്‍റെ പരിവേഷം ചാര്‍ത്തി വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തവരാണ് പുത്തന്‍ തലമുറ. പഴയതെല്ലാം മോശമാണെന്ന സങ്കല്‍പ്പം മൂഢമാണ്. വീടുവയ്ക്കുമ്പോള്‍ പഴമക്കാര്‍ പാലിച്ച ചില ചിട്ടകളും മര്യാദകളും പുത്തന്‍ തലമുറക്കാര്‍ പാലിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. മറിച്ച് ഗുണമുണ്ടാവുകയും ചെയ്യും.
വീടുവയ്ക്കുമ്പോള്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ തച്ചുശാസ്ത്രത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു.
ഏത് വ്യക്തിയും വീടുവയ്ക്കാന്‍ തുടങ്ങുന്നതിന് അതിനുള്ള ഭൂമി നന്നായി ഒന്ന് പരിശോധിക്കേണ്ടതാണ്. ഭൂമിയുടെ കിടപ്പും രൂപവുമൊക്കെ നിശ്ചയമായും പരിഗണിക്കപ്പെടണം. ഭൂമിയുടെ കിഴക്കുഭാഗം താഴ്ന്നതും പടിഞ്ഞാറുഭാഗം ഉയര്‍ന്നും കിടന്നാല്‍ ഈ ഭൂമി വീടുവയ്ക്കാന്‍ ഉത്തമമത്രേ. എന്നാല്‍ പടിഞ്ഞാറ് ഭാഗം താഴ്ന്നും കിഴക്ക് ഉയര്‍ന്നും കിടന്നാല്‍ ഇവിടെ വീട് വയ്ക്കുവാന്‍ പാടില്ല. തെക്ക് താഴ്ന്നും വടക്ക് ഉയര്‍ന്നും ഇരുന്നാല്‍ മൃത്യുവാണ് ഫലം. പടിഞ്ഞാറ് താഴ്ന്നുകിടന്നാല്‍ പുത്രദുരിതവും തെക്ക് ഉയര്‍ന്നുകിടന്നാല്‍ ധനലാഭവും ഉണ്ടാകും.
ഭസ്മം, കരിക്കട്ട, എല്ല്, മുടി തുടങ്ങിയ ഭൂമിയും് വര്‍ഷങ്ങളായി കിടക്കുന്ന ഭൂമിയും ദുര്‍ഗന്ധം വമിക്കുന്ന മണ്ണം വീടുവയ്ക്കാന്‍ നിഷിദ്ധമാണ്.
ചില പ്രത്യേക കാലങ്ങളില്‍ മാത്രമേ വീടുവയ്ക്കാന്‍ പാടുള്ളൂ. മാത്രമല്ല, വീടിന്‍റെ ഓരോ ഭാഗവും നിര്‍മ്മിക്കാന്‍ ചില പ്രത്യേകമാസങ്ങള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. വീടിന്‍റെ ഭാഗങ്ങളെ കിഴക്കേത്, പടിഞ്ഞാറേത്, വടക്കേത്, തെക്കേത് എന്ന് നാലായി തിരിക്കാം. ഈ നാലുഭാഗങ്ങളും നാല് ഘട്ടങ്ങളായി പണിയണമെന്നാണ് ശാസ്ത്രവിധി.
ഓരോ ഭാഗവും പണിയേണ്ട മാസങ്ങള്‍
അതായത് വീടിന്‍റെ കിഴക്കുഭാഗം മകരം, കര്‍ക്കിടകം, ചിങ്ങം, കുംഭം എന്നീ മാസങ്ങളിലാണ് പണിയേണ്ടത്. പടിഞ്ഞാറ്റേതും ഇതേ മാസത്തില്‍ തന്നെ പണിയാം. ഇടവം, വൃശ്ചികം, മേടം, തുലാം എന്നീ മാസങ്ങളില്‍ വടക്കേതും തെക്കേതും വയ്ക്കാവുന്നതാണ്. ഈ നിയമം ലംഘിച്ച് വയ്ക്കുന്ന വീടുകളില്‍ താമസിച്ചാല്‍ രോഗങ്ങളും ദാരിദ്ര്യവും ഉണ്ടാകും എന്നാണ് വിധി. മീനം, മിഥുനം, കന്നി, ധനു എന്നീ മാസങ്ങളില്‍ വീടുവയ്ക്കാന്‍ പാടില്ലെന്നും വിധിച്ചിട്ടുണ്ട്.
